20 April 2024, Saturday

പ്രതിപക്ഷത്തിന്റേത് അഭിനന്ദനം അര്‍ഹിക്കുന്ന ജനാധിപത്യ ബോധം

Janayugom Webdesk
August 12, 2021 5:24 am

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്ന 127-ാമത് ഭരണഘടനാ ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി പാസാക്കി. അത് രാജ്യത്തെ നൂറുകണക്കിന് ജാതികളില്‍പ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴില്‍ നിയമനങ്ങള്‍ക്കും സംവരണ സാധ്യത ഉറപ്പുവരുത്തുകവഴി ഗണ്യമായ ഒരു ജനവിഭാഗത്തെ ദേശീയ മുഖ്യധാരയിലേക്ക് ആനയിക്കാന്‍ അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുകവഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ 2018ലെ 102-ാം ഭരണഘടനാ ഭേദഗതി നിയമം അപ്രസക്തമായി മാറിയെന്നതും ശ്രദ്ധേയമാണ്. 102-ാം ഭേദഗതി നിയമം 1993ല്‍ രൂപീകൃതമായ ദേശീയ പിന്നാക്ക വര്‍ഗ കമ്മിഷന് (എന്‍സിബിസി) ഭരണഘടനാപദവി നല്കിയിരുന്നു. അതനുസരിച്ച് ഏതു കാര്യത്തിനും സാമൂഹികവും വിദ്യാഭ്യാസപരവുമായ സംവരണ ജാതികളെ നിര്‍ണയിച്ച് ശുപാര്‍ശ ചെയ്യാനുള്ള അവകാശം എന്‍സിബിസിയില്‍ നിക്ഷിപ്തമാക്കിയിരുന്നു. എന്‍സിബിസി ശുപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരം രാഷ്ട്രപതിക്കായിരുന്നു. പ്രതിപക്ഷത്തിന്റെ വ്യാപകമായ എതിര്‍പ്പ് അവഗണിച്ചാണ് അന്ന് പാര്‍ലമെന്റില്‍ മോഡി സര്‍ക്കാര്‍ ആ ഭേദഗതിനിയമം പാസാക്കിയെടുത്തത്. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മറാത്ത സംവരണനിയമം 2021 മെയ് അഞ്ചിന് സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ പാസാക്കിയ 127-ാം ഭേദഗതി നിയമം സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങളെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഭരണഘടനയുടെ 388 ബി നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമാക്കാതെ നിര്‍ണയിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്കുന്നു.

നരേന്ദ്രമോഡി സര്‍ക്കാരും ബിജെപി-ആര്‍­എസ്എസ്-സംഘപരിവാറും നാളിതുവരെ ശ­ഠിച്ചിരുന്ന നിലപാടുകളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് 127-ാം ഭരണഘടനാ ഭേദഗതി ബില്‍. ദളിതര്‍, ആദിവാസികള്‍, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള ജാതികള്‍ എ­ന്നിവരുടെ അസ്ഥിത്വവും അവരെ രാഷ്ട്രജീവിതത്തിന്റെ പൊതുധാരയിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാനും അ­വര്‍ എ­ക്കാലത്തും വിസമ്മതിച്ചിരുന്നു. ജാതിവ്യവസ്ഥയും ബ്രാഹ്മണരടക്കം വരേണ്യ ജാതികള്‍ക്ക് സമൂഹത്തിനുമേലുള്ള അധികാര അ­വകാശങ്ങളും ദെെവദത്തവും അവര്‍ ഉദ്ഘോഷിക്കുന്ന ഹിന്ദുത്വ സംസ്കൃതിയുടെ അലംഘനീയ ഘടകവുമാണെന്ന് അവര്‍ ധരിച്ചിരുന്നു. തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രാമാണിക പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളും അവരുടെ ആചാര്യന്മാരും അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം ആ നിലപാടുകളെ ന്യായീകരിച്ചുപോന്നിട്ടുമുണ്ട്. ഏഴ് വര്‍ഷം പിന്നിട്ട നരേന്ദ്രമോഡിയുടെ ഭരണം തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ പതിയിരിക്കുന്ന ആപത്ത് എന്തെന്ന് തിരിച്ചറിയാന്‍ സാമാന്യ ജനങ്ങള്‍ക്ക് അവസരം നല്കി. ആ തിരിച്ചറിവ് മോഡി ഭരണത്തിന്റെയും തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ശവക്കുഴി തോണ്ടുമെന്ന യാഥാര്‍ത്ഥ്യമാണ് 127-ാം ഭരണഘടനാ ഭേദഗതിബില്‍ നിര്‍ബന്ധിതമാക്കിയത്. മോഡി-ആദിത്യനാഥ് ഭരണത്തിന്റെ കൊടുംക്രൂരതകള്‍ സഹിക്കേണ്ടിവന്ന ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അവയില്‍ പഞ്ചാബ് ഒഴികെ യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ഭരണം കയ്യാളുന്നത് ബിജെപി തന്നെ. ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന തിരിച്ചടി അവരുടെ ഉറക്കം കെടുത്തുന്നു. അതാണ് ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതിയിലേക്ക് അവരെ നയിച്ചത്.

വര്‍ഷകാല സമ്മേളനത്തില്‍ ഒരു ദിവസംപോലും നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തവിധം കടുത്ത പ്രതിരോധമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. നീതിനിര്‍വഹണമടക്കം ഭരണസംവിധാനങ്ങളെയും പൊതുസമൂഹത്തെയും നിയമവിരുദ്ധമായി നിരീക്ഷണവലയത്തിലാക്കിയ ഭരണകൂടത്തിന് അതിനുള്ള മറുപടി നല്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് പ്രതിപക്ഷം അസന്ദിഗ്ധമായി തെളിയിച്ചു. കര്‍ഷകപ്രക്ഷോഭം, കോവിഡ് മഹാമാരി തുടങ്ങിയ ജീവല്‍പ്രശ്നങ്ങളൊന്നും പരിഗണിക്കാന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. എന്നിരിക്കിലും, സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ ഇരകളായ വലിയ ഒരു ജനവിഭാഗത്തിന് നീതി ഉറപ്പാക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും ലഭിച്ച അവസരത്തെ ഏറ്റവും ഉയര്‍ന്ന ജനാധിപത്യ ബോധത്തോടെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ സന്നദ്ധമായ പ്രതിപക്ഷം അഭിനന്ദനം അര്‍ഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.