21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപി നേതൃത്വത്തിനെതിരെ ‘പത്മദുർഗ’മുയർത്തി ശോഭ സുരേന്ദ്രൻ

Janayugom Webdesk
പാലക്കാട്/തൃശൂർ
May 3, 2022 10:37 pm

അഴിമതിയിൽ മുങ്ങിയ സംസ്ഥാനത്തെ ബിജെപിയിൽ ബദൽ ശക്തിയായി മാറാൻ പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും രംഗത്ത്. എല്ലാ ജില്ലകളിലും പത്മദുർഗം സേവാസമിതി എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചാണ് ഇവരുടെ പുതിയ നീക്കം. ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും വിട്ടുനിൽക്കുന്നവരെ തങ്ങൾക്കൊപ്പം അണിനിരത്തുകയാണ് ലക്ഷ്യം. പാലക്കാട്ടെ ബിജെപിയിലെ ഭിന്നത തുറന്നുകാട്ടി ചിറ്റൂർ പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന വിമത കൺവെൻഷനിൽ 400 ഓളം പേർ പങ്കെടുത്തു. ചിറ്റൂരിൽ സംഘടിപ്പിച്ചതുപോലെ പാർട്ടിക്കും ആർഎസ്എസിനും സ്വാധീനമുള്ള മറ്റു മണ്ഡലങ്ങളിൽ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ബിജെപി മുതിർന്ന നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എൻ ശിവരാജൻ പറഞ്ഞു. ചിറ്റൂർ മണ്ഡലംതല യോഗവും സംഘടിപ്പിച്ചു. ചിറ്റൂർ നഗരത്തിലും പരിസരങ്ങളിലും കൺവെൻഷനുമായി ബന്ധപ്പെട്ട് ഒരു ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിരവധി പേരാണ് കൺവെൻഷനിൽ പങ്കെടുത്തത്. നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയവരും യോഗത്തിൽ പങ്കെടുത്തു. ബിജെപി ജനപ്രതിനിധികളടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.

പാലക്കാട് ജില്ലയിലെ നിരവധി ബിജെപി പ്രവർത്തകർ ഇതര രാഷ്ട്രീയ ചേരികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കൺവെൻഷന്റെ ലക്ഷ്യമെന്ന് പത്മദുർഗം സേവാമിതി ഭാരവാഹികൾ പറയുന്നതെങ്കിലും ബിജെപി നേതൃത്വത്തിൽ കാര്യമായ സ്വാധീനമൊന്നുമില്ലാത്ത പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും പുതിയ സമ്മർദ്ദങ്ങൾ രൂപപ്പെടുത്തുകയാണെന്ന് വ്യക്തം. ബദൽ നീക്കം പുറത്തായതോടെ, യോഗം വിമത വിഭാഗത്തിന്റേതല്ലെന്നുംബിജെപി നേതൃത്വവുമായുള്ള അഭിപ്രായഭിന്നത മൂലം മറ്റു പാർട്ടികളിലേക്കുള്ള ഒഴുക്കു തടയുകയാണ് ലക്ഷ്യമെന്നും ശോഭാ സുരേന്ദ്രൻ പിന്നീട് പ്രതികരിച്ചു. പങ്കെടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും ട്രഷറർ ഇ കൃഷ്ണദാസും പറഞ്ഞെങ്കിലും വിലക്ക് മറികടന്ന് കൂടുതൽ വിമതർ കൺവെൻഷനിൽ പങ്കെടുത്തത് ബിജെപി ജില്ലാ നേതൃത്വത്തെ മാത്രമല്ല സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ഇത്തരത്തിലൊരു യോഗത്തിന് തൃശൂരിലിരുന്ന് ശോഭ സുരേന്ദ്രൻ നീക്കം ആരംഭിച്ചിട്ട് മാസങ്ങളായി. ഇതിന് തടയിടാനുള്ള ബിജെപി നേതൃത്വത്തിന്റെ ഇടപ്പെടലുകളെ തന്ത്രപരമായാണ് ഇവർ മറികടന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിനോട് മുഖം തിരിച്ചു നിൽക്കുന്ന നിരവധി നേതാക്കളുടെ പിന്തുണയും യോഗത്തിനുണ്ടായിരുന്നു. ആർഎസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നവരും, അടുത്ത കാലത്ത് നേതൃത്വവുമായി പിണങ്ങി മാറിനിൽക്കുന്നവരുമായ ആളുകൾ ഉൾപ്പെടെയുള്ള കൂട്ടായ്മയാണ് പത്മദുർഗത്തിന്റെ ലക്ഷ്യം. സംസ്ഥാന നേതൃത്വവുമായി പിണങ്ങി ബിജെപി വിടാനൊരുങ്ങി നിൽക്കുന്ന ശോഭയ്ക്ക് ശക്തി തെളിയിച്ച് നേതൃത്വത്തിനെ സമ്മർദ്ദത്തിലാഴ്ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. മറ്റിടങ്ങളിലും തൃശൂർ ജില്ലയിലും സമാനമായ യോഗങ്ങൾ രഹസ്യമായി കൂടാനും നീക്കമുണ്ട്.

പത്മദുർഗത്തിന്റെ യോഗം ബിജെപി വിമത വിഭാഗത്തിന്റെതല്ലെന്നാണ് സംഘാടകരുടെ പക്ഷം. സേവാസമിതിയുടെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൺവെൻഷൻ പൊളിക്കാൻ ബിജെപി നേതൃത്വം സർക്കാരിനെതിരെ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

Eng­lish Sum­ma­ry: Sob­ha Suren­dran rais­es ‘Pad­madur­ga’ against BJP leadership

You may like this video also’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.