27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 23, 2024
June 16, 2024
June 16, 2024
June 11, 2024
June 10, 2024
June 10, 2024
April 23, 2024
April 16, 2024
April 16, 2024
April 13, 2024

ലൂർദ് മാതാവിന്റെ സ്വർണ്ണകിരീടം: സുരേഷ് ഗോപിയുടെ ചെമ്പു പുറത്ത്

ബിനോയ് ജോർജ് പി 
തൃശ്ശൂർ
March 2, 2024 10:08 am

സുരേഷ് ഗോപി തൃശൂർ ലൂര്‍ദ്കത്തീഡ്രലിൽ സമർപ്പിച്ച ‘സ്വര്‍ണ കിരീട’ ത്തിലെ കള്ളി പുറത്താകുന്നു. ചെമ്പുതകിടിൽ സ്വര്‍ണം പൂശിയതാണ് കിരീടമെന്നും ഇതിന് വളരെ കുറച്ച് സ്വർണം മാത്രം മതിയാകുമെന്നുമാണ് കഴിഞ്ഞ മാസം ചേർന്ന കത്തീഡ്രൽ പാരീഷ് കൗൺസിലില്‍ വിവാദമുയര്‍ന്നത്. അതിനാൽ ഇതു സംബന്ധിച്ച് കൃത്യമായ മൂല്യനിർണയം നടത്താനുള്ള നീക്കത്തിലാണ് ഭാരവാഹികൾ. അല്ലാത്ത പക്ഷം തുടർന്നു വരുന്ന കൗൺസിലിൽ ഈ ‘സ്വർണ കിരീട’ത്തിന്റെ മൂല്യം സംബന്ധിച്ച് സംശയങ്ങൾ ഉയരുകയും അതിന് മറുപടി പറയേണ്ടിവരികയും ചെയ്യും. എല്ലാ മാധ്യമങ്ങളും കൊട്ടിഘോഷിച്ച് വാർത്ത നൽകിയ കിരീട സമർപ്പണത്തിന്റെ നിജസ്ഥിതി അറിയാൻ കാത്തിരിക്കുകയാണ് സകലരും.

സുരേഷ് ഗോപിയുടെ സ്വര്‍ണകിരീട സമർപ്പണ ചടങ്ങ് കഴിഞ്ഞ ജനുവരി 15നാണ് നടന്നത്. കുടുംബസമേതം എത്തിയാണ് സുരേഷ് ഗോപിയും ബിജെപി നേതാക്കളും സ്വർണ കിരീടം സമർപ്പിച്ചത്. കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. രണ്ടാഴ്ചയിലധികം സമയമെടുത്ത് സുരേഷ് ഗോപി സ്വര്‍ണം നൽകിയാണ് കിരീടം നിർമ്മിച്ചതെന്നും വാർത്തകൾ ഉണ്ടായിരുന്നു. ലൂര്‍ദ്കത്തീഡ്രലിൽ പെരുന്നാളിന് എത്തിയപ്പോൾ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം ഇളകുന്നത് കണ്ടതിനാലാണ് സുരേഷ് ഗോപി സ്വർണം നൽകി കിരീടം നിർമ്മിച്ചതെന്നായിരുന്നു കഥ. മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് ഏറെ നാടകീയമായി കിരീടം സമർപ്പിച്ചതും ആഘോഷമാക്കിയതും. നിലവിൽ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിനെ അണിയിക്കുന്നതിന് ഒറിജിനൽ സ്വര്‍ണകിരീടമുണ്ട്.


തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ആവശ്യമായ അടിത്തറയൊരുക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. തൃശൂരിനോടുള്ള ഈ പ്രത്യേക ‘സ്നേഹം’ പക്ഷെ പല ഘട്ടങ്ങളിലും വിനയായിത്തീർന്നിട്ടുമുണ്ട്. മണിപ്പൂരിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, ‘അവിടുത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആണുങ്ങൾ അവിടെയുണ്ടെ‘ന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിന് മറുപടിയെന്നോണം തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കസഭയിൽ ‘തൃശൂരിൽ മത്സരിക്കാൻ ആണുങ്ങൾ ഇല്ലാത്തതിനാൽ ആണോ, സുരേഷ് ഗോപി ഇവിടെ മത്സരിക്കാനൊരുങ്ങുന്നത്’ എന്ന ചോദ്യമുയർത്തുകയുണ്ടായി. പിന്നീട് അത് ലേഖകന്റെ നിരീക്ഷണമായിരുന്നുവെന്നും സഭയുടേതല്ലെന്നുമുള്ള വിശദീകരണവും വന്നിരുന്നു.
ക്രിസ്ത്യൻ വോട്ടുകൾ നിർണായകമെന്നു പറയാവുന്ന മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം തീർക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള സുരേഷ് ഗോപി ലൂർദ് പള്ളിയിലേക്ക് കിരീടവുമായെത്തിയതെന്ന് കരുതുന്നു.

Eng­lish Sum­ma­ry: Gold­en crown ded­i­cat­ed to Thris­sur Lour­des Cathe­dral by Suresh Gopi Cop­per plat­ed gold
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.