ഇന്ത്യൻ ടെലികോം മേഖല വർഷങ്ങളായി സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ദേശീയ സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും മുൻനിർത്തി നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ, സ്റ്റാർലിങ്ക് പോലുള്ള വിദേശ കോർപറേറ്റുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വിപണി തുറന്നുകൊടുക്കുന്നത് ഗൗരവമായി വിലയിരുത്തേണ്ടിയിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് തങ്ങളുടെ സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ നീക്കം ആരംഭിച്ചപ്പോൾത്തന്നെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ മേഖലയിലെ റിലയൻസ്, ജിയോ, എയർടെൽ തുടങ്ങിയവ സ്റ്റാർലിങ്കുമായി ബന്ധപ്പെടുകയും അവരുടെ സേവനങ്ങൾ വിപുലീകരിക്കാൻ കരാറുണ്ടാക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്. ഇതിലൂടെ ഇന്ത്യയിലെ ടെലികോം വ്യവസ്ഥ നേരത്തെ കാണാത്ത രീതിയിലുള്ള ഒരു പരിവർത്തനം നേരിടുന്നു.
നവലിബറൽ നയങ്ങളിലൂടെ ഇന്ത്യൻ ടെലികോം മേഖല സ്വകാര്യവൽക്കരിച്ചെങ്കിലും, അതിന്റെ നിയന്ത്രണം പ്രാദേശികതയുടെയും ദേശീയ താല്പര്യങ്ങളുടെയും പരിധിയിലായിരുന്നു. എന്നാൽ, സ്റ്റാർലിങ്ക് പോലുള്ള വിദേശ കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ വിപണി തുറന്നുകൊടുക്കുന്നത് സാമ്പത്തികവും സുരക്ഷിതത്വപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കാനിടയാക്കും. സ്പെക്ട്രം വിതരണം സംബന്ധിച്ചുള്ള ഇന്ത്യയുടെ ചരിത്രം വിവാദങ്ങളും അഴിമതിയും നിറഞ്ഞതാണ്. ടുജി സ്പെക്ട്രം കേസ് ഇതിന്റെ ഏറ്റവും നാണംകെടുത്തുന്ന ഉദാഹരണമാണ്. സുപ്രീം കോടതി വ്യക്തമായി വിധിച്ചതാണ് സ്പെക്ട്രം ഒരു അപൂർവ വിഭവമായതിനാൽ അത് ലേലത്തിലൂടെ മാത്രമേ അനുവദിക്കാവൂ എന്ന്. എന്നാൽ, മോഡി സർക്കാർ ഒരു വിദേശ കോർപറേറ്റിന് അതേ അപൂർവ വിഭവം ലേലമില്ലാതെ കൈമാറാൻ തയ്യാറാവുന്നു.
ഒരുദിവസം പോലും പൊതു ചർച്ചയില്ലാതെ, ഒരു സുപ്രധാന സ്പെക്ട്രം വിഭവം ഒരു സ്വകാര്യ, അതും വിദേശകമ്പനിക്ക് നൽകുന്ന നടപടിക്ക് പിന്നിലെ യുക്തി സംശായാസ്പദമാണ്. ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്കുപോലും ഈ വിഭവം സ്വന്തമാക്കാൻ കഠിനമായ നടപടികൾ പാലിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ്, സ്റ്റാർലിങ്കിന് പച്ചക്കൊടി കാണിക്കുന്നത്.
സ്റ്റാർലിങ്ക് ഒരു അമേരിക്കൻ സ്വകാര്യ കമ്പനിയാണെന്ന ധാരണ മാത്രമാണ് പൊതുജനങ്ങൾക്ക്. എന്നാൽ, ഇത് സാമാന്യമായ ഒരു വാണിജ്യസംരംഭമല്ല; പെന്റഗണുമായും നാസയുമായും കരാറുകളുള്ള, പ്രതിരോധ മേഖലയിൽ പ്രവർത്തനപരിചയമുള്ള ഒരു കോർപറേറ്റാണ്. സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ നൽകുക എന്നതിലുപരി, ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ ഭാവിയിൽ ഈ കമ്പനിയുടെ പ്രവർത്തനങ്ങളുടെ പരിധിയിൽ വരാം. അതിനാൽത്തന്നെ, ഇത് ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ സംവിധാനങ്ങൾ നേരിട്ടുലയ്ക്കാൻ പോന്ന വിഷയമാണ്.
ഇന്ത്യയിൽ ടെലികോം സേവനങ്ങൾ നൽകുന്ന ഏതു കമ്പനിയെയും നിയന്ത്രിക്കാൻ സർക്കാർ ആർക്കിടെക്ടറുകൾ നിലവിലുണ്ട്. ഉപഭോക്തൃഡാറ്റയുടെ കൈകാര്യം, സ്വകാര്യത, സുരക്ഷ തുടങ്ങിയവ സംബന്ധിച്ച കടുത്ത മാനദണ്ഡങ്ങൾ, ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (റ്റിആർഎഐ) ഉൾപ്പെടെ. എന്നാൽ, സ്റ്റാർലിങ്ക് സാറ്റലൈറ്റ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്നതിനാൽ, ഇന്ത്യക്ക് പുറത്തേക്ക് വിവരങ്ങൾ പോകാനുള്ള സാധ്യത നിരാകരിക്കാനാകില്ല. ഈ വിവരങ്ങൾ അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സ് നിയന്ത്രിക്കുന്നു എന്നതുതന്നെ ഈ ഭീഷണി കൂടുതൽ അപകടകരമാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിദേശ ടെലികോം കമ്പനികളെ നിയന്ത്രിക്കുന്നതിൽ കടുത്ത മാനദണ്ഡങ്ങളുണ്ടായിട്ടും, ഒരു വിദേശ കമ്പനിക്ക് അതിന് അതിജീവിക്കാനാകുന്ന വ്യത്യസ്ത പാതകൾ തുറന്നുകൊടുക്കുന്നതിൽ എന്താണ് സർക്കാർ ലക്ഷ്യം? കേന്ദ്രം ഇത് ഒരു തന്ത്രപരമായ വീഴ്ചയെന്നോ, ഉദ്ദേശിച്ച പദ്ധതിയെന്നോ വിശദീകരിക്കേണ്ടതില്ലേ? ഇന്ത്യയുടെ സൈനിക വിവരങ്ങൾ, ഉപഭോക്ത ഡാറ്റ, ഗവേഷണ സ്ഥാപനങ്ങളുടെ സിഗ്നലുകൾ എല്ലാം ഈ സംവിധാനത്തിലൂടെ അന്യദേശങ്ങളിലേക്ക് പോകുമെന്ന സത്യാവസ്ഥ മുൻനിരത്തുമ്പോഴും സർക്കാർ ഇതിന്റെ അപകടം എന്തുകൊണ്ടാണ് കണക്കിലെടുക്കാത്തത് എന്നതും സംശയകരമാണ്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനുള്ള ശ്രമം കോർപറേറ്റുകൾക്കും അവയുടെ പിന്തുണയുള്ള ഭരണകൂടങ്ങൾക്കും പുതിയതൊന്നുമല്ല. എന്നാൽ, മോഡി സർക്കാരിന്റെ കാലത്ത് ഈ പ്രവണത അതിരുകടക്കുകയാണ്. സ്റ്റാർലിങ്കിന് സ്പെക്ട്രം അനുവദിക്കുന്നതിൽ കാട്ടിയ അക്ഷമതയും ഗൗരവമില്ലായ്മയും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. രാജ്യത്തെ സ്വകാര്യ മേഖല വളരുന്നതിനെ ഇടതുപക്ഷം പോലും എതിർക്കുന്നില്ല. എന്നാൽ, അതിനായി ഒരു സമവായപരമായ മാർഗം അനുസരിക്കണം. വിദേശ കമ്പനികളെ നിയന്ത്രണങ്ങളിലേക്കും നികുതിയടിത്തറയിലേക്കും കൊണ്ടുവരിക എന്നത് സർക്കാർ ബാധ്യതയാകുമ്പോഴാണ് സ്വകാര്യവൽക്കരണം നീതിയുക്തമാകുന്നത്. എന്നാൽ, അതിനുപകരം മറ്റൊരു രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് കമ്പനികൾ പ്രവർത്തിക്കാൻ ആഗ്രഹിക്കുമ്പോൾ, അവർ ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. നികുതിയടയ്ക്കണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. സ്റ്റാർലിങ്ക് ഇതൊന്നും ചെയ്യുന്നില്ല. അതിനാൽത്തന്നെ, ഈ സ്ഥാപനത്തിനായി കേന്ദ്രം പ്രത്യേകം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിയമപരമായ ഒത്തുകളിയല്ലെങ്കില്‍ മറ്റെന്താണ്. ഇടതുപക്ഷ സർക്കാർ, കേരളത്തിൽ കെ-ഫോൺ പോലെയുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കുമ്പോൾ, കേന്ദ്രം തികച്ചും വിരുദ്ധമായ ഒരു നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വിപണി ആധികാരികതയ്ക്ക് കീഴ്പ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായി, ടെലികോം മേഖലയുടെ തന്ത്രപരമായ നിയന്ത്രണങ്ങൾ വിദേശ സ്ഥാപനങ്ങളുടെ കൈകളിലേക്ക് മാറുകയാണ്. ഇത് ജനങ്ങളുടെ അധികാരപരിമിതിയെ മാത്രമല്ല; പ്രാദേശിക ഉല്പാദന ശക്തിയെയും ഇല്ലാതാക്കുകയും തൊഴിലവസരങ്ങൾ കുറയ്ക്കുകയും ചെയ്യും.
ഇന്റർനെറ്റ് സേവനങ്ങൾ ഇന്ന് രാജ്യങ്ങളുടെ അടിസ്ഥാനാവശ്യമായി മാറിയിരിക്കുകയാണ്. ഭരണഘടനാപരമായ അവകാശങ്ങൾ മുതൽ വാർത്താവിനിമയം വരെ ഇതിന് ആശ്രിതമാണ്. അതിനാൽത്തന്നെ, ടെലികോം മേഖലയിലെ നിയന്ത്രണം ഒരു രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സ്വാതന്ത്ര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്.
സ്വകാര്യ കോർപറേറ്റുകൾക്ക് ഇന്റർനെറ്റിലെ വിവരപ്രകാശനം നിയന്ത്രിക്കാനുള്ള അധികാരമുണ്ടാകുമ്പോൾ, അത് ഒരിടത്ത് സെൻസർഷിപ്പിലേക്കും മറുവശത്ത് വർഗീയ പ്രചരണങ്ങളിലേക്കും വഴിയൊരുക്കും. ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ പോലെയുള്ള കമ്പനികൾ വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇതേ അർത്ഥത്തിൽ, ടെലികോം മേഖലയിൽ ഒരു കോർപറേറ്റ് സ്ഥാപനം പൂർണ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്, പ്രഭാവം ചെലുത്താൻ ശ്രമിക്കുന്ന ഒരു ശക്തിക്ക് അതീവ ഗുണകരമാകുമെന്നതിൽ സംശയമില്ല.
ഇന്ത്യയുടെ രാഷ്ട്രീയ ഘടനയെ മാറ്റിമറിയ്ക്കാനും തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താനുമുള്ള സാധ്യതകൾ തുടങ്ങും. അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന കോർപറേറ്റുകൾ പലപ്പോഴും അവരുടെ രാജ്യത്തെ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും താല്പര്യങ്ങൾ മുൻനിർത്തിയാകും പ്രവർത്തിക്കുക. അമേരിക്കയുമായി ബന്ധമുള്ള സ്റ്റാർലിങ്കിന്റെ കൈകളിലേക്ക് ടെലികോം മേഖലയുടെ വലിയൊരു ഭാഗം കൈമാറിയാൽ, അത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് കടുത്ത വെല്ലുവിളിയാകും. അമേരിക്കൻ കമ്പനികൾക്ക് പ്രഥമ പരിഗണന നൽകുക എന്നതാണ് മോഡി സർക്കാരിന്റെ വിദേശ നയത്തിന്റെ അടിസ്ഥാനതന്ത്രം. ആദ്യ ട്രംപ് ഭരണകാലം മുതൽ ഇത് വ്യക്തമായ നിലപാടായിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കാൻ, ഇന്ത്യൻ മാർക്കറ്റുകൾ അവർക്കായി തുറന്നുനൽകാൻ ഒരുമിച്ച് പ്രവർത്തിച്ചു.
സ്റ്റാർലിങ്ക്, അമേരിക്കൻ സർക്കാർ ഏജൻസികളായ പെന്റഗൺ, നാസ, സ്പേസ് ഫോർസ് തുടങ്ങിയവയ്ക്കൊപ്പം പ്രവർത്തനപരിചയമുള്ള ഒരു സംരംഭമാണ്. ഇത്തരമൊരു സ്ഥാപനത്തിന്, ഇന്ത്യയിലെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ, അതിന്റെ ദൂഷ്യഫലങ്ങൾ ഗുരുതരമാകും. ഐഎസ്ആർഒയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും അടുത്തിടെ വലിയ മുന്നേറ്റങ്ങൾ നേടിയ പശ്ചാത്ത ലത്തിലാണ്, സർക്കാർ ഒരു അമേരിക്കൻ കമ്പനിക്ക് ഈ മേഖലയിൽ സ്വതന്ത്ര പ്രവേശനം നൽകുന്നത്.
മോഡി സർക്കാരിന്റെ ടെലികോം നയം വെളിപ്പെടുത്തുന്നത് രാജ്യത്തിന്റെ തന്ത്രപരമായ മേഖലകൾ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ബന്ധബുദ്ധിയെയാണ്. പൊതുസമ്പത്തിന്റെ നിയന്ത്രണം രാജ്യത്തിനകത്ത് തന്നെ നിലനിർത്തണമെന്നതിന് വിരുദ്ധമായാണ് കേന്ദ്രഭരണകൂടം പ്രവർത്തിക്കുന്നത്. സ്റ്റാർലിങ്കിന് ലേലമില്ലാതെ സ്പെക്ട്രം അനുവദിക്കുന്നത്, നിയന്ത്രിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കലാണ്. ടെലികോം മേഖലയുടെ മേൽനോട്ടം വിദേശ കമ്പനിക്ക് നൽകുമ്പോൾ, സുരക്ഷയും വിവരസ്വാതന്ത്ര്യവും അതിനെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും അവഗണിക്കാനാകില്ല. ഇതുതടയാൻ പൊതുജനങ്ങളും പ്രതിപക്ഷ പാർട്ടികളും സജീവമായി ഇടപെടേണ്ടത് അനിവാര്യമായിരിക്കുന്നു.
നിയമപരമായ സാധ്യതകൾ പരിശോധിക്കണം. സുപ്രീം കോടതി നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നത് ചർച്ചചെയ്യണം. പാർലമെന്ററി ഇടപെടലുകൾ ശക്തമാകണം. ടെലികോം മേഖലയുടെ നിലനില്പിന് ഭീഷണിയാകുന്ന നീക്കങ്ങള്‍ക്കെ തിരെ പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധങ്ങൾക്ക് തയ്യാറാകേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.