December 3, 2023 Sunday

Related news

December 1, 2023
November 10, 2023
October 15, 2023
October 15, 2023
October 8, 2023
October 7, 2023
September 29, 2023
September 27, 2023
September 13, 2023
September 9, 2023

ഓൺലൈൻ ചതിക്കുഴിയിൽ പെട്ട് വിദ്യാർത്ഥി ജീവനൊടുക്കി: അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്

ലാപ് ടോപ്പ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും
Janayugom Webdesk
കോഴിക്കോട്
September 29, 2023 9:35 pm

ഓൺലൈൻ ചതിക്കുഴിയിൽ പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. സമാന സംഭവങ്ങൾ പരിശോധിക്കുമെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കുമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ ലാപ് ടോപ് പൊലീസ് പരിശോധിച്ചു. കുട്ടി നിയമ വിരുദ്ധമായ സൈറ്റുകളിലേക്കൊന്നും കടന്നുചെന്നിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ലാപ് ടോപ്പ് കൂടുതൽ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വിദഗ്ധ പരശോധനയ്ക്ക് ശേഷം സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. താൻ മോശപ്പെട്ട സൈറ്റിൽ കയറിയിട്ടില്ലെന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പേജ് വ്യാജമായി സൃഷ്ടിച്ച് പണം തട്ടുന്ന ഹാക്കർമാരുടെ ക്രൂരതയിലാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. കോഴിക്കോട് സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ആദിനാഥാണ് (16) കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയെ കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലാപ്ടോപിൽ സിനിമ കാണുന്നതിനിടയിൽ നിയമവിരുദ്ധമായ സൈറ്റിൽ കയറിയെന്ന് വ്യക്തമാക്കി സ്ക്രീനിൽ അറിയിപ്പ് വരികയായിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥിയോട് മുപ്പതിനായിരത്തോളം രൂപ ആവശ്യപ്പെട്ടത്. രണ്ടു വർഷം തടവ് ലഭിക്കുന്ന കുറ്റമാണ് ചെയ്തതെന്നും പണം നൽകിയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇത് കണ്ട് ഭയന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കത്തും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ഇന്ന് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തും. 

നെറ്റിൽ ചില സൈറ്റുകൾ സന്ദർശിക്കുമ്പോൾ അബദ്ധത്തിൽ ചില ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോഴാണ് പലപ്പോഴും തട്ടിപ്പ് സംഘം പിടിമുറുക്കുന്നത്. ഭയപ്പെടുത്തുന്ന സന്ദേശങ്ങളിലൂടെ പണം തട്ടുന്ന ഇത്തരം സംഭവത്തെക്കുറിച്ച് ജനയുഗം നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അപകട സൈറൺ ശബ്ദത്തോടെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പേജ് സ്ക്രീനിൽ വരുകയും കമ്പ്യൂട്ടർ നിശ്ചലമാകുകയുമാണ് ചെയ്യുക. രാജ്യതാത്പര്യത്തിന് വിരുദ്ധമായ കണ്ടന്റ് ഉള്ള സൈറ്റ് സന്ദർശിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശിക്ഷാനടപടികളിൽ നിന്നൊഴിവാകാൻ പണം ആവശ്യപ്പെടുക. പിഴയായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകാൻ ആവശ്യപ്പെടും. ഇങ്ങനെ പണം നൽകുന്നവരുടെ അക്കൗണ്ടിലെ ബാക്കി പണം കൂടി ഇത്തരം സംഘങ്ങൾ തട്ടിയെടുക്കും. ഇത്തരം സന്ദേശങ്ങൾ കമ്പ്യൂട്ടറിൽ വന്നാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ വിവരമറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

Eng­lish Summary:Student com­mits sui­cide after falling into online scam: Police ready to inten­si­fy investigation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.