28 April 2024, Sunday

നന്മയുടെ പ്രയാസങ്ങൾ

അജിത് കൊളാടി
വാക്ക്
August 26, 2023 4:45 am

ന്മയ്ക്കായി നിലകൊള്ളുക എന്നത് ഭഗീരഥപ്രയത്നമാണ്. ഒരു തിന്മയ്ക്കെതിരെ പോരാടി, അതിനെ പരാജയപ്പെടുത്തുമ്പോൾ വേറെ രണ്ട് തിന്മകൾ തലപൊക്കുന്നു. അശുഭചിന്തകളും ഏതാണ്ടിതു പോലെയാണ്. ഒരാൾ നിരുത്സാഹപ്പെടുത്തുന്ന മനുഷ്യ വിദ്വേഷപരമായ ഒരു വാദത്തിനു പകരം രണ്ടെണ്ണം പ്രത്യക്ഷപ്പെടും. എപ്പോഴും മനുഷ്യന്റെ സഹചാരിയാണ് തിന്മകളോടുള്ള പ്രതിപത്തി. മനുഷ്യന്റെ നിതാന്ത ശത്രുക്കളായ കാമം, മോഹം, ലോഭം, ദേഷ്യം, സ്വാർത്ഥത, അഹങ്കാരം, സ്ഥാനങ്ങളോടുള്ള മമത തുടങ്ങിയവയെല്ലാം തിന്മയെ പരിപോഷിപ്പിക്കുന്നു. മനുഷ്യനന്മയ്ക്കു വേണ്ടി നിലകൊള്ളുകയെന്നതിന്റെ മറ്റൊരർത്ഥം അധികാരശക്തികൾക്കെതിരെ നിലകൊള്ളുകയെന്നതാണ്. മനുഷ്യ നന്മക്കു വേണ്ടി നിലകൊള്ളുക എന്നതിന്റെ മൂന്നാമത്തെ അര്‍ത്ഥം അധിക്ഷേപത്തിന്റെ കൊടുങ്കാറ്റിനെ നേരിടുക എന്നതാണ്. സത്യം പറയുന്നവരെ ലോകം പമ്പരവിഡ്ഢി എന്നു വിളിക്കും. വ്യക്തിപരമായി നിഷ്ഠൂരം അധിക്ഷേപിക്കും, തേജോവധം ചെയ്യും. സത്യം പറയുന്നയാളിന്റെ യുക്തിയിലെ ഏതൊരു ദൗർബല്യത്തെയും ക്രൂരമായി അവർ വിവസ്ത്രമാക്കും.
ഇന്നത്തെ ലോകത്തിൽ ഒരു ദോഷൈകദൃക്കാവുന്നതാണ് എളുപ്പം. സമൂഹത്തിൽ ബഹുഭൂരിഭാഗവും മറ്റുള്ളവരുടെ ദോഷം കാണാൻ മാത്രം കണ്ണ് തുറന്നുവയ്ക്കുന്നവരാണല്ലോ. പണ്ട് ധർമ്മപുത്രരെ സ്വർഗത്തിലേക്ക് ആനയിക്കാൻ വന്ന ദൈവദൂതൻ അദ്ദേഹത്തോട് ചോദിച്ചത്, ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് എന്നാണ്. അതിന് യുധിഷ്ഠിരന്റെ മറുപടി, ‘ഈ പ്രപഞ്ചത്തിൽ സർവതും നശിച്ചുകൊണ്ടിരിക്കുമ്പോൾ, മനുഷ്യൻ മാത്രം കരുതുന്നു അവന് മരണമില്ല എന്ന്. രണ്ടാമത്തെ അത്ഭുതം മനുഷ്യൻ അടിസ്ഥാനപരമായി ദോഷൈകദൃക്കാണ് എന്നതാണ്’.


ഇതുകൂടി വായിക്കൂ:  ശാസ്ത്രം സത്യം; കെട്ടുകഥ മിഥ്യ


ദോഷൈകദൃക്കായ ഒരാൾക്ക് താൻ ആഗ്രഹിക്കുന്ന എന്തും പ്രവചിക്കാനാവും. ഇനി തന്റെ പ്രവചനങ്ങൾ സത്യമായി ഭവിച്ചില്ലെങ്കിൽ, അയാൾ പറയും കാത്തിരിക്കൂ എന്ന്. അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യും. മനുഷ്യൻ ഒരു കാലത്തും മാലാഖയായിരുന്നില്ല. അസൂയയും ദേഷ്യവും വെറുപ്പുമെല്ലാം വലിയ ദുരന്തം വിതച്ച പ്രാചീന വികാരങ്ങളാണ്. ആദർശവാദികളായവരെ ലോകം ജീവിക്കാൻ അറിയാത്തവൻ എന്ന് തള്ളിക്കളയും. ആത്മവിശ്വാസമാണ് അവരുടെ ഏറ്റവും വലിയ കൈമുതൽ. അതുള്ളപ്പോഴാണ് അഭിപ്രായങ്ങൾ അസന്ദിഗ്ധമായി പ്രകടിപ്പിക്കാൻ സാധിക്കുക. ആത്മവിശ്വാസവും ആശയദൃഢതയും മനുഷ്യനെ തലയുയർത്തി നിൽക്കാൻ സഹായിക്കും.
വട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഉറുമ്പുകൾ എങ്ങിനെയാണ് അതിൽ പെട്ടുപോകുന്നതെന്ന കാര്യം ഓർത്തു നോക്കൂ. ഉറുമ്പുകൾ ഓരോന്നും മറ്റ് ഉറുമ്പുകളുടെ ഫെറോമോൺ ശ്രേണി പിന്തുടരാൻ പ്രോഗ്രാം ചെയ്യപ്പെട്ടവരാണ്. അതുകൊണ്ടാണ് അവ കൃത്യമായി, നിരനിരയായി നീങ്ങുന്നത്. എന്നാൽ ചിലപ്പോഴെല്ലാം ഒരു സംഘം വഴിതെറ്റുന്നതും ഒരേ വൃത്തത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നതും കാണാം. ആയിരക്കണക്കിനു ഉറുമ്പുകൾ ഏതാനും അടി വിസ്തൃതിയിലുള്ള വൃത്തത്തിൽപ്പെടും. അന്ധമായി കറങ്ങി, ക്ഷീണവും പട്ടിണിയും കാരണം ചത്തുവീഴും. പലപ്പോഴും കുടുംബങ്ങളും സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും ഇത്തരം വളയങ്ങളിൽ കുടുങ്ങിപ്പോവും. ഓരോരുത്തരും മറ്റുള്ളവരെ കുറിച്ച് ഏറ്റവും മോശമായി കരുതി ഇങ്ങനെ വട്ടം കറങ്ങിക്കൊണ്ടിരിക്കും. ആരും തന്നെ അതിനെ ചെറുക്കാൻ ശ്രമിക്കില്ല. അങ്ങനെ സ്വന്തം പതനത്തിലേക്ക് അവർ മാർച്ച് ചെയ്യും.


ഇതുകൂടി വായിക്കൂ: ചരിത്രസത്യം മറച്ചുവയ്ക്കാനാവില്ല


ആധുനിക ജനാധിപത്യത്തിൽ ലജ്ജാരാഹിത്യം ഏറെ ഗുണകരമായി മാറിയിരിക്കുന്നു. ലജ്ജ പേരിനുപോലും ഇല്ലാത്ത രാഷ്ട്രീയ, സാമൂഹ്യ, മത, സാംസ്കാരിക പ്രവർത്തകർക്ക് മറ്റുള്ളവർക്ക് ചെയ്യാനാവാത്ത കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒരു നുണ പറയുമ്പോൾ പിടിക്കപ്പെട്ടാൽ യാതൊരു ഇളക്കവും കൂടാതെ വീണ്ടും നുണപറയുന്ന ശീലം വളരും. ഈ ലോകത്ത് ലജ്ജാരഹിതരുടെ അതിജീവനമാണ് നടക്കുന്നത്. അല്ലെങ്കിലും സത്യാനന്തര കാലമാണല്ലോ ഇത്. ചരിത്രാതീതകാലം മുതൽക്കു തന്നെ അറിയാവുന്ന കാര്യമാണ് അധികാരം മനുഷ്യനെ അഴിമതിക്കാരാക്കും എന്ന്. സഹസ്രാബ്ദങ്ങൾക്കു മുമ്പ് തന്നെ കരുത്തുറ്റവരെ സ്ഥാനഭ്രഷ്ടരാക്കുക ഏറെ വിഷമകരമായിരുന്നു. ഭരണാധികാരികൾ സൈന്യങ്ങൾക്കുമേലുള്ള, മറ്റ് ഭരണകൂട സ്ഥാപനങ്ങളിലുള്ള നിയന്ത്രണം നേടിയതോടെ ലക്ഷ്യത്തിൽ കൊള്ളുന്ന ചെറിയ ശരങ്ങൾ പോരാതെ വന്നു. കംസൻ, ജരാസന്ധൻ, ദുര്യോധനൻ, അലക്സാണ്ടർ, ചെങ്കിസ് ഖാൻ, ഹിറ്റ്ലർ, മുസോളിനി, പോൾപോട്ട്, സ്റ്റാലിൻ തുടങ്ങിയ രാജാക്കന്മാർ, സൈന്യാധിപന്മാർ, ഏകാധിപതികൾ എന്തിനേറെപ്പറയുന്നു ജനാധിപത്യത്തിലെ അധിപന്മാരടക്കം തങ്ങളെ സ്ഥാനഭ്രഷ്ടരാക്കാൻ അനുവദിക്കാതിരുന്ന ദൃഷ്ടാന്തങ്ങൾ അനവധി.
മാക്കെവെല്ലിയുടെ “പ്രിൻസ്” അധികാരതന്ത്രങ്ങളെക്കുറിച്ചും, വഞ്ചനയെക്കുറിച്ചും, അധികാരം നിലനിർത്തുന്നതിനെ കുറിച്ചും, പ്രതികരണരാഹിത്യത്തെ കുറിച്ചും മറ്റും പറയുന്നുണ്ട്. മാന്യതയുടെ ആദ്യത്തെ നിയമം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിലനിർത്തുക എന്നതാണ്. ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ജനാധിപത്യ രീതിയിലുള്ള സംവാദങ്ങൾ ഇല്ല. ഇന്ത്യയിലാകട്ടെ അധികാരികള്‍ സ്വയം കുറ്റമറ്റ വ്യക്തിത്വങ്ങളായി കണക്കാക്കുന്നു. പണ്ടും ഈ മനോഭാവം ഉണ്ടായിരുന്നു. യുധിഷ്ഠിരനും അർജുനനും രാമനും കൃഷ്ണനും ചതി ചെയ്തിട്ടുണ്ട്. എന്നിട്ടും അവർ കുറ്റമറ്റ വ്യക്തിത്വങ്ങളായി പരിഗണിക്കപ്പെടുന്നു. മറുഭാഗത്ത് ബാലിയും സീതയും രാമനെ ചോദ്യം ചെയ്തിട്ടുണ്ട്. ഗാന്ധാരിയും ദുര്യോധനനും ധർമ്മപുത്രരും ശ്രീകൃഷ്ണനെ ചോദ്യം ചെയ്തിട്ടുണ്ട്. ധർമ്മമെന്തെന്ന പാഞ്ചാലിയുടെ ചോദ്യത്തിനു മുന്നിൽ ഭീഷ്മരും ദ്രോണരും വിദുരരും ധൃതരാഷ്ട്രരും പാണ്ഡവരും ഉത്തരം നൽകാനാകാതെ തലകുനിഞ്ഞിരുന്നിട്ടുണ്ട്. അവിടെ ചോദ്യം ചെയ്യലുണ്ടായിരുന്നു. ഇന്ന് അതില്ല. ഇന്ന് ഭരണാധികാരികളെ വിമർശിച്ചാൽ, അവരും അനുയായികളും ആശ്രിതവത്സരും പ്രകോപിതരാകും. പ്രാദേശികവാദക്കാരും മതമൗലികവാദികളും സടകുടഞ്ഞെഴുനേൽക്കും. അഭിപ്രായ സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും പാടില്ല എന്ന സ്ഥിതിയാണ് എവിടെയും.


ഇതുകൂടി വായിക്കൂ:  ശാസ്ത്രവും മതവും


രാജ്യത്ത് ഭയം നിലനിൽക്കുന്നു. ഭയം ജീവന്റെ പ്രവർത്തനങ്ങളെയെല്ലാം സ്തംഭിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്ന ജൈവാവസ്ഥയാണ്. ഭയമുള്ളപ്പോൾ നമ്മൾ ദുർബലരാകും. ദുര്യോധനന്റെ അധികാരവും ദുര്യോധനനോടുള്ള ഭയവും അദ്ദേഹത്തിന്റെ സ്തുതിപാoകരും കുരുവംശത്തെ നശിപ്പിച്ചു. സ്വയം അപ്രമാദിത്വം കല്പിക്കുന്ന അധികാരികൾ സ്തുതിപാഠകരെ മാത്രം കാണുന്നു, കേൾക്കുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടായിരിക്കരുത് എന്ന നിർബന്ധമുള്ള ഒരു ജനതയായി നാം മാറി. നുണ പറയുക എന്നത് ജീവിതത്തിന്റെ പരമമായ ഒരു തന്ത്രമായി നാം വളർത്തിയെടുത്തു. ഇത് രാഷ്ട്രത്തെ നശിപ്പിക്കുന്നു. മൂല്യങ്ങളെല്ലാം പണത്തിൽ വിലയം പ്രാപിച്ചു. അത്തരമൊരവസ്ഥയിൽ പണത്തിനു വേണ്ടിയുള്ള ഏത് പ്രവർത്തനവും ന്യായീകരിക്കപ്പെടുന്നു. ലാളിത്യത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന ജനത അധികരിക്കുന്നു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പ്രകടനാത്മകവും ആഘോഷ പൂർണവുമായി തീരുന്ന ഇക്കാലത്ത് ആചാരങ്ങൾക്ക് പ്രാധാന്യം വരുന്നു. അതിന് സർഗാത്മകതയുടെ ആവശ്യമില്ല. സത്യം അബദ്ധമാണെന്ന് പറയുകയും സത്യം പറയുന്നവരെ ക്രൂരമായി ദ്രോഹിക്കുകയും ചെയ്യുന്ന ഏകാധിപതികളും ഫാസിസ്റ്റുകളും അധികാരത്തിലുള്ളപ്പോൾ നന്മ വിടരില്ലല്ലോ.
ജോർജ് ഓർവെൽ പറഞ്ഞു: ‘സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ആളുകൾ കേൾക്കുവാനിഷ്ടപ്പെടാത്ത കാര്യങ്ങൾ അവരോട് പറയുന്നതിനുള്ള അവകാശമാകുന്നു’. ഇന്ന് ഈ സാഹചര്യം നിലവിലില്ല. അറിവുണ്ട് എന്ന് സ്വയം കരുതുന്നവർ അഹന്തയുടെ പ്രതീകമാകുന്നു. മനുഷ്യനെ മനസിലാക്കാനുള്ള അറിവില്ല. അറിവുള്ളവനാണ്, അനുകമ്പയുള്ളവനാണ്, അപരനെ സ്നേഹിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ എന്ന് ഗുരുവര്യന്മാർ പറഞ്ഞിട്ടുണ്ട്. ആ അറിവാണ് അലിവായി ഈ കാലഘട്ടത്തിന്റെ സാമൂഹിക വരൾച്ചക്ക് മീതെ കാലവർഷമായി പെയ്തിറങ്ങേണ്ടത്. ബൈബിളിൽ പറയുന്നതുപോലെ ‘തിന്മ വിജയിക്കുന്നത് തിന്മയുടെ ശക്തി കൊണ്ടല്ല, മറിച്ച് നന്മ മൗനം പാലിക്കുന്നതുകൊണ്ടാണ്’. മൗനം വെടിയണം. ആശയ പോരാട്ടം കൊണ്ട് നന്മയെ വിജയിപ്പിക്കാൻ ഏത് ഇരുണ്ടകാലത്തും മനുഷ്യനു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.