26 April 2024, Friday

Related news

April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024

പട്ടിക വിഭാഗക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍: അന്വേഷണം കാര്യക്ഷമമാക്കണമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2021 9:42 pm

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പഴയ കഥകള്‍ മാത്രമല്ലെന്ന് സുപ്രീം കോടതി. അവരുടെ ഭരണഘടനാവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എസ്‌സി-എസ്‌ടി നിയമത്തിന് കീഴിലുള്ള പല കേസുകളിലും കുറ്റക്കാരെ വെറുതെ വിടുന്നത്, കാര്യക്ഷമമല്ലാത്ത അന്വേഷണവും കുറ്റവിചാരണയും കാരണമായി വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാത്തതിനാലാണ്. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നുമുള്ള തെറ്റിദ്ധാരണ പരത്താന്‍ ഇത് കാരണമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റാരോപിതനായ വ്യക്തിയ്ക്ക് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. രാജസ്ഥാന്‍ ഹൈക്കോടതി പരാതിക്കാരന് ആവശ്യമായ വിവരം നല്‍കാതിരുന്നതുവഴി എസ്‌സി-എസ്‌ടി ആക്ടിലെ 15എ വകുപ്പിന്റെ ലംഘനമുണ്ടായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെടുന്നവരുടെ ഭരണഘടന അവകാശങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റ് എസ്‌സി-എസ്‌ടി നിയമം പാസാക്കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജാതിയുടെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നവരുടെയും സാക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചട്ടങ്ങളാണ് നിയമത്തിലെ 15എ വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഉയര്‍ന്ന ജാതിയില്‍ പെട്ടവരുടെ പ്രതികാര നടപടികള്‍ ഭയന്നും പൊലീസ് അധികാരികളുടെ അവഗണന കാരണമായും പലപ്പോഴും അതിക്രമത്തിനിരയാകുന്നവര്‍ പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല. ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചാലും കൃത്യമായി ആരോപണങ്ങള്‍ രേഖപ്പെടുത്താതെയുള്‍പ്പെടെയാണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നത്. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാലും സാമൂഹ്യമായ ബഹിഷ്കരണവും അക്രമവും പരിഹാസവുമെല്ലാം ഇരകള്‍ക്കും സാക്ഷികള്‍ക്കുമെതിരെ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരെ അതിക്രമം നടത്തിയ പലരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നത് പൊലീസിന്റെ മോശമായ അന്വേഷണവും പ്രോസിക്യൂഷന്‍ ഭാഗത്തുള്ള അഭിഭാഷകരുടെ അശ്രദ്ധയും അവഗണനയും കാരണമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പഴങ്കഥയല്ലെന്നും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
eng­lish sum­ma­ry; Supreme Court on the vio­lence against atroc­i­ties Sched­uled Castes and Sched­uled Tribes
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.