19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
July 9, 2024
May 18, 2024
November 15, 2023
October 11, 2023
April 26, 2023
March 29, 2023
December 10, 2022
October 23, 2022
September 25, 2022

രാജകല്പനയുടെ തായ്‌വേരറുത്ത കുട്ടംകുളം സമരം

Janayugom Webdesk
December 10, 2022 4:30 am

ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റം മൂലം രാജ്യത്ത് വർഗീയ കലാപങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തിളക്കമാർന്ന ഏടുകൾ രചിച്ച കുട്ടംകുളം സമരത്തിന് പ്രാധാന്യമേറുന്നു. 76 വർഷങ്ങൾക്കുമുമ്പ് രാജകല്പനകളെ തകർത്തെറിഞ്ഞ് അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി നടന്ന ഈ സമരം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാലാണ് എഴുതപ്പെട്ടിരിക്കുന്നത്. ജാതിക്കും അയിത്തത്തിനും എതിരായി, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായി നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ നേർസാക്ഷ്യമാണ് ഇരിങ്ങാലക്കുടയിലെ കുട്ടംകുളം സമരം.
1936 ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ കൊച്ചി രാജ്യത്തെ ജനങ്ങളും പ്രതീക്ഷയിലായിരുന്നു. എന്നാൽ, പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. കൂടൽമാണിക്യം ക്ഷേത്ര മതിൽക്കെട്ടിന് മുമ്പിൽ മൂന്ന് ഏക്കറോളം വിസ്തൃതിയിലുള്ളതാണ് കുട്ടംകുളം. ഉയർന്ന ജാതിയിലുള്ളവർക്ക് മാത്രമേ ഇതിനു സമീപത്തുള്ള വഴിയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. രാജകല്പന കൂടാതെ, ജില്ലാ മജിസ്ട്രേട്ടിന്റെ ഒരു തീണ്ടൽ ബോർഡും ക്ഷേത്രത്തിന് മുൻവശത്തുള്ള കുട്ടംകുളം റോഡിൽ സ്ഥാപിച്ചിരുന്നു. ഈ വിലക്കിനെതിരെ സമരം നടത്താൻ ഇരിങ്ങാലക്കുടയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തീരുമാനിച്ചത്. ഇന്നത്തെ നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവ് മൈതാനത്തുനിന്നുമാണ് കുട്ടംകുളം സമരത്തിനു തുടക്കം.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്


ക്ഷേത്ര പ്രവേശനത്തിനും വഴി നടക്കാനുമുള്ള അവകാശങ്ങൾക്കു വേണ്ടി രാജ്യമെമ്പാടും പ്രക്ഷോഭസമരങ്ങൾ നടക്കുന്ന കാലത്ത് അതിൽ നിന്നും ഊർജമുൾക്കൊണ്ടാണ് 1946 ജൂൺ 23ന് ഐതിഹാസികമായ കുട്ടംകുളം സമരവും നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയ പി സി കുറുമ്പ ക്രൂരമായ മർദ്ദനങ്ങളാണ് ഏറ്റുവാങ്ങിയത്. ഭർത്താവ് ചാത്തനും സമരത്തിൽ കുറുമ്പയ്ക്കൊപ്പമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി വളർത്താൻ പ്രവർത്തിച്ചെന്ന കുറ്റംചുമത്തി കുറുമ്പയെ അറസ്റ്റുചെയ്തു. ജയിലറയിൽ പുരുഷ തടവുകാർക്കൊപ്പം നഗ്നയാക്കി നിർത്തി. കാൽവെള്ളയിൽ ക്രൂരമായി അടിച്ച് വ്രണപ്പെടുത്തി. 1948ൽ പരിയാരത്ത് നടന്ന കർഷകസമരത്തിലും കുറുമ്പ സജീവമായിരുന്നു. ഇരിങ്ങാലക്കുടയിലും പുല്ലൂരും നടന്ന കർഷക-കർഷകത്തൊഴിലാളി സമരത്തിലും നേതൃപരമായ പങ്കുവഹിച്ചു. പാലിയം സമരവുമായി ബന്ധപ്പെട്ട് കേസെടുത്തതിനാൽ അഞ്ചുവർഷം കൊച്ചിയിലെ കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു. ഒടുവിൽ കുറുമ്പയെ കോടതി വെറുതെവിട്ടു.


ഇതുകൂടി വായിക്കൂ: റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്


കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗത്തിന്റെയും പ്രജാമണ്ഡലത്തിന്റെയും പുലയമഹാസഭയുടെയും പ്രവർത്തകർ അയ്യങ്കാവ് മൈതാനിയിൽ യോഗം കൂടി കൂടൽമാണിക്യത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാൻ തീരുമാനിച്ചു. പുതൂർ അച്യുതമേനോനായിരുന്നു അധ്യക്ഷൻ. വിവിധ തൊഴിലാളി സംഘടനകളും കർഷകരും വിദ്യാർത്ഥികളും കൊടികളുമായി ജാഥയില്‍ അണിനിരന്നു. പി സി കുറുമ്പ, കെ വി ഉണ്ണി, പി ഗംഗാധരൻ, പി കെ കുമാരൻ, എം ടി കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ജനങ്ങൾ അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകിട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്ത് എത്തിയ ജാഥയെ പൊലീസ് അതിഭീകരമായാണ് നേരിട്ടത്. കുട്ടംകുളത്തിനു കിഴക്കു ഭാഗത്തു വച്ച് സർക്കിൾ ഇൻസ്പെക്ടർ സൈമൺ മാഞ്ഞൂരാന്റെയും ഇൻസ്പെക്ടർ ശങ്കുണ്ണിയുടെയും നേതൃത്വത്തിൽ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ജാഥാംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ നിരോധനമുണ്ടെന്നായിരുന്നു മറുപടി. ഇതിനിടയിൽ പി ഗംഗാധരനെ പൊലീസ് ഇൻസ്പെക്ടർ തള്ളിയതോടെ പൊലീസ് വലയം ഭേദിച്ച് മുമ്പോട്ട് നീങ്ങാൻ ശ്രമിച്ച സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരും അടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. അതിക്രൂരമായ ലാത്തിചാർജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാർക്കു നേരെ പൊലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തിൽ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെവി ഉണ്ണിയെയും പി ഗംഗാധരനെയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് രാത്രി വൈകുംവരെ തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്. കുറച്ച് പേരെ പിടികൂടി ഇരിങ്ങാലക്കുട ജയിലിൽ എത്തിച്ചു. ജയിലിലും ഇവർ ക്രൂരമായ മർദ്ദനത്തിന് ഇരയായി.
അടുത്ത ദിവസം സമരനേതാക്കളായിരുന്ന എം കെ തയ്യിലിനെയും പി കെ ചാത്തൻ മാസ്റ്ററെയും അറസ്റ്റ് ചെയ്തു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാർജുണ്ടായി. കെ വി കെ വാര്യരെ രാജ്യദ്രോഹകുറ്റം ചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങൾ കഴിഞ്ഞാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഇതോടെ കൊച്ചിരാജ്യത്ത് ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ ഹർത്താൽ ആചരിക്കപ്പെട്ടു. കുട്ടംകുളം സമരവുമായി ബന്ധപ്പെട്ട് 33 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


സഹോദരൻ അയ്യപ്പനെ പോലുള്ളവർ ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളിൽ പങ്കെടുക്കുകയും സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സമരത്തില്‍ പൊലീസിന്റെ കൊടിയ മർദനം ഏറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ് ഇരിങ്ങാലക്കുട നടവരമ്പ് കല്ലുങ്കൽ കെ വി ഉണ്ണി 2018 ഒക്ടോബറിലാണ് വിടപറഞ്ഞത്.
സമരം ശക്തമായതോടെ അധികം വൈകാതെ ക്ഷേത്ര പ്രവേശന തീയതി നിശ്ചയിക്കാമെന്ന് രാജാവ് പ്രഖ്യാപിച്ചു. എന്നിട്ടും ഒന്നരവർഷത്തിനുശേഷമാണ് കുട്ടംകുളം പരിസരത്തുകൂടി വഴി നടക്കുവാൻ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അനുവാദം ലഭിച്ചത്. കൊച്ചി രാജാവിന്റെ കീഴിൽ സ്ഥാനമേറ്റ പ്രജാമണ്ഡലം നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോൻ മന്ത്രിസഭ, സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിച്ചു. പൗരസമത്വത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക ജനകീയ പ്രക്ഷോഭമായ കുട്ടംകുളം സമരത്തിന്റെ പ്രചോദനമുൾക്കൊണ്ടാണ് പിന്നീട് പ്രസിദ്ധമായ പാലിയം സമരമുൾപ്പെടെ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.