26 April 2024, Friday

താലിബാനോട് പൊരുതിയ അഫ്ഗാനിലെ വനിത ഗവര്‍ണര്‍ പറയുന്നു; താലിബാനോട് പൊരുതാന്‍ എനിക്ക് തോക്കെടുക്കേണ്ടി വന്നു

Janayugom Webdesk
കാബൂള്‍
August 12, 2021 11:03 pm

”വളരെ കുറഞ്ഞ സമയം മാത്രമാണ് ഞാന്‍ ഓഫീസിലുണ്ടാകുക. മറ്റ് സമയങ്ങളില്‍ താലിബാനോട് പൊരുതാന്‍ എനിക്ക് തോക്കെടുക്കേണ്ടി വരുന്നു.” അഫ്ഗാനിലെ വടക്കന്‍ ബാല്‍ക് പ്രവിശ്യയായ ചാര്‍കിന്റിന്റെ വനിത ഗവര്‍ണര്‍ സലിമ മസാരിയുടെ വാക്കുകളാണിത്. അഫ്ഗാനില്‍ താലിബാന്റെ ശക്തമായ തേരോട്ടം തുടരുമ്പോള്‍ മുപ്പതിനായിരത്തോളം വരുന്ന സ്വന്തം പ്രവിശ്യയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ പട്ടാളക്കാര്‍ക്കൊപ്പം തോക്കേന്തി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയാണ് നാല്പതുകാരിയായ ഈ പോരാളി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മസാരി ചാര്‍കിന്റിലെ വനിതാ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അഫ്ഗാനിലെ മൂന്ന് വനിതാ ജില്ലാ ഗവര്‍ണര്‍മാരില്‍ പ്രധാനിയാണ് മസാരി.

1980 ല്‍ ഇറാനിലാണ് മസാരിയുടെ ജനനം. സോവിയറ്റ് യുദ്ധത്തെ തുടര്‍ന്ന് മസാരിയുടെ മാതാപിതാക്കള്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു. സ്വന്തമായി രാജ്യമില്ലാത്തതാണ് ഒരു അഭയാര്‍ത്ഥിയുടെ ഏറ്റവും വലിയ വേദനയെന്ന് തിരിച്ചറിഞ്ഞ മസാരി ടെഹ്റാനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പൂര്‍വികരുടെ പ്രദേശത്തേയ്ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു. 2018ല്‍ നടന്ന ജില്ലാ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അനുഭവങ്ങളും യോഗ്യതകളും അനുകൂലമായതിനാല്‍ തെരഞ്ഞെടുക്കപ്പെടുകയും നേതൃപാടവം കൊണ്ട് കുറഞ്ഞ സമയത്തിനകം ജനപ്രീതി നേടിയെടുക്കുകയും ചെയ്തു.

വനിതാ ഗവര്‍ണര്‍ എന്ന നിലയില്‍ വിവേചനം നേരിടേണ്ടി വന്നേക്കുമെന്ന് തുടക്കത്തില്‍ ഞാന്‍ കരുതിയിരുന്നു. എന്നാല്‍ എന്റെ ജനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അ­വര്‍ തന്ന അംഗീകാരമാണ് അവര്‍ക്ക് വേണ്ടി പോരാടാനുള്ള എന്റെ പ്രചോദനം, മസാരി പറയുന്നു.

താലിബാന്‍ ഭീകരരെയും തീവ്രവാദ ആശയങ്ങളെയും ചെറുത്തുതോല്പിക്കാന്‍ ഇപ്പോള്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ് മാറ്റുകയും അവരുടെ ആശയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ കുത്തിനിറക്കുകയും ചെ­യ്യും. അത് കനത്ത പരാജയമായിരിക്കും സമ്മാനിക്കുക, മസാരി കൂട്ടിച്ചേര്‍ത്തു.

രണ്ട് ലക്ഷത്തിലധികം ജനങ്ങളാണ് പ്രവിശ്യയിലുണ്ടായിരുന്നത്. യുദ്ധം തീര്‍ത്ത മുറിവുകളുമായി പ്രദേശം വിട്ടുപോയവരാണ് ഇവരിലേറെയും. എ­ന്നാല്‍ മസാരിയുടെ നേതൃത്വത്തില്‍ സുരക്ഷാ കമ്മിഷന്‍ രൂപീകരിക്കുകയും പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഇത്തരം സംവിധാനമുള്ള ഏക പ്രവിശ്യയും ഇതാണ്. പ്രവിശ്യയുടെ ദൈനംദിന കാര്യങ്ങള്‍ക്കൊപ്പം സൈനിക ഓപ്പറേഷനുകളും മസാരി ചിട്ടപ്പെടുത്തുന്നു. എതിരാളിയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് സൈനികര്‍ക്കൊപ്പം മസാരിയുണ്ട്. പത്തോളം ചര്‍ച്ചകള്‍ ഇതിനോടകം താലിബാനുമായി നടത്തിക്കഴിഞ്ഞു. ചര്‍ച്ചയിലൂടെ കഴിഞ്ഞ വര്‍ഷം നൂറ് താലിബാന്‍ ഭീകരരെ അടിയറവ് പറയിപ്പിച്ച ചരിത്രവും മസാരിക്കുണ്ട്. എന്നാല്‍ ചര്‍ച്ച എപ്പോഴും ഫലം കാണില്ലെന്നാണ്, തോക്കുമേന്തി അതിര്‍ത്തി കാത്തു നില്‍ക്കുമ്പോള്‍ മസാരിക്ക് പറയാനുള്ളത്.

ഹിജാബോ ബുര്‍ഖയോ ധരിച്ച് വീട്ടിലെ പുരുഷന്മാര്‍ ക്കൊപ്പം മാത്രം പുറത്തിറങ്ങാന്‍ സ്ത്രീകള്‍ക്ക് അനുമതിയുള്ള രാജ്യത്ത് പുരുഷന്മാര്‍ക്കൊപ്പം ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുകയാണ് മസാരി.

Eng­lish Sum­ma­ry: Says Afghan woman gov­er­nor who fought Tal­iban; I had to car­ry a gun to fight the Taliban

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.