November 28, 2023 Tuesday

സംഘാടക സാമര്‍ത്ഥ്യവും എഴുത്തും സമന്വയിച്ച കമ്മ്യൂണിസ്റ്റ്

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
September 22, 2023 4:15 am

ഒഎന്‍വി എഴുതി:
“പഥിക നീ പാടുന്നപോലെ!
തെളിയുന്നൂ പാട്ടില്‍
പ്രഭാത പ്രതീക്ഷതന്‍
ഒളിമിന്നല്‍! നീയടുത്തുണ്ടോ?
പടിയിറങ്ങി നി-
ന്നുടല്‍ മാത്രം! അല്ലെങ്കില്‍
നിന്‍ പാട്ടെങ്ങുപോവാന്‍!”
യുവി എന്ന് വിളിക്കാന്‍,

തമാശ പറയാന്‍ ഇനി സഖാവ് യു വിക്രമനില്ല. കവി പാടിയതുപോലെ ആ പ്രിയ സഖാവ് ഇപ്പോഴും അടുത്തുണ്ടെന്നും പടിയിറങ്ങിയത് ഉടല്‍ മാത്രമാണെന്നും വിശ്വസിക്കാനാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുന്നത്. സെപ്റ്റംബര്‍ 18ന് വെളിയം ദിനത്തില്‍ പോലും ഇപ്പോള്‍ പാര്‍ട്ടി ആസ്ഥാനം കൂടിയായി പ്രവര്‍ത്തിക്കുന്ന പിഎസ് സ്മാരകത്തില്‍ വച്ച് ഒട്ടേറെ പഴയകാല കഥകള്‍ പറഞ്ഞു, തമാശകള്‍ പൊട്ടിച്ചു, നിഷ്കളങ്കമായ ചിരിമാലകൊളുത്തി. എന്നിട്ട് ഇത്രവേഗത്തില്‍ കറുത്ത പ്രഭാതം യുവിയുടെ ജീവന്‍ കവര്‍ന്നെടുത്തുവോ?
‘മരണം രംഗബോധമില്ലാത്ത ഒരു കോമാളി‘യാണെന്ന് എംടി ‘മഞ്ഞ്’ എന്ന ലഘുനോവലില്‍ കുറിച്ചത് ഒരിക്കല്‍ക്കൂടി കാലം തെളിയിച്ചു. മരണദൂതന്‍ ഹൃദയസ്തംഭനത്തിന്റെ രൂപത്തില്‍ വന്ന് ആ കമ്മ്യൂണിസ്റ്റിനെ കവര്‍ന്നെടുത്തു.


ഇതുകൂടി വായിക്കൂ; സമ്പൂര്‍ണ രാഷ്ട്രീയപ്രവര്‍ത്തകന്‍


പ്രഥമ കേരള നിയമസഭാ സ്പീക്കര്‍ ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ അനന്തരവനും എണ്ണക്കാട് രാജകുടുംബാംഗമായ മഹിളാസംഘം നേതാവ് രാധാമണി തങ്കച്ചിയുടെയും പ്രഭാഷകനും എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക പ്രതിഭയുമായിരുന്ന സ. സി ഉണ്ണിരാജയുടെയും പുത്രനുമായ യു വിക്രമന് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തന്നെയായിരുന്നു മുന്നിലെ പാത. ബാലവേദിയിലൂടെയും വിദ്യാര്‍ത്ഥി ഫെഡറേഷന്‍‍ പ്രവര്‍ത്തനത്തിലൂടെയുമാണ് യു വിക്രമന്‍ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഐഎസ്എഫ് പ്രവര്‍ത്തകനായ അദ്ദേഹം ക്രമേണ നഗരത്തിലെയും ജില്ലയിലെയും പ്രമുഖ നേതാവായി വളര്‍ന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ എല്ലാ പ്രതിബന്ധങ്ങളെയും എതിരാളികളുടെ വെല്ലുവിളികളെയും അതിജീവിച്ച് കലാലയത്തില്‍ എഐഎസ്എഫിനെ സുസംഘടിത ശക്തിയാക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചു. എഐഎസ്എഫ് സിറ്റി കമ്മിറ്റി സെക്രട്ടറിയായും ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനെ ജില്ലയിലെ മുന്‍നിര പ്രസ്ഥാനമാക്കി മാറ്റി.
വിദ്യാഭ്യാസ വരേണ്യ–വാണിജ്യവല്‍ക്കരണത്തിനെതിരായും വിദ്യാര്‍ത്ഥികളുടെ അവകാശ സമ്പാദനത്തിനും വേണ്ടി നടന്ന പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു. നിരവധിതവണ പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങള്‍ ഇളമുറക്കാരോട് പഴയ സമരസാഹസികതകളുടെ കൂട്ടത്തില്‍‍ പറയുമായിരുന്നു; കൂടുതല്‍ അടി എന്നും വിക്രമനാണ്. ഉയരക്കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ട് പൊലീസുകാര്‍ക്ക് പണി എളുപ്പമാവും’. പ്രക്ഷോഭ ഭൂമികളിലെ ധീരോജ്വലതയുടെ അടയാളമായിരുന്നു അദ്ദേഹം എന്നവര്‍ അനുസ്മരിക്കും. അക്കാലത്തെ വിദ്യാര്‍ത്ഥി ഫെഡറേഷനിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ നേരത്തെ പോയി. മറ്റുള്ളവര്‍ മൗനസങ്കടക്കാറ്റായി ഭൗതിക ശരീരത്തിനു മുന്നില്‍ നിന്നു. ആ സഹപ്രവര്‍ത്തകരുടെ പേരുകള്‍ പലതും എന്റെ മനസില്‍ മിന്നുന്നുവെങ്കിലും വിസ്തരഭയത്താല്‍ കുറിക്കുന്നില്ല.


ഇതുകൂടി വായിക്കൂ; ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി


വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചതിന്റെ പേരില്‍ പലതവണ അദ്ദേഹം കാരാഗൃഹവാസത്തിനും വിധേയനായി. എഐഎസ്എഫ് ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയുന്നത്. എന്നിട്ടും റിപ്പോര്‍ട്ട് പൂര്‍ണമാക്കിയിട്ടേ അദ്ദേഹം വസതിയിലേക്ക് പോയുള്ളുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും യുവിയുടെ ഹൃദയമുദ്രകളാണെന്ന് ഞാന്‍ ബാലവേദി ഭാരവാഹിയായിരിക്കുമ്പോഴേ തിരിച്ചറിഞ്ഞിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിറ്റി കമ്മിറ്റി അംഗമായും സെക്രട്ടേറിയറ്റംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതില്‍ ആത്മസമര്‍പ്പണം ചെയ്തു. തിരുവനന്തപുരം നഗരവികസനത്തിനായി നടന്ന പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളില്‍ യു വിക്രമന്റെ പങ്ക് ശ്ലാഘനീയമായിരുന്നു.
വിദ്യാഭ്യാസാനന്തരം പത്രപ്രവര്‍ത്തന മേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ജനയുഗം തിരുവനന്തപുരം ലേഖകനായാണ് തുടങ്ങിയത്. രാഷ്ട്രീയ സാമൂഹ്യ കേരളത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ വാര്‍ത്തകള്‍ പുറംലോകത്തെയറിയിച്ചു. ഒടുവില്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായി വിരമിച്ചു. പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ മഹാഭൂരിപക്ഷത്തിനും അദ്ദേഹം വിക്രമനണ്ണനായിരുന്നു. മറ്റുള്ളവര്‍ക്ക് വിക്രമനും. തന്റെ സംഘടനാബോധം അദ്ദേഹം ആ മേഖലയിലും പ്രകടമാക്കി. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനും മുന്‍നിരക്കാരനായിരുന്നു. നവയുഗം പത്രാധിപസമിതി അംഗമായിരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് എല്ലാ വിഷയങ്ങളും വിധേയമായിരുന്നു. സൂക്ഷ്മദൃഷ്ടിയോടെ സാമൂഹിക‑രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന പത്രപ്രവര്‍ത്തന മികവുണ്ടായിരുന്നു.
സൗഹൃദങ്ങളുടെ വിശാലമായ നിരയുണ്ടായിരുന്നു അദ്ദേഹത്തിന്. സൗഹൃദങ്ങള്‍ക്ക് പ്രായഭേദമുണ്ടായിരുന്നില്ല. ഞങ്ങളെപ്പോലുള്ള ഇളംമുറക്കാരോട് എല്ലാ ‘സീനിയോറിറ്റി‘കളും മാറ്റിവച്ച് അദ്ദേഹം സംസാരിച്ചു. കലഹങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. കലഹങ്ങളും പരിഭവങ്ങളും നിമിഷങ്ങള്‍കൊണ്ട് അലിഞ്ഞുതീരും. പിന്നെ അഗാധമായ സ്നേഹം. പാര്‍ട്ടിയോട് പരിഭവിച്ച ഇടവേളക്കാലത്തും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോടും സഹപ്രവര്‍ത്തകരോടുമുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു. 1991ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സീതാവിക്രമന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴാണ് എഐഎസ്എഫ് പ്രവര്‍ത്തകനായ ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നത്.


ഇതുകൂടി വായിക്കൂ;  കേരള ചരിത്രം മാറ്റിയെഴുതിയ ‘സഖാവ്’


ഉണ്ണിരാജ സഖാവിന്റെ അവസാനനാളുകളില്‍ ഇലിപ്പോടുള്ള വസതിയില്‍ ലേഖനം എഴുതിയെടുക്കാന്‍ ചെല്ലുമ്പോള്‍ വിക്രമനണ്ണനും സീതചേച്ചിയും വരവേല്‍ക്കും. അന്ന് ഒരല്പം നീരസത്തിലായിരുന്നു പാര്‍ട്ടിയോട്. എന്നാല്‍ സംസാരത്തിനിടയില്‍ ഗദ്ഗദകണ്ഠനായി പറയും ഞാന്‍ എന്നും സിപിഐക്കാരനാണ്. അത് ജീവിതംകൊണ്ട് യുവി എന്ന വിക്രമനണ്ണന്‍ തെളിയിച്ചു. വ്യക്തിപരമായ അനുഭവങ്ങള്‍ വികാരനിര്‍ഭരമായ ഈ അവസരത്തില്‍ ഞാന്‍ വിവരിക്കുന്നില്ല. സ്നേഹവും വാത്സല്യവും എനിക്കും എന്റെ സഹധര്‍മ്മിണിക്കും പകര്‍ന്നുതന്നു. അനുഭവിച്ച എത്രയെത്ര പേര്‍… മരണത്തലേന്നും കെ ദേവകിയെ വിളിച്ചു, തമാശകള്‍ പൊട്ടിച്ചു. ഉറക്കം വിട്ടെഴുന്നേറ്റപ്പോള്‍ വിങ്ങിപ്പൊട്ടി ദേവകി പറഞ്ഞത് മരണവാര്‍ത്ത. ജീവിതം ക്ഷണികമാണ്. പക്ഷെ ഇത്രമേല്‍ ക്ഷണികമാകാന്‍ പാടില്ല.
‘കണ്ണേ മടങ്ങുക’ എന്ന് നിശബ്ദം നിന്ന ജനസഞ്ചയം മന്ത്രിച്ചിരിക്കാം. ചാരമായി മാറുമ്പോഴും യു വിക്രമന്റെ വാക്കുകള്‍ ശേഷിക്കും. സ്മരണകള്‍ ജ്വലിച്ചുകൊണ്ടേയിരിക്കും. വിട, യുവിക്ക്, ഞങ്ങളുടെ വിക്രമനണ്ണന്… ആ സ്മരണകള്‍ എന്നുമെന്നും ജ്വലിക്കുന്നു. കണ്ണുനീര്‍ പ്രവാഹത്തോടെ പ്രമാണക്കുറിപ്പിന് അടിവരയിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.