26 April 2024, Friday

Related news

April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024

പുതു ഊര്‍ജ്ജമായി സ്റ്റാര്‍ട്ടപ്പ് മേഖല

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 11:16 pm

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് നയിക്കാനും സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കഴിയുമെന്ന് തെളിയിച്ച് എൽഡിഎഫ് സർക്കാർ. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മൂവായിരത്തോളം സ്റ്റാർട്ടപ്പുകളിലൂടെ സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളാണ്. 2026 ആകുമ്പോഴേയ്ക്കും കേരളത്തിൽ 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. 

സംസ്ഥാനത്തെ ഇൻകുബേറ്ററുകളുടെ എണ്ണം വർധിപ്പിക്കുക, ആശയ വികസനം മുതൽ കൂടുതൽ ധനസഹായം നൽകുക, മെന്റർഷിപ്പ് പരിപാടികൾ കൂടുതലായി നടത്തുക എന്നീ നടപടികളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. നിക്ഷേപം ലഭ്യമാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചു. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2016 ൽ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് ഏകദേശം 3,200 കോടി രൂപയായി വർധിച്ചു.
കേരളത്തിലുടനീളമുള്ള എജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, പ്രൊഫഷണൽ കോളജുകൾ തുടങ്ങിയവയിലായി 341 ഇന്നവേഷൻ ആന്റ് എൻട്രപ്രണർഷിപ് സെന്ററുകൾ ആരംഭിക്കുകയും അവ മുഖാന്തരം കേന്ദ്രസംസ്ഥാന സർക്കാർ‑സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ വിനിമയത്തിനുള്ള ഒരു ശൃംഖല രൂപീകരിക്കുകയും ചെയ്തു. 

എജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ആർട്സ് ആന്റ് സയൻസ് കോളജുകൾ എന്നിവയോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സജ്ജീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉല്പാദന പ്രക്രിയയിൽ പങ്കാളികളാകാനും പരിശീലനം നേടാനും വരുമാനമുണ്ടാക്കാനും ഉള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 

പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ അഭ്യസ്തവിദ്യരായ ആളുകളെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാനാകും. കേരളത്തിലെ 14 ജില്ലകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്കിൽ എക്കോ സിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കിൽ കോഴ്സുകൾ ഏറ്റെടുക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകും. വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധിച്ച് ഉല്പാദന കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന് സഹായകരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തിൽ ഒരു സ്ഥാപനം എന്ന ക്രമത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. നോളജ് ഇക്കണോമി മിഷനിൽ പങ്കാളികളായി കെഡിസ്ക്കുമായി സഹകരിച്ച് കോഴ്സുകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാൻ സഹായം നൽകും. ഇതിനായി കിഫ്ബിയിൽ നിന്നും 140 കോടി രൂപ വകയിരുത്തും.

Eng­lish Summary:Startup sec­tor as new energy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.