27 April 2024, Saturday

മത്സ്യത്തൊഴിലാളികള്‍ക്കു മുന്നില്‍ കടുത്ത വെല്ലുവിളികൾ

എ കെ ജബ്ബാര്‍
August 3, 2022 5:30 am

ത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയ ഒരു ട്രോളിങ് കാലം കൂടി അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ കടലിലേക്കിറങ്ങുന്നതിനുള്ള തയാറെടുപ്പിലായിരുന്നു തൊഴിലാളികള്‍. അപ്പോഴും ഉള്ളില്‍ പടര്‍ന്ന ആശങ്കകൾ ചെറുതായിരുന്നില്ല. ഭരണകൂട നയങ്ങള്‍ മൂലമുള്ള പ്രതിസന്ധികളെ നേരിടുകയെന്നത് കടലിലെ മല്ലുപണിയേക്കാള്‍ കനപ്പെട്ടതുതന്നെയാണ്. ആ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്ത് മുന്നേറാനുള്ള കരുത്ത് സമ്പാദിക്കുന്നതിനിടെയുണ്ടായ മഴക്കെടുതി തൊഴിലാളികളെ പാടെ തളര്‍ത്തിയിരിക്കുന്നു. വിവിധ കോണുകളില്‍ നിന്ന് വരുന്ന വേദനാജനകമായ വാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആദ്യമേ പറയട്ടെ.
ലോകത്താകമാനം മത്സ്യത്തൊഴിലാളികളുടെ നിലനില്പിനും അവരുടെ ജീവിതത്തിനും പ്രയാസമുണ്ടാക്കുന്ന ഒട്ടനവധി കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുപുറമെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രയാസങ്ങളും തൊഴിലിനെ ബാധിക്കുന്നു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട സബ്സിഡികളെല്ലാം നിർത്തലാക്കുന്നതിനുള്ള മത്സരത്തിലാണ് കേന്ദ്രത്തിലേതടക്കമുള്ള തൊഴിലാളി വിരുദ്ധ സര്‍ക്കാരുകള്‍.
ദുഃഖത്തിന്റെയും കണ്ണീരിന്റെയും നാളുകളായി അടുത്ത ട്രോളിങ് വരെയുള്ള ഒരുവര്‍ഷക്കാലം മാറുമോ എന്ന ആശങ്കയിലും ഭയത്തിലുമാണ് തൊഴിലാളികൾ. 2022 ജൂണിൽ ജനീവയിൽ ചേർന്ന ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മേളനത്തിൽ രണ്ടു വർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയടക്കം 165 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ 86 രാജ്യങ്ങൾ അതിനെ എതിർത്തു. ഇന്ത്യ ഈ തീരുമാനത്തെ അനുകൂലിക്കുകയാണ് ചെയ്തത്.


ഇതുകൂടി വായിക്കൂ: മത്സ്യമേഖല ദുരിതക്കടലില്‍


കേന്ദ്രം ജനവിരുദ്ധ നടപടികള്‍ തുടരുകയാണ്. മത്സ്യമേഖലയിലെ ഇന്ധനവില വർധനവും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടിയും പിൻവലിക്കേണ്ടിയിരിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി 52 ദിവസത്തിനു ശേഷം കടലിലിറങ്ങാൻ തയാറെടുത്തപ്പോഴാണ്, കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കടലിൽ പോകരുതെന്ന മുന്നറിയിപ്പ് വന്നത്. ഇന്ധനം നിറച്ച്, ഐസും വെള്ളവും കരുതി ബോട്ടുകള്‍ ഇറക്കാന്‍ നിൽക്കുമ്പോള്‍ അർധരാത്രിയില്‍ വന്ന മുന്നറിയിപ്പ് കനത്ത തിരിച്ചടിയായി. ഇതുപോലുള്ള സാഹചര്യത്തിൽ തൊഴിലാളികൾക്ക് മറ്റു അടിയന്തര സഹായം നൽകാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തയാറാവണം.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വരുന്ന ദിവസങ്ങൾ കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. കാലവര്‍ഷക്കെടുതിയുടെ സമയത്ത് കടലിൽ പോകരുത് എന്ന് പറയുമ്പോൾ, സാമ്പത്തിക സഹായം നൽകാനും സർക്കാർ ബാധ്യസ്ഥരാണ്. നിലവില്‍ ജോലിക്ക് പോകരുതെന്ന് പറയുകയല്ലാതെ ഈ നാളുകളില്‍ യാതൊരു സഹായവും നല്‍കുന്നില്ല.
കടൽക്ഷോഭം മൂലം നിരവധി വീടുകൾ തകർന്നിരിക്കുകയാണ്. തീരത്ത് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ശാശ്വതമായ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കണം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ സഹായം ഒഴിവാക്കി, പഴയതു പോലെ ഫിഷറീസ് വകുപ്പു വഴി ഭവന നിർമ്മാണത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുകയാണ് വേണ്ടത്.
കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളിൽ 95 ശതമാനം പേരും പരമ്പരാഗത രീതിയിൽ ജോലി ചെയ്യുന്നവരാണ്. വൻകിട വിദേശ കപ്പലുകൾക്ക് ആഴക്കടലിൽ നിന്നും മത്സ്യം പിടിക്കുന്നതിന് യഥേഷ്ടം ലൈസൻസ് നൽകിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒന്നും രണ്ടും ലക്ഷം ചെലവാക്കി മത്സ്യബന്ധത്തിന് പോയാലും വെറും കയ്യോടെ തിരിച്ചുപോരേണ്ടിവരുന്നു. സാധാരണ തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്‍കിട വിദേശ കപ്പലുകളുടെ മത്സ്യബന്ധനം അനുവദിക്കുന്നതിലൂടെ നേരിടേണ്ടിവരുന്നത്. വ്യവസ്ഥകൾ തെറ്റിച്ചു കൊണ്ടുവരുന്ന കപ്പലുകൾക്കെതിരെ നിയമ നടപടിയെടുക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടാക്കണം. നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയവയുടെ ശ്രദ്ധ ഇക്കാര്യത്തിലും നിര്‍ബന്ധമാക്കണം.


ഇതുകൂടി വായിക്കൂ: കൊടുങ്കാറ്റുകളുടെ കരിനിഴലില്‍ മത്സ്യമേഖല


അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മണ്ണെണ്ണയ്ക്കും ഡീസലിനും സബ്സിഡി നൽകിയാണ് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നത്. കേരളത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസം 2,100 ലിറ്റർ മണ്ണുെണ്ണയാണ് ആവശ്യമായി വരുന്നത്. ഈ നിലയ്ക്ക് ഒരു വർഷം 25,920 ലിറ്റർ മണ്ണണ്ണ ആവശ്യമായി വരുന്നുണ്ട്. മൂന്നുമാസത്തിൽ ഒരിക്കലാണ് മണ്ണെണ്ണ ലഭിക്കുന്നത്. അത് ഇപ്പോള്‍ നാലുമാസത്തിലൊരിക്കല്‍ എന്ന രീതിയിലാക്കിയിരിക്കുന്നു. മണ്ണെണ്ണയുടെ ലഭ്യതക്കുറവ് മൂലം തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായി ഗവൺമെന്റിന് 22,000 കിലോ ലിറ്റർ മണ്ണെണ്ണ നൽകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടൽ മൂലമാണ് നമുക്ക് ഇത് ലഭ്യമാവുന്നത്. എന്നാൽ പല കാര്യങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഉണ്ടാകുന്നില്ല. വറുതിയുടെ സാഹചര്യത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാരുകൾ തയാറാവണം.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടലിൽ നിന്നും ആട്ടിയോടിക്കുന്നതിന് വേണ്ടിയുള്ള പുതിയ നയങ്ങളാണ് ഇന്ത്യൻ പാർലമെന്റിൽ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയുമില്ലാതെ പാസാക്കി കൊണ്ടിരിക്കുന്നത്. സബ്സിഡികൾ നിർത്തലാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം പോലും ഈ ലക്ഷ്യംമുന്‍നിര്‍ത്തിയുള്ളതാണ്. ഇതിനെതിരെയുള്ള സമരങ്ങളായിരിക്കും ഇന്ത്യയിൽ ഇനി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ശക്തമാകാന്‍ പോകുന്നത്.
(മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ദേശീയ ട്രഷറർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.