കഴിഞ്ഞ സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് നടന്ന ബിജെപിയിതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകളോട് തുടര്‍ന്നുവരുന്ന ‘സാമ്പത്തിക ഉപരോധം’ രാജ്യത്തിന്റെ മുന്നില്‍ തുറന്നുകാണിക്കുന്നതിന് കോണ്‍ക്ലേവിന് കഴിഞ്ഞിട്ടുണ്ട്. കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉന്നതതല ചര്‍ച്ചയില്‍ തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സാമ്പത്തിക മേഖലയിലെ പ്രമുഖരും പങ്കെടുത്തിരുന്നു.
ഭരണഘടനയുടെ 28-ാം അനുച്ഛേദ പ്രകാരം രാജ്യത്തിന്റെ സമ്പത്ത് വിവിധ സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചു നല്‍കുന്നതിനാണ് ധനകാര്യ കമ്മിഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. ധനകാര്യ കമ്മിഷന്‍ ധനസംബന്ധമായ പഠനങ്ങള്‍ നടത്തിയാണ് അത്തരം നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണഘടനാപരമായി രൂപം നല്‍കുന്ന ധനകാര്യ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ ഫെഡറല്‍ സങ്കല്പങ്ങള്‍ക്കുതന്നെ നിരക്കാത്തതരത്തിലാണ് ധനകാര്യ കമ്മിഷന്‍ മുന്നോട്ടുപോയത് എന്ന വിമര്‍ശനം ശക്തമാണ്.
ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായുള്ള 16-ാം ധനകാര്യ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷന്റെ മുന്നില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ഗൗരവത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള മുന്നൊരുക്കമായിട്ടാണ് തിരുവനന്തപുരത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക കാര്യങ്ങള്‍, ധനപരമായ ഇടപാടുകള്‍, സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ധനം പങ്കുവയ്ക്കുന്നതില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ തുടങ്ങി അതീവ പ്രധാനമായ ചുമതലകളാണ് ഭരണഘടന ധനകമ്മിഷന് നല്‍കുന്നത്. രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തികമായ അന്തരങ്ങള്‍ ഏറെയാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വളരെ അന്തരങ്ങളുണ്ട്. ഏറെ പാവപ്പെട്ടവരും സാമ്പത്തികശേഷിയുള്ളവരും ഉണ്ട്. ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ക്കകത്തുതന്നെ പ്രദേശങ്ങളുമുണ്ട്. പ്രകൃതിസമ്പത്തുകൊണ്ട് സമ്പന്നമായ സംസ്ഥാനങ്ങളും സമ്പത്ത് തീരെ കുറഞ്ഞ സംസ്ഥാനങ്ങളും പ്രദേശങ്ങളുമുണ്ട്. ഇതുസംബന്ധമായെല്ലാം സമഗ്രമായ പഠനം നടത്തി ഇന്ത്യയില്‍ പൊതുവായി ലഭിക്കുന്ന സമ്പത്ത് എത്രയെന്ന് കണക്കാക്കി, സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ധനം വിവിധ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് ധനകമ്മിഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം. ഇത് നിര്‍വഹിക്കുന്നതിന് ധനകമ്മിഷന്‍ തയ്യാറാകണമെന്നാണ് തിരുവനന്തപുരത്ത് നടന്ന കോണ്‍ക്ലേവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനം രാജ്യത്ത് ശക്തമാണ്. രാഷ്ട്രീയ വിവേചനത്തോടെ, നീതിരഹിതമായ തരത്തിലാണ് കേന്ദ്രം പണം വീതംവയ്ക്കുന്നത്. തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തുന്നു.
നികുതി ചുമത്താനുള്ള അധികാരങ്ങള്‍ കേന്ദ്രം കൈവശപ്പെടുത്തിയതോടുകൂടി സംസ്ഥാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതാവുന്ന സ്ഥിതിവിശേഷം ഉണ്ടായി. ജിഎസ്‌ടി നടപ്പിലാക്കിയതോടെ നികുതിവരുമാനം ഏതാണ്ട് പൂര്‍ണമായും കേന്ദ്രം കൈവശപ്പെടുത്തി. പെട്രോള്‍, മദ്യം പോലുള്ള ചില മേഖലകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് വീതംവയ്ക്കേണ്ടിവരുന്ന വരുമാനമേഖല പൂര്‍ണമായും തടയുന്നതിനായി സെസ്, സര്‍ചാര്‍ജ് എന്നീ പേരുകളില്‍ നികുതി ചുമത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വരുമാനം മുഴുവന്‍ തട്ടിയെടുക്കുന്ന സാഹചര്യമുണ്ടായി. സെസ്, സര്‍ചാര്‍ജ് എന്നീ പേരുകള്‍ ചുമത്തി ഈടാക്കുന്ന പണം സംസ്ഥാനങ്ങള്‍ക്കായി പങ്കുവയ്ക്കേണ്ട എന്നതാണ് കാരണം.
രാജ്യത്തിന്റെ പൊതു ചെലവിന്റെ 64.4ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്നതായി 15-ാം ധനകാര്യ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ 63ശതമാനവും കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നത്. സെസ്, സര്‍ചാര്‍ജ് എന്നീ ഇനത്തില്‍ കേന്ദ്രം ചുമത്തുന്ന നികുതി ഭീമമായ തോതില്‍ വര്‍ധിച്ചുവരുന്നതായും കാണാം. 2011-12 വര്‍ഷത്തില്‍ ആകെ നികുതിവരുമാനത്തില്‍ സെസ്, സര്‍ചാര്‍ജ് എന്നിവയിലൂടെ 9.4ശതമാനമാണ് ലഭിച്ചത്. 2022–23ല്‍ ആ വിഹിതം 22.8ശതമാനമായി കുത്തനെ ഉയര്‍ന്നു. സര്‍ചാര്‍ജിലൂടെ ഈടാക്കുന്ന വരുമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുവാന്‍ കേന്ദ്രം തയ്യാറാകുന്നുമില്ല.
ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അര്‍ഹതപ്പെട്ട പണവിഹിതം കുറച്ചുകൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. 10-ാം ധനകാര്യ കമ്മിഷന്‍ തീരുമാനപ്രകാരം മൊത്തം കേന്ദ്രനികുതിയുടെ 3.875 ശതമാനം ലഭിച്ചപ്പോള്‍ 15-ാം ധനകാര്യ കമ്മിഷന്‍ 1.92ശതമാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നികുതിവിഹിതം വര്‍ധിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 79ശതമാനവും കേരളംതന്നെയാണ് കണ്ടെത്തുന്നത്. 21ശതമാനം മാത്രമാണ് കേന്ദ്രം നല്‍കുന്നത്. തനത് വരുമാനം കണ്ടെത്തുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തിയിട്ടുള്ളത്. അന്തര്‍ സംസ്ഥാനങ്ങള്‍ക്ക് സേവനനികുതിയിനത്തിലും (ഐജിഎസ്‌ടി) കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നില്ല.
കേരളം ഒരു ഉപഭോക്ത സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സാധനങ്ങള്‍ കേരളം വാങ്ങിക്കുന്നുണ്ട്. ആയിനത്തില്‍ അര്‍ഹമായ നികുതിവരുമാനം സംസ്ഥാനത്തിന് ലഭിക്കാത്തകാര്യം കേന്ദ്രത്തിന്റെ മുമ്പില്‍ നിരവധി തവണ ചൂണ്ടിക്കാണിച്ചു. അതൊന്നും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വര്‍ധിപ്പിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 2020–21ല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം 47,000കോടി രൂപയായിരുന്നെങ്കില്‍ 2023–24ല്‍ 77,000കോടിയായി വര്‍ധിപ്പിക്കാന്‍കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ വലിയ നേട്ടമാണിത്. എന്നാല്‍ കേന്ദ്രം നല്‍കുന്ന നികുതിവിഹിതം ഗണ്യമായി കുറയുന്നതിനാല്‍ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വര്‍ധിച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതെ വരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സമീപനം കേരളം ഉള്‍പ്പെടെയുള്ള ബിജെപിയിതര സര്‍ക്കാരുകളെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് നടന്ന കോണ്‍ക്ലേവ്. അതിലെ നിര്‍ദേശങ്ങള്‍ ധനകാര്യ കമ്മിഷന്റെ മുമ്പില്‍ കേരളം സമര്‍പ്പിക്കും. 16-ാം ധനകാര്യ കമ്മിഷന്റെ മുമ്പില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ നടത്തിയ തയ്യാറെടുപ്പ് പ്രശംസനീയമാണ്. ഇതോടൊപ്പംതന്നെ ജനങ്ങളെയാകെ അണിനിരത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ജനകീയ ഇടപെടലുകളും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.