18 December 2024, Wednesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിലടയ്ക്കപ്പെടരുത്

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
April 28, 2024 4:45 am

ജൂൺ നാല് വരെയുള്ള നീണ്ട കാത്തിരിപ്പുണ്ടെങ്കിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ആത്മവിശ്വാസം പകരുന്ന വോട്ടവകാശ വിനിയോഗമാണ് 26ന് നടന്നത്. മഹാഭൂരിപക്ഷം വോട്ടര്‍മാരും എൽഡിഎഫിന് കരുത്തുപകർന്നുകൊണ്ട് അണിനിരന്ന ചിത്രമാണ് സംസ്ഥാനം കണ്ടത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തെ ഏറെ ഭയന്ന ആർഎസ്എസ് നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡി തനിക്കുണ്ടാകാൻ പോകുന്ന തിരിച്ചടി ഭയന്നാണ് പച്ചയായ വർഗീയ കാർഡ് ആവർത്തിച്ചുപയോഗിച്ചത്. രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു തെരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ നാവിൽ നിന്നും തരംതാണതും ഹിന്ദുത്വ വർഗീയതയുടെ വിഷം ചീറ്റുന്നതുമായ പദപ്രയോഗങ്ങളുണ്ടായത്. ഇന്ത്യയിലെ മുസ്ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നതിൽ മാത്രം താല്പര്യമുള്ളവരുമാണ് എന്നു പറയാൻ ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ കഴിയുന്നു. ആർഎസ്എസുകാർ ഹിന്ദുത്വ വർഗീയത പടർത്താൻ ഉപയോഗിക്കുന്ന ഈ പദപ്രയോഗങ്ങൾ പരസ്യമായി പറഞ്ഞ പ്രധാനമന്ത്രി ഹിന്ദു സ്ത്രീകളോട് ‘നിങ്ങളുടെ താലിമാലവരെ അവർ കൊണ്ടുപോകും’ സൂക്ഷിച്ചോ എന്നും ജാഗ്രതപ്പെടുത്തി.

ഇതിനെതിരെ നിരവധി പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ സമർപ്പിച്ചു. അതിനുശേഷവും പല യോഗങ്ങളിലും ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ട് നരേന്ദ്ര മോഡി ഈ മുസ്ലിം വിരുദ്ധ പ്രസംഗം ആവർത്തിച്ചുവെന്നു മാത്രമല്ല ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായത്തെ ഒബിസി പട്ടികയില്‍ ഉൾപ്പെടുത്തിയതിനെയും മോഡി എന്ന ആർഎസ്എസുകാരൻ പരസ്യമായി എതിർത്തു. എന്നിട്ടും മോഡിയെ ഭയന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഏതാനും ദിവസങ്ങൾ വത്മീകത്തിലുറങ്ങി. ദിവസങ്ങൾ നീണ്ട നിദ്രയ്ക്കുശേഷം ഉണർന്ന കമ്മിഷൻ മുട്ടുവിറച്ച് ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയോട് മോഡിയുടെ പ്രസംഗത്തെക്കുറിച്ചുള്ള വിശദീകരണം ചോദിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഒരു അപ്രസക്ത പ്രസംഗം വച്ചുകൊണ്ട് സമാനമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ‘ഞങ്ങൾക്ക് നീതിയും നിഷ്പക്ഷതയും ഉറപ്പാക്കാൻ കഴിയുന്നില്ലാ‘യെന്ന് തുറന്നുപറയുന്നതായിരുന്നു ഇതിനെക്കാൾ ഭംഗി.


ഇതുകൂടി വായിക്കൂ:  മോഡിയുടെ ഗ്യാരന്റി ‍ജനം വിശ്വസിക്കുമോ


നാനാത്വത്തിലെ ഏകത്വം എന്ന ഭാരതീയ സംസ്കൃതിയെ അംഗീകരിക്കാത്ത ആർഎസ്എസ് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിച്ചുകൊണ്ട് ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിടുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ തന്നെ അതിന്റെ പ്രചാരകനാവുകയും ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണമുറപ്പാക്കുന്ന ഭരണഘടനയ്ക്കെതിരായ നിലപാട് പരസ്യമായി പറയുകയും ചെയ്താലോ? മുമ്പ് ഉന്നത നീതിപീഠം സിബിഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയെ ‘കൂട്ടിലടച്ച തത്ത’യെന്നു വിശേഷിപ്പിച്ചു. ഇപ്പോൾ കേന്ദ്ര ഏജൻസികളായ കൂട്ടിലടച്ച തത്തകളുടെ എണ്ണം കൂടുകയും ‘തെരഞ്ഞെടുപ്പ് കമ്മിഷൻ’ പോലും കൂട്ടിലടച്ച തത്തയായി മാറുകയും ചെയ്യുന്നു.

മതവിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് സംവിധാനവും എന്തടിസ്ഥാനത്തിലാണ് പ്രസംഗിച്ചവരുടെ രാഷ്ട്രീയ നേതൃത്വത്തിന് നോട്ടീസ് കൊടുക്കുന്നത്. ഏതു നിയമവും ചട്ടവുമാണ് വിദ്വേഷ പ്രസംഗം നടത്തിയവരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കാൻ നിർദേശിച്ചിട്ടുള്ളത്. ഇതിനെല്ലാം കമ്മിഷൻ ജനങ്ങളോട് വിശദീകരണം നൽകേണ്ടതായിട്ടുണ്ട്. വിദ്വേഷ പ്രസംഗകനോട് വിശദീകരണം ചോദിക്കാതെ രാഷ്ട്രീയ നേതൃത്വത്തോട് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയപ്പോൾ കമ്മിഷൻ സ്വയം ദുർബലന്റെയോ കളങ്കിതന്റെയോ കുപ്പായമാണ് അണിയുന്നത്. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ ദുരവസ്ഥ. നിഷ്പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത നിലപാട് തികച്ചും പ്രതിഷേധാർഹമാണ്. കമ്മിഷൻ അംഗങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാൻ സ്വയം അവസരമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ചെയ്തത്.
എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി തീവ്ര ഹിന്ദുത്വ കാർഡ് എടുക്കേണ്ടി വന്നു എന്നതും ചിന്തനീയമാണ്. സാധാരണ ഗതിയിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും അതിന്റെ ഉദ്ഘാടനവും തന്നെ ആർഎസ്എസ്­ ഹിന്ദു വോട്ടുകളുടെ പിന്തുണയ്ക്കു വേണ്ടി പ്രചാരണായുധമാക്കുന്നുണ്ട്. അതുകൊണ്ടും പ്രതീക്ഷയില്ലാത്ത സംഘ്പരിവാർ ശക്തികൾ കുറച്ചുകൂടി തീവ്രമായ നിലപാടെടുത്തേ മതിയാകൂ എന്ന് നിരീക്ഷിച്ചിട്ടുണ്ടാകണം. അതിനാണ് മുസ്ലിം വിരുദ്ധതയുടെ കാർഡ് ഇറക്കാൻ പ്രധാനമന്ത്രിയുടെ പദവിയിലിരിക്കുന്ന ആർഎസ്എസുകാരനെത്തന്നെ നിയോഗിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും ഒരു സീറ്റും ബിജെപിക്ക് കിട്ടുകയില്ലെന്ന് നല്ലതുപോലെ മനസിലാക്കിയിട്ടുള്ള ആർഎസ്എസ് പുതിയ കരുനീക്കങ്ങൾ ആലോചിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  കേരളത്തെ അപമാനിക്കാന്‍ മോഡിച്ചിത്ര പരസ്യം


വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ മണിപ്പൂർ വംശീയ കലാപം ബിജെപിയെ ചെറിയതോതിലല്ല തിരിഞ്ഞു കൊത്തിയത്. സപ്ത സംസ്ഥാനങ്ങള്‍ ബിജെപിയെ കയ്യൊഴിയുമെന്ന് സുവ്യക്തമാണ്. ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള സംഭവവികാസങ്ങളും ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് അപ്രതീക്ഷിത ആഘാതമായിരിക്കും ഏല്പിക്കുക.
അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവരാണ് കോൺഗ്രസെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും അവര്‍ നില മെച്ചപ്പെടുത്താനുള്ള സാധ്യതയാണുള്ളത്. ഉത്തർപ്രദേശും ഗുജറാത്തും മഹാരാഷ്ട്രയിൽ നിന്നുള്ള ഏതാനും സീറ്റുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന സ്ഥിതിയായിരിക്കും ബിജെപിക്കുണ്ടാവുക. 400 സീറ്റുകൾ സ്വപ്നം കണ്ട് വിളംബരം ചെയ്ത പ്രധാനമന്ത്രി വാരാണസിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വന്നാൽ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ട സ്ഥിതിയിലെത്തിയാലും അതിശയം വേണ്ട. പക്ഷെ ഇന്ത്യൻ ജനാധിപത്യത്തെ എന്നും വിലക്കെടുത്തിട്ടുള്ള ബിജെപി തെരഞ്ഞെടുപ്പിനു ശേഷം ഏറ്റവും കൂടുതൽ സീറ്റു നേടുന്ന ഒറ്റകക്ഷിയായി രംഗപ്രവേശം ചെയ്യുകയാണെങ്കിൽ പല കക്ഷികളെയും എംപിമാരെയും വിലയ്ക്കെടുത്ത് ജനവിധിയെ അട്ടിമറിച്ച് വീണ്ടും അധികാരത്തിൽ വരാനുള്ള ഗൂഢതന്ത്രങ്ങൾ മെനയുമെന്നതിൽ സംശയമില്ല. പക്ഷെ അത് ജനാധിപത്യ ഇന്ത്യയിലെ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഫെഡറൽ സംവിധാനത്തിനും മാത്രമല്ല മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയായി മാറും. അതുകൊണ്ടുതന്നെ ഇന്ത്യ മുന്നണി ശക്തമായ കെട്ടുറപ്പോടെയും വേണ്ടത്ര വിട്ടുവീഴ്ചയോടും കൂടി ജാഗ്രതയോടെ നിലപാടുകൾ എടുക്കണം.
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വരാതിരിക്കുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്തത് ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളാണ്. സിപിഐക്ക് നല്ല സ്വാധീനമുള്ള തെലങ്കാന, ആന്ധ്ര, ബിഹാർ, മണിപ്പൂർ ഇവിടങ്ങളിലെല്ലാം വിട്ടുവീഴ്ചയോടുകൂടി സിപിഐ എടുത്ത നിലപാടുകൾ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് യാഥാർത്ഥ്യ ബോധത്തോടെ നിലപാടുകൾ എടുത്തിരുന്നെങ്കിൽ ‘ഇന്ത്യ’ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട ചിത്രം കാഴ്ചവയ്ക്കാൻ കഴിയുമായിരുന്നു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മെച്ചപ്പെട്ട വിജയം കൈവരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. യുഡിഎഫും ബിജെപിയും കൂടി പരത്തിയ എല്ലാ കിംവദന്തികളെയും ദുഷ്പ്രചരണങ്ങളെയും ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ ദൃഷ്ടാന്തങ്ങൾ മിക്ക ബൂത്തുകളിലും പ്രകടമായിരുന്നു. എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനവും മുഖ്യമന്ത്രിയുടെയും മറ്റു ഇടതുനേതാക്കളുടെയും വസ്തുതകൾ നിരത്തിയും ആശയവ്യക്തതയോടെയുമുള്ള വിശദീകരണങ്ങളും കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു. അതിന്റെ പ്രതികരണങ്ങൾ മഹാഭൂരിപക്ഷം വോട്ടര്‍മാരിലും പ്രതിഫലിച്ചു. അതുകൊണ്ടാണ് പരാജയഭീതിപൂണ്ട യുഡിഎഫ് നേതാക്കൾ കേരളത്തിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെയും അതിന് നിയോഗിച്ച ഉദ്യോഗസ്ഥരെയും പഴി പറഞ്ഞു തുടങ്ങിയത്. കേരളം ഇടതിനൊപ്പമെന്നുറപ്പിക്കാൻ കഴിയുന്ന ഫലത്തിനായി നമുക്ക് കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.