15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022
September 13, 2022

നാടുവിട്ടോടി പ്രസി‍ഡന്റ്, തകര്‍ന്നടിഞ്ഞ് കുടുംബവാഴ്ച; നൂറാം ദിനം കടന്ന് ശ്രീലങ്കന്‍ ജനകീയ വിപ്ലവം

Janayugom Webdesk
July 17, 2022 11:15 pm

കുടുംബവാഴ്ചയെയും കെടുകാര്യസ്ഥതയെയും പിഴുതെറിഞ്ഞ ശ്രീലങ്കന്‍ ജനകീയ വിപ്ലവം നൂറാം ദിനം കടന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള യുവജനത നയിക്കുന്ന ജനകീയ പ്രക്ഷോഭം സാമ്പത്തിക പ്രതിസന്ധി കെെകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന ആവശ്യവുമായി ആരംഭിച്ച പ്രതിഷേധം, സ്ഥാനമൊഴിഞ്ഞ് ഗോതബയ നാടുവിട്ടിട്ടും തുടരുകയാണ്. വംശീയ വിഭജനങ്ങള്‍ മറികടന്ന് പ്രതിഷേധം തെരുവിലേക്കിറങ്ങുന്ന കാഴ്ചയ്ക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കവും അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില കുത്തനെ വര്‍ധിച്ചതും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളി വിടുകയായിരുന്നു. 

പ്രസിഡന്റിന്റെ കൊട്ടാരം, പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങി സുപ്രധാന കേന്ദ്രങ്ങള്‍ കയ്യടക്കിയതും ജനകീയ പോരാട്ടത്തില്‍ നിര്‍ണായകമായി. രാജ്യത്തെ എല്ലാ പ്രധാന സര്‍വകലാശാലകളും 95 ശതമാനം സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയനുകളും പ്രതിഷേധത്തില്‍ പ്രധാന പങ്കുവഹിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒമ്പതിന് കൊളംബൊയിലെ പ്രസിഡന്റിന്റെ ഓഫീസിന് സമീപമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത്. രണ്ട് ദിവസത്തേക്കെന്ന കണക്കില്‍ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമാകുകയായിരുന്നു. ഗോത ഗോ ഗമ അരഗലയ പ്രസ്ഥാനം എന്നാണ് പ്രതിഷേധ പ്രസ്ഥാനത്തിന്റെ പേര്. അരഗലയ എന്നാല്‍ സിംഹള ഭാഷയില്‍ സമരം എന്നാണ് അര്‍ത്ഥം. ഗോത ഗോ ഹോം എന്ന മുദ്രാവാക്യമാണ് മൂന്ന് മാസക്കാലമായി ശ്രീലങ്കയിലുടനീളം മുഴങ്ങികേള്‍ക്കുന്നത്.

നിരായുധരായും സമാധാനപരമായും പ്രതിഷേധിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ ആക്രമണം പ്രക്ഷോഭത്തെ സംഘര്‍ഷാവസ്ഥയിലെത്തിച്ചു. സമവായമില്ലാത്ത പ്രതിഷേധത്തിലേക്കാണ് ശ്രീലങ്ക പിന്നീടെത്തിയത്. ഔദ്യോഗിക വസതികളുള്‍പ്പെടെ രാജപക്സെമാരുടെ കുടുംബവീടും പ്രതിഷേധാഗ്നിക്കിരയായി. സമരാനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍‍ന്ന് മഹിന്ദ രാജപക്സെയ്ക്ക് പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നു. റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ച് അധികാരം നിലനിര്‍ത്താനുള്ള ഗോതബയ രാജപക്സെയുടെ ശ്രമങ്ങളും പ്രതിഷേധത്തിനു മുന്നില്‍ പരാജയപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ കയ്യടക്കിയതോടെ ഗോതബയ കുടുംബത്തോടൊപ്പം ശ്രീലങ്ക വിട്ടു. 

പ്രതിഷേധക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍, കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് അവരെ നിയന്ത്രിക്കാന്‍ പൊലീസിനും സുരക്ഷാ സേനയ്ക്കും കഴി‍ഞ്ഞില്ല. സംഘര്‍ഷങ്ങള്‍ക്കിടെ ഒരു പ്രതിഷേധക്കാരന്‍ മരിക്കുകയും നിരവധി സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 80 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുമെന്ന് ഉറപ്പ് ലഭിച്ചതോടെ ജൂലൈ 14 ന്, പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് പിന്‍വാങ്ങി.
രാജിവയ്ക്കാതെ നാടുവിട്ട ഗോതബയ, ആദ്യം മാലിദ്വീപിലും പിന്നീട് സിംഗപ്പൂരിലും അഭയം പ്രാപിച്ചതിനുശേഷമാണ് ഇ മെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെയും രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍. സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് വീണ്ടും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും പ്രക്ഷോഭകര്‍ രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.

Eng­lish Summary:The Sri Lankan Peo­ple’s Rev­o­lu­tion has crossed its 100th day
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.