21 November 2024, Thursday
KSFE Galaxy Chits Banner 2

മനുഷ്യ സ്നേഹത്തിന്റെ മഹാഗാഥ

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
August 21, 2022 5:20 am

അന്ന് ആ സായാഹ്നത്തിൽ ജയിലിലെത്തിയ പുതിയ തടവുകാരുടെ കൂട്ടത്തിലെ സുമുഖനും ദീർഘകായനുമായ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ജയിലർ ഒന്നു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് മനസിൽ തോന്നിയ സംശയം ചോദ്യരൂപത്തിൽ പുറത്തുവന്നു. ‘നിങ്ങൾ?… നിങ്ങളെ ഞാനിതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ?’ തടവുപുള്ളിയുടെ ജയിൽവേഷം അണിഞ്ഞുനിൽക്കുന്ന ആ യുവാവ് ഉറക്കെ പൊട്ടിച്ചിരിച്ചു. ‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ താങ്കളെ കാണാനായി ഇവിടെ ഈ മുറിയിൽ വന്നിരുന്നു. ജയിലിലെ രീതികളെക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കാനായിട്ടായിരുന്നു അന്ന് ഞാൻ വന്നത്. ഒരു സിനിമയിൽ ജയിലറുടെ റോളിൽ അഭിനയിക്കാൻ വേണ്ടിയുള്ള തയാറെടുപ്പ്.… ഇതാ, ഇപ്പോൾ ഇവിടുത്തെ ഒരന്തേവാസിയായി തന്നെയെത്തിയിരിക്കുകയാണ്. എന്റെ പേര് ബൽരാജ് സാഹ്നി…’
1947. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പി സി ജോഷിയുടെ നേതൃത്വത്തിനെതിരെ ഉയർന്നുതുടങ്ങിയ മുറുമുറുപ്പ് വളരെവേഗമാണ് ശക്തി പ്രാപിച്ചത്. ആസന്നമായിരുന്ന ഇന്ത്യൻ വിപ്ലവത്തിന് തടസംനിന്നത് ജോഷി നടപ്പാക്കിയ ഒത്തുതീർപ്പിന്റെയും പരിഷ്കരണവാദത്തിന്റെയും നയങ്ങളാണെന്ന ആരോപണവുമായി ബി ടി രണദിവെയും ഡോ. അധികാരിയും എസ് എ ഡാങ്കെയുമടക്കമുള്ള സഖാക്കൾ രംഗത്തുവന്നു. കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ജോഷിക്ക് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവയ്ക്കേണ്ടിവന്നു. ബിടിആർ ആ സ്ഥാനമേറ്റെടുത്തു. 1948 ഫെബ്രുവരിയിൽ കൽക്കട്ടയിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ വച്ച് ജോഷിയെ കേന്ദ്ര കമ്മിറ്റിയിൽ നിന്നുതന്നെ ഒഴിവാക്കി. മാത്രമല്ല, പുതിയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ‘ഇന്ത്യൻ വിപ്ലവത്തിന് തുരങ്കം വച്ചുകൊണ്ട് ദേശീയ ബൂർഷ്വാസിയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയായിരുന്നു’ താനെന്ന് പരസ്യമായി പാർട്ടി അണികളോട് ജോഷി കുമ്പസാരം നടത്തുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ ജോഷിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും തുടർന്ന് പൂർണമായും പുറത്താക്കുകയും ചെയ്തു. ഏതെങ്കിലും രീതിയിൽ ജോഷിയെ സഹായിക്കുകയോ അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്നതിൽ നിന്ന് സഖാക്കളെ വിലക്കി.


ഇതുകൂടി വായിക്കൂ: കണിത്തിരികൾക്കു പിറകിലായ് കാലം


ബൽരാജ് സാഹ്നിയെ സംബന്ധിച്ചിടത്തോളം ദമയന്തിയുടെ അകാല മരണത്തിന് ശേഷമുണ്ടായ ഏറ്റവും കടുത്ത ആഘാതമായിരുന്നു ജോഷിയുടെ പുറത്താക്കൽ. ഒരമ്മയുടെ വയറ്റിൽപ്പിറന്നതുപോലെയുള്ള അതിഗാഢമായ ബന്ധമാണ് ജോഷിയോടും കല്പനയോടും ബൽരാജിനുണ്ടായിരുന്നത്. അന്ന് ശ്രീനഗറിലായിരുന്ന ഭിഷ്മ സാഹ്നിക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിഞ്ഞയുടനെ അത് പെൺകുട്ടിയാണെങ്കിൽ കല്പന എന്നു പേരിടണം എന്ന് ബൽരാജ് ടെലിഗ്രാം അയച്ച സംഭവം ആ ആത്മബന്ധത്തിന്റെ തെളിവാണ്.
ജോഷിയുടെ പുറത്താക്കലും കൽക്കട്ട തീസിസിന്റെ അങ്ങേയറ്റം സെക്റ്റേറിയനായ നയങ്ങളും ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇപ്റ്റയെയും പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിനെയുമാണ്. 1947 മധ്യത്തോടെ തന്നെ ഇപ്റ്റയുടെ അന്ധേരി കേന്ദ്രം അടച്ചുപൂട്ടാനും സെൻട്രൽ സ്ക്വാഡ് പിരിച്ചുവിടാനും ജോഷി നിർബന്ധിതനായി. അന്ന് അവിടെയുണ്ടായിരുന്ന കലാകാരികളുൾപ്പെടെ എല്ലാവരും ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ജോഷി നിസഹായനായിരുന്നു.
‘ഡെക്കാൻ കി ഏക് രാത്’ (തെലങ്കാനയിലെ ഒരു രാത്രി) എന്ന പേരിൽ വിശ്വാമിത്ര ആദിൽ രചിച്ച ഒരു നാടകം ബൽരാജ് സാഹ്നി സംവിധാനം ചെയ്ത് ഇപ്റ്റ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. അതിന്റെ റിഹേഴ്സൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്റ്റയുടെ ബോംബെ യൂണിറ്റിന്റെ സെക്രട്ടറി രാമറാവു പുതിയൊരു നാടകത്തിന്റെ ആശയവുമായി എത്തിയത്. ബോറിവല്ലി എന്ന സ്ഥലത്തു നിന്ന് ചർച്ച് ഗേറ്റിലുള്ള ഓഫീസിലേക്ക് ദിവസവും ലോക്കൽ ട്രെയിനിൽ യാത്രചെയ്ത് എത്തുന്ന ഒരു സർക്കാർ ഗുമസ്തന്റെ കഥ. ഓഫീസിലെ തന്റെ കസേരയിൽ ഇരുന്നുകൊണ്ട് അയാൾ കാണുന്ന വിചിത്ര സ്വപ്നങ്ങളായിരുന്നു നാടകത്തിന്റെ തീം. കേട്ടപ്പോൾ തന്നെ സംഭവം ഇഷ്ടപ്പെട്ട ബൽരാജ് തന്നെയാണ് ‘ജാദൂ കി കുർസി’(മാന്ത്രികകസേര) എന്ന ആ നാടകമെഴുതിയതും മുഖ്യ വേഷത്തിലഭിനയിച്ചതും. ഹബീബ് തൻവീർ, ദീനാ ഗാന്ധി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. സംവിധാനം മോഹൻ സൈഗാൾ നിർവഹിച്ചു. അതിനിശിതമായ ആക്ഷേപഹാസ്യത്തിന്റെ ശൈലിയിൽ ഇന്ത്യൻ ഭരണകൂടത്തിന് നേരെ നടത്തുന്ന ചാട്ടുളി പ്രയോഗമായിരുന്നു, ‘ജാദൂ കി കുർസി’ എന്ന നാടകം. ബൽരാജ് സാഹ്നി എന്ന അഭിനേതാവിൽ അതുവരെ ഒളിഞ്ഞു കിടന്നിരുന്ന കൊമേഡിയൻ ഉഗ്രപ്രതാപത്തോടെ പുറത്തുവന്നു.
ജവഹർലാൽ നെഹ്രുവിനെ ‘സാമ്രാജ്യത്വത്തിന്റെ പിണിയാളാ‘യി വിശേഷിപ്പിച്ചുകൊണ്ട് നെഹ്രുവിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും സന്ദർഭങ്ങളുമാണ് നാടകത്തിലുടനീളമുണ്ടായിരുന്നത്. അരങ്ങത്ത് അസാമാന്യവിജയം നേടിയ നാടകം കണ്ടവരൊക്കെ ചിരിച്ചു മറിഞ്ഞു.

എന്നാൽ ബൽരാജിന് നാടകത്തെക്കുറിച്ച് തീരെ അഭിപ്രായമുണ്ടായിരുന്നില്ല. ജവഹർലാലിനെ പോലെയൊരു മഹാനെ ആക്ഷേപിക്കാൻ മാത്രം തനിക്കെന്ത് യോഗ്യത എന്നാണ് ബൽരാജ് ചിന്തിച്ചത്. പി സി ജോഷി നടുനായകസ്ഥാനംവഹിച്ച നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൈവരിക്കാൻ കഴിഞ്ഞ വലിയ മുന്നേറ്റത്തെയാകെ പിറകോട്ടടിക്കുന്ന പുതിയ സാഹസിക നയത്തോട് ബൽരാജിന് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ‘ജോഷിയുടെ ആളാ‘യി തന്നെ നോട്ടമിട്ടുവച്ചവരുടെ മുൻപിലൊന്നു പിടിച്ചുനിൽക്കാൻ വേണ്ടിമാത്രമാണ് വാസ്തവത്തിൽ ബൽരാജ് ആ നാടകമെഴുതിയത്. ‘ജാദൂ കി കുർസി’ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട പലരും നാടകത്തിന്റെ സ്ക്രിപ്റ്റിനു വേണ്ടി ബൽരാജിനെ സമീപിച്ചു. എന്നാൽ നാടകത്തിന്റെ ഒരു കോപ്പി പോലും അവശേഷിപ്പിക്കാതെ അതെഴുതിവച്ച പുസ്തകം തന്നെ കത്തിച്ചു കളയുകയായിരുന്നു ബൽരാജ് ചെയ്തത്.
അമ്മയില്ലാതെ വളരുന്ന പരീക്ഷിത്തിനെയും ശബ്നത്തെയും നേരാവണ്ണം ശ്രദ്ധിക്കാൻ ബൽരാജിന് നേരം കിട്ടുന്നുണ്ടായിരുന്നില്ല. 1949 മാർച്ചിൽ ബൽരാജ് തന്റെ ഒരു കസിനും ബാല്യകാല സഖിയുമായ സന്തോഷിനെ വിവാഹം കഴിച്ചു. ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ മടങ്ങിവരികയായിരുന്നു. ദിലീപ് കുമാറും നർഗീസും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഹൽച്ചൽ എന്ന ചിത്രമുൾപ്പെടെ പല സിനിമകളിലും നല്ല വേഷങ്ങൾ കിട്ടി. ആ ദിവസങ്ങളിലൊന്നിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ബോംബെയിൽ ഒരു വലിയ പ്രകടനം സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ച മൊറാർജി ദേശായി ആയിരുന്നു അന്ന് ബോംബെയുടെ ആഭ്യന്തര മന്ത്രി. പാർട്ടി കേഡർമാർക്കു പുറമെ ഇപ്റ്റയുടെ പ്രധാന പ്രവർത്തകരും ട്രേഡ് യൂണിയൻ സഖാക്കളുമൊക്കെ അണിനിരന്ന പ്രകടനത്തിന് നേർക്ക് പാരേലിൽവച്ച് ലാത്തിച്ചാർജ്ജും വെടിവയ്പ്പും നടന്നു. പലരും കൊല്ലപ്പെട്ടു. ബൽരാജ് സാഹ്നി, അണ്ണാ ഭാവു സാത്തെ, അമർ ഷെയ്ഖ്, അലി സർദാർ ജാഫ്രി, ദീനാ ഗാന്ധി തുടങ്ങിയവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ആറു മാസത്തേക്ക് ശിക്ഷിക്കപ്പെട്ട ബൽരാജിനെ കൊണ്ടുപോയത് ആർതർ റോഡ് ജയിലിലേക്കായിരുന്നു.


ഇതുകൂടി വായിക്കൂ: പണിക്കര്‍സാറിനെ മറന്ന നമ്മള്‍


ബൽരാജ് ജയിലിലായതു കാരണം ഹൽചലിന്റെ ചിത്രീകരണം മുടങ്ങി. ഒടുവിൽ സർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങി പരോളിലിറങ്ങിയാണ് ബൽരാജ് തന്റെ ഭാഗങ്ങൾ ചെയ്തുതീർത്തത്. ജയിലിൽ നിന്നിറങ്ങിയ ബൽരാജിന്റെ മുന്നിലുണ്ടായിരുന്നത് തികഞ്ഞ അനിശ്ചിതത്വമായിരുന്നു.
സർക്കാരിനെ ശത്രുവാക്കിക്കൊണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരനെ സിനിമയിലെടുക്കാൻ നിർമ്മാതാക്കൾ ഭയപ്പെട്ടു. കുഞ്ഞുങ്ങൾക്ക് നേരെ ചൊവ്വേ ഭക്ഷണം കൊടുക്കാൻ പോലും പറ്റാത്ത വിധത്തിൽ ദാരിദ്ര്യം ആ വീടിനെ ചൂഴ്ന്നുനിന്നു. നവ് കേതൻ ഫിലിംസ് നിർമ്മിക്കുന്ന ‘ബാസി’ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതാൻ ചേതൻ ആനന്ദും ദേവാനന്ദും ബൽരാജിനോട് ആവശ്യപ്പെട്ടു. ദേവാനന്ദും ഗീതാബാലിയും മുഖ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട, ഗുരുദത്ത് എന്ന മറ്റൊരു സുഹൃത്തിന്റെ ആ കന്നി സംവിധാന സംരംഭം വലിയൊരു വിജയമായി മാറി.
അപ്പോഴേയ്ക്കും ബൽരാജ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു എങ്കിലും ദാരിദ്ര്യത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നും മനുഷ്യനെ വിമോചിപ്പിക്കുന്ന, എല്ലാവർക്കും തുല്യമായ നീതിയും തുല്യമായ അവസരങ്ങളും ഉറപ്പാക്കുന്ന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ബൽരാജ് ഉള്ളുകൊണ്ട് എന്നുമൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. തന്റെ മാസ്റ്റർപീസ് റോളായ ‘ദോ ബീഗാ സമീനി‘ലെ റിക്ഷാക്കാരൻ ശംഭുവിന്റെ വേഷം അതിഗംഭീരമായി അവതരിപ്പിക്കാൻ ബൽരാജിന് സാധിച്ചത് അങ്ങനെയൊരു കമ്മ്യൂണിസ്റ്റ് മനസുണ്ടായിരുന്നതുകൊണ്ടു കൂടിയാണ്.
ദോ ബീഗാ സമീന് ശേഷം ബൽരാജ് സാഹ്നി ഇന്ത്യൻ സിനിമാലോകത്തെ പ്രധാനതാര മുഖങ്ങളിലൊന്നായി വളർന്നു. 1954ൽ കെ എ അബ്ബാസിന്റെ നേതൃത്വത്തിൽ ബിമൽ റോയ്, രാജ് കപൂർ, നർഗീസ്, ദേവാനന്ദ്, നിരൂപറോയ് സലീൽ ചൗധുരി, ഋഷികേശ് മുഖർജി എന്നിവരടങ്ങിയ ചലച്ചിത്ര സംഘത്തോടൊപ്പം സോവിയറ്റ് യൂണിയൻ സന്ദർശിച്ച ബൽരാജിന് സമത്വസുന്ദരമായ ഒരു ധീരനൂതനലോകം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള മനുഷ്യന്റെ അധ്വാനവും പ്രയത്നവും നേരിട്ടുകാണാനുള്ള അപൂർവാവസരം ലഭിച്ചു. അതിനു തലേവർഷം ഇപ്റ്റയുടെ ബോംബെ സമ്മേളനത്തിൽ വച്ച് കണ്ട ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം ബൽരാജിനെ കെപിഎസിയുടെയും തോപ്പിൽ ഭാസിയുടെയും ചിരകാല സുഹൃത്താക്കി മാറ്റി. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് 1959ൽ കേരളം സന്ദർശിക്കാനെത്തിയ ബൽരാജിനും കുടുംബത്തിനും പുരോഗമന കലാപ്രവർത്തകർ ആവേശകരമായ വരവേല്പാണ് നൽകിയത്.

 

do beega zamin
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിൽ അതീവ ദുഃഖിതനായിരുന്ന ബൽരാജ് പിന്നീട് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് 1969ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്നാണ്. ബാങ്ക് ദേശസാല്ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കൽ തുടങ്ങിയ പുരോഗമനാത്മക നടപടികൾ കൈക്കൊണ്ട ഇന്ദിരാ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് കിഷൻ ചന്ദർ, കെ എ അബ്ബാസ് തുടങ്ങിയവരോടൊപ്പം ബൽരാജ് സാഹ്നി കോൺഗ്രസിൽ ചേർന്നു.
സോവിയറ്റ് യൂണിയനിലെ ഫിലിം സ്കൂളിൽ നിന്ന് സംവിധാനം പഠിച്ച് മടങ്ങിയെത്തിയ പരീക്ഷിത് സാഹ്നി പിതാവിന്റെ കാലടികൾ പിന്തുടർന്ന് അഭിനയരംഗത്തെത്തി. തോഷിൽ ജനിച്ച സ്നോബർ എന്ന ഇളയമകൾ ബൽരാജിന്റെ വാത്സല്യഭാജനമായി വളർന്നു. എന്നാൽ ബൽരാജിനെ ഏറെ ദുഃഖിപ്പിച്ചത് ദുരന്തങ്ങളുടെ തുടർക്കഥയായി മാറിയ മകൾ ഷബ്നത്തിന്റെ ജീവിതമാണ്. വിവാഹജീവിതത്തിലെ തകർച്ചയിൽ തുടങ്ങി മാനസിക വിഭ്രാന്തിയിലും ആത്മഹത്യാ ശ്രമത്തിലുമൊക്കെക്കൂടി കടന്നുപോയി ഒടുവിൽ 1972 മാർച്ച് മാസത്തിൽ ശബ്നം മരണത്തിന് കീഴടങ്ങിയതോടെ ബൽരാജിന് ജീവിതത്തേക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു. സിനിമയുടെ മായാപ്രപഞ്ചത്തിൽ നിന്ന് മെല്ലെ അകന്ന് സാഹിത്യരചനയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയ ബൽരാജ് പഞ്ചാബി സാഹിത്യലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളിലൊന്നായി പേരും പെരുമയും നേടി.


ഇതുകൂടി വായിക്കൂ: ബൽരാജിന്റെ കഥ-ഇപ്റ്റയുടേതും


1972 നവംബർ. ജവഹാർലാൽ നെഹ്രു സർവകലാശാലയിലെ ആ വർഷത്തെ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടത് ബൽരാജ് സാഹ്നിയായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠ സഖാവ് പി സി ജോഷി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര രചനയുമായി മുഴുകി കഴിയുന്ന ജെഎൻയുവിൽ നിന്ന് അത്തരമൊരു ക്ഷണം കിട്ടിയപ്പോൾ ബൽരാജ് അത്യാഹ്ലാദത്തോടെയാണ് അത് സ്വീകരിച്ചത്. എന്നാൽ ‘ഒരു വിലകുറഞ്ഞ സിനിമാ താര’ത്തെ വിഖ്യാതമായ ജെഎൻയു കോൺവോക്കേഷൻ പ്രസംഗം നടത്താനായി ക്ഷണിച്ചതിലൂടെ അധികാരികൾ ചടങ്ങിന്റെ പവിത്രതയെ തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. യോഗം തുടങ്ങുന്നതിനു മുൻപ് പി സി ജോഷിയെ സന്ദർശിക്കാൻ കാമ്പസിലെ മുറിയിലെത്തിയ ബൽരാജ് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്ക പങ്കുവച്ചു. മരണത്തെ ധീരതയോടെ വെല്ലുവിളിച്ച, വർഗീയ കലാപത്തിന്റെ കറുത്ത നാളുകളെക്കുറിച്ച് ഓർമ്മിക്കാൻ ആവശ്യപ്പെടുകയാണ് അപ്പോൾ ജോഷി ചെയ്തത്.
ബൽരാജിനെ വൈസ് ചാൻസലർ വേദിയിലേക്ക് ആനയിച്ചപ്പോൾ അന്തരീക്ഷമാകെ സംഘർഷത്തിന്റെ വക്കിലായിരുന്നു. ബൽരാജ് പതുക്കെ എഴുന്നേറ്റ് എഴുതിത്തയാറാക്കിയ തന്റെ പ്രസംഗം വായിക്കാൻ തുടങ്ങിയതോടെ സദസ് മെല്ലെ നിശബ്ദമായി. പതിഞ്ഞ ശബ്ദത്തിൽ ആരംഭിച്ച പ്രസംഗം, പതുക്കെ പതുക്കെ വികാരം തുടികൊട്ടുന്ന ഉജ്ജ്വല വാക്പ്രവാഹമായി മാറി. അവസാനം പ്രസംഗം അവസാനിപ്പിച്ച് എല്ലാവരെയും വണങ്ങിയ ശേഷം ബൽരാജ് ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോൾ നിര്‍ത്താതെ കരഘോഷം മുഴക്കിക്കൊണ്ട് സദസ് ഒന്നടങ്കം എഴുന്നേറ്റുനിൽക്കുകയായിരുന്നു. മുൻനിരയിൽ ഒരു ഭാഗത്തായി ഒതുങ്ങിക്കൂടി എല്ലാത്തിനും സാക്ഷ്യംവഹിച്ചുകൊണ്ടിരുന്ന ഒരു പഴയ വിപ്ലവകാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, അപ്പോൾ…
പ്രബുദ്ധരായ പ്രേക്ഷക നിരൂപകസമൂഹങ്ങൾ, സിനിമയ്ക്ക് നൽകിയ ഹാർദ്ദവമായ സ്വീകരണവും അംഗീകാരങ്ങളും നേരിട്ടു കാണാനും സന്തോഷിക്കാനും കാലം ബൽരാജിനെ അനുവദിച്ചില്ല. 1973 ഏപ്രിൽ 13ന് പഞ്ചാബികളുടെ പുണ്യദിനമായ ബൈശാഖി നാളിൽ, പെട്ടെന്നുണ്ടായ ഹൃദയാഘാതം ആ അതുല്യ കലാകാരനെ കവർന്നെടുത്തു.


ഇതുകൂടി വായിക്കൂ: ധിഷണയുടെ ചൂടും ചൂരും


സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ ഈയിടെ നടന്നപ്പോൾ, മുഖ്യധാരാ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച പല വീരസാഹസിക കഥകളുടെയും കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പേരുകളൊന്നും കാണാൻ കഴിഞ്ഞില്ല. ഇടതുപക്ഷക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ പോലും സ്വാതന്ത്ര്യസമരത്തിലെ അംബേദ്കറുടെയും ലോഹ്യയുടെയുമൊക്കെ സംഭാവനകളെക്കുറിച്ച് പറയാൻ ശ്രദ്ധവച്ചപ്പോൾ പി സി ജോഷിയുടെയും അജയ്ഘോഷിന്റെയും ഡാങ്കെയുടെയും പി കൃഷ്ണപിള്ളയുടെയു മൊക്കെ പേരുകൾ പാടേ വിസ്മരിച്ചത് കാണാമായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ യഥാർത്ഥ പോരാളികളെ മനഃപൂർവം മറന്നുകളഞ്ഞ അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ബൽരാജ് സാഹ്നി എന്ന മനുഷ്യൻ പണ്ടെന്നത്തെയോ ഹിന്ദി സിനിമയിൽ അച്ഛൻ വേഷം കെട്ടി മിന്നിമറഞ്ഞ വെറുമൊരു താരം മാത്രം. എന്നാൽ പുതിയ ഐക്കണുകളെ അന്വേഷിച്ചു നടക്കുന്ന ആധുനിക തലമുറയ്ക്ക് പ്രചോദനം പകരാൻ ഈ പഴങ്കഥകൾക്ക് ചിലപ്പോൾ കഴിയുന്നുണ്ടെങ്കിൽ, അപ്പോൾ കൃതാർത്ഥതയടയുന്നത് തീർച്ചയായും ചരിത്രം തന്നെയായിരിക്കും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.