കോഴിക്കോടിന്റെ സമ്പന്നമായ സംഗീതപാരമ്പര്യത്തിൽ നിന്ന് തുടക്കം. ചെറുപ്രായത്തിൽ തന്നെ മലയാള സിനിമാ സംഗീത ലോകത്തെ ലബ്ധപ്രതിഷ്ഠരായ പ്രതിഭകളുടെ കൂടെ പ്രവർത്തിക്കാനുള്ള സൗഭാഗ്യം. യേശുദാസ്, പി ജയചന്ദ്രൻ എന്നിവരുടെകൂടെ ചലച്ചിത്ര പിന്നിണിയിൽ ശബ്ദ വിന്യാസം. പ്രശസ്തിയുടെ കൊടുമുടിയിലേക്കുള്ള യാത്രയിൽ ഉയരങ്ങൾ കീഴടക്കാൻ കഴിയാതെ ചുണ്ടിനും കപ്പിനുമിടയിൽ തട്ടി തെറിക്കുക. വിജയ പരാജയങ്ങൾക്ക് നേർസാക്ഷിയാകേണ്ടി വരിക. സംഗീത ജീവിതത്തിലെ അപ്രതീക്ഷിതമായ വിടവാങ്ങലുകൾക്ക് ശേഷം സാധാരണ ജീവിതവുമായി കഴിഞ്ഞുകൂടേണ്ടി വരിക. സംഗീത ജീവിതത്തിന്റെ ഭൂതകാലാനുഭവങ്ങൾ രാഗതാളലയഭാവങ്ങളുടെ അകമ്പടിയോടെ ഓർത്തെടുക്കകയാണ് പ്രേമ എന്ന കോഴിക്കോടിന്റെ സ്വന്തം പാട്ടുകാരി.
കുഞ്ഞികണാരൻ മേസ്ത്രിയുടെയും അമ്മു അമ്മാളിന്റേയും പതിനൊന്ന് മക്കളിൽ ഒരാളായി ജനനം. അച്ഛന്റെ തയ്യൽ കടയിൽ നിന്നുള്ളവരുമാനമായിരുന്നു ആ വലിയ കുടംബത്തിന്റെ ഏക ആശ്രയം. അമ്മ നന്നായി പാടുമായിരുന്നു. അച്ഛൻ നല്ല സംഗീതാസ്വാദകനും. ജ്യേഷ്ഠത്തിയുടെ ഭർത്താവ് കെ ആർ ബാലകൃഷ്ണൻ മികച്ച ഗായകനും സംഗീത സംവിധായകനും. കുടംബാന്തരീഷം സംഗീത സാന്ദ്രമാകാൻ ഇതിലുമപ്പുറം എന്തു വേണം. മകൾക്ക് പാടാനുള്ള കഴിവുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമ്മ. മകളെ ശാസ്ത്രീയമായി പാട്ട് പഠിപ്പിക്കണമെന്ന മോഹവും അമ്മയുടെതു തന്നെയാണ്. സ്കൂൾ പഠനത്തോടൊപ്പം പ്രസിദ്ധനായ കുഞ്ഞിരാമൻ ഭാഗവതരിൽ നിന്ന് സംഗീതം അഭ്യസിച്ചു. സംഗീതരംഗത്ത് വലിയൊരു സൗഹൃദം ജ്യേഷ്ഠത്തി ഭർത്താവ് ബാലകൃഷ്ണനുണ്ടായിരുന്നു. അവരെല്ലാം വീട്ടിലെ സ്ഥിരം സന്ദർശകരും. അന്നത്തെ പ്രശസ്ത ഗായകൻ സി എ അബൂബക്കർ വീട്ടിൽ വന്നപ്പോഴാണ് പ്രേമയുടെ പാട്ട് കേൾക്കുന്നതും ഇഷ്ടമാകുന്നതും. പിന്നീട് ഒരിക്കൽ സലീൽചൗധരി ചിട്ടപ്പെടുത്തി ലതാമങ്കേഷർ പാടിയ ‘ഓ സജ്നാ.…’ എന്ന പ്രശസ്ത ഗാനം അദ്ദേഹം പ്രേമയെ പഠിപ്പിച്ചു. ബാലകൃഷ്ണന്റെ സംഗീതരംഗത്തെ ബന്ധങ്ങളും സി എ അബൂബക്കറിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഒരു ഗാനമേളയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. നഗരസഭയുടെ ശതാബ്ദി ആഘോഷമായിരുന്നു വേദി. നിറഞ്ഞ സദസ് കയ്യടിയോടെ പതിമൂന്ന് വയസുകാരിയായ പാട്ടുകാരിയെ ഹൃദയത്തിൽ ഏറ്റുവാങ്ങി. നാടിന്റെ കൊച്ചുപാട്ടുകാരി നാട്ടിലെ വിവിധ ഗാനമേള ട്രൂപ്പുകളിലെ മുഖ്യ ആകർഷമായി.
കമ്മ്യൂണിസ്റ്റുപാർട്ടിയുടെ വേദികളിൽ നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും ആലപിച്ചു.
കല്യാണവീടുകളിൽ മാപ്പിളപ്പാട്ടിന്റെ സ്ഥിരസാന്നിധ്യമായി. അന്ന് കോഴിക്കോട്ടെ പ്രശസ്തമായ ആർച്ചി ഹട്ടന്റെ ഹട്ടൻസ് ഓർക്കസ്ട്രയിൽ മുഖ്യപാട്ടുകാരിയായി. മദ്രാസ് എച്ച്എംവിയിൽ പ്രേമയെ കൊണ്ടുപോയി പാടിപ്പിക്കുന്നത് മാപ്പിളപ്പാട്ടിന്റെ ഉസ്താതും മലബാറിലെ എച്ച്എംവി ആർട്ടിസ്റ്റുമായിരുന്ന എസ് എം കോയയാണ്. സി എ അബൂബക്കറിന്റെ ഭാര്യാപിതാവു കൂടിയായിരുന്നു അദ്ദേഹം. എച്ച്എംവി റിക്കാർഡുകളിലെ സിനിമാ ഗാനങ്ങളുംലളിതഗാനങ്ങളും ജനസമ്മതിയുള്ള കാലമാണത്. അന്ന് അവിടെ പാട്ടുമ്പോൾ പ്രേമയക്ക് വയസ് പതിനാറ്. ‘കറമൂസ കറിവെച്ചും കരിമീൻ പൊരിച്ചും…’ എന്ന ഗാനം സോളയും ‘പിഞ്ചായ നാളു തൊട്ട്…’, ‘മതിയേനിൽ അബുരാജ…’ എന്നീ രണ്ട് യുഗ്മഗാനങ്ങളും സി എ അബൂബക്കറിനൊപ്പം പാടി റിക്കാർഡ് ചെയ്തു. ഈ ഗാനങ്ങൾ അന്നത്തെ കല്യാണ വീടുകളിലും പൊതു പരിപാടികളിലുമെല്ലാം സ്ഥിരമായി കേൾക്കാമായിരുന്നു. സംഗീത സംവിധായകൻ എം എസ് ബാബുരാജിന് കെ ആറിന്റെ ഭാര്യാ സഹോദരിയെന്ന നിലയിൽ പ്രേമ എന്ന പാട്ടുകാരിയെ അറിയാം. എന്നാൽ പാട്ട് കേൾക്കുന്നത് ഒരു പിറന്നാൾ ആഘോഷത്തിലാണ്. കോഴിക്കോട്ടെ കോർണേഷൻ ലോഡ്ജിന്റെ ഉടമസ്ഥൻ കൃഷ്ണദാസിന്റെ വീട്ടിലായിരുന്നു ആ പിറന്നാൾ സംഗീത വിരുന്ന്.
ബാബുരാജിനോടൊപ്പം നടൻ കെ പി ഉമ്മർ അടക്കമുള്ള കലാകാരൻമാരുടെ പ്രഗൽഭ നിരതന്നെ അവിടെയുണ്ട്. എം എസ് ബാബുരാജ് ഈണമിട്ട മൂടുപടത്തിലെ ‘തളിരിട്ട കിനാക്കൾ…’, അമ്മുവിലെ ‘തേടുന്നതാരെയി ശൂന്യതയിൽ…’ എന്നീ ഗാനങ്ങളാണ് അന്നവിടെ പ്രേമ പാടിയത്. ‘അഞ്ജന കണ്ണെഴുതി… ആലില താലിചാർത്തി…’ എന്ന ഗാനവും ബാബുരാജ് പ്രേമയെ കൊണ്ട് പാടിപ്പിച്ചു. സിനിമയിൽ പാടാൻ ഇഷ്ടമാണോയെന്ന പ്രേമയോടുള്ള ബാബുരാജിന്റെ ചോദ്യത്തിന് പാടിച്ചാൽ പാടുമെന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് നടൻ കെ പി ഉമ്മറാണ്. ഒരു തമാശയ്ക്കുള്ള ചോദ്യവും ഉത്തരവുമായാണ് കരുതിയത്. ഒട്ടും പ്രതീക്ഷിയ്ക്കാതെയാണ് രണ്ട് മാസങ്ങൾക്കുശേഷം ബാബുരാജിന്റെ ക്ഷണം പ്രേമയെ തേടിയെത്തിയത്.
അമ്മയോടൊപ്പമായിരുന്നു മദ്രാസിലേക്ക് പോയത്. ജോലിയുമായി എഗ്മോറിൽ കഴിഞ്ഞിരുന്ന ജ്യേഷ്ഠനോടും അമ്മയോടും ഒപ്പം മദ്രാസിൽ ഒരു വീട് വാടകയ്ക്ക് എടുത്തു. റിഹേഴ്സിലിനും റിക്കാർഡിങ്ങിനുമായി 18 ദിവസം മദ്രാസ് വാസം. 1965 ൽ ചേട്ടത്തി എന്ന സിനിമയിൽ വയലാർ- ബാബുരാജ് കൂട്ട്കെട്ടിൽ പിറന്ന ഗാനം യേശുദാസിനോടൊപ്പം പ്രേമപാടുമ്പോൾ വയസ് പത്തൊമ്പത്.
പതിനാറുവയസു കഴിഞ്ഞാൽ
പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ
പതിവായി പെൺകൊടിമാരൊരു
മധുര സ്വപ്നം കാണും.
ഇങ്ങനെ പോകുന്നവയലാറിന്റെ വരികൾ.
ഒട്ടറെ മലയാള ഗാനങ്ങൾക്ക് ജന്മം നല്കിയ മദ്രാസിലെ പ്രസിദ്ധമായ രേവതി സ്റ്റുഡിയോവിലായിരുന്നു റിക്കാർസിംഗ്. പരിഭ്രമമെല്ലാം ഉണ്ടായിരുന്നെങ്കിലും ഒറ്റ ടെയ്ക്കിൽ തന്നെ ഒകെയായി.
കല്പന പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എ തങ്ങൾ നിർമ്മിച്ച് എസ് ആർ പുട്ടണ്ണയാണ് ചേട്ടത്തി സംവിധാനം ചെയ്തത്. കഥയും സംഭാഷണവും എസ് എൽ പുരം സദാനന്ദനയായിരുന്നു. സത്യൻ, പ്രേംനസീർ, അടൂർഭാസി, തിക്കുറിശി, അംബിക, സുകുമാരി തുടങ്ങിയവരായിരുന്നു താരനിരയിൽ. യേശുദാസ് പാടി വയലാർ അഭിനയിച്ച ആദിയിൽ വചനമുണ്ടായി എന്ന ഗാനവും അന്നവിടെ റിക്കാർഡ് ചെയ്തു. യേശുദാസിന്റെ ഓർമ്മയിൽ പ്രേമയെന്ന ആ പഴയപാട്ടുകാരിയുണ്ട്. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട്ടുവച്ച് യേശുദാസിനെ കാണുന്നത്. അപ്പോഴെക്കും സിനിമയുമായുള്ള പ്രേമയുടെ എല്ലാ കണ്ണികളും അറ്റുപോയിരുന്നു. പിന്നെയും പാടാമായിരുന്നില്ലേ എന്ന ദാസേട്ടന്റെ ആ പതിഞ്ഞ വാക്കുകൾക്ക് മുമ്പിൽ മൗനത്തോടെ തല കുനിച്ച് നില്‍ക്കാനെ കഴിഞ്ഞിള്ളൂ. പിന്നീട് രണ്ടുപാട്ടുകൾ കൂടി പ്രേമയെക്കൊണ്ട് പാടിക്കാൻ ബാബുരാജ് ആഗ്രഹിച്ചു. 1966 ൽ എഎൽഎസ് പ്രൊഡക്ഷനു വേണ്ടി പി അരുണാചലവും എ എൽ ശ്രീനിവാസും ചേർന്ന് നിർമ്മിച്ച പൂച്ചക്കണ്ണി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്.
മരമായ മരമൊക്കെ തളിരിട്ടുപൂവിട്ടു
മലയാള പൊണോപ്പൂവിട്ടു
വെള്ളാമ്പൽ പൊയ്കയിലും
വെള്ളാരം കുന്നിലും
അല്ലിപ്പൂത്തുമ്പികൾ വട്ടമിട്ടു
എന്ന വയലാറിന്റെ മനോഹരമായ രചന. കോറസിൽ ലീഡിംഗ് ശബ്ദം പ്രേമയുടെത്.
പ്രശസ്തരുടെ പേരുണ്ടെങ്കിലെ റിക്കാർഡുകൾ ചെലവാകൂ എന്ന ധാരണയിൽ റോഡിയോവിലും മറ്റും ജാനകിയുടെ ക്രെഡിറ്റിലാണ് ഗാനം വന്നത്. സിനിമയുടെ സംവിധാനം എസ് ആർ പുട്ടണ്ണയും തിരക്കഥ തിക്കറിശ്ശിയും. ബാബുരാജ് ഉദ്ദേശിച്ച രണ്ടാമത്തെ പാട്ട് കുറിഞ്ഞിപ്പൂച്ചേ എന്നതായിരുന്നു. റിഹേഴ്സൽ എല്ലാം പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷം ആരുടെയൊക്കെയോ സമ്മർദങ്ങളിൽപ്പെട്ട് മറ്റൊരു ഗായികയെ കൊണ്ടാണ്പാടിപ്പിച്ചത്. ബാബുരാജിന്റെ നിസഹായവസ്ഥ പ്രേമയ്ക്കും ബോധ്യമായി. ചേട്ടത്തിയിലെ ഒറ്റ പാട്ടുകൊണ്ടുതന്നെ ഗാനരംഗത്ത് പ്രേമ ശ്രദ്ധിക്കപ്പെട്ടു. ജാനകി, സുശീല ഗായികമാരോടൊപ്പം ചേർത്തുവെയ്ക്കാവുന്ന ഒരു നവാഗത ഗായികയെന്ന് സംഗീത നിരൂപകർ വിലയിരുത്തി. ഇരുത്തം വന്ന പാട്ടുകാരിയെപോലെ സവിശേഷവും ഭാവിയുടെ വാഗ്ദാനവുമായ പുതു ശബ്ദമെന്ന വിശേഷണവും പ്രേമയ്ക്ക് ലഭിച്ചു. ഈ അംഗീകാരം ഒരു വിനയാകുകയായിരുന്നോ. കാലം അങ്ങനെയാണ് ബോധ്യപ്പെടുത്തുന്നത്.
മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ ചലച്ചിത്ര പിന്നണിയിലെ അരങ്ങേറ്റത്തിന് സാക്ഷിയാവുന്നിനും കൂടെ പാടുന്നതിനുമുള്ള മഹാഭാഗ്യം തിളക്കമാർന്ന ഓരോർമ്മയാണ്.
വിൻസന്റ് മാഷാണ് പാടാൻ ക്ഷണിച്ചത്. 1967 ൽ ചിത്രതാര പ്രൊഡക്ഷനുവേണ്ടി പി കെ പരീക്കുട്ടി നിർമ്മിച്ച് എസ് എസ് രാജൻ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാറിലെ ഗാനമായിരുന്നു അത്.
ഒരു മുല്ലപ്പൂമാലയുമായി
നീന്തി നീന്തി നീന്തി വന്നേ
ഒന്നാം കടലിൽ മുങ്ങാംകുഴിയിലൊന്നാം തിരമാല
എന്ന പി ഭാസ് കരന്റെ രചന. ബി എ ചിദംബരനാഥിന്റെ സംഗീതം. മദ്രാസിലെ രേവതിസ്റ്റുഡിയോവിൽ തന്നെയായിരുന്നു റിക്കാർസിംഗ്. ഒരു തുടക്കകാരനൊപ്പം പാടണമെന്ന് മാത്രമാണ് വിൻസന്റ് മാഷ് പറഞ്ഞിരുന്നത്. ഒരു നവാഗത ഗായകന്റെ ആഹ്ലാദവും പരിഭ്രമവുമായി വന്ന ജയചന്ദ്രനെ ആദ്യമായാണ് കാണുന്നത്. ജയചന്ദ്രന്റെ ആ മധുര ശബ്ദം ഇന്നുമുണ്ട് പ്രേമയുടെ ഓർമ്മയിൽ. കെ പത്മനാഭൻ നായരുടെതായിരുന്നു സിനിമയുടെ തിരക്കഥയും സംഭാഷണവും. പി ജെ ആന്റണി, അടൂർഭാസി, കൊട്ടാരക്കര, പ്രേംജി, പ്രേംനസീർ, സുകുമാരി, ശാന്താദേവി, കുഞ്ഞാവ, കുതിരവട്ടം പപ്പു തുടങ്ങിയവർ
അഭിനേതാക്കളും. പിന്നീടൊരിക്കൽ ജയചന്ദ്രനോടൊപ്പം ആ മുല്ലപ്പൂമാലയുമായി പാടാൻ അവസരമുണ്ടായി. 1968 ൽ ഗണേഷ് മൂവിസിന്റെബാനറിൽ കെ പി കൊട്ടാരക്കര നിർമ്മാണവും രചനയും നിർവഹിച്ച് ശശികുമാർ സംവിധാനം ചെയ്ത വിദ്യാർത്ഥിയിൽ പി ലീലയോടൊപ്പം ‘ഹേർട്ട് പൾസ്… എന്ന് തുടങ്ങുന്ന വയലാറിന്റെ വരികൾക്ക് ബി എ ചിദംബരനാഥിന്റെ സംഗീതം. റീത്ത എന്റെർപ്രൈസിന്റെ ബാനറിൽ ടി കോമളം നിർമ്മിച്ച് 1974 പുറത്തിറങ്ങിയ ചലച്ചിത്രമാണ് മിസ്റ്റർ സുന്ദരി. ഡോ. വാസവൻ കഥയും സംവിധാനവും മൊയ്തു പടിയത്ത് തിരക്കഥയും സംഭാഷണവും. വയലാറിന്റെ രചനയ്ക്ക് കണ്ണൂർ രാജന്റെ സംഗീതം. പാലയോട് യശോദയോടൊപ്പം ‘മാൻപേട ഞാനൊരു പേട വെള്ളപ്പുളുങ്കുമലയോരത്തിലെ പുള്ളിമാൻപേട…’ എന്ന ഗാനവും കെ പി ബ്രഹ്മനാന്ദനോടൊപ്പം
ഹണിമൂൺ നമുക്ക് ഹണിമൂൺ
എനിക്കും ചെറുപ്പം നിനക്കും ചെറുപ്പം
എന്നും കിട്ടാത്ത ചെറുപ്പം
പ്രേം നസീറും ഷീലയും
പ്രേമിക്കുന്നതുപോലെ
കോഴിക്കോട്ടെ കടപ്പുറം മുഴുവൻ
ആടിപ്പാടി നടക്കേണ്ട നമുക്ക്
ആടിപ്പാടി നടക്കേണ്ട
എന്ന ഗാനവുമാണ് പാടിയത്. ശ്യാംകുമാർ, ബഹു ദൂർ, മുതുകുളം രാഘവൻപിള്ള, റാണി ചന്ദ്ര എന്നിവരായിരുന്നു നടീ നടൻമാർ. വയലാർ എന്ന വിപ്ലവകവിയെ ഗാനരചനയിലെ
ഒരപൂർവ പ്രതിഭയെ നേരിൽ കാണാൻ കഴിഞ്ഞതും ആവേശകരമായ
അനുഭവമായി പ്രേമ കാണുന്നു.
2014 ൽ കോഴിക്കോട്ടുവെച്ച് നടന്ന ഗന്ധർവ്വ സന്ധ്യയിൽ ദാസേട്ടന്റെ കൂടെ പാടിയവരെ അദ്ദേഹം തന്നെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രേമയും ആദരവ് സ്വീകരിച്ചു. ഒരിക്കൽ ജാനകിയമ്മയെ നേരിൽ കണ്ടപ്പോൾ സൗഹൃദം പുതുക്കുകയും പാട്ട് പാടിപ്പിക്കുകയുമുണ്ടായി.
അമ്മയുടെ അകാലത്തിലെ വേർപാടാണ് സിനിമയിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണമായി പറയാവുന്നത്. അവസരങ്ങൾ ഒത്തുവന്നാൽ തന്നെ ദീർഘദൂരയാത്രയ്ക്ക് കൂടെ പോകാൻ ആരുമില്ലാത്ത അവസ്ഥയും ഉണ്ടായി. പരിഗണിക്കാനും ഉയർത്തി കൊണ്ടുവരാനും താല്പര്യമെടുത്തിരുന്ന ബാബുരാജിന്റെ വിയോഗവും അവസരങ്ങൾ കുറയാൻ ഇടവന്നു.
ആകാശവവാണിയിലും നാട്ടിലെ സ്റ്റേജ് പ്രോഗ്രാമിലും ചലച്ചിത്ര പിന്നണി ഗായിക എന്ന അലങ്കാരവുമായി കഴിഞ്ഞുകൂടി. 1978ലാണ് വിവാഹിതയാകുന്നത്. മലബാർ ക്രിസ്ത്യൻ കോളജിനടുത്ത് തയ്യൽകട നടത്തിയിരുന്ന എൻ വ. ബാലകൃഷ്ണനായിരുന്നു ഭർത്താവ്. മകൻ നിതിൻ ഫോട്ടോഗ്രാ ഗ്രാഫറും മകൾ നമിത നല്ലൊരുപാട്ടുകാരിയുമാണ്.
മലയാള സംഗീത ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ പ്രേമയ്ക്ക് നവംബർ 27 ന് എൺപതാം പിറന്നാളാണ്. ഇപ്പോഴും മനസുനിറയെ പാട്ടുകളുടെ തേൻമഴയാണ്. ചില്ലിങ് റൂം എന്ന
പുതിയൊരു വാട്സാപ്പ് ഗ്രൂപ്പിൽ പാട്ടുപാടിയും ഭൂതകാലം എഴുതിയും പറഞ്ഞുമാണ് സമയം ചെലവഴിക്കുന്നത്. മകന്റെ കുടംബത്തോടൊപ്പം കോഴിക്കോട് ബിലാത്തികുളത്തെ ഫ്ലാറ്റ് ജീവിതത്തിന് കൂട്ടിനായ് മനസിൽ നിന്ന് ഒരിക്കലും മായാത്ത കുറെ പാട്ടോർമ്മകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.