17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
July 17, 2024
July 2, 2024
June 22, 2024
May 23, 2024
May 9, 2024
March 19, 2024
March 10, 2024
December 22, 2023
October 7, 2023

രണ്ട് കോടിവരെയുള്ള നികുതിവെട്ടിപ്പ് ഇനി ക്രിമിനൽ കുറ്റമല്ല

Janayugom Webdesk
ന്യൂഡൽഹി
December 17, 2022 11:18 pm

നിയമ ലംഘനങ്ങൾക്കു പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയർത്താൻ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനം.
രണ്ട് കോടി വരെയുള്ള ജിഎസ്‌ടി ലംഘനങ്ങൾക്ക് ഇനിമുതൽ വിചാരണ ഉണ്ടാകില്ല. മുമ്പ് ഇതിന്റെ പരിധി ഒരു കോടി ആയിരുന്നു. കോമ്പൗണ്ടിംഗ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. നികുതി ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കല്‍, തെളിവുകള്‍ മനപ്പൂര്‍വം ഇല്ലാതാക്കുക, വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തല്‍ എന്നീ കുറ്റകൃത്യങ്ങളെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി.അതേസമയം, ഇളവുകൾ പ്രാബല്യത്തിലാകണമെങ്കിൽ പാർലമെന്റ് ജിഎസ്‌ടി നിയമം ഭേദഗതി ചെയ്യുകയും സംസ്ഥാനങ്ങൾ ജിഎസ്‌ടി നിയമത്തിൽ മാറ്റംവരുത്തുകയും വേണം.
പയര്‍ വര്‍ഗങ്ങളുടെ തവിടിന് ഏര്‍പ്പെടുത്തിയിരുന്ന അഞ്ച് ശതമാനം ജിഎസ്ടി ഇല്ലാതാക്കി.
റിഫൈനറികള്‍ക്ക് പെട്രോളില്‍ കലര്‍ത്താനുള്ള ഈഥൈല്‍ ആള്‍ക്കഹോളിന്റെ നികുതി 18 ല്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കാനും ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സിലിന്റെ 48-ാമത് യോഗത്തില്‍ ധാരണയായി.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിരക്കില്‍ ജിഎസ്‌ടി ചുമത്തിയിരുന്നത് ഏകീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. എന്‍ജിന്‍ കപ്പാസിറ്റി 1500 സി സി, നീളം 4000 എം എം, ഗ്രൗണ്ട് ക്ലിയറന്‍സ് 170 എം എം അധികരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും 28 ശതമാനം ജിഎസ്‌ടിയും 22 ശതമാനം സെസ്സും ചുമത്തും. ഫലത്തില്‍ ഈ വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വിലയുടെ പകുതി തുക നികുതിയായി ഒടുക്കണം.

വാഹനത്തെ എസ്‍യുവിയായി പരിഗണിക്കാനുള്ള സ്ഥിരമായ നിര്‍വചനത്തിന്റെ അഭാവം വാഹന നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ജിഎസ്‍ടി കൗണ്‍സിലിന്റെ തീരുമാനം. ഒരു വാഹനത്തെ എസ്‌യുവിയായി തരംതിരിക്കുന്നതിന് എന്‍ജിൻ കപ്പാസിറ്റി, നീളം, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് കൗൺസിൽ തീരുമാനിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജിഎസ്‌ടി സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ യോഗത്തില്‍ ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നികുതി ചുമത്തുന്നത് സംബന്ധിച്ച് മന്ത്രിതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്നലത്തെ യോഗം ചര്‍ച്ചയ്ക്ക് എടുത്തില്ല. ജൂണില്‍ ചണ്ഡീഗഢിലാണ് അടുത്ത യോഗം. 

Eng­lish Sum­ma­ry: Tax eva­sion up to Rs 2 crore is no longer a crim­i­nal offence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.