August 18, 2022 Thursday

സ്വപ്നഭാഷ്യങ്ങളുടെ വര്‍ണ്ണ സഞ്ചാരങ്ങള്‍; വീണാ മാധവന്‍ ഐഎഎസ്സിന്റെ ചിത്രലോകത്തെക്കുറിച്ച്

അജിത് എസ്.ആര്‍
July 31, 2022 4:33 pm

അമൂര്‍ത്തകലയുടെ സ്വതന്ത്രശബ്ദങ്ങള്‍

“മറ്റു വഴികളോ വാക്കുകളോ ഇല്ലാത്തവയെക്കുറിച്ച് പറയാന്‍ എനിക്കെന്റെ വര്‍ണ്ണങ്ങളും രൂപങ്ങളും മാത്രം മതി” ആധുനിക അമേരിക്കന്‍ ചിത്രകലയുടെ മാതാവ് എന്നറിയപ്പെടുന്ന ജോര്‍ജിയ ഒക്കീഫിന്റെ വാക്കുകളാണിത്. അമൂര്‍ത്ത കലയുടെ(abstract paint­ing) രാജകുമാരി ആയിരുന്നു അവര്‍. അതിരുകള്‍ സര്‍വ്വതും ഭേദിച്ച് പായുന്ന ഭാവനയ്ക്ക് മനുഷ്യന്‍ ചിത്രഭാഷ്യം ചമക്കാന്‍ തുടങ്ങിയപ്പോഴാണ് അമൂര്‍ത്തകല ആവിര്‍ഭവിക്കുന്നത്. കണ്ടതും കാണുന്നതും അപ്പടി വരയ്ക്കുക എന്നതില്‍നിന്ന് കാണാനാവാത്തതും കാണാമറയത്തുള്ളതും വരയ്ക്കാനുള്ള ശാഠ്യം കലാകാരന്മാര്‍ തുടങ്ങിയപ്പോഴാണ് ചിത്രകലയുടെ ഭാഷ അമൂര്‍ത്തമായിമാറിയത്. സത്യത്തില്‍ രൂപങ്ങളുടെ ഘടനാബന്ധത്തില്‍ നിന്നും അമൂര്‍ത്തകല ചിത്രകലയെ സ്വതന്ത്രമാക്കുകയായിരുന്നു. ആ സര്‍ഗാത്മകതസ്വാതന്ത്ര്യത്തില്‍ ചിത്രകല ജീവിതദര്‍ശനങ്ങള്‍ തന്നെ മാറ്റിമറിച്ച ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. കാഴ്ചയുടെ വിസ്‌ഫോടനങ്ങള്‍ സമ്മാനിച്ച അമൂര്‍ത്തകലയിലെ വര്‍ണ്ണവ്യാപ്തികള്‍ ഏറ്റവും പുതിയ മീഡിയത്തിലൂടെ ആവിഷ്‌കരിക്കുകയാണ് വീണാ മാധവന്‍ എന്ന ഐ എ എസ്സുകാരി. മലയാളികള്‍ക്കിടയിലിനിയും സ്വന്തമെന്ന് പറയാനാവുന്നത്ര പരിചയമില്ലാത്ത ആല്‍ക്കഹോള്‍ ഇങ്ക്(alcohol ink) ആണ് വീണ തന്റെ ചിത്രമെഴുത്തിന് ഉപയോഗിക്കുന്നത്. അമൂര്‍ത്തചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന Flu­id art (പ്ലവനകല) യിലുപയോഗിക്കുന്ന നിറങ്ങളില്‍ താരതമ്യേന ഇളമുറക്കാരനാണ് ആല്‍ക്കഹോള്‍ ഇങ്ക്. വിവിധവര്‍ണ്ണങ്ങളില്‍ ലഭ്യമായ ആല്‍ക്കഹോള്‍ ഇങ്ക് അസാധാരണമായ സൂക്ഷ്മതയോടെ വിന്യസിച്ച് രൂപം നല്‍കിയ അമൂര്‍ത്ത ചിത്രങ്ങളാണ് വീണാ മാധവന്റെ ശേഖരത്തില്‍ ഏറെയും ഉള്ളത്. മറ്റു വഴികളോ വാക്കുകളോ ഇല്ലാത്ത സര്‍ഗ്ഗഭാവങ്ങള്‍ക്ക് വീണ എന്ന ചിത്രകാരി ഗാഢനിറങ്ങളുടെ ചാരുതയില്‍ ചിത്രഭാഷ്യം ചമയ്ക്കുന്നു. അപൂര്‍വ്വ വര്‍ണ്ണ വിന്യാസങ്ങളിലൂടെ അവ സ്വയം ശബ്ദിക്കുകയും സ്വാതന്ത്രമാവുകയും ചെയ്യുകയാണ് ഇവിടെ. 

ആഗ്രഹം ഒന്ന്: ഐ എ എസ് ഇമ്മിണി ബല്യ ഒന്ന്: ചിത്രകാരി 

സ്വന്തം ദേശം തൃശൂര്‍ ആണെങ്കിലും വീണാ മാധവന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും ജന്മദേശം തന്നെ പല ജില്ലകളില്‍ കലക്ടര്‍ ആയിരുന്ന അച്ഛന്‍ മാധവന്‍ ഐ എഎസിനൊപ്പം ഉള്ള യാത്രകളും കുട്ടിക്കാലവും ആണ് വീണയുടെ സ്വപ്നങ്ങള്‍ക്ക് വളമിട്ടതും തണല്‍ വിരിച്ചതും. ഹോളി ഏഞ്ചല്‍സിലും തിരുവനന്തപുരം വിമന്‍സ് കോളേജിലുമായുള്ള സ്‌കൂള്‍ കലാലയ വിദ്യാഭ്യാസം അഭിമാനകരമായി പൂര്‍ത്തിയാക്കിയ ശേഷം നേരെ ജെ എന്‍ യുവിലേക്ക്. അവിടെനിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ആ സമയത്തതൊക്കെയും കുട്ടിക്കാലം മുതല്‍ മനസ്സില്‍ വീണുകിളിര്‍ത്ത ഐ എ എസ് ആഗ്രഹം തന്നെയായിരുന്നു വീണയുടെ മനസ്സില്‍. 2010 ലെ ബാച്ചില്‍ ഐ എ എസ് പ്രവേശനത്തോടെ ആ സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും ചോക്കും പെന്‍സിലിലും ക്രയോണും കൊണ്ട് ബാല്യം മുതല്‍ ഇടതടവില്ലാതെ വരയ്ക്കുവാന്‍ പ്രേരിപ്പിച്ച ചിത്രകലാഭിമുഖ്യം അകന്നുനില്‍ക്കാത്ത ഒരുറ്റമിത്രംപോലെ അപ്പോഴും കൂടെയുണ്ടായിരുന്നു. ചിത്രകാരിയാവുകയെന്നത് ഒരിമ്മിണി വലിയ സ്വപ്നമായി മനസ്സില്‍ എപ്പോഴും നിറഞ്ഞു നിന്നു . സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ വാട്ടര്‍ കളറിലും ആക്രിലിക്കിലും ചിത്രങ്ങള്‍ വരച്ചുതുടങ്ങിയിരുന്നു. പ്രകൃതിവസ്തുക്കള്‍ കൊണ്ടുള്ള സുന്ദരമായ കലാവസ്തു(artifacts) നിര്‍മ്മാണമാകട്ടെ ഇപ്പോഴും ഒരു pas­sion ആയി കൂടെയുണ്ട് !. നിലവില്‍ ജി എസ് ടി വകുപ്പിന്റെ സ്പെഷ്യല്‍ കമ്മീഷണര്‍, സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മേധാവി എന്നിങ്ങനെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലാണ് അത്യാധുനിക സങ്കേതങ്ങളെ പ്രണയിച്ചുകൊണ്ടുള്ള ഈ കലാപ്രവര്‍ത്തനം എന്നോര്‍ക്കണം. ചിത്രംവരയെ ഒരു നൈസര്‍ഗ്ഗിക കലാപ്രയത്നമായെടുത്ത ഉള്‍ക്കരുത്തും അമ്മ പ്രസന്നമാധവന്റെയും ലക്ഷ്മി,മിനി എന്നീ സഹോദരിമാരുടെയും അതിരറ്റ പ്രോത്സാഹനവുമാണ് ചിത്രകലയില്‍ ഗുരുക്കന്മാരില്ലാത്ത വീണാമാധവനെ ആല്‍ക്കഹോല്‍ ഇങ്ക് പെയിന്റിംഗ് എന്ന ആധുനിക കലാസങ്കേതത്തിലെത്തിക്കുന്നത്. 

ആല്‍ക്കഹോള്‍ ഇങ്കും ആക്‌സിഡെന്റല്‍ പെയിന്റിംഗും 

1930 കളില്‍ രൂപമെടുത്ത കലാസങ്കേതമാണ് പ്ലവനകല (Flu­id Art ). മെക്‌സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ അംഗവും കടുത്ത സ്റ്റാലിനിസ്റ്റും പ്രഗല്‍ഭനായ മ്യൂറലിസ്റ്റുമായിരുന്ന ഡേവിഡ് അല്‍ഫാരോ ഒരു പെയിന്റിംഗ് ചെയ്യുന്നതിനിടയില്‍ അറിയാതെ അദ്ദേഹത്തിന്റെ കൈതട്ടി പെയിന്റ് ടിന്നുകള്‍ ക്യാന്‍വാസിലേക്ക് മറിഞ്ഞു. ഒഴുകിപ്പരന്ന നിറങ്ങള്‍ സ്വയം സൃഷ്ടിച്ച പാറ്റേണുകള്‍ കാഴ്ചയില്‍ അതീവഹൃദ്യമായി ഡേവിഡിന് തോന്നി. ദ്രവരൂപത്തിലുള്ള നിറങ്ങള്‍ വീണ്ടുമൊഴുക്കി വിട്ടുകൊണ്ട് ഭംഗിയാര്‍ന്ന പുതിയ പുതിയ പെയിന്റിംഗ് പാറ്റേണുകള്‍ സൃഷ്ടിച്ച ഡേവിഡ് അല്‍ഫാരോ അന്ന് കലാലോകത്തിന്റെ വലിയ കയ്യടി ഏറ്റുവാങ്ങി. പിന്നീട് ഡേവിഡ് അല്‍ഫാരോ പ്ലവനകലയുടെ പ്രയോക്താവും പിതാവുമായി മാറി. ആദ്യപാറ്റേണ്‍ അബദ്ധം പിണഞ്ഞു ഉണ്ടായതായതുകൊണ്ട് ഫ്‌ലൂയിഡ് ആര്‍ട്ടിന് Acce­den­tal Paint­ing എന്ന വിളിപ്പേര് കൂടി ഉണ്ടായി. എന്നാല്‍ പിന്നീടുള്ള ഫ്‌ലൂയിഡ് ആര്‍ട്ട് ചരിത്രം അബദ്ധത്തിന്റേത് ആയിരുന്നില്ല. നൂതനമായ കണ്ടെത്തലുകളുടെയും പരീക്ഷണങ്ങളുടേതുമായിരുന്നു. ആയിരങ്ങളുടെ ഒടുങ്ങാത്ത പരിശ്രമങ്ങളുടെ ഒടുവിലത്തെ ഫലമാണ് ഒന്നര ദശകത്തിനുള്ളില്‍ മാത്രം പ്രായമുള്ള ആല്‍ക്കഹോള്‍ ഇങ്ക്. വിവിധ വര്‍ണ്ണങ്ങളെ ഡിജിറ്റല്‍ ക്ലാരിറ്റി (Dig­i­tal clar­i­ty )യോടെ ലയിപ്പിച്ച് ഹൃദ്യമേറിയ വര്‍ണ്ണ കാഴ്ച നല്‍കുന്നു എന്നതാണ് ആല്‍ക്കഹോള്‍ ഇങ്ക് പെയിന്റിംഗിന്റെ ഏറ്റവും പ്രധാന സവിശേഷത. പ്രയോഗിക്കുന്ന രീതിയനുസരിച്ച് നിറങ്ങള്‍ക്ക് കൂടുതല്‍ ഗാഢത നല്‍കികൊണ്ട് പെയിന്റിംഗുകള്‍ക്ക് ആല്‍ക്കഹോള്‍ ഇങ്ക് പൂര്‍ണ്ണനിറച്ചാര്‍ത്ത് നല്‍കുന്നു. ഉപയോഗിക്കുന്ന നിറങ്ങളുടെ സാന്ദ്രത ഏകതാനമായ ക്രമാനുപാതത്തില്‍ (Uni­form Gra­di­ent ) ലയിപ്പിച്ച് നഗ്‌നനേത്രങ്ങള്‍ക്ക് തിരിച്ചറിയാനാവാത്തത്ര നേര്‍മയുള്ളതാക്കിമാറ്റാനുള്ള ആല്‍ക്കഹോള്‍ ഇങ്കിന്റെ ശേഷി അപാരമാണ്. നിറങ്ങള്‍ ലയിപ്പിക്കാനായി സര്‍ജിക്കല്‍ സ്പിരിറ്റ് എന്നറിയപ്പെടുന്ന ഐസോപ്രൊപ്പൈന്‍ (Iso propine) ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. Flu­id Artist കള്‍ ആല്‍ക്കഹോള്‍ ഇങ്ക് ഇത്രയേറെ ഇഷ്ടപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല. 

വീണ/ പൂവ്

വീണയുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ബിംബമാണ് പൂവും പൂക്കളും. ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന പൂക്കളുടെ രൂപ സൗന്ദര്യത്തിനൊപ്പം ഭാവഗരിമ കൂടി പകരാന്‍ ശേഷിയുള്ളവയാണ് In Bloom സീരീസ്, Fan­ta­sy Rain­bow എന്നീ ചിത്രങ്ങള്‍. Celes­tial, Pur­ple Maze തുടങ്ങിയ ചിത്രങ്ങളിലും Flower imagery കള്‍ വായിച്ചെടുക്കാനാവുംവിധമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടര്‍ന്നു ‘വീണ പൂവി’ ലൂടെ ഒരു ജനതയുടെ സ്വത്വ/ ജീവിത ദര്‍ശനങ്ങള്‍ അടയാളപ്പെടുത്തിയ മഹാകവിയുടെ സര്‍ഗാത്മക ഉള്ളടക്കം ഏറെ ചേര്‍ന്നുനില്‍ക്കുന്നവയാണ് വീണയുടെ പൂക്കള്‍ ചിത്രങ്ങള്‍ എന്ന് കാണാനാവും. ആരോമലാമഴക് ശുദ്ധി, മൃദുത്വ, മാഭ, സാരള്യമെന്ന സുകുമാര ഗുണത്തിനെല്ലാം പാരിങ്കലേതുപമ ;’ എന്ന് കുമാരനാശാന്‍ പറഞ്ഞപോലെ വീണയുടെ ചിത്രങ്ങളിലെ ഓരോ പൂവും ഏറെ മിഴിവാര്‍ന്നും സ്വയം വേറിട്ടു നില്‍ക്കുന്നവയുമാണ്. എന്നാല്‍ ഈ പൂവുകള്‍ക്ക് എന്തോ പറയാനുണ്ടെന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ നമുക്ക് തോന്നിപോകും. പൂവിതളുകള്‍ അനന്തമായ ശൂന്യതയിലേക്ക് വിലയിച്ചും(In Bloom #3), കറുകറുത്ത അല്ലികളാല്‍ കദനം പറഞ്ഞും(In Bloom #1) നവ്യതാരുണ്യങ്ങള്‍ മുഴുവന്‍ ഊറ്റിയെടുക്കപ്പെട്ട് മൃദുമെയ് തളര്‍ന്നും (In Bloom #2) ‘നീഹാരശീകരമനോഹരമന്ത്യഹാരം’ എന്ന പോലെ പൂക്കള്‍ കൊരുത്തുണ്ടാക്കിയ മാരിവില്ലിന്റെ ക്ഷണികമായ ശരീരമായുമൊക്കെ Fan­ta­sy Rain­bow) വൈവിധ്യമാര്‍ന്ന ജൈവാവസ്ഥകളില്‍ വീണയുടെ പൂക്കള്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെ ആഴമേറിയ ജീവിത ദര്‍ശനങ്ങള്‍ അവ വിളമ്പുന്നു. സര്‍ഗവര്‍ണ്ണംകൊണ്ടുമാത്രമല്ല ആശയസമൃദ്ധി കൊണ്ടുകൂടിയാണ് വീണാ മാധവന്റെ മലര്‍രൂപങ്ങള്‍ പ്രത്യേക ശ്രദ്ധയാ കര്‍ഷിക്കുന്നത് എന്ന് സ്പഷ്ടം. 

കലഹിക്കുന്ന സ്വപ്നഭാഷ്യങ്ങള്‍

ആല്‍ക്കഹോള്‍ ഇങ്കിന്റെ കമനീയതയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ചിത്രപരമായ (Pic­to­r­i­al) സൃഷ്ടികള്‍ നടത്തുന്നതിലാണ് കൂടുതല്‍ ഫ്‌ളൂയി യിഡ് ആര്‍ട്ടിസ്റ്റുകളും ശ്രദ്ധിക്കുന്നതെങ്കില്‍ സ്വന്തം ചിത്രങ്ങളെ സാഹിതീയം(literal) കൂടിയാക്കുന്ന ബൗദ്ധികവൃത്തിയാണ് വീണയുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. വെറും കറുത്ത ഇങ്കില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിന്റെ ചെറിയ അലകള്‍ മാത്രം തീര്‍ത്തുകൊണ്ട് ചമച്ച Gold­en Mono­chrome എന്ന ചിത്രം കൗതുകം ഉണര്‍ത്തുന്ന കാഴ്ച സമ്മാനിക്കുന്നു.മിഴിവാര്‍ന്ന കാഴ്ചയുടെ ക്രാഫ്റ്റ് മാത്രമാണ് ആല്‍ക്കഹോള്‍ ഇങ്ക് പെയിന്റിങ് എന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാവുന്ന മനോഹര ചിത്രമാണിത്.The Storm എന്ന ചിത്രത്തിലൂടെ മൂടിക്കെട്ടി കുമിഞ്ഞ് ഘനീഭവിക്കുന്ന കരിമേഘങ്ങള്‍ ക്യാന്‍വാസില്‍ വളരെ ഒതുക്കത്തോടെ വിന്യസിച്ച് 2018 മുതലുള്ള ‘പ്രകൃതികേരള’ത്തിന്റെ ആധികള്‍ വീണ പങ്കുവെക്കുന്നു. ഓര്‍മ്മകള്‍ മാത്രമല്ല ഓര്‍മ്മപ്പെടുത്തലുകലക്കും ചിത്രഭാഷ ചമയ്ക്കുകയാണ് ഈ ചിത്രകാരി. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിറമില്ലാത്ത സാക്ഷ്യങ്ങളിലേക്ക് കൂടി തന്റെ ചിത്രണത്തെ ഉയര്‍ത്തിപ്രതിഷ്‌ഠിക്കാന്‍ വീണ മാധവന് കഴിയുന്നത് ജനനിശ്വാസങ്ങളെയും മണ്ണിന്റെ പെരുമാറ്റങ്ങളെയും അടുത്തറിയാനാകുന്നത്ര ജാഗ്രത്തായ ഒരു സിവില്‍ സര്‍വീസ് മനസ്സ് ചിത്രകാരിക്കുള്ളതുകൊണ്ടാവാം. ഡിജിറ്റല്‍ സാങ്കേതിക സൗന്ദര്യങ്ങളെ നമ്മുടെ കണ്ണുകള്‍ തര്‍ക്കമുന്നയിക്കാതെ സ്വീകരിച്ചുകഴിഞ്ഞ കാലമാണിത്. നമ്മുടെ സ്വപ്ന വര്‍ണ്ണങ്ങള്‍ പോലും ജൈവികഭാവങ്ങള്‍ നിര്‍ദ്ദയം തിരസ്‌കരിക്കപ്പെടുന്ന കാലം. ആ കാലത്തോട് സന്ധിയാകാതെ അമര്‍ത്തിവച്ച സ്മരണകളിലൂടെയും അടക്കമറ്റ ഭാവനകളിലൂടെയും അഴിച്ചുവിട്ട സ്വപ്നങ്ങളിലൂടെയും നിരന്തരം കലഹിക്കുകയാണ് വീണാമാധവന്റെ പെയിന്റിങ്ങുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.