22 November 2024, Friday
KSFE Galaxy Chits Banner 2

വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം

Janayugom Webdesk
May 3, 2023 5:00 am

ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണമാണ്. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നിടത്ത് ജനാധിപത്യത്തിന്റെ അവസാനം ആരംഭിക്കുന്നു. ഈ മാസം അഞ്ചിന് തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുന്ന ‘കേരള സ്റ്റോറി’ എന്ന ചലച്ചിത്രം ഇതിനകം ഉയർത്തിയ തീവ്ര പ്രതികരണത്തിന്റെയും അതിന്റെ പ്രദർശനം കേരളത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ പരാമർശം. ചിത്രത്തിനെ സംബന്ധിച്ച് ഇതിനകം ലഭ്യമായ വിവരങ്ങളും ദൃശ്യങ്ങളും അതിന്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നമടക്കം കടുത്ത പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തുമെന്നുവേണം ഭയപ്പെടാൻ. ഒരു ചെറുന്യൂനപക്ഷം കേരളത്തെ സംബന്ധിച്ച് തികച്ചും പ്രതിലോമകരവും വസ്തുതകൾക്കുനിരക്കാത്തതുമായ ആഖ്യാനങ്ങൾ പടച്ചിറക്കാനും അവ അപകടകരമാംവിധം പ്രചരിപ്പിക്കാനും നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ചലച്ചിത്രം. അത് വർഗീയവിഷം വമിപ്പിക്കുന്ന ആസൂത്രിത നുണപ്രചാരണവും കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുൻപിൽ ഇകഴ്ത്തികാണിക്കുകവഴി ‘വെടക്കാക്കി തനിക്കാക്കാനുള്ള’ ഫാസിസ്റ്റ് വർഗീയതയുടെ യത്നത്തിന്റെ ഭാഗവുമാണ്. വസ്തുതകളുടെ വളച്ചൊടിക്കലും കപടോക്തിയുംകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സമൂഹത്തിനെതിരായ വിധ്വംസകപ്രവൃത്തിയാണ്. ഇവിടെ പ്രശ്നം സമൂഹത്തിന്റെ സമാധാനപൂർവമായ നിലനില്പുതന്നെയാണ്. അത് വെല്ലുവിളിക്കപ്പെടുമ്പോൾ പൊതുനന്മയെ ലാക്കാക്കി ജനാധിപത്യ അവകാശങ്ങൾക്കു കടിഞ്ഞാണിടാൻ പൊതുസമൂഹം നിർബന്ധിതമാകും. കേരള സ്റ്റോറി എന്ന അട്ടിമറിശ്രമത്തിനു എതിരെ ഉയർന്നുവരുന്ന പ്രതിരോധം അങ്ങിനെവേണം വിലയിരുത്തപ്പെടാൻ. ഗീബൽസിയൻ നുണപ്രചാരണങ്ങൾകൊണ്ട് സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പുനടത്തി തങ്ങളുടെ തെരഞ്ഞെടുപ്പുപരാജയങ്ങളുടെ നാണംകെട്ടചരിത്രം തിരുത്തിക്കുറിക്കാമെന്നുമാണ് ഹിന്ദുത്വവർഗീയവാദികളുടെ കണക്കുകൂട്ടൽ. കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ അധികാരവും അവകാശങ്ങളും ദുരുപയോഗംചെയ്ത് സമൂഹത്തെ ഭിന്നിപ്പിക്കാനും മതേതരജനാധിപത്യം തകർക്കാനും നടത്തുന്ന ഏതൊരു നീക്കവും അപലനീയവും എതിർക്കപ്പെടേണ്ടതുമാണ്.


ഇതുകൂടി വായിക്കൂ: നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


കേരളത്തിൽനിന്നും ഏതാനും പെണ്‍കുട്ടികളടക്കം ചിലർ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തിൽ ആകൃഷ്ടരായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. അതിനുപിന്നിൽ പ്രവർത്തിച്ച മതതീവ്രവാദ ചിന്തകളും സാമ്പത്തിക താല്പര്യങ്ങളും വിശദമായി വിശകലനവിധേയമാവേണ്ടതുണ്ട്. ഒറ്റപ്പെട്ട അത്തരം സംഭവങ്ങൾക്കു ‘ലൗജിഹാദ്’ ലേബൽ ചാർത്തിക്കൊടുക്കാൻ പലകോണുകളിൽനിന്നും ശ്രമം ഉണ്ടായി. എന്നാൽ അത്തരം വാദങ്ങൾ സാധൂകരിക്കുന്ന യാതൊരുതെളിവുകളും ഹാജരാക്കാൻ ആരോപണം ഉന്നയിക്കുന്നവർക്കോ പൊലീസിനോ അന്വേഷണഏജൻസികൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പരമോന്നതകോടതിപോലും തെളിവുകളുടെ അഭാവത്തിൽ അത്തരം വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും പൊലീസും ആഗോളതലത്തിൽ ഭീകരവാദത്തെ നിരീക്ഷിക്കുന്ന അന്വേഷണഏജൻസികളും ഐഎസിൽ ചേർന്ന മൊത്തം ഇന്ത്യക്കാരുടെ എണ്ണം ഇരുനൂറിൽതാഴെയാണെന്നു കണക്കാക്കുമ്പോൾ കേരള സ്റ്റോറിയുടെ സംവിധായകൻ കേരളത്തിൽനിന്നുമാത്രം മുപ്പത്തിരണ്ടായിരത്തിലധികംപേർ ഐഎസിൽ ചേർന്നതിന് തന്റെപക്കൽ തെളിവുണ്ടെന്ന അപഹാസ്യമായ അവകാശവാദമാണ് ഉന്നയിച്ചത്. പിന്നീട് ന്യായീകരിക്കുകയും ചെയ്തുവെങ്കിലും കള്ളപ്രചരണത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മൂന്ന് എന്നായി ചുരുക്കുകയായിരുന്നു. ദേശസ്നേഹമാണ് തന്റെ ചലച്ചിത്ര നിർമ്മാണത്തിന് പ്രചോദനമെന്നാണ് സംവിധായകരും നിര്‍മ്മാതാക്കളും അവകാശപ്പെടുന്നതെങ്കിലും അതിന്റെപിന്നിലെ ചേതോവികാരം അയാളുടെ വർഗീയ അജണ്ടയോ അതുമുതലാക്കി കൊള്ളലാഭം കൊയ്യാമെന്ന കണക്കുകൂട്ടലോ അല്ലാതെ മറ്റൊന്നുമല്ല. 15–25 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച വിവാദചിത്രം ‘കാശ്മീർ ഫയൽ’ വർഗീയവിദ്വേഷം വിറ്റഴിച്ചു ബോക്സ് ഓഫീസിൽ 340 കോടിയിലധികം കൊയ്തെടുത്തത് വ്യാമോഹിപ്പിക്കുന്ന ചരിത്രമാണ്. വലതുപക്ഷ വർഗീയ‑ദേശീയതയുടെ മോഡീകാലത്ത് തീവ്രവർഗീയതയെക്കാൾ വിപണിമൂല്യമുള്ള മറ്റൊന്നുമില്ലെന്നു കാശ്മീർ ഫയൽ, കേരളസ്റ്റോറി എന്നിവ ആവർത്തിച്ചു തെളിയിക്കുന്നു.


ഇതുകൂടി വായിക്കൂ: സിനിമ വിലയിരുത്താന്‍ മതസംഘം വരുമ്പോള്‍


പത്രങ്ങളും പുസ്തകങ്ങളും ടെലിവിഷൻ സംപ്രേഷണവും ചലച്ചിത്രങ്ങളും മതിയായ കാരണമില്ലാതെ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ഒരു പരിഷ്കൃത, ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല. എന്നാൽ അവയിൽ ഏതെങ്കിലും, സമൂഹത്തിന്റെ സമാധാനപൂർണമായ നിലനില്പിനെയും കെട്ടുറപ്പിനെയും അപകടപ്പെടുത്തുമെങ്കിൽ ഭരണകൂടങ്ങൾക്ക് മാറി ചിന്തിക്കേണ്ടിവരും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില അതിന്റെ ബഹുസ്വരതയും മതനിരപേക്ഷതയുമാണ്. സംഘ്പരിവാറും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ആ മൂല്യങ്ങളെ അട്ടിമറിക്കാനാണ് നിരന്തരം, വിശ്രമരഹിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻജനതയെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കാതെ ഹിന്ദുത്വ രാഷ്ട്രീയത്തിനും അവരുടെ ഭരണത്തിനും നിലനില്പില്ല. ആ രാഷ്ട്രീയ കുതന്ത്രത്തിനുള്ള ആയുധമാണ് കേരള സ്റ്റോറി. അത് തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിനും അതിനു നേതൃത്വം നൽകുന്ന സർക്കാരുകൾക്കും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.