2 May 2024, Thursday

പരമ്പരയ്ക്ക് കോലിയില്ല; രാഹുലും ജഡേജയും ടീമിലുണ്ട് പക്ഷേ ഫിറ്റ്നസ് തെളിയിക്കണം

Janayugom Webdesk
മുംബൈ
February 10, 2024 10:52 pm

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലില്ലാതിരുന്ന വിരാട് കോലി മൂന്ന് മത്സരങ്ങളില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് കോലി കളിക്കാതിരിക്കുന്നതെന്നും താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ബിസിസിഐ പറഞ്ഞു. പരിക്ക് മാറി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര്‍ കെ എല്‍ രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനനുസരിച്ച് മാത്രമാകും ഇരുവരും കളിക്കാനിറങ്ങുക. 

നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോലി, പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും പിന്മാറുന്നതായി താരം അറിയിച്ചത്. കുടുംബ കാരണങ്ങളാണ് കോലിയുടെ ഈ പിന്മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കാരണം ഇതുവരെ അറിവായിട്ടില്ല. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
പകരക്കാരായി ടീമിലെത്തിയ സർഫറാസ് ഖാൻ, വാഷിങ്ടൻ സുന്ദർ എന്നിവരെയും അടുത്ത മത്സരങ്ങൾക്ക് പരിഗണിച്ചേക്കും. അതേസമയം സൗരഭ് കുമാറിനെ ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോശം ഫോം തുടരുന്ന ശ്രേയസ് അയ്യരും ടീമിൽ ഇല്ല. ധ്രുവ് ജുറേലായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ. ഫോമിലല്ലെങ്കിലും പേസര്‍ മുകേഷ് കുമാറിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ ആവേഷ് ഖാന് പകരക്കാരനായി പേസര്‍ ആകാശ് ദീപ് ഇടംപിടിച്ചു. ഫോമില്ലായ്മയ്ക്ക് വിമര്‍ശനം നേരിടുന്നുവെങ്കിലും കെ എസ് ഭരത് വിക്കറ്റ് കീപ്പറായി തുടരുന്നതും സ്ക്വാഡ് പ്രഖ്യാപനത്തിലെ പ്രധാന വാര്‍ത്തയാണ്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ട് പരമ്പരയാകെ നഷ്ടമാകും. 

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, കെ എസ് ഭരത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍, വാഷിങ്ടന്‍ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.

Eng­lish Summary:The series has no goal; Rahul and Jade­ja are in the squad but have to prove their fitness
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.