26 April 2024, Friday

മാരക കീടനാശിനികളുടെ ഉപയോഗം വ്യാപകം

Janayugom Webdesk
തൃശൂർ
August 12, 2022 9:50 pm

മാരക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസകീടനാശിനികൾ ഇന്ത്യയിൽ അനധികൃതമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നതായി പഠനം. ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പരാമർശിച്ചിരിക്കുന്നത്. കൃഷിയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികളാണ് ക്ലോർപൈറിഫോസും ഫിപ്രോനിലും. കളനാശിനികളായ അട്രാസിനും പാരക്വാറ്റ് ഡൈക്ലോറൈഡും ധാരാളമായി കൃഷിയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിലും മറ്റു ജീവജാലങ്ങളിലും നാഡീ വ്യവസ്ഥ സംബന്ധമായ ഗുരുതര രോഗാവസ്ഥകൾക്ക് കാരണമാകുന്നതാണ് ക്ലോർപൈറിഫോസ്. 

നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും കാന്‍സറിനും ഹോർമോൺ തകരാറുകൾക്കും പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും കാരണമാക്കുന്നതാണ് ഫിപ്രോനിൽ. അട്രെസിനും സമാനമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഗുരുതരമായ രോഗാവസ്ഥകൾക്കും ജീവൻ തന്നെ അപായപ്പെടുത്താനും കഴിയുന്ന വിഷമാണ് ഇത്. ഭക്ഷണം, വെള്ളം വായു എന്നിവയിലൂടെ ഇവ മനുഷ്യ ശരീരത്തിൽ എത്തുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ നാല്പതോളം രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാൽപതു ശതമാനത്തോളം കീടനാശിനികൾ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ആരോഗ്യ- ഭക്ഷ്യ സുരക്ഷാമേഖലയിൽ രാസകീടനാശിനികൾ ഉയർത്തുന്ന ആശങ്കകൾ എന്ന ശില്പശാലയിൽ ഭാരത കാർഷിക ഗവേഷണ കൗൺസിൽ എമരിറ്റസ് പ്രൊഫ. ഡോ. ഇന്ദിരാദേവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. 

Eng­lish Sum­ma­ry: The use of lethal pes­ti­cides is widespread

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.