രാജ്യം ഇപ്പോൾ നേരിടുന്നത് കഴിഞ്ഞ ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയെന്ന് റിപ്പോർട്ട്. കുറഞ്ഞ കൽക്കരി ശേഖരവും റെക്കോഡ് ഉയരത്തിലെത്തിയ വൈദ്യുതി ഉപഭോഗവും കാരണമുണ്ടായ വൈദ്യുതി പ്രതിസന്ധി ദീർഘകാലം നീണ്ടുനിൽക്കുമെന്നും വിലയിരുത്തപ്പെടുന്നു. കുറഞ്ഞത് 38 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ് രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിലുണ്ടായിട്ടുള്ളത്.
കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് എയർ കണ്ടീഷനിങ് ഉപകരണങ്ങളുടെ ആവശ്യകത വർധിച്ചതും, വ്യാവസായിക മേഖലയിൽ കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതിന്റെ ഫലമായുള്ള തിരിച്ചുവരവും വൈദ്യുതി ആവശ്യം റെക്കോഡ് നിലവാരത്തിലേക്ക് ഉയരാനുള്ള പ്രധാന കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 മുതൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയത് വീടുകളിൽ പകൽസമയത്തുള്ള വൈദ്യുതി ഉപയോഗം വർധിക്കുന്നതിന് കാരണമായി. സൗരോർജ്ജ വിതരണം ഇല്ലാത്തതും എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടിയതും രാത്രിസമയങ്ങളിൽ വൈദ്യുതി വിതരണം ചെയ്യപ്പെടുന്നതിലും ഉപയോഗിക്കുന്നതിലും തമ്മിലുള്ള അന്തരം സാധാരണയിലുപരി വർധിക്കുന്നതിലേക്ക് വഴിതെളിച്ചു.
ഉല്പാദനം ക്രമാതീതമായി വർധിച്ചതിന്റെ ഫലമായി പല പവർ പ്ലാന്റുകളിലും ഇന്ധനം തീർന്ന സാഹചര്യമുണ്ടായി. സ്ഥാപനങ്ങളുടെ ശരാശരി കൽക്കരി സ്റ്റോക്ക് കുറഞ്ഞത് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ വര്‍ഷമുണ്ടായത്. ആഭ്യന്തര കൽക്കരി ഉല്പാദനത്തിന്റെ 80 ശതമാനത്തോളം നിര്‍വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ റെക്കോഡ് ഉല്പാദനം നടത്തിയിട്ടും, കോൾ ഇന്ത്യയ്ക്ക് ആവശ്യമായ ട്രെയിനുകൾ നൽകുന്നതില്‍ ഇന്ത്യൻ റയിൽവേയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം പവര്‍ പ്ലാന്റുകള്‍ക്ക് ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാക്കാനായില്ലെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് പേരെയാണ് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി ബാധിച്ചത്. പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതും വൈദ്യുതി ഇതര വ്യവസായങ്ങള്‍ക്കുള്ള കല്‍ക്കരി വിതരണം വെട്ടിക്കുറച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary:The country is facing the most serious power crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.