7 May 2024, Tuesday

തീനാളമായൊരു ഒരു പ്രണയദേവത

ജയൻ മഠത്തിൽ
July 25, 2023 12:40 pm

‘നീ തൊട്ടു, ഞാൻ തീനാമ്പായി’ എന്ന് കവിതയിൽ കുറിച്ചിട്ട് കലയുടെ പത്താം അധിഷ്ഠാനദേവതയായി ജ്വലിച്ചു നിൽക്കുമ്പോഴാണ് ലൂക്കാഡിയൻ പാറക്കെട്ടുകൾക്കു മുകളിൽ നിന്ന് ചാടി സാഫോ ആത്മഹത്യ ചെയ്തത്. അന്നവൾക്ക് വെറും 30 വയസ് മാത്രം. പ്രണയത്തെപ്പറ്റി എഴുതി, പ്രണയത്തെപ്പറ്റി പാടി, പ്രണയത്തിന്റെ കൂർത്ത മുനകൾകൊണ്ട് കരൾ പിളർന്ന് മരണത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് പതിക്കുകയായിരുന്നു സാഫോ. പ്രണയത്തിന് അതിരുകളില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. പ്രണയമെന്നാൽ ആണും പെണ്ണും തമ്മിലുള്ള ഉത്സവമല്ല എന്നവർ തുറന്നു പറഞ്ഞു. പെണ്ണിന്റെ പ്രണയത്തെപ്പറ്റിയാണ് അവർ പാടിക്കൊണ്ടേയിരുന്നത്. സാഫോയുടെ കവിതകളിൽ പ്രണയം ദൈവസിംഹാസനം വിട്ട് ഹരിത താഴ്‌വാരത്തിലേക്ക് ചിറകടിച്ചിറങ്ങി. വസന്തത്തിന്റെ പൂന്തോപ്പിലേക്ക് അവർ പ്രണയിനികളെ ക്ഷണിച്ചു. അവിടുത്തെ വെളിച്ചത്തെയും വീഞ്ഞിനെയും ആവോളം നുകരാൻ അവർ കവിതകളിലൂടെ ആഹ്വാനം ചെയ്തു. പ്രണയമെന്ന ധ്യാനത്തിന്റെ മറ്റൊരു പേരായിരുന്നു സാഫോ. കവിതകളിലൂടെ സാഫോ തന്നെത്തന്നെ തേടുകയായിരുന്നു. സ്വത്വം തേടിയുള്ള അന്വേഷണത്തിനൊടുവിൽ സ്വത്വ സംഘർഷത്തിൽപ്പെട്ട് അവർക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. പ്രാചീന ഗ്രീസിലെ സാംസ്കാരിക കേന്ദ്രമായിരുന്ന ലെസ്ബോസിൽ ബിസി 630 നും 612 നും ഇടയിലായിരുന്നു സാഫോയുടെ ജനനം എന്ന് കരുതപ്പെടുന്നു.

അൽകേയുസ്, പിത്താക്കസ്, അൽയാറ്റെസ് എന്നിവരുടെ സമകാലികയായിരുന്നു അവർ. സമ്പന്ന കുടുംബത്തിൽ ജനിച്ച സാഫോ ഗ്രീസ് മുഴുവൻ സഞ്ചരിച്ചു. പെണ്ണിന്റെ ദൈനംദിന ജീവിതം, തൊഴിൽ, അവളുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയെ ആഴത്തിൽ തിരിച്ചറിഞ്ഞ് അത് കവിതയിലൂടെ ആവിഷ്കരിച്ചു. പുരുഷന്മാർ കയ്യടക്കിവച്ചിരുന്ന ഭാവഗീത രചനയിലേക്ക് സര്‍ഗാത്മക കരുത്തോടെ അവർ കടന്നുചെന്നു. പ്ലേറ്റോണിയൻ സമഗ്രാധിപത്യ ഭരണകൂട സങ്കല്പത്തെയും മതാധിഷ്ഠിത സദാചാരങ്ങളെയും സാഫോ ചോദ്യം ചെയ്തു. സ്വാതന്ത്ര്യത്തിൽ പടുത്തുയർത്തിയ മഹാഗോപുരങ്ങളായിരുന്നു അവരുടെ കവിതകൾ. സാഫോയുടെ കവിതകളിൽ അഗാധമായ മാനുഷിക വികാരങ്ങൾ നിറഞ്ഞു നിന്നു. രതീദേവതയായ അഫ്രോസൈറ്റിന് സാഫോ തന്റെ മനസും പേനയും സമർപ്പിച്ചു. അവരുടെ പേനയിൽ പ്രണയത്തിന്റെ നാനാതരം ചിറകുകൾ മുളച്ചുപൊന്തി. ‘ഇളം കാറ്റിൽ കോരിത്തരിക്കുന്ന ഓക്കുമരത്തിന്റെ ഇലകൾ പോലെയാണ് സ്ത്രീകൾ’ എന്ന് അവർ എഴുതി. ‘പ്രണയമേ, നിന്റെ അധരങ്ങളിൽ നിറഞ്ഞ വീഞ്ഞ് എന്റെ അധരങ്ങളിലേക്ക് പകർന്നാലും’ എന്ന് പ്രണയത്തിന്റെ ഉന്മത്താവസ്ഥയിൽ അവർ പാടി.

ഐതിഹ്യങ്ങളിലും ഭക്തി കേന്ദ്രീകൃതമായ പ്രമേയങ്ങളിലും അഭിരമിച്ചിരുന്ന ഗ്രീക്കു സാഹിത്യത്തെ മാനുഷിക വികാരങ്ങളിലേക്കും മനുഷ്യത്വത്തിലേക്കും തിരിച്ചു വിട്ടുകൊണ്ട് ഗ്രാസിലെ യാഥാസ്ഥിതിക കവിതാ പാരമ്പര്യത്തെ സാഫോ തകർത്തു കളഞ്ഞു. ഇതോടെ സാധാരണക്കാർ കവിതയിലേക്ക് കൂടുതൽ അടുത്തു. പൂത്തുലഞ്ഞു നിന്ന പ്രണയ വൃക്ഷമായിരുന്നു സാഫോ. അക്ഷരങ്ങളിലൂടെ അവർ മനുഷ്യന്റെ ഉള്ളിലുള്ള പ്രണയാഗ്നിയെ ജ്വലിപ്പിച്ചു. ‘ഗ്രീക്കിന്റെ കാവ്യദേവത’ എന്നാണ് പ്ലേറ്റോ സാഫോയെ വിശേഷിപ്പിച്ചത്. ‘ഗ്രീക്കു ദേവതമാർ ഒമ്പതാണെന്ന ചൊല്ല് തെറ്റാണെന്നും എത്ര അശ്രദ്ധമായ നിരീക്ഷണമാണിതെന്നും ലെസ്ബോസിലെ സാഫോയെ ആരും കാണുന്നില്ലേ‘യെന്നും അദ്ദേഹം തുടർന്നു ചോദിക്കുന്നുണ്ട്. പ്രണയം, ദിവ്യത്വത്തിന്റെ പരിവേഷമെല്ലാം അഴിച്ചു വച്ചാണ് സാഫോയുടെ കവിതയിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരാളെ സംബോധനചെയ്യുന്ന തരത്തിലാണ് സാഫോയുടെ കവിതകൾ. സ്ത്രീയെ സൗന്ദര്യമായും സ്നേഹമായും അവർ അവതരിപ്പിക്കുന്നു. ‘വൻമലയിൽ കൊടുങ്കാറ്റിൽ ചൂള മരംപോലെ പ്രേമത്താൽ തന്റെ ഹൃദയം പ്രകമ്പനം കൊണ്ട’തായി സാഫോ ഒരിക്കൽ എഴുതി.

ഹൃദയത്തെ ഹൃദയംകൊണ്ട് കൊരുത്തിടുന്ന മാന്ത്രിക വിദ്യ സാഫോയ്ക്കുണ്ടായിരുന്നു. പ്രണയത്തെ ഉത്സവച്ചായയിൽ ആഘോഷിക്കുകയായിരുന്നു സാഫോ. എനിക്ക് പ്രിയങ്കരം ദേഹത്തി — ന്നാസക്തികൾ ദേഹസ്ഥി താസക്തിയും ദേഹാതിതാ- സക്തിയും പകുത്തു ഞാൻ വാങ്ങീടും; രതിയും മതിയും പോൽ (വിവ: എൻ പി ചന്ദ്രശേഖരൻ) അഗ്നി സമാനമായ അക്ഷരങ്ങൾ കൊണ്ടാണ് സാഫോ പ്രണയത്തെ അടയാളപ്പെടുത്തിയത്. ഹോമറുടെ യുദ്ധ കവികൾ സാഫോയ്ക്ക് കാവ്യ വിഷയമായിട്ടുണ്ട്. അവിടെയും അവർ പ്രണയത്തിനാണ് പ്രാധാന്യം നൽകിയത്. ഹോമറിന്റെ അതിമാനുഷിക സ്വഭാവമുള്ള കഥാപാത്രങ്ങളെ സാധാരണ മനുഷ്യർക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്നു. യുദ്ധത്തേക്കാള്‍ സാഫോയെ ആകർഷിച്ചത് ഹെലനും മെനലസുമായ അനുരാഗമായിരുന്നു. ദൈവം കരുതിവച്ച പ്രണയ ദേവതയായിരുന്നു സാഫോ. അവരുടെ പ്രണയഗീതങ്ങൾ വിവാഹ വേദികളിൽ ലയർ എന്ന വാദ്യോപകരണത്തിന്റെ സഹായത്തോടെ ആലപിക്കപ്പെട്ടു. കല്യാണ പാട്ടുകളുടെ മുഖ്യ എഴുത്തുകാരിയായി സാഫോ മാറി. കലാപഠനത്തിനായി ധാരാളം പെൺകുട്ടികൾ കവയത്രിയെ സമീപിച്ചു. അവരിലെ പലരേയും സാഫോ ഗാഢമായി പ്രണയിച്ചു, ചിലരെ ഇണകളാക്കി.

‘ഭൂമിക്ക് മുകളിൽ പറക്കാൻ ആഗ്രഹിക്കാത്ത ഒരു പക്ഷിയാണ്’ താനെന്നും, ‘പ്രണയിനികളുടെ ഹൃദയത്തിലൂടെ പറക്കാനാണിഷ്ട’മെന്നും അവർ എഴുതി. സുന്ദരികളായ വിദ്യാർത്ഥിനികൾ സാഫോയുടെ കവിതയ്ക്ക് വിഷയമായി. കലാപഠനം പൂർത്തീകരിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന തന്റെ ശിഷ്യകൾക്കുവേണ്ടി സാഫോ മംഗള ഗാനങ്ങൾ എഴുതി. തന്റെ യുവവിദ്യാർത്ഥിനികളെ ഒന്നിച്ചു ചേർത്ത് ‘തിയാസോസ്’ എന്ന കൂട്ടമുണ്ടാക്കി. രതിദേവതയായ അഫ്രോഡൈറ്റിനു വേണ്ടി ഒരു ആരാധനാലയമുണ്ടാക്കി. ആരാധനാലയത്തിൽ അവതരിപ്പിക്കാൻ വേണ്ടി ‘അഫ്രോഡൈറ്റിനുള്ള ഗാനം’ എഴുതി. പ്രണയത്തിൽ വിമുഖത കാണിക്കുന്ന കാമുകനെ വലയിലാക്കാൻ സഹായിക്കാൻ അഫ്രോഡൈറ്റിനോട് അഭ്യർത്ഥിക്കുന്നതാണ് ആ ഗാനം. തന്റെ യാചന അവഗണിക്കരുതെന്ന് കവയിത്രി ദേവിയോട് അഭ്യർത്ഥിക്കുന്നു. സാഫോയുടെ പ്രണയഗീതങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. മകളായ ക്ലെയിസിനെപ്പറ്റിയും അവർ കവിതയെഴുതി. അമ്മയും മകളും തമ്മിലുള്ള ഊഷ്മളബന്ധത്തെ തീവ്രമായി അവതരിപ്പിക്കുന്ന കവിതയായിരുന്നു അത്. ‘പട്ടുനൂൽകൊണ്ട് ചിത്രകമ്പളം നെയ്യാൻ വയ്യെനിക്കിനി അമ്മേ, ഞാനൊരു പ്രണയിനി’ എന്ന് സാഫോ കുറിച്ചിട്ടു. ഇതുംകൂടി ആയതോടെ പൗരോഹിത്യ സമൂഹം അവരെ ലെസ്ബിയനായി ചിത്രീകരിച്ചു.

ലെസ്ബോസിൽ ജനിച്ച സാഫോയിൽ നിന്ന് ‘സാഫോയിസം’, ‘ലെസ്ബിയനിസം’ എന്നീ പ്രയോഗങ്ങൾപോലും പിൽക്കാലത്തുണ്ടായി. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതായിരുന്നു സാഫോയുടെ മിക്ക കവിതകളും. മധ്യകാല പൗരോഹിത്യ ഭരണകൂട വ്യവസ്ഥയെ സാഫോ ശക്തമായി എതിർത്തു. ലെസ്ബോസ് ദ്വീപിലെ പിറ്റാക്കസ് എന്ന സ്വേച്ഛാധിപതിക്കെതിരെ അവർ നിരന്തരം ശബ്ദിച്ചു. ഇതോടെ ഭരണകൂടം സാഫോയ്ക്കെതിരെ തിരിഞ്ഞു. യുവതിയും സുന്ദരിയുമായ സാഫോയെ ഒരു വൃദ്ധനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തുടർന്ന് ലെസ്ബോസിൽ നിന്ന് സിസിലിയിലേക്ക് നാടുകടത്തി. കുറച്ചു നാളുകൾക്കു ശേഷം ഭർത്താവും തുടർന്ന് മകളും മരിച്ചതോടെ സാഫോ ഒറ്റപ്പെട്ടു. പിന്നീട് സാഫോ ഫായോൺ എന്നൊരു തോണിക്കാരനുമായി പ്രണയത്തിലാകുകയും പ്രണയ പരാജയത്തോടെ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. സ്വവർഗാനുരാഗി എന്ന് ആക്ഷേപിച്ച് സാഫോയുടെ കൃതികൾ ക്രിസ്തുമത വിശ്വാസികൾ വ്യാപകമായി നശിപ്പിച്ചു. പ്രണയത്തിനും എഴുത്തിനും വേണ്ടി സമൂഹത്തിന്റെ ആക്ഷേപം ഏറ്റുവാങ്ങിയ കവയിത്രിയാണ് സാഫോ. ‘പ്രണയമേ, നിന്നെ ഞാൻ കോരി കുടിക്കട്ടെ‘യെന്നും ‘നിന്റെ വീഞ്ഞാൽ എന്നെ നീ മയക്കിക്കിടത്തുക’ എന്നും സാഫോ എഴുതി. പ്രണയം തന്ന നിന്നെ ചുംബിക്കാനായി വരുമ്പോൾ നീ പിന്നോട്ട് മാറിക്കളയരുതെന്ന് അവൾ യാചിച്ചു.

പ്രണയത്തിൽപ്പെടുമ്പോൾ അവൾ ഒരു കുഞ്ഞായി. പ്രണയത്തിൽ വളർന്ന് അവൾ പക്വത പ്രാപിച്ചു. ക്രമേണ പ്രണയം അസ്തിത്വത്തിന്റെ തന്നെ ഭാഗമായി. അതോടെ സാഫോ എന്ന പേര് പ്രണയത്തിന്റെ പര്യായമായി മാറി. സാഫോയുടെ പ്രണയ സുവിശേഷങ്ങൾ പ്രണയിനികൾ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കൈമാറി. ഭാഷാശൈലിയുടെ ലാളിത്യമാണ് സാഫോ കവിതകളെ ജനകീയമാക്കിയത്. യൂറോപ്യൻ നവോത്ഥാനത്തിന്റെ ആരംഭത്തോടെ സാഫോ കൃതികളെ ആളുകൾ ആവേശത്തോടെ വീണ്ടെടുത്തു. ജ്ഞാനത്തെ സ്ത്രൈണാനുഭവമായി കണ്ട് പുരുഷ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയെ ചോദ്യം ചെയ്ത് ക്രൂശിക്കപ്പെട്ട സാഫോ ‘കവികളുടെ ക്രിസ്തു ’ എന്നാണ് അറിയപ്പെടുന്നത്. പൗരോഹിത്യത്തിനെതിരായി യൂറോപ്പിലുണ്ടായ ആദ്യ ശബ്ദമായിരുന്നു സാഫോയുടേത്. അക്ഷരങ്ങളിലൂടെ അവർ സൃഷ്ടിച്ച കാവ്യലഹരിയെ സഹൃദയർ ആവേശത്തോടെ മൊത്തിക്കുടിച്ചുകൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.