27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
June 23, 2024
May 31, 2024
May 28, 2024
May 19, 2024
May 2, 2024
April 19, 2024
March 20, 2024
March 12, 2024
March 9, 2024

രാജ്യത്തെ ജലസംഭരണികള്‍ വറ്റുന്നു; അവശേഷിക്കുന്നത് 31 ശതമാനം വെള്ളം

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2024 7:52 pm

കടുത്ത ചൂട് തുടരുന്നതിനിടെ രാജ്യത്തെ ജലസംഭരണികള്‍‍ വറ്റിവരളുന്നു. 150 പ്രധാന ജലസംഭരണികളില്‍ ആകെ ശേഷിയുടെ 31 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവിക്കുന്ന ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജലസംഭരണികളില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി സംഭരണശേഷിയുടെ താഴെമാത്രം ജലമാണുള്ളത്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തില്‍ തടാകങ്ങള്‍ ഇല്ലാതായതും കഴിഞ്ഞ വര്‍ഷകാലത്ത് മഴയുടെ ലഭ്യത കുറഞ്ഞതുമാണ് ബംഗളൂരു പോലുള്ള നഗരങ്ങളെ ഗുരുതരമായ കുടിവെള്ളക്ഷാമത്തിലേക്ക് തള്ളിവിട്ടത്. എല്‍ നിനോ പ്രതിഭാസമാണ് ഇന്ത്യയിലെ മഴ ലഭ്യത കുറച്ചത്. ഏഷ്യയിലുടനീളമുള്ള വരള്‍ച്ചയ്ക്കും ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന വരണ്ട കാലാവസ്ഥയ്ക്കും പുറമെയുണ്ടായ മഴക്കുറവ് പല പ്രദേശങ്ങളെയും ജലക്ഷാമത്തിലേക്ക് തള്ളിവിട്ടു. 

രാജ്യത്തെ 21 സംസ്ഥാനങ്ങള്‍ അസാധാരണമായ ജലക്ഷാമം നേരിടുന്നു. ഇവിടങ്ങളില്‍ മാര്‍ച്ചിന് ശേഷം മഴ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് മാസത്തിന് ശേഷം ലഭിക്കേണ്ട മഴയുടെ 18 ശതമാനത്തില്‍ താഴെമാത്രമാണ് രാജ്യത്ത് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ജല കമ്മിഷന്‍ (സിഡബ്ല്യുസി)യുടെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ ജലസംഭരണികളില്‍ അവശേഷിക്കുന്നത് 56.085 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) ജലമാണ്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന 67.575 ബിസിഎമ്മിനെക്കാള്‍ 17 ശതമാനം കുറവ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയായ 58.166 ബിസിഎമ്മിന്റെ 3.5 ശതമാനവും കുറവാണിത്. 

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ജലസംഭരണികളിലെ വരള്‍ച്ച രൂക്ഷമാക്കിയിരിക്കുകയാണ്. റാബി വിളവെടുപ്പിനെയും ഗുരുതരമായി ബാധിക്കുമെന്നാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. യുപി, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വേനല്‍വിളവെടുപ്പിനെയും ഇത് പ്രതികൂലമായി ബാധിക്കും. ദക്ഷിണ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികളില്‍ ആകെ ശേഷിയായ 53.334 ബിസിഎമ്മിന്റെ 17 ശതമാനമായ 9.316 ബിഎസിഎമ്മായാണ് കുറഞ്ഞത്. ഒരു വര്‍ഷത്തിന് മുമ്പ് ഇത് 30 ശതമാനമായിരുന്നു. 25 ശതമാനമാണ് 10 വര്‍ഷത്തെ ശരാശരി. 

Eng­lish Sum­ma­ry: The coun­try’s water reser­voirs are dry­ing up; The remain­ing 31 per­cent is water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.