22 December 2024, Sunday
KSFE Galaxy Chits Banner 2

പെയ്തൊഴിയാത്ത വർഷമേഘം

ആശാ നായർ
May 15, 2022 4:00 am

ചില യാഥാർത്ഥ്യങ്ങൾ ഫാന്റെസിയെക്കാൾ വിചിത്രമായിരിക്കും. 42 വർഷം ഒരാൾ അബോധാവസ്ഥയിൽ കഴിയുക. അവളെ മടികൂടാതെ ശുശ്രൂഷിക്കാൻ ഒരു കൂട്ടം ആൾക്കാരുണ്ടാവുക… അത്ഭുതം കൂറിയിട്ടുണ്ട് പലപ്പോഴും, അരുണ ഷാൻബാഗ് എന്ന പേര് കേൾക്കുമ്പോൾ. വിസ്മൃതിയിലാണ്ടുപോയ ആ പേര് അടുത്തിടെ വീണ്ടും ഓർമ്മപ്പെടുത്തിയത് ഒരു സുഹൃത്തിന്റെ വാക്കുകളാണ്. വേദന സഹിക്കാനാവാതെ, “എന്നെ ഒന്ന് കൊന്നു തരാമോ മോനേ…” എന്ന് ചോദിച്ച അർബുദ രോഗിയായ അമ്മയെക്കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണുകളിൽ കണ്ണീരല്ല, രക്തം കിനിയുകയായിരുന്നു. എത്രയോ ചേതനയറ്റ മനുഷ്യ ശരീരങ്ങൾ കീറിമുറിക്കുന്ന ഫോറിൻസിക് സർജൻ അമ്മയുടെ വേദനയ്ക്കു മുന്നിൽ ഒരു കൊച്ചു കുട്ടിയെപോലെ കരയുന്ന രംഗം. ‘ദയാ വധം…’ ക്രൂരമായ ആ പദം ചിലപ്പോഴെങ്കിലും അനിവാര്യതയായി മാറുന്ന രംഗങ്ങൾ. മരണമെന്ന കോമാളി മാറി നിന്ന് മനുഷ്യന്റെ വേദന കണ്ടാസ്വദിക്കുമ്പോൾ ദയാവധം എങ്ങനെ ക്രൂരമാവും…?

അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായി 1973 മുതൽ അബോധാവസ്ഥയിലായ അരുണാ ഷാൻബാഗിന്റെ ദയാവധം അനുവദിച്ചു കിട്ടാനായി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ പിങ്കി വിരാനി നടത്തിയ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ സുപ്രീം കോടതി വിധിയുടേയും പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ദയാവധം അക്കാലത്ത് വീണ്ടും ചർച്ചാവിഷയമാവുന്നത്. അരുണാ ഷാൻബാഗ്… ഓർക്കുന്നുണ്ടോ നിങ്ങൾ അരുണയെ? കർണാടകയിലെ ഹാൽദിപൂർ എന്ന സ്ഥലത്ത് 1948 ജൂൺ ഒന്നിനായിരുന്നു അരുണ ജനിച്ചത്. 1966 ൽ മുംബൈയിലെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. 1973 ഡിസംബറിൽ ആ ആശുപത്രിയിലെ തന്നെ ഒരു ഡോക്ടറുമായി അവൾ തന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിധി ഒരു വാർഡ് ബോയിയുടെ രൂപത്തിൽ അവളുടെ ജീവിതം തട്ടിപ്പറിക്കുകയായിരുന്നു. 1973 നവംബർ 27 ന് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വെച്ച് അരുണ ബലാൽസംഗത്തിനും കൊടിയ പീഡനത്തിനും ഇരയായി. ചങ്ങല ഉപയോഗിച്ച് അരുണയുടെ കഴുത്ത് ഞെരിച്ചതിന് ശേഷമായിരുന്നു ബലാൽസംഗത്തിന് ഇരയാക്കിയത്.

സംഭവ ദിവസം സോഹൻലാൽ ബർത്ത വാല്മീകി എന്ന വാർഡ് ബോയി ഭക്ഷണം മോഷ്ടിക്കുന്നത് അരുണ കാണാനിടയായി. തുടർന്ന് അയാളെ ശകാരിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പീഡനത്തിനിടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ച് അബോധാവസ്ഥയിലായ അരുണയെ പിറ്റേ ദിവസം രാവിലെയാണ് ആശുപത്രിയിലെ ജീവനക്കാർ കാണുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അരുണയ്ക്ക് നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് മുംബൈയിലെ നഴ്സുമാർ അരുണയ്ക്ക് സംരക്ഷണവും തങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് പണിമുടക്കി. അതോടെ അരുണയുടെ സംരക്ഷണം ആശുപത്രി അധികൃതർ ഏറ്റെടുത്തു.

പിടിക്കപ്പെട്ട സോഹൻലാൽ ആക്രമണത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ടു. പ്രകൃതി വിരുദ്ധ ബലാത്സംഗം ആശുപത്രി അധികൃതർ മറച്ചുവച്ചതിനാൽ ജീവപര്യന്തം ശിക്ഷയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. അതേ ആശുപത്രിയിലെ ഡോക്ടർ സന്ദീപ് സർദേശായിയുമായുള്ള അരുണയുടെ ആസന്നമായ വിവാഹത്തെ രക്ഷിക്കാനായിരുന്നു അതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. അയാൾ ഏഴ് വർഷത്തെ തടവ് അനുഭവിച്ച ശേഷം 1980 ൽ ജയിൽ മോചിതനായി. കുറ്റവാളി ജയിൽ വിമോചിതനായപ്പോഴും ഇരയായ അരുണ അബോധാവസ്ഥയിൽ തുടരുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അരുണയെ സ്ഥിരം സന്ദർശിച്ചിരുന്ന ഡോ. സന്ദീപും പതിയെ മറ്റൊരു ജീവിതത്തിലേക്ക് മടങ്ങി.

ജയിൽ മോചിതനായ ശേഷം മുംബൈ ആസ്ഥാനമായുള്ള ഒരു പത്രപ്രവർത്തകൻ സോഹൻ ലാലിനെ കണ്ടെത്തി. അദ്ദേഹത്തിന് നൽകിയ അഭിമുഖത്തിൽ സോഹൻലാൽ പറഞ്ഞത് അരുണയ്ക്ക് നേരേയുണ്ടായ ആക്രമണം താൻ ക്രോധത്താൽ ചെയ്തതാണെന്നും അത് എപ്പോൾ നടന്നുവെന്നോ എന്താണ് ചെയ്തതെന്നോ തനിക്ക് വ്യക്തമായ ഓർമ്മയില്ലെന്നുമാണ്. ബലാത്സംഗം നിഷേധിച്ച സോഹൻലാൽ അത് “മറ്റൊരാൾ ആയിരിക്കണം” എന്ന് പറഞ്ഞതായും ആ പത്രം അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടുകാർ ഉപേക്ഷിച്ച അരുണയെ സഹപ്രവർത്തകരാണ് തുടർന്നങ്ങോട്ട് പരിചരിച്ചിരുന്നതും ചികിത്സിച്ചതും.
1980-കളിൽ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് മുംബൈ (ബിഎംസി) അരുണയെ കെഇഎം ഹോസ്പിറ്റലിനു പുറത്തേക്ക് മാറ്റാൻ രണ്ടുവട്ടം ശ്രമം നടത്തി. കെഇഎം ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധമുയർത്തിയതിനാൽ ബിഎംസി ആ പദ്ധതി ഉപേക്ഷിച്ചു.

ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ പിങ്കി വിരാനിയാണ് അരുണയുടെ ദാരുണകഥ പുറംലോകത്തിനെ അറിയിക്കുന്നത്. പിങ്കി വിരാനിയുടെ ‘Aruna’s sto­ry’ വായിച്ച കാലം മുതൽ മനസ്സിനെ വല്ലാണ്ട് അലട്ടിയിരുന്ന കുറേ ചോദ്യങ്ങളുണ്ട്. അരുണയുടെ ദാരുണ കഥയിലൂടെ വീണ്ടും കടന്നുപോവുമ്പോഴും ആ ചോദ്യങ്ങൾ ചോദ്യങ്ങളായി അവശേഷിക്കുന്നു. പിങ്കി വിരാനിയുടെ പുസ്തകത്തിലൂടെ വീണ്ടുമൊരു സഞ്ചാരം…
“ന്യൂറോ സർജറി യൂണിറ്റിൽ നിന്നും എന്തിനാവും അരുണയെ മാറ്റിയത്? ചെയ്ഞ്ചിംഗ് റൂമിൽ പോവാതെ എന്തിനാവണം അരുണ ആശുപത്രിയുടെ താഴെത്തട്ടിലെ മുറിയിൽ ഡ്രസ് മാറാനായി പോയിരുന്നത് അല്ലെങ്കിൽ പോയത്? 42 വർഷം ആശുപത്രി അധികൃതർ ഒരാളെ സംരക്ഷിക്കുക, കോമാസ്റ്റേജിലായ അരുണയ്ക്ക് നേരിട്ട പ്രകൃതി വിരുദ്ധ ബലാൽസംഗശ്രമം ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്യാതിരുന്നത് ആസന്നമായ വിവാഹം മുടങ്ങാതിരിക്കാനായിരുന്നോ?” പ്രിയ അരുണാ ചില ചോദ്യങ്ങൾ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കട്ടെ.

അരുണയുടെ ജീവൻ നിലനിർത്തുന്നത് മൂക്കിലൂടെ ദ്രവരൂപത്തിൽ നൽകുന്ന ആഹാരത്തിലൂടെയാണെന്നും, അരുണയ്ക്ക് നൽകുന്ന സപ്പോർട്ട് ആയ ആഹാരം നിർത്തി ദയാവധം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു പിങ്കി വിരാനി സുപ്രീം കോടതിയെ സമീപിച്ചു. ദയാവധം (Euthansia)… സമാധാനപരവും മാന്യവുമായ മരണം എന്നാണ് ഈ ഗ്രീക്ക് പദത്തിനർത്ഥം. മരണാസന്നരായ രോഗികളുടെ കഠിനമായ സഹനവും ആകുലതയും കുറയ്ക്കാൻ ഡോക്ടർ നൽകുന്ന പരിചരണം എന്നാണതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാരകമായ രോഗാവസ്ഥയിലും വേദന അസഹ്യമാകുമ്പോഴും രോഗിയെ മരിക്കാൻ ഡോക്ടർ സഹായിക്കുന്ന കൃത്യമായാണ് ഇന്ന് ഈ പദം ഉപയോഗിക്കുന്നത്.

ലോകത്ത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ദയാവധം അനുവദിച്ചിട്ടുള്ളൂ. നെതെർലാന്റ് ആണ് ലോകത്ത് ആദ്യമായി ദയാവധം അനുവദിച്ചത്. തുടർന്ന് ബെൽജിയം, സ്വിറ്റ്സെർലന്റ് തുടങ്ങി പല രാജ്യങ്ങളും ദയാവധത്തെ അനുകൂലിച്ചു. മിക്ക രാജ്യങ്ങളിലും ദയാവധത്തെ സംബന്ധിച്ച് വ്യക്തമായ മാർഗരേഖകളുണ്ട്.
ഇന്ത്യയിൽ ദയാവധം അനുവദിക്കണമെന്ന ആവശ്യം പല തവണ ഉയരുകയും പരമോന്നത കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദയാവധത്തിന് എതിരായാണ് നീതി പീഠം എന്നും നിലയുറപ്പിച്ചിരുന്നത്. അരുണയുടെ കേസിൽ സുപ്രീം കോടതി ദയാവധത്തിന്റെ എല്ലാ തലങ്ങളും വിശദമായി പരിശോധിച്ചു. തിരിച്ചുകിട്ടില്ലെന്നുറപ്പുള്ള ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്തണോ അതോ രോഗിയുടെ ആഗ്രഹത്തിനനുസരിച്ച് മരണത്തിന് വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന് സുപ്രീംകോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആരാഞ്ഞു. കോടതി നിർദ്ദേശപ്രകാരം ദയാവധത്തിന് നിയമസാധുത നൽകണമോ എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അന്ന് ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്. തുടർന്ന് ദയാവധത്തിന് അനുമതി നൽകുന്ന നിയമം കൊണ്ടുവരാൻ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.

എന്നാൽ അരുണ ഷാൻബാഗ് തങ്ങൾക്കൊരു ബാധ്യതയല്ലെന്നും അവളെ ജീവിക്കാൻ അനുവദിക്കണമെന്നും കെഇഎം ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടു. അവരുടെ ആവശ്യം അംഗീകരിച്ച പരമോന്നത നീതിപീഠം ലൈഫ് സപ്പോർട്ട് പിൻവലിക്കണമെന്ന വിരാനിയുടെ ഹർജി തള്ളി. എന്നിരുന്നാലും, ബോംബെ ഹൈക്കോടതിയുടെ അംഗീകാരത്തോടെ കെഇഎം ആശുപത്രി ജീവനക്കാർക്ക് അവരുടെ മനസ്സ് മാറിയാൽ ലൈഫ് സപ്പോർട്ട് പിൻവലിക്കാനുള്ള അവസരമുണ്ടെന്ന് കോടതി തുടർന്ന് വ്യവസ്ഥ ചെയ്തു. പിങ്കി വിരാനിയുടെ ഹർജി തള്ളിയ സുപ്രീം കോടതി വിധിയെത്തുടർന്ന്, ഹർജിയെ എതിർക്കുകയും അരുണ ഷാൻബാഗിനെ പരിചരിക്കുകയും ചെയ്തിരുന്ന നഴ്സിംഗ് സ്റ്റാഫ് അരുണയ്ക്ക് പുനർജന്മം ലഭിച്ചു എന്നാണ് സന്തോഷത്തോടെ പ്രതികരിച്ചത്. അവർ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കേക്ക് മുറിക്കുകയും ചെയ്തു. പിങ്കിക്കെതിരെ അവർ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചു. “ഒരിക്കലും നീതി ലഭിക്കാത്ത ഈ സ്ത്രീ കാരണം മൂന്നര പതിറ്റാണ്ടിലേറെയായി സമാന അവസ്ഥയിലുള്ള മറ്റൊരു വ്യക്തിയും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ” ഹർജ്ജി തള്ളിയപ്പോൾ നിരാശയായ പിങ്കി വിരാനി പ്രതികരിച്ചത്.

അരുണയുടെ കഥയെ അടിസ്ഥാനമാക്കി വിവിധ ഭാഷകളിൽ നോവലും പരമ്പരകളും സിനിമയും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് ‘മരം പെയ്യുമ്പോൾ’. മുകേഷ്, വിനീത്, അനുമോൾ, ലക്ഷ്മി നായർ, ഇർഷാദ് തുടങ്ങിയവർ അഭിനയിച്ച സിനിമ കെ എസ് ടാക്കീസിന്റെ ബാനറിൽ കല്ലിയൂർ ശശിയാണ് നിർമ്മിച്ചത്. അനുമോളാണ് അരുണയുടെ വേഷം ചെയ്തത്.
2015 മേയ് പകുതിയോടെ ന്യുമോണിയ ബാധിതയായ അരുണ വെന്റിലേറ്ററിലേക്കു മാറ്റപ്പെട്ടു.. 2015 മേയ് 18 രാവിലെ പതിറ്റാണ്ടുകൾ നീണ്ട ദാരുണ ജീവിതത്തോടവൾ യാത്ര പറഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വിധിയായിരുന്നു അരുണ ഷാൻബാഗ് കേസിലേത്. അരുണാ ഷാൻബാഗിന്റെ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ദയാവധം അനുവദിച്ചാൽ ഇന്ത്യ പോലുള്ള രാജ്യത്ത് ഈ നിയമം വ്യാപകമായി ദുരുപയോഗം നടത്തിയേക്കാമെന്നുമുള്ള പ്രതിഷേധം പലതട്ടിൽ നിന്നുമുയർന്നു. പ്രസിദ്ധ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എൻജിഒ ‘കോമൺ കോസ് ’ സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട മൂന്നംഗ സുപ്രീം കോടതി ബെഞ്ച്, ചരിത്രപ്രധാനമായ ഒരു വിധിയിലൂടെ, 2018 മാർച്ചിൽ ‘നിഷ്ക്രിയ ദയാവധം’ ഇന്ത്യയിൽ അനുവദിച്ചു. ഇതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ജീവിതത്തിലേക്ക് ഒരു തിരിച്ചവരവിന് സാധ്യതയില്ലാത്ത രോഗികളെ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം. വേദന സഹിക്കാനാവാതെ മരണം കാത്തു കഴിയുന്ന മനുഷ്യ ജീവികളോടുള്ള കരുണ കാണിക്കലാണ്, അവരെ രക്ഷപെടുത്തലാണ് ദയാവധം എന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയും നീതി വ്യവസ്ഥയും ഉറപ്പു നൽകുന്നെന്നും അത് ലംഘിക്കാൻ ആർക്കും അവകാശം ഇല്ലെന്നും മറുപക്ഷം. നിയമം ദുർവ്യാഖ്യാനം ചെയ്ത് ബാധ്യതയായി മാറുന്നവരെ ഒഴിവാക്കുന്നതിന് ഉറ്റബന്ധുക്കൾ പോലും തയ്യാറായെന്ന് വരാമെന്നും വ്യാപകമായ ആക്ഷേപവും ഉയർന്നു.
ദുരുപയോഗത്തിന്റെ സാധ്യതകൾ നിരത്തുമ്പോഴും, വേദന സഹിക്കാനാവാതെ, ശ്വാസം കിട്ടാതെ പിടയുന്ന പ്രിയമുള്ളവരെ കാണുമ്പോൾ, വധമല്ല പൊലിഞ്ഞുപോയെങ്കിൽ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ചു പോയിട്ടുള്ള നിമിഷങ്ങളിലൂടെ നമ്മളിൽ പലരും കടന്നു പോയിട്ടില്ലേ? ഏറെ പ്രിയമുള്ള രണ്ട് മുഖങ്ങൾ മനസ്സിൽ തെളിയുന്നു… ഒപ്പം അരുണയുടേയും. അരുണ ഇപ്പോഴും നമ്മോടൊപ്പമുണ്ട്, പെയ്തൊഴിയാത്ത വർഷമേഘം പോലെ…

അരുണ ഷാൻബാഗിന്റെ
ഓര്‍മ്മകള്‍ക്ക് ഏഴാണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.