27 April 2024, Saturday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

ശബരി വിമാനത്താവളം: നടപടികൾക്ക് വേഗമേറി

Janayugom Webdesk
കോട്ടയം
January 22, 2024 10:51 pm

എരുമേലി ശബരി എയർപോർട്ട് നിർമ്മാണ നടപടികൾക്കു വേഗമേറുന്നു. ജില്ലാ കളക്ടറുടെ ചുമതലയിൽ എരുമേലിയിലോ കാഞ്ഞിരപ്പള്ളിയിലോ ഓഫിസ് തുറന്ന് സ്‌പെഷ്യൽ തഹസിൽദാരെയും സർവേയർമാരെയും നിയമിക്കുകയാണ് അടുത്ത നടപടി. ഇതിനുള്ള നടപടികൾ ഉടൻ പൂർത്തിയായേക്കും.
ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തിരുവല്ല ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടറും തമ്മിൽ പാലാ കോടതിയിൽ നിലവിലുള്ള കേസിന് തീരുമാനമുണ്ടാക്കും. 2263 ഏക്കർ എസ്‌റ്റേറ്റിന്റെ മതിപ്പുവില നിശ്ചയിച്ച് തുക ട്രഷറിയിൽ കെട്ടിവച്ചായിരിക്കും സ്ഥലം ഏറ്റെടുക്കുക.
പിന്നീട് കോടതിവിധിയനുസരിച്ച് നഷ്ടപരിഹാരത്തിൽ തീരുമാനമെടുക്കും. സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്ന 165 ഏക്കർ ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകും. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം അധികം വൈകാതെ പുറപ്പെടുവിക്കും.

വീടു നഷ്ടപ്പെടുന്നവരെയും എസ്‌റ്റേറ്റിലെ മുന്നൂറു ജീവനക്കാരെയും പുനരധിവസിപ്പിക്കും. വിമാനത്താവളം നിർമ്മാണജോലികളിൽ അവരെ ഉൾപ്പെടുത്തുകയും പിന്നീട് ജോലി നൽകുകയും ചെയ്യും. സ്ഥലം ഏറ്റെടുത്താൽ മൂന്നുവർഷംകൊണ്ട് എയർപോർട്ട് പൂർത്തിയാക്കി 2028ൽ വിമാനം ഇറക്കാനാണ് തീരുമാനം. നഷ്ടപരിഹാരം നൽകി ജൂണിനു മുൻപ് ആകെ 4428 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഇതിന്റെ പരിധിയിലെ ജനങ്ങളെ ഒഴിപ്പിച്ച് ചുറ്റുമതിൽ നിർമ്മിക്കും.
ചെറുവള്ളി എസ്‌റ്റേറ്റിനുള്ളിലൂടെ നിലവിലുള്ള ചേനപ്പാടി കനകപ്പലം എരുമേലി റോഡ് ഉൾപ്പെടെ നാലു റോഡുകളും അടയ്ക്കും. നിലവിൽ ചെറുവള്ളി എസ്‌റ്റേറ്റിൽ റേഷൻകട,പ്രൈമറി സ്‌കൂൾ, ആശുപത്രി തുടങ്ങിയവയുണ്ട്. ഇതിനു പകരം സൗകര്യങ്ങൾ പ്രദേശവാസികൾക്ക് ഏർപ്പെടുത്തിക്കൊണ്ടാകും ജനങ്ങളെ ഒഴിപ്പിക്കുക. 

യന്ത്രസാമഗ്രികളും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായി എരുമേലി, പഴയിടം എന്നിവിടങ്ങളിൽനിന്ന് ചേനപ്പാടി, മുക്കട, കരിക്കാട്ടൂർ എന്നിവിടങ്ങളിലേക്കുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. മണിമലയാറിനു കുറുകെ പഴയിടത്ത് അടുത്ത വർഷം പുതിയ പാലം നിർമിക്കും. ഇതിനൊപ്പം കേന്ദ്ര പരിസ്ഥിതി, വ്യോമയാന വനം മന്ത്രാലയങ്ങളുടെ അനുമതി മുൻകൂറായി വേണം. 

സംസ്ഥാന തലത്തിൽ ഫയർഫോഴ്‌സ്, പൊലീസ്, തദ്ദേശഭരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ അനുമതിയും ആവശ്യമാണ്. സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് മൂവായിരം കോടി രൂപ സമാഹരിച്ചുകൊണ്ടായിരിക്കും നിർമ്മാണം. 

Eng­lish Sum­ma­ry: Sabari Air­port: Speed up the process

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.