23 December 2024, Monday
KSFE Galaxy Chits Banner 2

ഇടിച്ചുനിരത്തലിന്റെ വര്‍ഗീയ രാഷ്ട്രീയം

Janayugom Webdesk
April 21, 2022 5:00 am

രാംനവമി ഉത്സവത്തിന്റെ പേരിൽ വർഗീയ അതിക്രമങ്ങൾ അരങ്ങേറിയ ഉത്തര ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇന്നലെ ഭരണകൂട പിന്തുണയോടെ ന്യൂനപക്ഷ സമുദായ ആരാധനാലയങ്ങളും ആവാസ ഇടങ്ങളും ചെറുകിട കച്ചവടസ്ഥാപനങ്ങളും ഇടിച്ചുതകർക്കാനുള്ള ശ്രമം സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് താല്കാലികമായി നിർത്തിവയ്ക്കാനായി. വിഷയം ഇന്ന് കേൾക്കാൻ കോടതി മാറ്റിവച്ചിരിക്കെ നൂറുകണക്കിന് കുടുംബങ്ങളും അവരുടെ ജീവിതായോധന മാർഗങ്ങളും അനിശ്ചിതത്വത്തിന്റെയും കടുത്ത ഉത്കണ്ഠയുടെയും പാരമ്യത്തിലാണ്. ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടിച്ചുനിരത്തൽ യജ്ഞം നൂറുകണക്കിന് പൊലീസുകാരുടെയും ബുൾഡോസറുകളുടെയും അകമ്പടിയോടെ ഉത്തര ഡൽഹി മുനിസിപ്പൽ കോർപറേഷൻ കാലത്ത് ഒമ്പതുമണിക്കുതന്നെ ആരംഭിക്കുകയായിരുന്നു.

ramnavami

 

രാംനവമി വർഗീയ സംഘർഷങ്ങളെ തുടർന്ന് ബിജെപി നേതൃത്വത്തിന്റെ ആവശ്യപ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശാനുസരണമാണ് ഇടിച്ചുനിരത്തൽ നടപടി ആരംഭിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഔദ്യോഗിക നടപടി. മുനിസിപ്പൽ നിയമം അനുസരിച്ച് അപ്പീൽ നല്കാൻ വ്യവസ്ഥ ഉണ്ടെന്നിരിക്കെ അതിനെ മറികടന്ന് ഇടിച്ചുനിരത്തൽ പൂർത്തിയാക്കാനായിരുന്നു ബിജെപി നേതൃത്വത്തിലുള്ള മുനിസിപ്പൽ ഭരണത്തിന്റെ പദ്ധതി. നടപടി പരമോന്നത കോടതി സ്റ്റേ ചെയ്തിട്ടും ആ ഉത്തരവ് വകവയ്ക്കാതെ ഇടിച്ചുനിരത്തൽ തുടർന്നത് സംഘപരിവാർ വൃത്തങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള സമീപനത്തെയാണ് തുറന്നുകാട്ടുന്നത്. വീണ്ടും കോടതി ഇടപെട്ട് ഉന്നത ഡൽഹി പൊലീസ് നേതൃത്വത്തിന് നൽകിയ താക്കീതിനെ തുടർന്നും ഇടതുപക്ഷ പാർട്ടി നേതാക്കൾ നേരിട്ട് രംഗത്തെത്തി തടഞ്ഞതിനെ തുടർന്നുമാണ് ഇടിച്ചുനിരത്തൽ താല്കാലികമായി നിർത്തിവച്ചത്.


ഇതുകൂടി വായിക്കൂ: വിദ്വേഷകരുടെ ചുടലനൃത്തവും അധികാരികളുടെ മഹാമൗനവും


ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണത്തിന്റെ പേരിലാണ് ഇടിച്ചുനിരത്തൽ നാടകം അരങ്ങേറിയതെങ്കിലും അതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം പകൽപോലെ വ്യക്തമാണ്. അത് ആർഎസ്എസ്-സംഘപരിവാർ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന വിദ്വേഷാധിഷ്ഠിത ഹിന്ദുത്വ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇക്കൊല്ലം അവസാനവും അടുത്ത കൊല്ലവും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെല്ലാം സമാനമായ അനിഷ്ടസംഭവങ്ങളാണ് അരങ്ങേറുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും കർണാടകയിലും രാജസ്ഥാനിലുമെല്ലാം ന്യൂനപക്ഷ സമുദായങ്ങളെ ബോധപൂർവം ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള അക്രമസംഭവങ്ങളാണ് ദിനംപ്രതി റിപ്പോർട്ടുചെയ്യപ്പെടുന്നത്. മധ്യപ്രദേശിലെ ഖർഗാവിൽ രാംനവമി ആഘോഷങ്ങളെ തുടർന്നുണ്ടായ വർഗീയ സംഘർഷവും ജഹാംഗീർപുരിയിലേതിന് സമാനമായി, ഭരണകൂടം നേരിട്ട് ന്യൂനപക്ഷ ഭവനങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിലാണ് കലാശിച്ചത്.

hanuman chalisa

ഹിന്ദുത്വ രാഷ്ട്രീയ തീവ്രവാദികൾ വർഗീയ സംഘർഷാന്തരിക്ഷം സൃഷ്ടിക്കുകയും പിന്നാലെ ഭരണകൂടം ഇടിച്ചുനിരത്തൽ പദ്ധതി നടപ്പാക്കുകയും ചെയ്യുന്ന പൊതുരീതി കേന്ദ്രീകൃത ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടുന്നത്. ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പിക്കുന്നതോടൊപ്പം ന്യൂനപക്ഷത്തെ ഭയത്തിനും നിസഹായതയ്ക്കും കീഴടങ്ങലിനും നിർബന്ധിതരാക്കി അവരെ ജനാധിപത്യ പ്രക്രിയയിൽനിന്നും ആട്ടിയകറ്റി തെരഞ്ഞെടുപ്പ് വിജയവും രാഷ്ട്രീയ അധികാരവും കയ്യടക്കാനാണ് ശ്രമം. അനുമതികൂടാതെ ആയുധമേന്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കും ആരാധനാലയങ്ങളിൽ അതിക്രമിച്ചുകടന്ന് മതവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നവര്‍ക്കും പൊലീസ് സംരക്ഷണവും ഇരകൾക്ക് ഭരണകൂട ഭീകരതയും പകരം വയ്ക്കുന്നു.


ഇതുകൂടി വായിക്കൂ:  കൃത്യമായി ആസൂത്രണം ചെയ്ത കലാപങ്ങള്‍

 

തീവ്ര ഹിന്ദുത്വ വർഗീയതയും ഭരണഘടനാധിഷ്ഠിത അധികാര സ്ഥാനങ്ങളും സ്ഥാപനങ്ങളും കൈകോർത്തു നിയമവാഴ്ചയെ അട്ടിമറിക്കുകയും ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട സമൂഹങ്ങളുടെ ജീവിക്കാനുള്ള പൗരാവകാശത്തെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും വെല്ലുവിളിക്കുന്ന അപകടസന്ധിയിലാണ് രാജ്യം എത്തിനിൽക്കുന്നത്. പ്രതിപക്ഷമുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അധികാര രാഷ്ട്രീയം ന്യൂനപക്ഷ മുക്ത രാഷ്ട്രം സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരുഭാഗത്തു തീവ്രഹിന്ദുത്വ പുരോഹിതവർഗം ന്യൂനപക്ഷ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുമ്പോൾ മറുവശത്തു അവരുടെ കാലാൾപ്പട രാഷ്ട്രീയ അധികാര പിൻബലത്തോടെ നിയമവാഴ്ചയെ വെല്ലുവിളിച്ച് നഗരങ്ങളെയും ഗ്രാമങ്ങളെയും ന്യൂനപക്ഷ വിമുക്തമാക്കുന്നു. ഇവിടെ അല്പമെങ്കിലും പ്രതീക്ഷയ്ക്കു വകനൽകുന്നത് നീതിപീഠവും ഇടതുപക്ഷ, മതേതര, ജനാധിപത്യ പ്രതിപക്ഷവുമാണ്. അനുദിനം അതിരൂക്ഷമായി രാജ്യത്തിന്റെയും ജനതയുടെയും ഐക്യത്തിനും നിലനില്പിനും നേരെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പ്രവിശാലമായ പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യതയ്ക്കാണ് ഒരിക്കല്‍ക്കൂടി അടിവരയിടുന്നത്.

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.