2 May 2024, Thursday

രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ച ഭരണകൂടത്തെ പുറത്താക്കണം: അമര്‍ജീത് കൗര്‍

Janayugom Webdesk
തിരുവനന്തപുരം
April 19, 2024 11:43 am

രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ച ഭരണകൂടത്തെ പുറത്താക്കണമെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍. വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍ കൗണ്‍സിലും അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയും തിരുവനന്തപുരത്ത് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ലേബേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വംശീയമായും സാംസ്കാരികമായും വിഭജിച്ച് അധികാരം നിലനിര്‍ത്തുന്നതിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും അമര്‍ജീത് കൗര്‍ പറഞ്ഞു. 

ഭരണഘടനയുടെ അന്തഃസത്തയായ ഫെഡറലിസത്തെ ഭരണകൂടം അംഗീകരിക്കുന്നില്ല. മതേതരത്വത്തെ പരിഹസിക്കുന്നതിനാണ് ഭരണകക്ഷി നേതാക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. നാസിസമാണ് ഇവരുടെ അടിസ്ഥാന ആശയം. നാസിസത്തിന്റെ മറ്റൊരു മുഖമാണ് ഹിന്ദുത്വം. ചരിത്രാതീത കാലം മുതല്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ട ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്ക് തെറ്റ് പറ്റില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇപ്രാവശ്യം ബിജെപി ആഗ്രഹിക്കുന്ന നിലയിലുള്ള ജനവിധി ആയിരിക്കില്ല രാജ്യത്തുണ്ടാകുന്നത്. പൊറുതി മുട്ടിയ ജനത അവരെ ഭരണത്തില്‍ നിന്നും പുറത്താക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ തൊഴിലാളികളെല്ലാം ഇതിന് തയ്യാറെടുത്തു കഴിഞ്ഞുവെന്നും അമര്‍ജീത് കൗര്‍ പറഞ്ഞു. 

ഭരണഘടനയെ മാറ്റുകയെന്നതാണ് ബിജെപിയുടെ അ‍ജണ്ട. അതിനെ പിന്തുണയ്ക്കരുത്. രാജ്യത്തെ മതേതരത്വം നിലനിര്‍ത്താനായി ഇടതുപക്ഷത്തെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ഇതിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താന്‍ ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ നോക്കികാണണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ജോര്‍ജ് അധ്യക്ഷനായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്‍ഖാന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കവിത രാജന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി ഷാജികുമാര്‍, കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി ജി അനന്തകൃഷ്ണന്‍, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുധികുമാര്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി വിനോദ്, അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി കണ്‍വീനര്‍ ഡോ. കെ എസ് സജികുമാര്‍, വര്‍ക്കിങ് വിമന്‍സ് ഫോറം സംസ്ഥാന സെക്രട്ടേറിയറ്റംഗം സംഗീത ഷംനാദ്, വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ് ഹസന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതവും കെഎസ്ആര്‍ടിഇയു വര്‍ക്കിങ് പ്രസിഡന്റ് എം ശിവകുമാര്‍ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: The gov­ern­ment that led the coun­try to eco­nom­ic chaos must be oust­ed: Amar­jeet Kaur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.