മുസ്ലിംലീഗിൽ വിഭാഗീയത രൂക്ഷമാകുന്നു. എം കെ മുനീറിനേയും പി കെ കുഞ്ഞാലിക്കുട്ടിയേയും അനുകൂലിക്കുന്നവർ രണ്ടു ചേരികളിലായാണ് ലീഗിൽ കലാപക്കൊടിയുയർത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത ഡോ. എം കെ മുനീറിനെ ലീഗ് ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തടയിട്ടുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചിരിക്കുന്നത്. നിലവിൽ മുസ്ലിംലീഗ് ഹൈപവർ കമ്മിറ്റിയംഗമാണ് എം കെ മുനീർ.
കുഞ്ഞാലിക്കുട്ടിപക്ഷത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാടാണ് എം കെ മുനീർ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർലാൽ നെഹ്റുവിനെതിരെ നടത്തിയ പരാമർശത്തിനെതിരേയും മുനീർ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയാവട്ടെ കെ സുധാകരനെതിരെ ഒരക്ഷരം മിണ്ടിയിരുന്നില്ല.
കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗത്തിലാണ് എം കെ മുനീറിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനുള്ള നിർദ്ദേശം ഉയർന്നുവന്നത്. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ എതിർപ്പിനെത്തുടർന്ന് തീരുമാനമെടുക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. പി എം എം എ സലാമാണ് ഇപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി മുമ്പ് വഹിച്ച പദവിയാണിത്. താൽക്കാലിക പദവി മാറ്റി ഒരാളെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ലീഗിൽ ഉയർന്നുവരികയായിരുന്നു. പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ ഇത് ആവശ്യമാണെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. എന്നാൽ മുനീറിന്റെ പേര് ഉയർന്നുവന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷം എതിർപ്പുയർത്തുകയായിരുന്നു. പി എം എ സലാമിന്റെ പ്രവർത്തനത്തിൽ ലീഗ് നേതാക്കളെല്ലാം അസംതൃപ്തരാണ്.
പുതിയ ജനറൽ സെക്രട്ടറി വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണ്. ലീഗിൽ എല്ലാകാലത്തും കുഞ്ഞാലിക്കുട്ടിയുടെ താല്പര്യത്തിനാണ് മേൽക്കൈ ലഭിക്കുകയെന്നതാണ് അവസ്ഥ. ഇതിനെതിരെയുള്ള മുനീറിന്റെ പോരാട്ടത്തിന് ഒപ്പംനിൽക്കാൻ നേതാക്കൾ പോലും ഭയക്കുന്ന അവസ്ഥയാണ്. അണികളിൽ വലിയൊരുവിഭാഗം മുനീറിന്റെ നേതൃത്വത്തിനായി വാദിക്കുകയാണ്. ഭരണത്തിനു പുറത്ത് പാർട്ടി വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് കരുത്തുറ്റ നേതൃത്വമാണ് വേണ്ടതെന്നും എം കെ മുനീറിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിപ്രായത്തിനാണ് എല്ലാവരും കാതോർക്കുന്നത്. അത് മുനീറിനോ കുഞ്ഞാലിക്കുട്ടിക്കോ അനുകൂലമാകുകയെന്നാണ് ഇനി അറിയാനുള്ളത്.
English Summary:State General Secretary post of Muslim League; MK Muneer was blocked by PK Kunhalikutty
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.