March 30, 2023 Thursday

Related news

January 31, 2023
January 27, 2023
January 25, 2023
January 18, 2023
January 17, 2023
January 11, 2023
January 10, 2023
January 9, 2023
January 6, 2023
January 2, 2023

സന്നിധാനത്ത് ദര്‍ശനം ഇനി മൂന്ന് നാള്‍ കൂടി

Janayugom Webdesk
ശബരിമല
January 17, 2023 2:55 pm

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനമവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇതോടെ സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ തീര്‍ത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു. വലിയ നടപ്പന്തലില്‍ കാത്ത് നില്‍ക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിന്റെ സംതൃപ്തിയാണ് തീര്‍ത്ഥാടനകാലത്തിന്റെ അവസാന ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്കുള്ളത്. തിരക്കൊഴിഞ്ഞ ദര്‍ശന ഭാഗ്യത്തിനൊപ്പം കൗണ്ടറുകളില്‍ നിന്ന് വലിയ കാത്ത് നില്‍പ്പില്ലാതെ ആവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തര്‍ക്കാവുന്നുണ്ട്.

ഇത്തവണത്തെ മകര ജ്യോതി ദര്‍ശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്ച്ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു. മകരജ്യോതി ദര്‍ശനത്തിനായി എത്തി സന്നിധാനത്ത് തമ്പടിച്ചിരുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്ന ഭക്തര്‍ പൂര്‍ണ്ണമായി തിരികെ പോയി കഴിഞ്ഞു. സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സന്നിധാനത്തേക്ക് കൂടുതലായി എത്തി. തിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്നിധാനത്ത് പടി പൂജ നടന്നു. ഈ മാസം പത്തൊമ്പത് വരെയാണ് സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനവസരം ലഭിക്കുക. ഭക്തരുടെ തിരക്കൊഴിഞ്ഞതോടെ സന്നിധാനവും പരിസരവും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.