26 April 2024, Friday

ന്യൂനപക്ഷ, പിന്നാക്ക സ്കോളര്‍ഷിപ്പുകളിലെല്ലാം കേന്ദ്രം ഇല്ലാതാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2022 11:01 pm

മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള മറ്റ് സ്കോളര്‍ഷിപ്പുകളും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നു.
ഒക്‌ടോബറിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രീ-മെട്രിക് സ്‌കോളർഷിപ്പും ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികൾക്കായുള്ള ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നൽകുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പിന്റെ (ജെആർഎഫ്) മാതൃകയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നല്‍കുന്നത്.

നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പും പെണ്‍കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിനായുള്ള ദേശീയ പദ്ധതിയുടെ വിഹിതവും യഥാക്രമം ആറ് ശതമാനവും 99 ശതമാനവും വെട്ടിക്കുറച്ചു. 2020–21 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം യഥാക്രമം 373 കോടി രൂപയായിരുന്ന നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് വിഹിതം 350 കോടിയായി പരിമിതപ്പെടുത്തി.
പെണ്‍കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിനായുള്ള ദേശീയ പദ്ധതിയുടെ വിഹിതം 110 കോടിയില്‍ നിന്ന് വെറും ഒരു കോടി രൂപയായാണ് താഴ്ത്തിയത്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയുടെ വിഹിതം, 2021–22ലെ 725 കോടിയില്‍ നിന്നും 500 കോടിയായി വെട്ടിക്കുറച്ചു. 

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ദേശീയ ഫെലോഷിപ്പിനുള്ള വിഹിതം 300 കോടിയില്‍ നിന്ന് 173 കോടി രൂപയാക്കി.
മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പിനുള്ള വിഹിതം 1,300 കോടി രൂപയിൽ നിന്ന് 2022–23 ൽ 1,083 കോടി രൂപയായി. പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പ് ശ്രേയസിന്റെ 2021–22ൽ 450 കോടി രൂപയായിരുന്ന വിഹിതം 2022–23ൽ 364 കോടി രൂപയായി കുറച്ചു.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള സാമൂഹികമായും സാമ്പത്തികമായും ദുർബലരായ വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചത് സാമൂഹ്യനീതിക്ക് നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. 

Eng­lish Sum­ma­ry: The cen­ter is elim­i­nat­ing all minor­i­ty and back­ward scholarships

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.