22 December 2024, Sunday
KSFE Galaxy Chits Banner 2

‘മതം നോക്കി തല്ലിച്ചോ?’

കാനം രാജേന്ദ്രൻ
October 7, 2023 4:30 am

യുപി സർക്കാരിനു സുപ്രീം കോടതിയുടെ കടുത്ത ഭാഷയിലുള്ള ശകാരം. മുസഫർ നഗരിലെ നേഹ പബ്ലിക് സ്കൂളിൽ കഴിഞ്ഞ ഓഗസ്റ്റ് 24ന് ഗുണനപ്പട്ടിക പഠിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കാരണത്താൽ സ്കൂൾ പ്രിൻസിപ്പൽ കൂടിയായ തൃപ്ത ത്യാഗി ക്ലാസിലെ സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ചത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൂട്ടുകാരെക്കൊണ്ട് തല്ലിച്ചതിനു ശേഷം വിദ്യാർത്ഥിക്കെതിരെ വർഗീയ അധിക്ഷേപവും നടത്തി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വമ്പിച്ച ജനരോഷം അധ്യാപികക്കെതിരെയും യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും ഉയർന്നിരുന്നു. യുപി സര്‍ക്കാര്‍ തികഞ്ഞ അലംഭാവത്തോടെയാണീ വിഷയത്തെ കൈകാര്യം ചെയ്തത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ള വസ്തുതകൾ എഫ്ഐആറിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ വീഴ്ചകളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗാന്ധിജിയുടെ പ്രപൗത്രനും സാമൂഹിക പ്രവർത്തകനുമായ തുഷാർഗാന്ധിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ‘മതം നോക്കി തല്ലിച്ചോ?’ എന്ന നേരിട്ടുള്ള ചോദ്യത്തിലൂടെ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നതരത്തിൽ സുപ്രീം കോടതി പൊട്ടിത്തെറിക്കുകയായിരുന്നു.
സർക്കാർ അഭിഭാഷകൻ യഥാർത്ഥത്തിൽ സംഭവിച്ചതിലും അധികം വർഗീയത നൽകാൻ ശ്രമമുണ്ടായെന്ന് പറഞ്ഞുകൊണ്ട് യുപി സര്‍ക്കാരിനെ ന്യായീകരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ കണ്ട സുപ്രീം കോടതി സർക്കാരിന്റെ വാദം തള്ളിക്കൊണ്ട് പ്രശ്നത്തെ ലളിതവൽക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകി. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ ജാതി ആയതുകൊണ്ടുതന്നെ ജാതിരാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന ഭരണകൂടത്തിന്റെ ദളിത്-മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് ഒട്ടും യാദൃച്ഛികതയില്ല. ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഹരിയാനയിൽ നടന്ന ന്യൂനപക്ഷ വേട്ട എത്ര ദിവസങ്ങളാണ് നീണ്ടുനിന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുവിതര വിഭാഗങ്ങൾക്ക് നേരെ എത്രയോ നീചമായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


സവർണ ഹിന്ദുമതത്തിന്റെയും ബ്രാഹ്മണാധിനിവേശത്തിന്റെയും പുരുഷാധിപത്യത്തിന്റെയും മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിട്ടാണ് ദളിത്-ആദിവാസി ജനവിഭാഗങ്ങൾ നൂറ്റാണ്ടുകളോളം ജീവിച്ചു വരുന്നത്. ഇന്ന് സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ശക്തിയായ ആർഎസ്എസ്-ബിജെപി ഭരണകൂടത്തിൻകീഴിൽ ഈ മർദനങ്ങളും വിവിധ തരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും സമാനതകളില്ലാത്തവിധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ യുപിയും മധ്യപ്രദേശുമാണ് ഇക്കാര്യത്തിൽ ഒന്നാമത്. ഹെഡ്ഗേവാർ, ഗോൾവാർക്കർ, വി ഡി സവർക്കർ തുടങ്ങിയ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രകാരന്മാരുടെ രാഷ്ട്രീയ അജണ്ടകൾ അക്ഷരംപ്രതി പ്രവൃത്തിപഥത്തിൽ കൊണ്ടു വരികയാണ് സംഘ്പരിവാർ ശക്തികൾ. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മതസൗഹാർദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും നാനാത്വത്തിന്റെയും അടിസ്ഥാന ആശയങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ടാണ് ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഹിന്ദുത്വം അഥവാ സവർണ ഹിന്ദുത്വം ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും ഭരണഘടനാ തത്വങ്ങളെയും ജുഡീഷ്യറി സംവിധാനത്തെയും നിയമവാഴ്ചയെയും അട്ടിമറിച്ചുകൊണ്ട് സംഹാര താണ്ഡവമാടുന്നത്. ഈ കൊടിയ അടിച്ചമർത്തലിനും മർദനങ്ങൾക്കും കൂടുതലും വിധേയമാകുന്നത് ദളിത്-ആദിവാസി, ന്യൂനപക്ഷ ജനവിഭാഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുമാണ്.
ഷംബാമി രാജ എന്ന പ്രസിദ്ധനായ ഗവേഷകന്റെ പഠന റിപ്പോർട്ടനുസരിച്ച് 2018ൽ 3456 ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയായിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദളിത് സ്ത്രീകൾക്കെതിരെ തീവ്ര ഹിന്ദുത്വ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹായത്തോടെ നടക്കുന്ന വിവിധരീതിയിലുള്ള ആക്രമണങ്ങളെ വിശേഷിച്ചും ലൈംഗികാക്രമണങ്ങളെ സാർവദേശീയ മാധ്യമങ്ങളും ഏജൻസികളും അപലപിച്ചിരുന്നു. സ്ത്രീത്വം അപമാനിതമാവുന്ന ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു ഇന്ത്യ.


ഇതുകൂടി വായിക്കൂ: വർഗീയ ധ്രുവീകരണം ; ആയുധമാക്കി ബിജെപി


രോഹിത് വെമുല മനസിൽ നിന്നു മായാതെ കിടക്കുന്ന ദുഃഖമാണ്. 2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. മുസഫർ നഗര്‍ കലാപത്തിൽ ബിജെപി നേതാക്കളുടെ പങ്ക് മറനീക്കി പുറത്തുകൊണ്ടു വന്ന നകുൽ സിങ്ങിന്റെ ‘മുസഫർ നഗർ ബാക്കി ഹേ’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ പ്രദർശനം സംഘ്പരിവാര്‍ വിദ്യാർത്ഥി സംഘടനയായ എബിവിപി തടഞ്ഞതിനെത്തുടർന്ന് സർവകലാശാലയിലെ അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ പ്രതിഷേധ പ്രസ്താവന ഇറക്കുകയുണ്ടായി. തുടർന്ന് ഹിന്ദുത്വ ഭീകരവാദികളിൽ നിന്നുണ്ടായ കടുത്ത ഭീഷണിയും മാനസിക സമ്മർദവും ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. ഒരു കുറിപ്പ് എഴുതിവച്ച് രോഹിത് വെമുല ആത്മഹത്യ ചെയ്യുകയായിരുന്നു. രോഹിതിന്റെ മൃതദേഹം മാതാപിതാക്കളെയോ കുടുംബാംഗങ്ങളെയോ ഒന്നു കാണുവാൻ പോലും അനുവദിക്കാതെ ഹൈദരാബാദിലെ ശ്മശാനത്തിൽ കത്തിച്ചു കളയുകയായിരുന്നു.
മോഡിക്കെതിരെയും അമിത് ഷായ്ക്കെതിരെയും വിമർശനങ്ങൾ ഉന്നയിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നവർക്കെതിരെ കലാപശ്രമത്തിന് കേസെടുക്കുന്ന കേന്ദ്രഭരണകൂടം ഈ കേസോ, ആത്മഹത്യയിലേക്ക് രോഹിതിനെ തള്ളിവിട്ട സംഭവ വികാസങ്ങളെക്കുറിച്ചോ അന്വേഷിക്കുവാന്‍ തയ്യാറായില്ല. രാജ്യത്താകെ പ്രതിഷേധമുയർന്ന അതിദാരുണമായ ഒരു സംഭവമായിരുന്നു ഇത്. ഇന്ത്യയിലെ സർവകലാശാലകളും കോളജുകളും എല്ലാം സംഘ്പരിവാർ ശക്തികളുടെ ആക്രമണ കേന്ദ്രങ്ങളായി മാറുകയാണ്. സിലബസും അധ്യാപന രീതികളും, അധ്യാപക, വൈസ് ചാൻസലർ, ചാൻസലർ നിയമനങ്ങളും പാഠഭാഗങ്ങളുമെല്ലാം സവർണ ഹിന്ദുത്വത്തിന്റെ അജണ്ടകൾക്കനുസരിച്ച് രൂപപ്പെടുകയാണ്.
1946ൽ സ്വാതന്ത്ര്യലബ്ധിക്ക് ഒരു വർഷം മുമ്പ് നമ്മുടെ ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കർ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി. ‘ഹിന്ദുക്കളോട് എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത് നിങ്ങളുടെ രാഷ്ട്രീയം ഇംഗ്ലീഷുകാരിൽ നിന്ന് സ്വതന്ത്രമാവാൻ വേണ്ടിയാണെന്നതുപോലെ, നമ്മുടെ രാഷ്ട്രീയം ഹിന്ദുക്കളുടെ അടിമത്തത്തിൽ നിന്നും സ്വതന്ത്രമാവാൻ വേണ്ടിയാണ്. ഇംഗ്ലീഷ് രാജ്യം വേണ്ട, അതുപോലെ ഞങ്ങൾക്ക് ഹിന്ദു രാജ്യവും വേണ്ട’. (ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ വാല്യം 4 പേജ് 25). അംബേദ്കർ, സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പ്രവചനാത്മകമായി കണ്ട ഹിന്ദുത്വ ശക്തികളുടെ അധികാരാരോഹണം ആണ് ബിജെപി കേന്ദ്രാധികാരം കയ്യടക്കിയതോടെ ഇന്ത്യയിൽ സംഭവിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാംവർഷവും അമൃതകാലവും ആഘോഷിക്കുന്ന വേളയിൽ ദളിതരുടെ ജീവിതാവസ്ഥ അതിശോചനീയമായി തുടരുന്നു. 2011ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യയുടെ 20.8 ശതമാനമാണ് ദളിതർ. ഇതേവര്‍ഷത്തെ ദേശീയ സർവേ പ്രകാരം 9.79 കോടി സ്ത്രീകളാണ് ഈ വിഭാഗത്തിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിതരുള്ളത് ഉത്തർപ്രദേശിലാണ്. ആകെ ജനസംഖ്യയുടെ 31.9 ശതമാനം ദളിതരാണവിടെ ജീവിക്കുന്നത്. 2015–16ലെ കാർഷിക സർവേ അനുസരിച്ച് ആകെ കാർഷിക ഭൂമിയുടെ ഒമ്പത് ശതമാനമാണ് ദളിത് വിഭാഗത്തിനുള്ളത്. ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ 58.4 ശതമാനം ദളിത് കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ല. ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായി അസ്പൃശ്യരായി തരംതാഴ്ത്തപ്പെട്ടവരായതുകൊണ്ട് അവർക്ക് ഭൂപ്രമാണിമാരും ജന്മിമാരും ഭൂമി നിഷേധിക്കുകയായിരുന്നു. ഭൂപരിഷ്കരണത്തിന്റെ യഥാർത്ഥ ഫലങ്ങൾ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ദളിതർക്കു ലഭിച്ചിട്ടില്ല.
യുപിഎ ഭരണകാലത്ത് ഇടതുപക്ഷം മുന്നോട്ടുവച്ച വനാവകാശ നിയമത്തിന്റെ ഗുണഭോക്താക്കളാകാൻ വനവാസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വന നിയമഭേദഗതിയിലൂടെ വനാവകാശ നിയമം ഫലത്തിൽ ഇല്ലാതാകാൻ പോവുകയാണ്. ഭൂരഹിതരായ ദളിതർക്കിടയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു വരികയാണ്. ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗവും ദളിതരും ആദിവാസികളുമാണ്. പോഷാകാഹാര കുറവുകൊണ്ട് രോഗവും ആത്യന്തികമായ മരണവും വർധിക്കുന്നു. ജോലി ലഭിക്കുന്ന ദളിതർക്കാകട്ടെ തുച്ഛമായ കൂലിയും. ഇതിന്റെ ഫലമായി വരുമാന ശോഷണം കൊണ്ട് നിത്യവൃത്തി കഴിയാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുമ്പോൾ ഈ വിഭാഗത്തിലെ കുട്ടികൾ ജോലിക്കിറങ്ങേണ്ടി വരുന്നു. ഏറ്റവും കൂടുതൽ ബാലവേല നിലനിൽക്കുന്നത് ദളിത്-ആദിവാസി വിഭാഗങ്ങൾക്കിടയിലാണ്. ബാലവേല നിരോധന നിയമം നടപ്പിലാക്കിയതുകൊണ്ട് മാത്രം കുട്ടികളുടെ അവസ്ഥ മാറാൻ പോകുന്നില്ല. ബാലവേലയ്ക്ക് സാമൂഹ്യ സാഹചര്യം മൂലം നിർബന്ധിതമാകുന്നു എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം നഷ്ടപ്പെടുകയും ചെയ്യുന്നു. ജോലി ചെയ്യിപ്പിക്കുന്നതു മാത്രമല്ല ലൈംഗിക ചൂഷണത്തിനും അടിമ സമാനമായ സമ്പ്രദായത്തിനും കുട്ടികള്‍ വിധേയരാക്കപ്പെടുന്നു. ഹത്രാസിലെ പെൺകുട്ടിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊല്ലുകയായിരുന്നുവല്ലോ.


ഇതുകൂടി വായിക്കൂ:  വർഗീയതയ്ക്ക് ഊർജം പകരാൻ അമിത് ഷാ എത്തുന്നു


ഭരണഘടന നൽകുന്ന ദളിത് പരിരക്ഷ(സംവരണമടക്കം)യും പ്രഖ്യാപിത തത്വങ്ങളും നിയമ സുരക്ഷയും ദളിതർക്ക് നിഷേധിക്കപ്പെടുകയാണ്. Pre­ven­tion of Atroc­i­ties of SC ST Act ന്റെ അടിസ്ഥാനത്തിൽ ദളിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികളാകുന്നവരിലധികം പേരും ശിക്ഷിക്കപ്പെടുന്നില്ല. സാക്ഷികളുടെ കൂറുമാറ്റം, പൊലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും തെളിവുശേഖരണത്തിലെ അപാകത, എഫ്ഐആറിലെ തിരിമറികൾ ഇങ്ങനെ കേസ് ദുർബലപ്പെടുത്താനുള്ള ഘടകങ്ങളെല്ലാം കേസുകളിൽ കാണാം. എന്നാൽ യുഎപിഎ അനുസരിച്ച് അനേകം ദളിത്-ആദിവാസി വിഭാഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്. വനത്തിനുള്ളിൽ ആദിവാസികളെ ആട്ടിപ്പായിച്ചുകൊണ്ട് പ്രകൃതി വിഭവങ്ങളെ കോർപറേറ്റുകൾ ചൂഷണം ചെയ്യുമ്പോള്‍ ജീവനും ജീവനോപാധിയും സംരക്ഷിക്കാൻ വേണ്ടി പ്രതികരിക്കുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നു. ബസ്തർ ജയിലിൽ സിപിഐ പ്രവർത്തകരുൾപ്പെടെ നിരവധി പേർ തടവിലാണ്. ആദിവാസി ബാലന്മാരെ വരെ ഇത്തരത്തിൽ വിചാരണ കൂടാതെ ജയിലിൽ അടച്ചിരിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
(അവസാനിക്കുന്നില്ല)

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.