27 April 2024, Saturday

സമുദ്രോല്പന്ന കയറ്റുമതി 66,000 കോടിയിലേക്ക്

Janayugom Webdesk
കൊച്ചി
February 13, 2023 10:26 pm

പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി സർവ റെക്കോഡുകളും ഭേദിച്ച് 2022–23 ൽ 66,000 കോടിയിലെത്താൻ സാധ്യത. കോവിഡ് 19 പ്രതിസന്ധികൾ, ചരക്കുനീക്കത്തിലെ തടസങ്ങൾ, ചെമ്മീൻ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കർശനമായ പരിശോധനകൾ എന്നിങ്ങനെ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആഗോള വിപണിയിലുണ്ടായ മാന്ദ്യം മറികടന്നാണ് ഈ നേട്ടം. ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പാ ലഭ്യതയിലൂടെ മത്സ്യത്തൊഴിലാളികൾ, വിതരണക്കാർ, സൂക്ഷ്മ‑ചെറുകിട സംരംഭകർ എന്നിവർക്ക് നേട്ടങ്ങളുണ്ടാകും. അസംസ്കൃത വസ്തുക്കൾ മുതൽ ഉല്പന്നങ്ങൾ വരെയുള്ള മൂല്യ ശൃംഖലയ്ക്കും വിപണി വികസനത്തിനും ഇത് സഹായകമാകും. 

സുസ്ഥിരമായ മത്സ്യബന്ധന സമ്പ്രദായങ്ങൾ, ഉല്പന്ന മൂല്യവൽക്കരണം, വൈവിധ്യവൽക്കരണം, അധിക ഉല്പാദനം, പുത്തൻവിപണികളിലെ സാധ്യതകൾ, എന്നിവയിലൂടെ പുതിയ ഉയരങ്ങളിലെത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപിഇഡിഎ) ചെയർമാൻ ഡി വി സ്വാമി പറഞ്ഞു.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സാമ്പത്തിക വർഷം ജപ്പാൻ, റഷ്യ, യുകെ, വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ദക്ഷിണ കൊറിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളുമായി കയറ്റുമതിക്കാരും ഇറക്കുമതിക്കാരും തമ്മിലുള്ള ഓൺലൈൻ ചർച്ചകൾ എംപിഇഡിഎ മുഖാന്തിരം നടത്തിയിരുന്നു.
എംപിഇഡിഎയുടെ സാങ്കേതിക വിഭാഗമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ (ആർജിസിഎ) ആൻഡമാൻ‑നിക്കോബാറിൽ കാര ചെമ്മീനിനുവേണ്ടി വികസിപ്പിച്ച ബ്രൂഡ്സ്റ്റോക് മൾട്ടിപ്ലിക്കേഷൻ സെന്ററിന്റെ പൈലറ്റ് പദ്ധതി വിശാഖപട്ടണത്ത് സ്ഥാപിക്കും. തിലാപ്പിയയുടെ ജനിതക വികസനത്തിനുവേണ്ടിയുള്ള പദ്ധതിയും ഗവേഷണ കേന്ദ്രവും ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള മണിക്കൊണ്ടയിൽ പ്രവർത്തിക്കുന്നുണ്ട്. 

പ്രജനനത്തിനായി ഇറക്കുമതി ചെയ്യുന്ന വനാമിയുടെ വിത്തുചെമ്മീനിന്റെ അണുപരിശോധന ചെന്നൈയിലെ ആർജിസിഎ ക്വാറന്റൈൻ കേന്ദ്രത്തിൽ നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ 57,586 കോടി രൂപയുടെ സമുദ്രോല്പന്നങ്ങൾ കയറ്റുമതി ചെയ്ത് റെക്കോഡിട്ടിരുന്നു. ചെമ്മീൻ കയറ്റുമതി ഈ കാലയളവിൽ പത്തുലക്ഷം ടൺ കടന്നു. ശീതീകരിച്ച ചെമ്മീൻ മൊത്തം കയറ്റുമതിയുടെ 53 ശതമാനവും വരുമാനത്തിന്റെ 75 ശതമാനവും വരും. ഡോളർ കണക്കിൽ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി (43.45 ശതമാനം). ചൈന (15.14 ശതമാനം), യൂറോപ്പ് (14.98 ശതമാനം), തെക്കുകിഴക്കനേഷ്യ (10. 04 ശതമാനം) എന്നിവയാണ് മറ്റു പ്രധാന വിപണികൾ. 

Eng­lish Sum­ma­ry: Seafood exports to Rs 66,000 crore

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.