ഡാലിയ ജേക്കബ്

ആലപ്പുഴ

December 01, 2021, 10:37 pm

മഴ മാറുന്നില്ല, മാനം തെളിയുന്നില്ല മാവുകള്‍ക്ക് പൂക്കാന്‍ മടി

Janayugom Online

കാലാവസ്ഥാ വ്യതിയാനം കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇടവിട്ടുള്ള കനത്ത മഴയെ തുടർന്ന് ഇത്തവണ സംസ്ഥാനത്ത് കായ്ഫലം കുറയുമെന്ന ആശങ്കയിൽ കർഷകർ.

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും മൂലം വൃശ്ചികക്കാറ്റും മഞ്ഞും ഒഴിഞ്ഞതോടെ പ്ലാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ പൂക്കാനും കായ്ക്കാനും തടസമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. മഴ മാറി മാനം നന്നായിതെളിഞ്ഞാൽ മാത്രമേ പ്ലാവും മാവുമൊക്കെ പൂവിട്ട് കായ്‌കൾ വിരിയൂ. ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ, ഡിസംബർ മാസങ്ങളിലാണ്. ജനുവരി മുതൽ മെയ് വരെ സുലഭമാകേണ്ട വിഭവമാണ് ചക്ക. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് മാവുകൾ ആദ്യം പൂക്കുന്നത്. നവംബർ, ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മാങ്ങ വിളവെടുക്കുന്നത്.

കേരളത്തിലെ മാങ്ങസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമടയിലാണ് ഇന്ത്യയിൽ ആദ്യം മാവുകൾ പൂക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ മാവുകൾ കൃഷിചെയ്യുന്ന കേരളത്തിലെ ഏക പ്രദേശം കൂടിയാണ് ഇവിടം. ഇവിടെയും ഇത്തവണ മാവുകൾ പൂത്തിട്ടില്ല. പേരയ്ക്കയും വാളൻപുളിയും ജാതിയും കപ്പയുമെല്ലാം കാലം തെറ്റിയ മഴമൂലം കായ്ഫലം കുറയുമെന്നാണ് കാർഷിക വിദഗ്‌ധർ പറയുന്നത്.

കഴിഞ്ഞ ലോക്ഡൗണിൽ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ പട്ടിണിയകറ്റാൻ കൂടുതലും ആശ്രയിച്ചത് സ്വന്തം പുരയിടങ്ങളിലെ കാർഷിക ഉല്പന്നങ്ങളാണ്. വരും ദിവസങ്ങളിൽ കാലാവസ്ഥ തെളിഞ്ഞാൽ പൂവിട്ടു കായ്‌കൾ വരാൻ ഇനിയും സാധ്യതയുണ്ടെന്നാണ് കൃഷി വിദഗ്‌ധരുടെ അഭിപ്രായം.

Eng­lish Sum­ma­ry: The rain does not change, man­go trees did not blossoms
You may like this video also