14 November 2024, Thursday
KSFE Galaxy Chits Banner 2

മോഡി ഭരണസ്ഥിരതയുടെ കച്ചവട രഹസ്യം

Janayugom Webdesk
September 5, 2023 5:00 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാധ്യമങ്ങളോടുള്ള സമീപനം കുപ്രസിദ്ധമാണ്. ഇന്ത്യയെപ്പോലെ ബൃഹത്തും ഊർജസ്വലവുമായ ഒരു ജനാധിപത്യത്തിൽ മാധ്യമങ്ങളും മാധ്യമങ്ങൾവഴി ഭരണാധികാരികളുമായുള്ള ആശയവിനിമയ പാരസ്പര്യവും ജനാധിപത്യത്തിന്റെ നിലനില്പിനും വികാസത്തിനും സുപ്രധാനമാണ്. പ്രധാനമന്ത്രി മോഡിയാകട്ടെ എക്കാലത്തും മാധ്യമങ്ങളെ ബോധപൂർവം അവഗണിക്കുകയും അകറ്റിനിർത്തുകയുമെന്ന നയമാണ് പിന്തുടർന്നു പോന്നിട്ടുള്ളത്. അതിന് അപവാദമായ അത്യപൂർവം സന്ദർഭങ്ങളിലാകട്ടെ ആത്മഭാഷണത്തിലും ആത്മപ്രശംസയിലുമായിരുന്നു ഊന്നൽ. പ്രധാനമന്ത്രി എന്നനിലയിൽ മോഡി ആദ്യമായി കഴിഞ്ഞദിവസം, വാർത്താ ഏജൻസി പിടിഐക്ക്, നൽകിയ അഭിമുഖവും പതിവ് തെറ്റിച്ചില്ല. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. സ്വാഭാവികമായും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ ഒന്നൊഴികെ എല്ലാംതന്നെ ആഗോളപ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്തത്. അവിടെയും പ്രധാനമന്ത്രിയുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റം കാണാനായില്ല. ഇന്ത്യയെ പരാമർശിക്കുന്ന ഏക ചോദ്യത്തിനുള്ള മറുപടിയാകട്ടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും പതിവ് വാചാടോപവും കുത്തിനിറച്ച ആവർത്തനവിരസതയായിരുന്നു. തന്റെ ഭരണത്തിന്റെ ഒമ്പത് വർഷംകൊണ്ട് ഇന്ത്യൻ സമ്പദ്ഘടനയെ പത്താം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്ത് എത്തിച്ചുവെന്ന് അവകാശപ്പെട്ട മോഡി, രാജ്യം 2047ൽ വികസിത സമ്പദ്ഘടനയായി മാറുമെന്ന് പറയുന്നു. ഈ അവകാശവാദവും ഇനി വേണ്ടിവരുന്ന നീണ്ട 24 വർഷത്തെ കാത്തിരിപ്പും തമ്മിലുള്ള യുക്തിരാഹിത്യം അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്.


ഇതുകൂടി വായിക്കൂ: അഡാനി-മോഡി കൂട്ടുകെട്ടിലെ രഹസ്യ അജണ്ട


1947ലെ സ്വാതന്ത്ര്യവും അതിനുവേണ്ടി ഒമ്പത് പതിറ്റാണ്ട് നീണ്ട പോരാട്ടവും അംഗീകരിക്കാത്തവർ സ്വാതന്ത്ര്യത്തിന്റെ 67 വർഷംകൊണ്ട് രാജ്യം കൈവരിച്ച സാമ്പത്തികവളർച്ചയെയും ആഗോളതലത്തിൽ നേടിയ അംഗീകാരത്തെയുമാണ് തമസ്കരിക്കാൻ ശ്രമിക്കുന്നത്. ആധുനിക ഇന്ത്യയുടെ ഒന്നര നൂറ്റാണ്ടിലേറെ വരുന്ന ചരിത്രത്തിന്റെ തോളിലേറിയാണ് മോഡിയുടെ വീമ്പിളക്കൽ. ആ ചരിത്രമാണ് മോഡി ഭരണമേൽക്കുമ്പോൾ ഇന്ത്യയെ ലോകത്തെ പത്താമത്തെ സമ്പദ്ഘടനയാക്കി മാറ്റിയത്. സ്വാതന്ത്ര്യത്തിന്റെ 67 വർഷങ്ങളിൽ ഇന്ത്യ കല്ലുപാകിയ സുദൃഢമായ അടിത്തറയാണ് മോഡിഭരണം അവകാശപ്പെടുന്ന വളർച്ചയുടെ വിക്ഷേപണത്തറ. മോഡി അധികാരത്തിലേറിയ 2014നു ശേഷം രാജ്യം നാളിതുവരെ പിന്തുടര്‍ന്നുപോന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നതുമായ സ്ഥിതിവിവര കണക്കെടുപ്പ് രീതികൾ തങ്ങൾക്കനുകൂലമായി കൗശലപൂർവം തിരുത്താനും ഉത്തരവാദിത്തപ്പെട്ട ആഗോള ഏജൻസികളുടെ റിപ്പോർട്ടുകളെ അധിക്ഷേപിച്ച് തള്ളിക്കളയാനും മടിക്കാത്തവർ സെൻസസ് കണക്കെടുപ്പുകൾ വേണ്ടെന്നു വച്ചതിനും ലോകം സാക്ഷിയാണ്. അവിടെയാണ് മോഡിയുടെ മേനിപറച്ചിൽ പൊള്ളത്തരവും അടിസ്ഥാനരഹിതമായ അവകാശവാദവുമായി മാറുന്നത്. അതുതന്നെയാണ് മോഡിയുടെ അവകാശവാദത്തിന്റെ യുക്തിരാഹിത്യം. രാജ്യം കൈവരിച്ച സാമ്പത്തിക വളർച്ച മഹാഭൂരിപക്ഷംവരുന്ന സാധാരണ പൗരന്മാരുടെ ജീവിത യാഥാർത്ഥ്യത്തെയല്ല പ്രതിഫലിപ്പിക്കുന്നത്. അത് അഡാനിമാരും അംബാനിമാരും വേദാന്തയും ഉൾപ്പെട്ട മോഡിയുടെ ചങ്ങാതിമാരുടെ സമ്പദ്കേന്ദ്രീകരണത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. അതാവട്ടെ പ്രകൃതിവിഭവങ്ങളും ആർജിത പൊതുസമ്പത്തും കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവച്ചതിന്റെ പരിണതിയാണ്.


ഇതുകൂടി വായിക്കൂ: അഴിമതിക്കെതിരായ മോഡിയുടെ വാക്കുകള്‍ കാപട്യം


സാമാന്യജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും ദൂരീകരിക്കുന്നതിലും രോഗാതുരതയിൽനിന്നും അകാലമൃത്യുവിൽനിന്നും അവരെ രക്ഷിക്കുന്നതിലും കോടാനുകോടി വരുന്ന യുവതയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദുർവഹമായ വിലക്കയറ്റം തടയുന്നതിലും ഈ ഭരണം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കർഷകരും തൊഴിലാളികളും ദളിതരും ആദിവാസികളും മതന്യൂനപക്ഷങ്ങളും കൊടിയ ദുരിതങ്ങളെയും അവകാശലംഘനങ്ങളെയുമാണ് നേരിടുന്നത്. വംശീയ, വർഗീയകലാപങ്ങളും കൂട്ടക്കൊലകളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലജ്ജാകരമാംവിധം സർവസാധാരണമായിരിക്കുന്നു. ജനപിന്തുണയല്ല, രാജ്യത്തിന്റെ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങളും ആർജിത പൊതുസമ്പത്തും വിറ്റഴിച്ചുള്ള ഭരണധൂർത്തും അഴിമതിയുമാണ് മോഡി പറയുന്ന ഭരണസ്ഥിരതയുടെ കച്ചവട രഹസ്യം. താൻ നിർമ്മാർജനം ചെയ്യുമെന്ന് ഉദ്ഘോഷിക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും അഴിമതിയുടെയും പിൻബലത്തിലാണ് മോഡി അധികാരത്തിലേറിയതും നാളിതുവരെ നിലനിർത്തിപ്പോന്നതും. ജനങ്ങൾ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. എല്ലാക്കാലത്തേക്കും എല്ലാവരെയും കബളിപ്പിച്ച് അധികാരത്തിൽ തുടരാമെന്ന അധികാര വ്യാമോഹത്തിന്റെ അവസാനത്തിന്റെ ആരംഭമായി. അതിന്റെ പരിഭ്രാന്തി മോഡിയിലും ഭരണപാളയത്തിലും പ്രകടമാണ്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.