21 December 2024, Saturday
KSFE Galaxy Chits Banner 2

ജീവഭയവുമായി വിവരാവകാശ പ്രവർത്തകർ

അരുണ റോയ്, മായങ്ക് ലാഭ്, മീര എം പണിക്കർ
January 4, 2022 7:44 am

കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവഭയത്തോടെയാണ് രാജ്യത്ത് വിവരാവകാശ പ്രവർത്തകർ കഴിയുന്നത്. 2011 മുതൽ പത്തു വർഷത്തിനിടെ നൂറിലധികം വിവരാവകാശ പ്രവർത്തകർക്ക് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. സർക്കാർതല അഴിമതി കുറയ്ക്കാനും ധാർമ്മികതയുള്ള സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾ രാജ്യത്തുടനീളം ആക്രമിക്കപ്പെടുകയും ചെയ്തു. സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്ന സാംസ്കാരിക‑പൊതുപ്രവർത്തകരും നിരന്തരം ആക്രമിക്കപ്പെടുകയാണ്. അധികാരത്തോട് സത്യം പറയാൻ ആവശ്യപ്പെടുന്നവരെ സംരക്ഷിക്കേണ്ടത് ഈ സാമൂഹിക‑രാഷ്ട്രീയ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുരേഖകളിലും അതത് വെബ്സൈറ്റുകളിലും നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് ആർടിഐ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം ബാധ്യതയുണ്ട്. ഒരു വിവരാവകാശ പ്രവർത്തകൻ ആക്രമിക്കപ്പെട്ടാലും ആ വ്യക്തി ആവശ്യപ്പെട്ട എല്ലാ വിവ­രങ്ങളും വിവരാവകാശ കമ്മിഷന്റെ വെബ്­സൈറ്റിൽ വെളിപ്പെടുത്തണം. ഇത്തരം ആക്രമണങ്ങൾ മൂലം വിവരങ്ങൾ അടിച്ചമർത്തുകയല്ല, മറിച്ച് കൂടുതൽ വെളിപ്പെടുത്തപ്പെടുമെന്ന് അക്രമം നടത്തുന്നവർക്ക് അറിയാമെങ്കിൽ അ­ക്രമം ഒരു പരിധിവരെ ലഘൂകരിക്കാനുമാകും. 2014ൽ പാർലമെന്റ് പാസാക്കിയ വിസിൽ ബ്ലോവേഴ്സ് ആക്ട് (നിയമവിരുദ്ധമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്നവർക്കുള്ള സംരക്ഷണ നിയമം) കേന്ദ്രസർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിൽ വിവരം നൽകുന്നവരുടെ (വിസിൽബ്ലോവർ) സംരക്ഷണം വലിയ വെല്ലുവിളിയാണ്. വിവരാവകാശ നിയമം ഓരോ വിവരാവകാശ ഉപയോക്താവിനെയും ‘വിസിൽബ്ലോവർ’ ആക്കിയെന്നതാണ് വാസ്തവം. ഓരോരുത്തർക്കും സംരക്ഷണവും അവരുടെ വിവരങ്ങൾ അജ്ഞാതമായി സൂക്ഷിക്കുകയും ചെയ്യുകയെന്നത് എളുപ്പമല്ല. അതുകൊണ്ട് ഇത്തരം വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങളെ തടയാൻ നൂതന മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. രാജസ്ഥാനിൽ 2012 മുതൽ വിവരാവകാശ പ്രോട്ടോക്കോൾ നിലവിലുള്ളപ്പോഴാണ് ബാർമെറിലേത് പോലെയുള്ള നീചമായ ആക്രമണങ്ങൾ അരങ്ങേറിയത്. ബാർമെർ ജില്ലയിൽ വിവരാവകാശ പ്രവർത്തകനായ അമ്രാ റാം ഗോദരയെ ഒരു സംഘം അജ്ഞാതർ അക്രമിച്ചത് ഡിസംബർ 21നായിരുന്നു. അനധികൃത മദ്യക്കച്ചവടത്തിനെതിരെ ഇയാൾ അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. അ­ക്രമത്തെ തുടർന്ന് സഹപ്രവർത്തകൻ നൽകി­യ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രാജസ്ഥാൻ പൊലീസ് ഡയറക്ടർ ജനറലിൽ നിന്നും മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് ആർടിഐ ഉപയോക്താവോ അഴിമതിക്കെതിരെ പരാതി നൽകുന്ന ആരെങ്കിലുമോ ആക്രമണത്തിനിരയായാൽ അടിയന്തര നടപടിയുണ്ടാകണം. വിവരാവകാശ അന്വേഷണമോ പരാതിയോ ഫയൽചെയ്ത സ്ഥാപനത്തെ ഓഡിറ്റ് ചെയ്യാൻ ഒരു ടീമിനെ സംസ്ഥാന സർക്കാർ അയയ്ക്കും.


ഇതുകൂടി വായിക്കാം; പുതിയൊരിന്ത്യക്കായി പോരാട്ടം തുടരാം


ഇത് വലിയ തോതിലുള്ള അഴിമതി പുറത്തുകൊണ്ടുവരുന്നതിനും ഏതെങ്കിലും ആ­ക്രമണമുണ്ടായാൽ സ്ഥാപനത്തിനെതിരെ കൂടുതൽ ശക്തമായ നടപടിക്ക് കാരണമാകുമെന്ന സന്ദേശം നൽകാനും സഹായിക്കുമെന്ന് നിയമം ഉണ്ടാക്കിയവർ പറയുന്നു. എന്നിട്ടും വിവരാന്വേഷകർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ കർശനമായ ഒരു നിയമത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സോഷ്യൽ ഓഡിറ്റ് ഉൾപ്പെടെയുള്ള ഒരു സ്വതന്ത്ര പരാതി പരിഹാര സംവിധാനം ഉണ്ടാകണം. അഴിമതിക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കുമെതിരെ പോരാട്ടം നടത്തുന്ന ഗോദരയെപ്പോലുള്ളവർക്ക് ഇതിലൂടെ സംരക്ഷണം ലഭിക്കണം. ഭരണകൂടം മൗനം പാലിക്കുമ്പോൾ അക്രമങ്ങൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. അ­ടുത്തിടെ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ ഹിന്ദുത്വ നേതാക്കൾ മുസ്‍ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന് പരസ്യമായി ആ­ഹ്വാനം ചെയ്തിട്ടും കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനം വലിയ ഉദാഹരണമാണ്. നിയമവാഴ്ച നടപ്പാക്കാനും അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനങ്ങൾക്ക് പിന്നിലുള്ളവരെ പിടികൂടാനുമുള്ള ഭരണഘടനാപരമായ കടമയിൽ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുകയാണ്. ഭരണഘടനാപരമായ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചുകൊണ്ട് അഴിമതിയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ജാതി-മത കൂട്ടുകെട്ടുകൾ ഉപയോഗിക്കാനാണ് ഇവർക്ക് താല്പര്യം. അധികാരികളെയും തെരഞ്ഞെടുക്കപ്പെട്ട ജ­നപ്രതിനിധികളെയും നമ്മൾ ചോദ്യം ചെയ്യുമ്പോൾ, ആ ചോദ്യം നമ്മോട് തന്നെയായിരിക്കണം എന്നതും ചിന്തിക്കണം. എങ്ങനെ, എന്തുകൊണ്ട് ഈ അക്രമസംസ്കാരത്തെ വളരാനും വികസിപ്പിക്കാനും നമ്മൾ അനുവദിച്ചുവെന്ന ചോദ്യമാണുണ്ടാകേണ്ടത്. ഭരണകൂടം അക്രമത്തിന് നൽകിയിരിക്കുന്ന മൗനാനുമതി സാധാരണ പൗരന്മാരിൽ പ്രത്യേക സംവേദനക്ഷമതയും സ്വയം നീതിനടപ്പാക്കാമെന്ന ബോധവും വളർത്തിയെടുത്തിട്ടുണ്ട്. ഈ ചിന്ത യുക്തിരഹിതവും വലിയ സാമൂഹിക ആഘാതമുണ്ടാക്കുന്നതുമാണ്. ഇത് പലപ്പോഴും കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുന്നതിൽ ഭരണകൂടങ്ങളുടെ പങ്ക് ദുർബലമാകുമ്പോൾ, ആളുകൾ നിയമം കൈയിലെടുക്കുകയും അഴിഞ്ഞാടുകയും ചെയ്യും. നിയമവാഴ്ചയും ധാർമ്മികതയിൽ അധിഷ്ഠിതവുമായ രാജ്യം കെട്ടിപ്പടുക്കാൻ ഭരണകൂടം ആത്മപരിശോധന നടത്തുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണം. ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകയായ ബെൽ ഹുക്ക്സ് പറഞ്ഞത് പോലെ “സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ആധിപത്യത്തിന്റെ രാഷ്ട്രീയത്തിനെതിരായ ഏറ്റവും ശക്തമായ മറുമരുന്ന്”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.