തെലങ്കാനയിലെ നാഗര്‍ കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ തുരങ്കം തകര്‍ന്ന് അകപ്പെട്ട എട്ടുപേരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷകള്‍, മൂന്ന് ദിവസം പിന്നിട്ടതോടെ മങ്ങുന്നു. തകര്‍ന്നതിന് 40 മീറ്റര്‍ അടുത്തുവരെ രക്ഷാദൗത്യ സംഘത്തിന് എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചെളിയും മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളും നീക്കുക അതീവ ദുഷ്കരമായാണ് കണക്കാക്കുന്നത്. തുരങ്കത്തില്‍ അകപ്പെട്ട എട്ടുപേരെയും ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ കുറയുകയാണെന്ന് തെലങ്കാന മന്ത്രി ജുപള്ളി കൃഷ്ണ റാവു പറഞ്ഞു. നാവിക സേനയുടെ മറൈന്‍ കമാന്‍ഡോ (മാര്‍കോസ്) വിഭാഗവും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കരസേനയിലെ എന്‍ജിനീയറിങ് വിദഗ്ധരും ദുരന്തനിവാരണ സേനാംഗങ്ങളും ഉള്‍പ്പെട്ട ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാണ്.
പേരുകള്‍ ഉറക്കെ വിളിച്ച് പ്രതികരണം ഉണ്ടാവുന്നുണ്ടോയെന്ന പരിശോധന പരാജയപ്പെട്ടു. റോബോട്ടിക് കാമറകളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യമുള്ള ഡോഗ് സ്ക്വാഡിനെയും എത്തിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്ക അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത റാറ്റ് മൈനേഴ്സ് ഖനിത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 14 കിലോമീറ്റര്‍ ഉള്ളിലായി ദൊമാലപെന്തയ്ക്ക് സമീപമാണ് തുരങ്കത്തിന്റെ മൂന്ന് മീറ്ററോളം തകര്‍ന്നുവീണത്. 50പേരാണ് അപകടസമയം അവിടെയുണ്ടായിരുന്നത്. ഇതില്‍ 42 പേര്‍ ഓടി രക്ഷപ്പെടുകയും എട്ട് പേര്‍ കുടുങ്ങിപ്പോകുകയുമായിരുന്നു. രണ്ട് എന്‍ജിനീയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, നാല് തൊഴിലാളികള്‍ എന്നിവരാണ് കുടുങ്ങിയത്. ഇവര്‍ ഝാര്‍ഖണ്ഡ്, യുപി, പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളാണ്. നല്‍ഗൊണ്ടയില്‍ നിന്ന് ഖമ്മം ജില്ലയിലേക്ക് കാര്‍ഷിക ജലസേചനത്തിനായാണ് 4,600 കോടി ചെലവഴിച്ച് തുരങ്കം നിര്‍മ്മിക്കുന്നത്. 2005ലാണ് നിര്‍മ്മാണം തുടങ്ങിയത്. 44 കിലോമീറ്ററാണ് ആകെ നീളം. ഇതില്‍ 35 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.