18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇന്ത്യൻ ജനാധിപത്യത്തിനെതിരെ തുറന്നയുദ്ധത്തിന് അരങ്ങൊരുങ്ങുന്നു

Janayugom Webdesk
April 14, 2025 5:00 am

തമിഴ്‌നാട് നിയമസഭ പാസാക്കിയബില്ലുകൾ നിയമമാക്കുന്നതിന് അനുമതി നൽകാതെ പിടിച്ചുവയ്ക്കുകയും സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് അവയിൽ പത്തെണ്ണം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്ത ഗവർണറുടെ നടപടിക്കെതിരായ സംസ്ഥാന സർക്കാരിന്റെ കേസിലെ സുപ്രീം കോടതി വിധി പ്രതീക്ഷിച്ചവിധം കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ നിർണായകമായി സ്വാധീനിക്കുന്ന നിയമയുദ്ധത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് പുറത്തുവരുന്നത്. അത് ആത്യന്തികമായി, ഭരണഘടനാവിരുദ്ധമായി നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്രസർക്കാർ സംസ്ഥാന നിയമസഭകൾക്കും സംസ്ഥാന സർക്കാരുകൾക്കും മേൽ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന അമിതാധികാര പ്രവണതയ്ക്കെതിരെ സുപ്രീം കോടതി കൂടി ഉൾപ്പെട്ട ത്രികോണ നിയമയുദ്ധമായി മാറുകയാണ്. ഏപ്രിൽ എട്ടിന്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിലോ തിരസ്കരിക്കുന്നതിലോ ഗവർണർമാർക്ക് യാതൊരു വീറ്റോ അധികാരവും ഭരണഘടന കല്പിച്ചുനൽകുന്നില്ലെന്ന് പരമോന്നതകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. 415 പേജുള്ള വിധിയുടെ പൂർണരൂപം ശനിയാഴ്ചയാണ് പുറത്തുവന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരെപ്പോലെ പ്രവർത്തിക്കുന്ന ഗവർണർമാരുടെ ചിറകുകൾ മുറിക്കുന്നതിന് പുറമെ തന്റെ പരിഗണനയ്ക്കായി ഗവർണർമാർ അയച്ചുനൽകുന്ന ബില്ലുകളിന്മേൽ തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഭരണഘടന രാഷ്ട്രപതിയെയും അനുവദി‌ക്കുന്നില്ലെന്ന് വിധിപ്രസ്താവം അസന്ദിഗ്ധമായി ഊന്നിപ്പറയുന്നു. തന്റെ പരിഗണനയ്ക്കായി ഗവർണർമാർ സമർപ്പിക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. അവയുടെമേൽ രാഷ്ട്രപതിക്ക് സമ്പൂർണ വീറ്റോ അധികാരമില്ല. അനുമതി നൽകാതെ ബിൽ തടഞ്ഞുവയ്ക്കുന്നെങ്കിൽ അതിന്റെ വ്യക്തമായ കാരണം ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനെ അറിയിക്കണം. ഓര്‍ഡിനൻസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള കാലപരിധി മൂന്ന് ആഴ്ചയായി വിധി പരിമിതപ്പെടുത്തുന്നു. ഏതെങ്കിലും ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന ആശങ്കയുണ്ടെങ്കിൽ ഭരണഘടനയുടെ 134-ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം ആരായാവുന്നതാണെന്നും വിധി വ്യക്തമാക്കുന്നു. 

രാഷ്ട്രപതിക്ക് നിയമനിർമ്മാണത്തിൽ സ്വതന്ത്രമായ വിവേചനാധികാരം ഭരണഘടന വിഭാവനം ചെയ്യുന്നില്ലെന്ന വസ്തുത സുപ്രീം കോടതിവിധി ചരിത്രവസ്തുതകളെ ഉദാഹരിച്ച് സ്ഥാപിക്കുന്നു. പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1951ലെ ഹിന്ദു കോഡ് ബില്ലിന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അനുമതി നൽകുന്നതിന് വിസമ്മതിച്ചു. അന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു രാജ്യത്തിന്റെ പ്രഥമ അറ്റോർണി ജനറൽ എം സി സെതൽവാദിന്റെ നിയമോപദേശം ആരായുകയുണ്ടായി. ഇന്ത്യൻ ഭരണഘടന രാഷ്ട്രപതിക്ക് ബ്രിട്ടീഷ് ചക്രവർത്തിക്ക് സമാനമായ പദവിയാണ് കല്പിച്ചുനല്കിയിട്ടുള്ളതെന്നും, തദനുസൃതമായി രാഷ്ട്രപതിയുടെ പങ്ക് ഭരണഘടനാപരമായ പ്രതീകാത്മക തലവന്റേതാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാനേ രാഷ്ട്രപതിയെ ഭരണഘടന അനുവദിക്കുന്നുള്ളു. അറ്റോർണി ജനറലിന്റെ നിയമോപദേശം ആദരവോടെയും മഹാമനസ്കതയോടെയുമാണ് പ്രഥമ രാഷ്ട്രപതി അംഗീകരിച്ചത്. സുപ്രീം കോടതിയുടെ ഈ വിശദീകരണം ഇപ്പോഴത്തെ ഭരണഘടനാ പ്രതിസന്ധിയുടെ സമ്പൂർണ ഉത്തരവാദിത്തം കേന്ദ്ര മന്ത്രിസഭയ്ക്കാണെന്ന് ഭംഗ്യന്തരേണ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങളിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ നിയമങ്ങളാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ കേന്ദ്രത്തിന്റെ ഏജന്റുമാരായി വേഷംകെട്ടുന്ന ഗവർണർമാരോ രാഷ്ട്രപതിയോ അല്ല, മറിച്ച് ജനാദേശത്തെ സ്വന്തം നിക്ഷിപ്ത രാഷ്ട്രീയ താല്പര്യത്തിനായി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം തന്നെയാണെന്ന് വിധിപ്രസ്താവം വ്യക്തമാക്കുന്നു. സുപ്രീം കോടതിവിധി ഗവർണർമാർക്കോ രാഷ്ട്രപതിക്കോ എതിരല്ല. അത് മോഡി സർക്കാരിന്റെ സർവാധിപത്യ പ്രവണതയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. 

സുപ്രീം കോടതിയുടെ നിർണായകമായ ഈ വിധിപ്രസ്താവം മോഡി ഭരണസിരാകേന്ദ്രങ്ങളെ വിറളിപിടിപ്പിക്കുക തികച്ചും സ്വാഭാവികം. അതിന്റെ പ്രതിഫലനമാണ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതുവരെ താൻ വഹിക്കുന്ന പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഗവർണർ എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ അർലേക്കർ ഒരു പരിധിവരെ വിജയിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിവിധി പുറത്തുവന്നതോടെ മോഡി സർക്കാരിന്റെ കേരളത്തിലെ ഏജന്റ് എന്ന തന്റെ പദവിയും അധികാര അവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്നുവെന്ന ബോധ്യമായിരിക്കണം സുപ്രീം കോടതിയുടെ അധികാര അവകാശങ്ങളെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുണ്ടാവുക. അത് ഒറ്റപ്പെട്ട ശബ്‍ദമല്ല. മോഡി സർക്കാരും ബിജെപിയും സംഘ്പരിവാറും സുപ്രീം കോടതിവിധി നൽകുന്ന മുന്നറിയിപ്പ് തിരിച്ചറിയുന്നുണ്ടാവണം. അത് തങ്ങളുടെ സമഗ്രാധിപത്യത്തിനെതിരെ ഇതഃപര്യന്തം ഉയർന്നിട്ടുള്ള വെല്ലുവിളികളിൽ ഏറ്റവും മൂർച്ചയേറിയതാണെന്ന് അവർക്കറിയാം. ഇന്ത്യൻ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരെ അവർ നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കും അട്ടിമറി ശ്രമങ്ങൾക്കും ഊക്കും ആക്കവും കൂട്ടാൻ അവർ മടിച്ചുനിൽക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരായ തുറന്ന യുദ്ധത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.

ബ്ലര്‍ബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.