29 March 2024, Friday

ആരടിക്കും സന്തോഷ ട്രോഫി ? മൈസൂര്‍ കടുവകളോ മേഘതാഴ്‌വരയിലെ പുലികളോ…

സുരേഷ് എടപ്പാള്‍
March 4, 2023 8:20 am

സന്തോഷ്‌ ട്രോഫിയുടെ എട്ടുപതിറ്റാണ്ടിലധികകാലത്തെ ചരിത്രത്തില്‍ ഇന്നത്തെ കലാശപോരാട്ടം ഏറെ സവിശേഷമാണ്. ഇദം പ്രഥമമായാണ് സന്തോഷ്‌ ട്രോഫിക്ക് ഇന്ത്യക്ക് പുറത്ത് വേദിയൊരുങ്ങിയത്. അതുപോലെ തന്നെ വേറിട്ടു നില്‍ക്കുന്നതാണ് ഇന്നത്തെ രാത്രിയിലെ ഫൈനലില്‍ മുഖാമുഖം വരുന്ന ടീമുകളും. തീര്‍ത്തും അപ്രതീക്ഷിതമായി കുതിച്ചു കയറിയവര്‍. രണ്ടു ടീമുകളും ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ ഗ്രൂപ്പുകളില്‍ രണ്ടാമതെത്തിയവര്‍. ഗ്രൂപ്പ് എയില്‍ പഞ്ചാബിനു പിന്നിലായാണ് കര്‍ണാടക സെമിയിലെത്തിയതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ സര്‍വീസസ് ഒന്നാം സ്ഥാനത്തും മേഘാലയ രണ്ടാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ സെമിയില്‍ കാര്യങ്ങള്‍ മാറി. പഞ്ചാബും സര്‍വീസസും വീണപ്പോള്‍ മേഘാലയയും കര്‍ണാടകയും കലാശപ്പോരിന് അര്‍ഹത നേടി.

47 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കര്‍ണാടക ഫൈനലിലെത്തുന്നത്. നീണ്ട 54 വര്‍ഷങ്ങള്‍ക്കുശേഷം കിരീടനേട്ടം ഒരു ജയം മാത്രം അകലെ. കുന്നോളം പ്രതീക്ഷയുമായാണ് കലാശക്കളിക്ക് ബൂട്ടുകെട്ടുന്നത്. 1969ല്‍ ബംഗാളിനെ വീഴ്ത്തിയുള്ള കിരീട നേട്ടത്തിനുശേഷം 1976ല്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനു മുന്നില്‍ കീഴടങ്ങി മടക്കം. ഈ സന്തോഷ് ട്രോഫിയില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ച, പലവട്ടം കിരീടം നേടിയ സര്‍വീസസിനെ സെമിയില്‍ തകര്‍ത്താണ് കര്‍ണാടകയുടെ ഫൈനല്‍ പ്രവേശം. അതു ഒരു ഗോള്‍ പിന്നിട്ടു നിന്നതിനുശേഷം ശക്തമായി തിരിച്ചടിച്ച് പട്ടാള ടീമിന്റെ വലയില്‍ മൂന്നുഗോളുകള്‍ അടിച്ചു കയറ്റിക്കൊണ്ട്. ഇത്തവണ ആഞ്ഞു പിടിച്ചാല്‍ കിരീടം കൂടെ പോരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മൈസൂരിന്റെ ചുണക്കുട്ടികള്‍. കരുത്തുറ്റ മുന്നേറ്റ നിരയും ശക്തമായ പ്രതിരോധവും ടീമിന്റെ മികവാണ്.
മേഘാലയയ്ക്ക് ഈ ഫൈനല്‍ ചരിത്ര നേട്ടമാണ്. ഇതുവരെ സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍ പോലും കാണാത്ത വടക്കുകിഴക്കന്‍ ടീം ഇക്കുറി കപ്പിനടുത്തെത്തിയിരിക്കുന്നു. മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെ സെമിയില്‍ വീഴ്ത്തിയാണ് മേഘാലയയുടെ വരവ്. കര്‍ണാടകയെ പോലെ പിന്നില്‍ നിന്ന് കുതിച്ചു കയറിയായിരുന്നു മേഘാലയയുടേയും ജയം. മികച്ച മധ്യനിരയും മുന്നേറ്റക്കാരും മേഘാലയയുടെ കരുത്താണ്. മണിപ്പൂരിനും മിസോറാമിനും പിന്നാലെ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്ന വടക്കു കിഴക്കു നിന്നുള്ള പുതിയ കാല്‍പന്ത് തട്ടകമാകാനുള്ള തയ്യാറെടുപ്പിലാണ് മേഘങ്ങളുടെ സ്വന്തം താഴ്‌വാര ഭൂമി.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതട്ടിയ മൈതാനത്ത് ആരായിരിക്കും ഇന്ത്യയുടെ അഭിമാനക്കപ്പ് ഉയര്‍ത്തി പുതിയ തുടക്കത്തിന്റെ ഭാഗമാകുക എന്നത് പ്രവചനം സാധ്യമാക്കുന്നില്ല. എന്തായാലും മേഘാലയക്കെതിരെ തങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നും മത്സരം ജയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കര്‍ണാടക കോച്ച് രവി ബാബു രാജുവും ക്യാപ്റ്റന്‍ കാര്‍ത്തിക് ഗോവിന്ദ് സ്വാമിയും പറഞ്ഞു. മേഘാലയ താരങ്ങളേക്കാള്‍ പരിചയസമ്പന്നരായ കളിക്കാര്‍ സ്ക്വാഡിലുണ്ടെന്നത് ആത്മവിശ്വാസം നല്‍കുന്നതായി ഇരുവരും പറഞ്ഞു.
ഐഎസ്എല്‍ താരങ്ങളുടെ സാന്നിധ്യം കര്‍ണാടകയിലുണ്ടെങ്കിലും നന്നായി കളിച്ചാല്‍ അതൊന്നും വെല്ലുവിളിയാകില്ലെന്നാണ് മേഘാലയന്‍ ടീം കോച്ച് ഗ്ലെയിന്‍ സെമിലയയുടെ അഭിപ്രായം. പഞ്ചാബിനെ കീഴടക്കിയതുതന്നെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാകുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ വാഴുന്നത് മൈസൂരിന്റെ പിന്‍മുറക്കാരോ അതോ വടക്കുകിഴക്കന്‍ കരുത്തരോ എന്ന് കാത്തിരുന്നു കാണാം. രാത്രി ഒമ്പതിനാണ് കലാശക്കളി. മൂന്നാംസ്ഥാനക്കാരെ കണ്ടെത്തുന്നതിനായി പഞ്ചാബും സര്‍വീസസും തമ്മില്‍ വൈകിട്ട് അഞ്ചിന് ഏറ്റുമുട്ടും.

Eng­lish Sum­ma­ry: san­thosh tro­phy kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.