26 July 2024, Friday
KSFE Galaxy Chits Banner 2

കിരാതരുടെ കൂട്ടക്കുരുതി

മാറ്റൊലി
രമേശ് ബാബു
August 26, 2021 5:00 am

നാം എന്താണ്? മനുഷ്യരോ? അതോ മൃഗങ്ങളോ? അതോ രാക്ഷസരോ?

- വില്യം ഗോള്‍ഡിങ് — ലോര്‍ഡ് ഓഫ് ദ ഫ്ലൈസ്

വിഖ്യാത ആംഗലേയ സാഹിത്യകാരന്‍ വില്യം ഗോള്‍ഡിങ്ങിന്റെ ‘ലോര്‍ഡ് ഓഫ് ദ ഫ്ലൈസ്’ എന്ന വിശ്രുത നോവല്‍ വരച്ചുകാട്ടുന്നത് വിമാനാപകടത്തെ തുടര്‍ന്ന് ഒരു വിജന ദ്വീപില്‍ അകപ്പെട്ടു പോയ പരിഷ്കൃതരായ കൗമാരക്കാര്‍ പരിഷ്കൃതിയില്‍ നിന്ന് പിന്നാക്കം പോയി കാട്ടാളതുല്യരായി പരിണമിക്കുന്ന ദൃശ്യങ്ങളാണ്. 2021 ഓഗസ്റ്റിലെ അഫ്ഗാന്‍ കാഴ്ചകള്‍ മനുഷ്യരാശിയുടെ മൃഗഭാവത്തിലേക്കുള്ള മടങ്ങിപ്പോകലിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിലുടനീളം എത്രയോ അധിനിവേശങ്ങള്‍ക്ക് വിധേയമായി. നൂറ്റാണ്ടുകളായി അഫ്ഗാനില്‍ പല മതങ്ങളും മതരാഷ്ട്രീയവും സിദ്ധാന്തങ്ങളും അധിനിവേശം നടത്തി താന്താങ്ങളുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരുന്നപ്പോഴും ദുരിതങ്ങള്‍ എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് അവിടെ ജനിച്ചുവസിച്ചുപോന്നിരുന്ന ജനതയായിരുന്നു. താലിബാനികള്‍ വീണ്ടും രാഷ്ട്രത്തെ കെെപ്പിടിയിലൊതുക്കിയതോടെ ലോകത്ത് ഏറ്റവും കൂടുതൽ ദുരിതവും ദുരന്തവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി അഫ്ഗാന്‍ ജനത. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ജനാധിപത്യത്തിന്റെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും വിഹായസില്‍ പാറിപ്പറക്കുമ്പോഴാണ് അഫ്ഗാന്‍ ജനത കാലഹരണപ്പെട്ട മതശാസനകള്‍ നടപ്പാക്കുന്ന കിരാതന്‍മാര്‍ക്ക് കീഴില്‍ അടിമകളായി ആയുസ് തള്ളിവിടാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

അഫ്ഗാന്‍ ജനതയെ ഈ ഭീകരാവസ്ഥയിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ അമേരിക്കയുടേതു മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു. പൗരാവകാശം, സ്ത്രീപുരുഷ സമത്വം, ജനാധിപത്യം എന്നിവ സ്ഥാപിക്കാനാണെന്ന് പറഞ്ഞ് 2001ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ സെെനിക അധിനിവേശം 2021ലെ ജോ ബെെഡന്‍ ഭരണകൂടം പൊടുന്നനെ അവസാനിപ്പിച്ച് പിന്‍വാങ്ങുമ്പോള്‍ അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് ഒരു ജനതയെ തള്ളിവിട്ടിരിക്കുന്നത്. താലിബാന്‍ ചെയ്യുന്ന അതേ പാതകം തന്നെയാണ് അമേരിക്കയും ചെയ്തിരിക്കുന്നത്. മനോഘടനയില്‍ അമേരിക്കന്‍ ഭരണകൂടവും താലിബാനും തമ്മില്‍ ഒരു വ്യാത്യാസവുമില്ലെന്നാണ് ഇത്തരം പ്രവൃത്തികള്‍ തെളിയിക്കുന്നത്.

അഫ്ഗാനും അവിടത്തെ ജനങ്ങളും ഇന്ന് നേരിടുന്ന ദുഃസ്ഥിതികള്‍ക്ക് മൂലകാരണവും വിദേശ ശക്തികൾ തന്നെയാണ്. അമേരിക്ക‑യുഎസ്എസ്ആര്‍ ശീതയുദ്ധ സമയത്ത് 1979ല്‍ അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള രാഷ്ട്രമായിരുന്ന കാലത്തുതന്നെ അമേരിക്ക അട്ടിമറികള്‍ ആസൂത്രണം ചെയ്തു തുടങ്ങിയതാണ്. അഫ്ഗാനിലെ റഷ്യന്‍ സ്വാധീനം ഇല്ലാതാക്കാന്‍ ചെല്ലും ചെലവും കൊടുത്ത് ഭീകരവാദികളെ വളര്‍ത്തിയെടുത്ത അമേരിക്കയ്ക്ക് താങ്ങായി അന്ന് പാകിസ്ഥാനും ഒപ്പമുണ്ടായിരുന്നു. 1996ല്‍ താലിബാന്റെ കയ്യില്‍ അധികാരം ഏല്പിക്കുമ്പോള്‍ ഇരുപത് ലക്ഷത്തിലേറെ പേരാണ് അതിനിടയില്‍ കൊല്ലപ്പെട്ടത്. വളര്‍ന്നുവരുന്ന ചെെനയെ ചെറുക്കാനും മറ്റുമായി തങ്ങളുടെ സെെനികത്താവളങ്ങള്‍ ഒരുക്കുക തുടങ്ങിയ ഒട്ടേറെ ഗൂഢ അജണ്ടകളുമായി പ്രവര്‍ത്തിച്ച യുഎസിന് ട്വിന്‍ ടവര്‍ സ്ഫോടനത്തോടെയാണ് തങ്ങള്‍ ഊട്ടി വളര്‍ത്തിയത് വിഷപാമ്പുകളെയാണെന്ന് ബോധ്യമാകുന്നത്. ഭീകരന്‍ ബിന്‍ലാദനെ ലക്ഷ്യംവച്ച് അമേരിക്ക വീണ്ടും 2001ല്‍ അഫ്ഗാനിലെത്തുമ്പോള്‍ മതഭീകര ഭരണകൂടം അരാജകത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും മധുരരസം ഏറെ നുകര്‍ന്നുകഴിഞ്ഞിരുന്നു. ഇരുപത് വര്‍ഷം നീണ്ട അഫ്ഗാന്‍ ദൗത്യത്തിന് യുഎസ് ചെലവാക്കിയത് 97,800 കോടി ഡോളറാണ്(72ലക്ഷം കോടിരൂപ). 2010 നും 2012നും ഇടയില്‍ യുഎസ് സെെനികസാന്നിധ്യം ഒരു ലക്ഷം കടന്നപ്പോള്‍ യുദ്ധച്ചെലവ് പ്രതിവര്‍ഷം 10,000 കോടി ഡോളറായിരുന്നുവത്രേ! ആള്‍നാശം അതിന് പുറമേയും. 2448 അമേരിക്കന്‍ സെെനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കൂടാതെ നാറ്റോ രാജ്യങ്ങളുടെ 1144 സെെനികരും 3846 യുഎസ് കോണ്‍ട്രാക്ടര്‍മാരും 444 സന്നദ്ധ പ്രവര്‍ത്തകരും 72 മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 66,000 അഫ്ഗാന്‍ സ്വദേശികളും 51,191 താലിബാനികളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആളും ആയുധവും ഉപയോഗിച്ച് നീണ്ട വര്‍ഷങ്ങള്‍ പോരാടിയിട്ടും ഉദ്ദേശിച്ച ഫലപ്രാപ്തി കാണാതെ വന്നപ്പോഴാണ് അമേരിക്ക അഫ്ഗാന്‍ വിടാന്‍ തീരുമാനിക്കുന്നത്.

ഇരുപതു വര്‍ഷത്തോളം നീണ്ട ചെലവേറിയ വിയറ്റ്നാം യുദ്ധം അമേരിക്കന്‍ ജനതയെ രണ്ട് തട്ടിലാക്കിയിരുന്നു. 1975 ഏപ്രില്‍ 30ന് തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായ സെെഗോണ്‍ വടക്കന്‍ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പിടിച്ചടക്കിയതോടെ അമേരിക്കയുടെ തോല്‍വി പൂര്‍ണമാകുകയും അവര്‍ പലായനം ചെയ്യുകയുമായിരുന്നു. സെെഗോണില്‍ സംഭവിച്ച വീഴ്ച തന്നെയാണ് അഫ്ഗാനിലും അമേരിക്കയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടന്‍ പോലും സ്വാതന്ത്ര്യം പ്രഖ്യാപിച്ചയുടനെ ഇന്ത്യയെ വിട്ടെറിഞ്ഞു പോകുകയല്ലായിരുന്നു. അധികാര കെെമാറ്റം നടത്തിയിട്ടാണ് അവര്‍ രാജ്യം വിട്ടത്. ആ മാന്യതയെങ്കിലും അമേരിക്കയ്ക്ക് അഫ്ഗാന്‍ ജനതയോട് കാട്ടാമായിരുന്നു.

‌ഏതൊരു യുദ്ധവും കലാപവും നടന്നാലും അതിന്റെ ദുരന്തം മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമായിരിക്കും. അത്തരം നടുക്കുന്ന കാഴ്ചകള്‍ അഫ്ഗാനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ ലിംഗസമത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്ന ഒരുകാലം അഫ്ഗാനിലെ സ്ത്രീകള്‍ക്കുമുണ്ടായിരുന്നു. 1919ല്‍ ബ്രിട്ടനില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയ തൊട്ടടുത്ത വര്‍ഷം അഫ്ഗാന്‍ സ്ത്രീകളും വോട്ടവകാശം നേടിയിരുന്നു. 1950ല്‍ പര്‍ദ്ദ നിരോധിച്ച അഫ്ഗാനില്‍ 1960ല്‍ സ്ത്രീപുരുഷസമത്വവും നടപ്പാക്കിയിരുന്നു. 1980 കളില്‍ മുജാഹിദിന്‍ വിഭാഗം ശക്തമാകുന്നതോടെയാണ് സ്ത്രീസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത്. മുജാഹിദിനുകള്‍ ശക്തമാകുന്നതിന് പിന്നിലും അമേരിക്കന്‍ അജണ്ട തന്നെയായിരുന്നു.

1996ല്‍ താലിബാന്‍ അധികാരം പിടിച്ചതോടെ സ്ത്രീകള്‍ക്കായി പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ പാടില്ല, പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത്.‍ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങരുത്, മുഖം മറയ്ക്കണം എന്നിങ്ങനെ. ഇനി അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം ഭിക്ഷ യാചിക്കല്‍‍ മാത്രമാണ്. പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും യുവതികളെയും എത്രവേണോ വിവാഹം കഴിക്കാനുള്ള അനുമതി താലിബാനികള്‍ക്കുള്ളതിനാല്‍ അവരുടെ ലെെംഗിക അടിമകളായി കഴിയാനായിരിക്കും അഫ്ഗാനിലെ സ്ത്രീജന്മത്തിന്റെ ഇനിയുള്ള നിയോഗം. പെണ്‍വാണിഭത്തിന് മാത്രമാകും അവരെ പ്രയോജനപ്പെടുത്തുക.

അഫ്ഗാനില്‍ താലിബാന്‍ ഭരണം വന്നപ്പോള്‍ത്തന്നെ ചെെനയും പാകിസ്ഥാനും അവരെ അനുകൂലിച്ചിരിക്കുകയാണ്. റഷ്യയും ഇറാനും സമാനഭാവത്തിലുമാണ്. ചെെന‑പാകിസ്ഥാന്‍-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ അച്ചുതണ്ട് വരുംകാലങ്ങളില്‍ ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് ഒട്ടും ആശാവഹമായിരിക്കില്ലായെന്നത് നിസംശയമാണ്. മയക്കുമരുന്ന്, ആയുധക്കടത്ത്, ഭീകരവാദം, കശ്മീരിലെ ഇടപെടൽ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 2001ല്‍ അമേരിക്കന്‍ സഖ്യസേന താലിബാനെ പുറത്താക്കിയ ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ അവിടെ നടന്നത്. 400ലേറെ പദ്ധതികള്‍ നടന്നുവരികയുമായിരുന്നു. അതൊക്കെ ജലരേഖയാകുമോ എന്ന് കണ്ടറിയണം.

ലോകം ഇന്നൊരു ചിമിഴ് അല്ലാത്തതിനാല്‍ അഫ്ഗാന്‍ സംഭവവികാസങ്ങള്‍ ആഗോളതലത്തില്‍ പലരീതിയിലുള്ള പ്രതിഫലനങ്ങള്‍ക്കും വഴിവയ്ക്കും. കിരാതവാഴ്ചയില്‍ നിന്ന് ലോകരാജ്യങ്ങളുടെ ഏത് കൂട്ടായ്മകള്‍ക്കാണ് അഫ്ഗാന്‍ ജനതയെ രക്ഷിച്ചെടുക്കാനാകുമെന്നത് വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു. താലിബാന്‍ ഉന്മൂലനം ചെയ്യപ്പെടണമെന്ന് ജനാധിപത്യവാദികള്‍ ആഗ്രഹിക്കുമ്പോള്‍ താലിബാനെ പിന്തുണയ്ക്കുന്നവര്‍ കേരളത്തില്‍പോലും ഉണ്ടെന്നുള്ളത് മനുഷ്യമനസിന്റെ ഇരുണ്ട കോണുകളുടെ സാക്ഷ്യമാണ്. താലിബാന്‍ അവരുടെ നിയമസംഹിതകള്‍ നടപ്പിലാക്കുമ്പോള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പാര്‍ശ്വഫലമെന്നോണം രൂപപ്പെടുന്നത് ഇസ്‌ലാമോഫോബിയയുടെ മറ്റൊരു മുഖമായിരിക്കും. ഇവിടെയും ഇരകളാകുന്നത് സത്യവിശ്വാസികള്‍ മാത്രം ആയിരിക്കും. മതശാസനകളുടെ മറവില്‍ കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും ആയുധക്കടത്തും പെണ്‍വാണിഭവവും നടത്തുന്നവര്‍ ആഗ്രഹിക്കുന്നതും മറ്റൊന്നല്ല. വിശ്വസാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോറിന്റെ കാബൂളിവാലയിലൂടെ ഗൃഹാതുരസ്മരണകൾ നിറച്ചിരുന്ന, തപോവനശാന്തി പുലർത്തിയിരുന്ന അഫ്ഗാൻ ഇനി കഥകളിലെ ഓർമ്മ മാത്രമായി മാറാതിരിക്കട്ടെ!

മാറ്റൊലി

സ്ത്രീകള്‍ പുരുഷന്റെ കാമപൂരണജീവികൾ മാത്രം. പ്രതികരിക്കാന്‍ പാടില്ല. അതുകൊണ്ട് മുസ്‌ലിം ലീഗ് ‘ഹരിത’യുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.