19 December 2024, Thursday
KSFE Galaxy Chits Banner 2

ലക്ഷ്യം 150 കോടിയുടെ വിറ്റുവരവ്; വികസനകുതിപ്പില്‍ ഖാദി മേഖല

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 3, 2022 10:54 pm

ദേശീയപ്രസ്ഥാനത്തോടൊപ്പം ജന്മംകൊണ്ട ഖാദി ഉയര്‍ത്തെഴുന്നേല്പിന്റെ പാതയില്‍. വൈവിധ്യവത്കരണത്തിലൂടെ ഖാദിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള യജ്ഞത്തിലാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്.
ചൂടിനെയും തണുപ്പിനെയും ക്രമീകരിക്കാൻ പറ്റുന്ന പരിസ്ഥിതി സൗഹൃദ വസ്ത്രം എന്ന നിലയില്‍ പഴയതലമുറ നെഞ്ചേറ്റിയ ഖാദി വസ്ത്രങ്ങള്‍ക്ക് പില്‍ക്കാലത്ത് ആവശ്യക്കാര്‍ കുറയുകയായിരുന്നു. എന്നാല്‍ കാലത്തിനനുസരിച്ച് മാറാന്‍ ഖാദി ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചതോടെ പുതിയ തലമുറയെ ഖാദിയിലേക്ക് വലിയതോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് നിറംകെടുത്തിയ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് കടക്കുമ്പോള്‍ ഖാദി മേഖലയും ഏറെ പ്രതീക്ഷയിലാണ്.
2018–19 വര്‍ഷം കൈവരിച്ചതിനേക്കാള്‍ മികച്ച നേട്ടം ലക്ഷ്യമാക്കിയാണ് ഖാദി ബോര്‍ഡ് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 150 കോടിരൂപയുടെ വിറ്റുവരവാണ്. ഇത്തവണ ഓണക്കാലത്ത് ഏറ്റവും ഉയര്‍ന്ന വില്പനയാണ് ഖാദി ബോര്‍ഡ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി ജയരാജനും സെക്രട്ടറി ഡോ. കെ എ രതീഷും ജനയുഗത്തോട് പറഞ്ഞു. തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കാൻ സർക്കാർ ഉത്തരവിട്ടത്. ആ നിര്‍ദ്ദേശത്തോട് നല്ല പ്രതികരണമാണ് ലഭിച്ചത്.
ഖാദി മേഖലയിൽ പണിയെടുക്കുന്നവർ വലിയ പ്രയാസത്തിലാണ്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി മൂലം വിപണനം സ്തംഭിച്ചു. തൊഴിലാളികൾക്ക് കൂലിയും മറ്റു ആനുകൂല്യങ്ങളും നൽകാനില്ലാത്ത അവസ്ഥയായിരുന്നു. ഇതില്‍ നിന്നും പതുക്കെ കരകയറുകയാണ്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലുമായി 75 ഖാദി ഷോറൂമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഖാദി ബോര്‍ഡ് നടപടികളാരംഭിച്ചിട്ടുണ്ട്.
ഖാദിയുടെ റെഡിമെയ്ഡ് ഉല്പന്നങ്ങൾക്കു ജിഎസ്‌ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നിലവിൽ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ചു ശതമാനവും അതിനുമുകളിൽ 12 ശതമാനവുമാണ് ജിഎസ്‌ടി നിരക്ക്. കേന്ദ്ര സർക്കാരിനു കീഴിലെ സർക്കാർ, പൊതുമേഖലാ ജീവനക്കാരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന നിർദ്ദേശം നൽകണമെന്നും ഖാദി കമ്മിഷൻ സബ്സിഡി നിരക്കിൽ പരുത്തി അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍— സഹകരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് പ്രചാരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖാദി വസ്ത്രങ്ങൾ മലബാർ മിൽമയുടെ കീഴിലുള്ള 1200 ഓളം ക്ഷീര സംഘം പ്രസിഡന്റുമാർക്ക് നല്‍കും. വിക്രം സാരാഭായ് സ്പേസ് സെന്ററുമായും ഇത്തരത്തില്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഖാദി കോട്ട് ഏര്‍പ്പെടുത്തുന്നതിനും നടപടിയായിട്ടുണ്ട്. 

വൈവിധ്യവല്ക്കരണം ശ്രദ്ധേയം

ആധുനിക വസ്ത്രധാരണ രീതിക്ക് അനുയോജ്യമായി പാന്റ്സ് തുണി, കുട്ടിക്കുപ്പായങ്ങൾ, വിവിധ ഡിസൈനുകളിലുളള സാരികൾ, സ്ത്രീകള്‍ക്കുള്ള ടോപ്പുകൾ എന്നിവ ഖാദി ബോർഡ് വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തവണത്തെ ഓണം മേളകളില്‍ ഇവ ലഭ്യമാണ്. സെപ്റ്റംബർ എട്ടു വരെ 30 ശതമാനം റിബേറ്റോടുകൂടിയാണ് ഓണം ഖാദി മേളകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വസ്ത്രേതര ഉല്പന്നങ്ങളുടെ വിപണനത്തിലേക്കും ഖാദി ബോർഡ് കടക്കുന്നതിന്റെ ഭാഗമായി ശുദ്ധമായ തേനും എള്ളെണ്ണയും ഖാദി ഔട്ട് ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Tar­get 150 crore turnover; Kha­di sec­tor in devel­op­ment tax

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.