22 November 2024, Friday
KSFE Galaxy Chits Banner 2

ജീവിതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അക്ഷരങ്ങൾ

കെ ദിലീപ്
നമുക്ക് ചുറ്റും
February 15, 2022 5:37 am

സ്വാതന്ത്ര്യലബ്ധിക്ക് ഒമ്പത് വർഷം മുമ്പ് മൂവാറ്റുപുഴക്കടുത്തുള്ള പെരുമ്പടവം എന്ന ഗ്രാമത്തിൽ ജനിച്ച ഒരു കുട്ടി, നാലാം വയസിൽ അച്ഛൻ ഓർമ്മയായശേഷം അമ്മയുടെ തണലിൽ ദാരിദ്ര്യത്തോട് പൊരുതുമ്പോഴും, വായനയുടെ വിശാലമായ ആകാശത്ത് പറന്നുയരാൻ വെമ്പി. മഹാസങ്കടങ്ങൾക്കിടയിലും ഒരു ചരിത്രപുസ്തകങ്ങളിലും പേരില്ലാത്ത ഗ്രാമത്തിലെ നല്ല മനുഷ്യർ, ചെറിയ വിദ്യാലയത്തിലെ വലിയ അധ്യാപകർ, ഇവരിലൂടെയെല്ലാം ലക്ഷ്മിയുടെയും നാരായണന്റെയും മകനായ ശ്രീധരൻ എന്ന കുട്ടി, പെരുമ്പടവം ശ്രീധരൻ എന്ന മലയാളത്തിലെ വലിയ എഴുത്തുകാരനായി വളർന്നു. 2022 ഫെബ്രുവരി 12 ന് അദ്ദേഹം ശതാഭിഷിക്തനാവുമ്പോൾ “ഒരു സങ്കീർത്തനം പോലെ” എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവലിന്റെ 122 പതിപ്പുകൾ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. നാലു ലക്ഷം കോപ്പികളുമായി മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നോവൽ.

ഫിയദോർ ദസ്തയേവ്സ്കി “ചൂതാട്ടക്കാരൻ” എന്ന നോവൽ എഴുതുന്ന ദിവസങ്ങളിൽ അനുഭവിച്ച സംഘർഷങ്ങളെയും അന്ന എന്ന കേട്ടെഴുത്തുകാരി എങ്ങിനെ ഫിയദോറിന്റെ രക്ഷകയായി എന്നതുമാണ് നോവലിന്റെ പ്രമേയം. ദസ്തയേവ്സ്കി റഷ്യൻ സാമ്രാജ്യത്തിന്റെ ഏറ്റവും സംഘർഷഭരിതമായ നാളുകളിലാണ് ജീവിച്ചിരുന്നത്. 1821 ൽ മോസ്കോയിലെ ഒരു ഡോക്ടറുടെ മകനായി ജനിച്ച ഫിയദോർ തന്റെ പതിനാറാമത്തെ വയസിൽ അമ്മയുടെ മരണശേഷം സൈനിക അക്കാദമിയിലേക്ക് അയ്ക്കപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം അച്ഛൻ കൊല്ലപ്പെട്ടു. സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ ഫിയദോർ സാർ ചക്രവർത്തിക്കെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു. അവസാന നിമിഷം ഫയറിങ് സ്ക്വാഡിന്റെ മുന്നിൽ നിന്നും ശിക്ഷയിൽ ഇളവ് ലഭിച്ച് ജീവിതം തിരിച്ചു കിട്ടി. കൂടെയുണ്ടായിരുന്ന രണ്ടു പേരിലൊരാൾ ഭ്രാന്തനായി മാറി. യഥാർത്ഥത്തിൽ വധശിക്ഷക്കുള്ള ഒരുക്കങ്ങൾ ഒരു നാടകമായിരുന്നു. ഫിയ ദോറിനെയും കൂട്ടുകാരെയും സൈബീരിയയിലേക്ക് നാടുകടത്തി. 1860 ൽ തിരികെ സെന്റ് പീറ്റേഴ്സ് ബർഗിലെത്തി സാഹിത്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെങ്കിലും 1864 ൽ ഭാര്യയും സഹോദരനും മരിച്ചതോടെ ജീവിതം താളം തെറ്റി.


ഇതുകൂടി വായിക്കൂ:  എഴുതുമ്പോൾ വായനക്കാർ സ്വീകരിക്കുമോയെന്ന് ചിന്തിക്കാറില്ല; പെരുമ്പടവം ശ്രീധരൻ 


ഫിയദോർ രാവും പകലും ചൂതാട്ട കേന്ദ്രങ്ങളിൽ ചെലവഴിച്ചു. കടം വന്നു മൂടി. ” കുറ്റവും ശിക്ഷയും ” എന്ന ലോക സാഹിത്യത്തിലെ മികച്ച നോവൽ ധൃതി പിടിച്ചെഴുതി ക്കൊടുത്ത് കിട്ടിയ 7000 റൂബിൾപോലും കടം വീട്ടാൻ തികഞ്ഞില്ല. ഈ ഘട്ടത്തിലാണ് ഫിയദോർ “ചൂതാട്ടക്കാരൻ” എന്ന പേരിൽ തന്നെ ഒരു നോവലെഴുതാൻ പ്രസാദകനിൽ നിന്ന് അഡ്വാൻസ് വാങ്ങുന്നത് — കരാർ തീയതിക്കുള്ളിൽ നോവൽ പൂർത്തിയാക്കി നല്കിയില്ലെങ്കിൽ വരുന്ന ഒമ്പത് വർഷം എഴുതുന്ന കൃതികളെല്ലാം നല്കാം എന്ന നിബന്ധനയോടെ. അശാന്തമായ മനസിനെ കൂടുതൽ വിഭ്രാന്തിയിലാക്കിക്കൊണ്ട് ഫിയദോർ ചൂതാട്ട കേന്ദ്രത്തിൽ തന്നെ കഴിഞ്ഞു. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ‘ചൂതുകളിച്ചു. ഒരു വരിപോലും എഴുതാനാവാതെ. ഈ സന്ദർഭത്തിലാണ് ഒരു സ്റ്റെനോഗ്രഫി വിദ്യാർത്ഥിനി ആയിരുന്ന അന്ന ഫിയദോറിന്റെ കേട്ടെഴുത്തുകാരി ആയി വരുന്നത്. അന്നയുടെ സാമീപ്യം ഫിയദോറിനെ എഴുത്തിലേക്ക് തിരിച്ചെത്തിക്കുന്നു. കരാറിൽ പറഞ്ഞ സമയത്തിനുള്ളിൽ നോവൽ പൂർത്തിയാവുന്നു. ഇരുപതുകാരിയായ അന്നയോട് മധ്യവയസ്കനും വിഭാര്യനുമായ ഫിയദോറിന് ഉണ്ടായ തീവ്ര പ്രണയത്തിനൊടുവിൽ 1867 ഫെബ്രുവരി 15ന് അവർ വിവാഹിതരാവുന്നു. അന്ന പുസ്തക പ്രസാദനമടക്കം എല്ലാ സാമ്പത്തിക കാര്യങ്ങളും ഏറ്റെടുക്കുന്നു. അവർ എല്ലാ ബാധ്യതകളിൽ നിന്നും മോചിതരാവുന്നു. 1881 ൽ ഫിയദോർ ശാന്തമായി മരണത്തിനു കീഴടങ്ങുന്നു. 1923 ൽ അന്നയുടെ മരണശേഷം അവരുടെ ഡയറിക്കുറിപ്പുകളും 1925ൽ ഓർമ്മകളും പ്രസിദ്ധീകൃതമായി. അന്നയുടെ ഓർമ്മകളെ അവലംബിച്ചാണ് പെരുമ്പടവം “ഒരു സങ്കീർത്തനം പോലെ” എന്ന ദസ്തയേവ്സ്കിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള നോവലിന് രൂപം നല്കിയത്. എന്നാൽ നോവൽ അന്നയുടെ ഓർമ്മക്കുറിപ്പുകളല്ല, പകരം ദസ്തയേവ്സ്കി എന്ന വ്യഥിതനും ഏകാകിയുമായ എഴുത്തുകാരന്റെ തീവ്ര സങ്കടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു പക്ഷെ മരിച്ചവരുടെ വീട് എന്ന സൈബീരിയൻ ജയിൽവാസ ജീവിതത്തെക്കുറിച്ചുള്ള നോവൽ (പിൽക്കാലത്ത് അലക്സാണ്ടർ ഷോൾ സെനിത്‌സെൻ എന്ന എഴുത്തുകാരന് ഇവാൻ ഡെനിസോവിച്ചിന്റെ ഒരു ദിവസം എന്ന നോവലിന് പ്രചോദനമായ കൃതി ) ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ കൃതികളിലും ഫിയദോർ ആവിഷ്കരിച്ചത് മനുഷ്യ മനസിന്റെ ഭ്രാന്തമായ അഭിനിവേശങ്ങളും അവയിൽ നിന്ന് ഉരുത്തിരിയുന്ന പാപബോധവും പശ്ചാത്താപവുമാണ്. കുറ്റവും ശിക്ഷയും കാരമസോവ് സഹോദരൻമാരും മറ്റും മനുഷ്യ മനസിന്റെ പ്രവചനാതീതമായ സഞ്ചാരപഥങ്ങളെ അനുധാവനം ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:  വരയിൽ വിരിയുന്ന ചിരി


ഒരു സങ്കീർത്തനം പോലെ എന്ന കൃതിയിൽ പെരുമ്പടവം ആവിഷ്കരിക്കുന്നത് ദസ്തയേവ്സ്കി എന്ന മഹാനായ എഴുത്തുകാരന്റെ ആത്മ സംഘർഷങ്ങളാണ്. ആ സംഘർഷങ്ങൾ ആത്മഭാഷണങ്ങളായി, ഈ ലോകം ഇങ്ങനെ സൃഷ്ടിച്ച ദൈവത്തോടുള്ള പരിഭവമായി നോവലിൽ പരാമർശിക്കപ്പെടുന്നു. ഫിയദോറിന്റെ ജീവിതത്തിലെ വളരെ ഹ്രസ്വമായ ഒരു കാലഘട്ടമാണ് നോവലിൽ വരുന്നത്. അന്നയെ കണ്ടുമുട്ടുന്നത് മുതൽ ചൂതാട്ടക്കാരൻ എന്ന നോവൽ പൂർത്തിയാക്കുന്നത് വരെ. ബോധധാര (Stream of con­sious­ness) സമ്പ്രദായത്തിൽ എഴുതിയ നോവൽ അന്നയുടെയും ഫിയദോറിന്റെയും ചിന്തകളിലൂടെയാണ് വികാസം പ്രാപിക്കുന്നത്. കുതിച്ചൊഴുകുന്ന നദിയെ തടാകം ശാന്തമാക്കുന്നതുപോലെ താളം തെറ്റിയ മനസിനെ പ്രണയം ശാന്തമാക്കുന്നത് നമ്മൾ അനുഭവിച്ചറിയുന്നു. ഫിയദോർ, അന്ന, വീട്ടുവേലക്കാരി ഫെദോസ്യ എന്നീ കഥാപാത്രങ്ങളോടൊപ്പം അദൃശ്യ സാന്നിധ്യമായി, ഫിയദോർ തന്റെ വീഴ്ചകൾക്കും കഷ്ടപ്പാടുകൾക്കും പങ്കുകാരനാക്കുന്ന ദൈവവുമുണ്ട് — സാർവലൗകികമായ മനുഷ്യ ദുരന്തങ്ങളുടെ ഉത്തരവാദിത്വം നോവൽ ഫിയ ദോറിലൂടെ ദൈവത്തിലേൽപ്പിക്കുന്നു.

“തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നുവെന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേക്ക് തോന്നുന്നില്ലേ? മനുഷ്യൻ തിന്മ ചെയ്യുന്നുവെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും അങ്ങേക്ക് ഒഴിഞ്ഞു മാറാൻ കഴിയുമോ? മനുഷ്യനിൽ ദൗർബല്യങ്ങൾ വെച്ചതാരാണ്? ” ഫിയദോർ ദസ്‌തേയ് വിസ്കി എന്ന എഴുത്തുകാരന്റെ സങ്കീർണമായ മനോഘടന ഒരു നോവലിലൂടെ ആവിഷ്കക്കരിക്കുന്നതിൽ പൂർണമായി വിജയിച്ചു എന്നതാണ് ” ഒരു സങ്കീർത്തനം പോലെ ” എന്ന നോവലിനെ മഹത്തരമാക്കുന്നത്.


ഇതുകൂടി വായിക്കൂ:  നിറങ്ങളുടെ കലഹവും വിശ്വാസവും


ദസ്തേയ്‌വ്സ്കിയുടെ നോവലുകളും ജീവിതവും ഒരു പോലെ വലിയ ക്യാൻവാസിലാണ് രചിക്കപ്പെട്ടത് — അനേകം കഥാപാത്രങ്ങൾ വലിയ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുന്നു. എഴുത്തുകാരന്റെ ജീവിതവും അതുപോലെ രണ്ടു വൻകരകളിലെ മഹാനഗരങ്ങളിലൂടെയും സൈബീരിയൻ ജയിലറയിലൂടെയും നിരന്തര സംഘർഷങ്ങളിലൂടെയും കടന്നു പോവുന്നു.

ഒരു നൂറ്റാണ്ടിനിപ്പുറം ദസ്‌തേയ്‌വ്സ്കിയുടെ ജീവിതം ആസ്പദമാക്കി, കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച് കൗമാരകാലം മുഴുവൻ അതിന്റെ അതിർത്തികൾക്കകത്ത് ജീവിച്ച ഒരാൾ, തന്റെ വായനയിലൂടെ അതിരില്ലാത്ത ആകാശങ്ങൾ താണ്ടി എഴുത്തിന്റെ ഉയരങ്ങളിലെത്തുന്നതും ലോക സാഹിത്യത്തിന്റെ നെറുകയിൽ നിൽക്കുന്ന എഴുത്തുകാരന്റെ മനോവ്യാപാരങ്ങൾ ആവിഷ്കരിച്ചതും മലയാള സാഹിത്യ ലോകത്തെ വിസ്മയങ്ങളിലൊന്നാണ്.

ഗ്രാമീണ ജീവിതത്തിൽ നിന്ന് നന്മയുടെ പാഠങ്ങൾ പഠിച്ച, ക്രിസ്തുദേവനെ ജീവിത മാതൃകയാക്കിയ, രമണനും ചണ്ഡാലഭിക്ഷുകിയും ചൊല്ലി വളർന്ന പെരുമ്പടവം, കുട്ടിക്കാലത്ത് മറ്റു പേരുകളിൽ കവിതകൾ എഴുതി ബാലപംക്തികളിലേക്ക് അയക്കുമായിരുന്നു. ആകസ്മികമായി ആ കവിതകൾ കണ്ട സിസ്റ്റർ മേരി ബനീ‍ഞ്ജ എന്ന കവയത്രിയായ അധ്യാപികയുടെ അഭിനന്ദനമാവണം ആദ്യത്തെ പ്രോത്സാഹനം. പത്രവായന തുടങ്ങുന്നത് അടുത്തൊരിടത്ത് വരുത്തുന്ന ജനയുഗം പത്രം സ്ഥിരമായി വായിച്ചുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. ആദ്യമായി എഴുതിയ നോവൽ അയച്ചുകൊടുത്തതും ജനയുഗം ആഴ്ചപ്പതിപ്പിനു തന്നെ. ‘സർപ്പക്കാവ്” എന്ന ആ നോവൽ പെരുമ്പടവം ശ്രീധരൻ എന്ന പേരിൽ ജനയുഗം പ്രസിദ്ധീകരിച്ചപ്പോൾ ഇത് ആരാണ് എന്ന് പെരുമ്പടവത്തെ ജനങ്ങൾ അത്ഭുതപ്പെട്ടതും ചരിത്രം. അകാലത്തിൽ ജീവിതം വെടിഞ്ഞ രാജലക്ഷ്മി എന്ന പ്രതിഭാധനയായ എഴുത്തുകാരിയുടെ ജീവിതം പ്രമേയമാക്കി എഴുതിയ “അഭയം” എന്ന രണ്ടാമത്തെ നോവൽ ആണ് പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരന് മലയാള നോവൽ സാഹിത്യത്തിൽ സ്ഥാനം ഉറപ്പാക്കിയത്.

1966ൽ കേരളശബ്ദം നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആ കൃതി, മലയാളത്തിലെ സ്ത്രീപക്ഷ രചനകളുടെ മുൻഗാമിയായിരുന്നു. എഴുത്ത് മാത്രം ജീവിതോപാധി ആയി സ്വീകരിക്കുക എന്ന ദുഷ്ക്കരമായ പാതയാണ് പെരുമ്പടവം സ്വീകരിച്ചത്. ആ പാതയിൽ ചാഞ്ചല്യമില്ലാതെ ഉറച്ച് നിന്ന് ആയിരം പൂർണചന്ദ്രൻമാരെ ദർശിച്ച പെരുമ്പടവം ശ്രീധരന്റെ സാഹിത്യ വഴികളിൽ പുരസ്കാരങ്ങളുടെ തിളക്കമുണ്ട്. അതിലുപരി വിനയാന്വിതനായ ആ മനുഷ്യൻ ജീവിതത്തിന്റെ നന്മകളെ ചേർത്തുപിടിക്കുന്നു.

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.