March 29, 2023 Wednesday

Related news

March 29, 2023
March 27, 2023
March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023
March 13, 2023

പച്ചത്തേങ്ങ സംഭരണത്തിന്റെ വിപുലമായ സാധ്യതകൾ തേടി സംസ്ഥാന നാളികേര വികസന കോർപറേഷൻ

കെ കെ ജയേഷ്
കോഴിക്കോട്
September 22, 2021 8:58 pm

നാൽപ്പത്തഞ്ച് ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ കേര കർഷകർക്ക് ആശ്വാസമായി പച്ചത്തേങ്ങ സംഭരണത്തിന്റെ വിപുലമായ സാധ്യതകൾ തേടി സംസ്ഥാന നാളികേര വികസന കോർപറേഷൻ. നാളികേരത്തിന് വില വർധനവും വില സ്ഥിരതയും ഉറപ്പാക്കുന്ന തരത്തിൽ നാളികേരം സംഭരിച്ച് മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനുള്ള ബൃഹത്തായ പദ്ധതികളാണ് കോർപറേഷൻ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രവുമായി സഹകരിച്ച് കോർപറേഷൻ പച്ചത്തേങ്ങ സംഭരണം ആരംഭിക്കും. 24ന് രാവിലെ 9.30 ന് വേങ്ങേരി മാർക്കറ്റിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. 

ആദ്യഘട്ടത്തിൽ കോഴിക്കോട് കേന്ദ്രമായി ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണം അടുത്തു തന്നെ തിരുവനന്തപുരത്തേക്കും തുടർന്ന് സംസ്ഥാന വ്യാപകമാക്കാനുമാണ് ആലോചിക്കുന്നതെന്ന് സംസ്ഥാന നാളികേര വികസന കോർപറേഷൻ ചെയർമാൻ എം നാരായണൻ പറഞ്ഞു. വേങ്ങേരിയിലെ സംഭരണ കേന്ദ്രത്തിൽ ഒരു മാസം കൊണ്ട് ആദ്യ ഘട്ടമായി പത്തു ലക്ഷം നാളികേരം സംഭരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് കൂടുതൽ വിപുലമായി സംഭരണം നടത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും എം നാരായണൻ പറഞ്ഞു. തങ്ങളുടെ ഉല്പന്നങ്ങൾക്ക് വേണ്ടത്ര വില കിട്ടാത്തതും വില സ്ഥിരതയില്ലാത്തതുമാണ് നാളികേര കർഷകരെ പ്രയാസപ്പെടുത്തുന്നത്. പതിവു രീതിയിൽ നിന്നും മാറി മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ മാത്രമെ കർഷകർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു എന്ന തിരിച്ചറിവിലാണ് കർഷകരിലേക്ക് ഇറങ്ങിച്ചെന്ന് സംഭരണം നടത്താൻ കോർപറേഷൻ തീരുമാനിച്ചത്. വേങ്ങേരിയിലെ സംഭരണ കേന്ദ്രത്തിലേക്ക് ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ടോ നാളികേര ക്ലസ്റ്ററുകൾ വഴിയോ പച്ചത്തേങ്ങ എത്തിക്കാം. വിപണി വിലയേക്കാൾ കിലോയ്ക്ക് ഒരു രൂപ അധികം നൽകിയാണ് ഇവിടെ നാളികേരം സംഭരിക്കുക. കൊപ്രയും സംഭരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചത്തേങ്ങ വേങ്ങേരിയിൽ വച്ചുതന്നെ കൊപ്രയാക്കും. അധികമായി വരുന്ന പച്ചത്തേങ്ങ വെർജിൻ കോക്കനട്ട് ഓയിൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. 

കോർപറേഷന്റെ മുഖ്യ കാര്യാലയമായ എലത്തൂരിൽ പത്ത് മെട്രിക് ടൺ ശേഷിയുള്ള വെളിച്ചെണ്ണ മില്ലിന് ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങലിൽ 30 മെട്രിക് ടൺ ശേഷിയിൽ പ്രതിദിനം ഇരുപതിനായിരം ലിറ്റർ വെളിച്ചെണ്ണ ഉല്പാദിപ്പിക്കാവുന്ന പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കീഴരിയൂർ കേന്ദ്രീകരിച്ചും വെളിച്ചെണ്ണ ഉല്പാദനം നടക്കുന്നുണ്ട്. ആറ്റിങ്ങലിൽ പ്രതിദിനം ആയിരം ലിറ്റർ ശേഷിയിൽ വെർജിൻ കോക്കനട്ട് ഓയിൽ ഉല്പാദിപ്പിക്കാനുള്ള സൗകര്യമുണ്ട്. ആറളത്ത് നീരാ പ്ലാന്റും എലത്തൂരിൽ കേരജം കേര കേരാമൃത് ഹെയർ ഓയിൽ നിർമ്മാണ യൂണിറ്റും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. നാളികേരവുമായി ബന്ധപ്പെട്ട് നൂറിലധികം ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിലൂടെ നാളികേര കർഷകരുടെ ജീവിത നിലവാരമുയർത്താനുള്ള സാധ്യതകൾ ആണ് കോർപറേഷൻ തുറന്നിടുന്നത്. 

ENGLISH SUMMARY:State Coconut Devel­op­ment Cor­po­ra­tion explores the vast poten­tial of green coconut procurement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.