29 May 2024, Wednesday

ശ്രീരാമന്റെ സമാധി

ശാരദ
November 27, 2022 7:50 am

ശ്രീ വി ദത്തന്റെ ‘സരയുവിലെ സമാധി’ എന്ന നോവൽ കൈയ്യിൽ കിട്ടിയപ്പോൾ, വീണ്ടും ഒരു രാമകഥയോ എന്നൊരു വായനാഭാരമാണ് ആദ്യം തോന്നിയത്. എന്നാൽ വായന പുരോഗമിച്ചതോ ടെ ശ്രീരാമന്റെ വ്യഥിതമായ മനസിലെ ശക്തവും നൂതനവുമായ ആവിഷ്കാരം ആകാംക്ഷയെ ആവേശപൂർവം മുന്നോട്ടു നയിക്കുന്നതായാണ് അനുഭവപ്പെട്ടത്.
ശ്രീരാമനെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് രാമായണ വായനക്കാരിൽ ഭൂരിപക്ഷവും. വിശേഷിച്ച് ഉത്തരേന്ത്യക്കാർ. ഭക്തിയുടെ ആധിക്യം ഉണ്ടെങ്കിലും രാമകഥ ഇതിഹാസമാണെന്ന ബോധം മലയാള വായനക്കാരിൽ നിന്നും അകന്നു പോയിട്ടില്ല. ചരിത്രവും മിത്തും തിരിച്ചറിയാനുള്ള വിവേകം എപ്പോഴും മലയാളികൾ പുലർത്തിയിട്ടുണ്ട്.
സരയൂ നദിയുടെ ജലപ്പരപ്പു നോക്കി ചിന്താകുലനായി നിൽക്കുന്നിടത്ത് ആരംഭിച്ചു നദിയുടെ അഗാധമായ ആഴങ്ങളിൽ ജീവനവസാനിപ്പിക്കുന്നതു വരെയുള്ള രാമന്റെ സംഭവബഹുലമായ ജീവിതകഥകളും മാനസികവ്യഥകളും അത്യന്തം ഉദ്വേഗജനകമായും വിശ്വസനീയവുമായ വിധത്തിൽ നോവലിൽ ആഖ്യാനം ചെയ്തിരിക്കുന്നു. ഉത്തമനായ പുരുഷൻ ആരെന്നുള്ള വാല്മീകിയുടെ ചോദ്യത്തിന് നാരദ മുനി നൽകുന്ന ഉത്തരമാണ് രാമായണം. ഗുണദോഷ സമ്മിശ്ര സ്വഭാവമുള്ള ഒരു സാധാരണ മനുഷ്യനാണ് വാല്മീകിയുടെ രാമൻ. രാമനെ ദൈവമായി ചിത്രീകരിക്കുന്നത് ഉൾപ്പെടെ നിരവധി രാമായണങ്ങൾ ഉണ്ടെങ്കിലും വാല്മീകിരാമായണത്തെ പ്രധാനമായും ആശ്രയിച്ചാണ് ‘സരയുവിലെസമാധി’ രചിച്ചിട്ടുള്ളത്. ശ്രീരാമൻ ആത്മവിചാരണക്കു മുതിരുകയും മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് വിധേയനാകുകയും ചെയ്യുന്നുണ്ട് ഇതിൽ. 

ശാപങ്ങളും വരങ്ങളും പ്രതിജ്ഞയും പ്രതിജ്ഞാലംഘനങ്ങളും മറ്റു ബാഹ്യ സംഭവങ്ങളും പ്രകൃ തിയുടെ ഇടപെടലുകളും രാമന്റെ ജീവിതത്തെ പലപ്പോഴുംമാറ്റിമറിക്കുന്നുണ്ട് രാമായണത്തിൽ. പക്ഷേ രാമന്റെ സ്വഭാവ വൈചിത്രങ്ങളും ജീവിത സംഭവങ്ങളും വിശകലനത്തിനും വിമർശന ത്തിനും വിധേയമായി മാത്രമേ ‘സരയുവിലെ സമാധി’യിൽ രാമകഥ മുന്നോട്ടു പോകുന്നുള്ളൂ. പ്ര തിജ്ഞലംഘനം പാടില്ല എന്നും അത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുമെന്നും ഉള്ളത് രാമന്റെ ഭയം മാത്രമാണ്. ആ ഭയം അദ്ദേഹം ധർമ്മവുമായി കൂട്ടിക്കുഴക്കുന്നു. ധർമ്മഭീരുത്വം എക്കാലവും രാമനെ ചങ്ങലക്കിട്ടു. പരിധിവിടുന്ന ധർമ്മം പലപ്പോഴും അധർമ്മമായി മാറുന്നത് അദ്ദേഹം തിരിച്ചറിയാതെ പോയി. താൻ നടത്തിയ എല്ലാ വധങ്ങളും ധർമ്മ സംസ്ഥാപനത്തിന് വേണ്ടി ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. വൈതാളികരും മാമുനിമാരും ചെവിയിൽ ഓതിക്കൊടുത്തത് മാത്രം അദ്ദേഹം വിശ്വസിച്ചതുമാകാം. ‘സരയുവിലെ സമാധി’യിൽ രാമന്റെ ഈ മനസ് സൂക്ഷ്മമായി അനാവരണം ചെയ്യുന്നുണ്ട്. 

തന്റെ ജീവിതാഭിലാഷമായിരുന്ന ശ്രീരാമന്റെ യുവരാജാവായുള്ള അഭിഷേകം മുടങ്ങുമ്പോൾ ദശരഥൻ അനുഭവിക്കുന്ന വ്യസനം, ഒടുവിൽ അതിന്റെ ആഘാതം ഏല്പിക്കുന്ന മരണം, വനവാസത്തിനു പോകുമ്പോൾ സീതയെ കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് രാമൻ പറയുന്നത് കേൾക്കുമ്പോൾ സീതയ്ക്കുണ്ടാകുന്ന സങ്കടം, ഏക മകൻ 14 വർഷത്തെ വനവാസത്തിനു വട്ടം കൂട്ടുമ്പോൾ കൗസല്യ അനുഭവിക്കുന്ന വിവിധ വികാരങ്ങൾ എല്ലാം വായനക്കാരുടെ മനസിൽ തട്ടുംവിധം അവതരിപ്പിച്ചു കണ്ണ് നനയിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. ആകെ കലങ്ങി അടിതകർന്ന രാമന്റെ അസ്വാസ്ഥ്യത്തിന് ആക്കം കൂട്ടാൻ പോരുന്ന രംഗമാണ് ലക്ഷ്മണ പത്നി ഊർമ്മിളയും ശ്രീരാമചന്ദ്രനുമായുള്ള കൂടിക്കാഴ്ച. ഈ നോവലിലെ ഏറ്റവും തിളക്കമാർന്ന ഒരേടാണത്. രാമന്റെ ഉറക്കം കെടുത്തുന്ന ഊർമ്മിളയുടെ ചാട്ടുളി പോലുള്ള വചന പ്രവാഹം, കഥയെ ഒന്നാകെത്തന്നെ സ്വാധീനിക്കുന്നു. സംഘർഷഭരിതമായ ഇത്തരം സന്ദർഭങ്ങൾക്കൊപ്പം കുളിർമ പകരുന്ന വർണ്ണനകളും ഈ കൃതിയെ സമ്പന്ന മാക്കുന്നു. കാടിനെയും വെൺമേഘങ്ങൾ നിറഞ്ഞ നീലാകാശത്തെയും പ്രകൃതിയെയും പുസ്തക ത്തിൽ ഉടനീളം ഒരു സജീവസാന്നിധ്യമായി നിലനിർത്തുവാൻ സാധിച്ചിട്ടുണ്ട്. എല്ലാ മാനുഷിക ദൗർബല്യങ്ങളും ഉള്ള രാമനെഅതേപടി ആവിഷ്കരിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു,
ശ്രീരാമനെ ജീവത്യാഗത്തിലേക്ക് നയിച്ച ആന്തരിക പ്രേരണകളും അന്തഃസംഘർഷങ്ങളും യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുന്ന അസാമാന്യമായ നോവലാണ് ‘സരയുവിലെ സമാധി.’ രാമായണത്തെ ഉപജീവിച്ച് മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള കൃതികളിൽ നിന്നെല്ലാം വ്യത്യസ്തവും പുതുമയുള്ളതുമാണിത്. മനോഹരമായ ഭാഷയും ആകർഷകമായ ആഖ്യാന രീതിയും ഈ ഗ്രന്ഥത്തെ സമീപകാല നോവലുകളിൽ മികച്ചതാക്കുന്നു. 

സരയുവിലെ സമാധി
(നോവല്‍)
വി ദത്തന്‍
പ്രഭാത് ബുക്ക് ഹൗസ്
വില: 240 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.