23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 12, 2024
September 9, 2024
July 9, 2024
July 4, 2024
June 22, 2024
June 16, 2024
April 25, 2024
April 21, 2024
April 2, 2024
April 1, 2024

‘ബൗണ്ടറി’ എന്ന നാടകത്തിനും സംവിധായകനുമെതിരെ സംഘ്പരിവാർ

കെ കെ ജയേഷ്
കോഴിക്കോട്
December 5, 2022 7:21 pm

കോഴിക്കോട് റവന്യു ജീല്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാമതെത്തിയ ‘ബൗണ്ടറി’ എന്ന നാടകത്തിനും സംവിധായകനുമെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്ത്. അതിരുകളില്ലാത്ത മാനവ സ്നേഹത്തിന്റെ കഥ പറഞ്ഞ നാടകം രാജ്യവിരുദ്ധമാണെന്ന പ്രചരണവുമായാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചാരണം നടക്കുന്നത്. അണ്ടർ 19 ദേശീയ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുൽത്താനയെന്ന പെൺകുട്ടിയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. ഇന്ത്യാ- പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വിജയിച്ച പാക് ടീമിന്റെ ചിത്രവും വാർത്തയും ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഫാത്തിമ വിലക്ക് ഭീഷണി നേരിടുകയാണ്. നാടെങ്ങും ഫാത്തിമ സുൽത്താനക്കെതിരായി പ്രതിഷേധങ്ങളും കൊലവിളികളും ഉയരുമ്പോൾ കുട്ടികൾ അവൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയാണ്.

നാടകത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ഡയലോഗാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. ‘ബ്രസീലും അർജന്റീനയും കളി ജയിക്കുമ്പോൾ കയ്യടിക്കാറില്ലേ.. പിന്നെന്താ പാക്കിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിക്കുമ്പോൾ മാത്രം ഇത്ര പ്രശ്നം’ എന്ന നാടകത്തിലെ ചോദ്യം പ്രചരിപ്പിച്ചാണ് സംവിധായകൻ രാജ്യവിരുദ്ധനാണെന്ന പ്രചരണം നടത്തുന്നത്. വിദ്യാർത്ഥികൾക്കുള്ളിൽ മതം കുത്തിവെക്കുന്ന ജിഹാദി റഫീഖിനെ അറസ്റ്റ് ചെയ്യണം എന്നതുൾപ്പെടെയാണ് പ്രചരണം. പാക്കിസ്ഥാന് കയ്യടിക്കാൻ പറയുന്ന സംവിധായകൻ രാജ്യദ്രോഹിയാണ് എന്നുൾപ്പെടെ സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നാടകം അവതരിപ്പിച്ച കുട്ടികൾക്കെതിരെയും മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ അധികൃതർക്കെതിരെയും ഭീഷണിയുടെ സ്വരത്തിലാണ് പോസ്റ്റുകൾ വരുന്നത്.

നാടകത്തിൽ തുടർന്നു വരുന്ന ഡയലോഗുകൾ മറച്ചു വെച്ചാണ് തനിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി ജനയുഗത്തോട് പറഞ്ഞു. ആരാണ് ഈ ഭൂമിയിൽ അതിർത്തികളും വേലികളും ഒക്കെ കെട്ടി മനുഷ്യൻമാരെ വേർതിരിച്ചത്. അതിർത്തികൾ ഒന്നും ഇല്ലായിരുന്നെങ്കിൽ നമുക്ക് എല്ലാ രാജ്യക്കാരെയും ഒരു പോലെ സ്നേഹിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് കഥാപാത്രം തുടർന്ന് ഉയർത്തുന്നത്. പാക്കിസ്ഥാനുമായുള്ള യുദ്ധത്തെക്കുറിച്ചല്ല, മറിച്ച് കളിയെക്കുറിച്ചാണ് നാടകത്തിൽ പറയുന്നത്. സ്നേഹവും ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ളതാണ് ഓരോ കളിയും. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന നാടകത്തിൽ നിന്ന് പാക്കിസ്ഥാൻ മാത്രം മുറിച്ചെടുത്താണ് സംഘപരിവാർ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ലോകകപ്പ് ഫുട്ബോളിനെതിരെ രംഗത്ത് വന്ന മതനേതാക്കളെ ഉൾപ്പെടെ ഈ നാടകത്തിൽ പരിഹസിക്കുന്നുണ്ട്. സങ്കുചിതമായ മതബോധവും ദേശീയതയും ഒരുപോലെ അപകടകരമാണ് എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നതെന്നും റഫീഖ് വ്യക്തമാക്കി.

സംഘപരിവാർ പ്രവർത്തകർക്കൊപ്പം സ്വതന്ത്ര ചിന്തകരെന്ന് വിശേഷിപ്പിക്കുന്ന ചിലരും തനിക്കെതിരെയുള്ള പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നതാണ് റഫീഖിനെ വേദനിപ്പിക്കുന്നത്. മതരഹിതരെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം ആളുകളിലുള്ള വ്യാജ ദേശീയ ബോധം വലിയ അപകടമാണെന്നും റഫീഖ് പറയുന്നു. ഇതിന് മുമ്പും വർഗ്ഗീയവാദികളുടെ ഭീഷണി നേരിട്ട കലാകാരനാണ് റഫീഖ് മംഗലശ്ശേരി. മേമുണ്ട സ്കൂളിന് വേണ്ടി റഫീഖ് ഒരുക്കിയ കിത്താബ് എന്ന നാടകത്തിനെതിരെ പ്രതിഷേധവുമായെത്തിയത് മുസ്ലീം സംഘടനകളായിരുന്നു. മുസ്ലീം സ്ത്രീകളെ വാങ്ക് വിളിക്കാൻ അനുവദിക്കാത്തതെന്ത് എന്ന ചോദ്യമായിരുന്നു ഈ നാടകം ഉയർത്തിയത്.

ബദറുദീൻ നാടകം എഴുതുമ്പോൾ, റാബിയ തുടങ്ങിയ റഫീഖിന്റെ പല നാടകങ്ങൾക്കെതിരെയും മത സംഘടനകൾ രംഗത്ത് വന്നിരുന്നു. മുസ്ലീം സംഘടനകളെ വിമർശിച്ചപ്പോൾ തന്നെ സംഘിയായാണ് പലരും ചിത്രീകരിച്ചത്. ഇപ്പോൾ ഞാൻ മുസ്ലീം തീവ്രവാദിയുമായെന്ന് റഫീഖ് പറയുന്നു. തനിക്കെതിരെയുള്ള നീക്കങ്ങളിൽ ഭീതിയില്ലെന്നും ഒരു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ധൈര്യപൂർവ്വം നാടകങ്ങളുമായി മുന്നോട്ട് പോകുമെന്നും റഫീഖ് വ്യക്തമാക്കുന്നു. ഉപജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം മാത്രം ലഭിച്ച മേമുണ്ട ടീം അപ്പീലിലൂടെയാണ് ഇത്തവണ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത് വിജയം കൊയ്തെടുത്തത്.

Eng­lish Sum­ma­ry: Sangh Pari­var against the dra­ma ‘Bound­ary’ and its director
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.