March 29, 2023 Wednesday

Related news

March 29, 2023
March 23, 2023
March 20, 2023
March 13, 2023
March 11, 2023
March 9, 2023
March 7, 2023
March 1, 2023
March 1, 2023
February 27, 2023

തയ്യാറാക്കേണ്ടത് 2024 ലേക്കുള്ള വാഹനം

സുരേന്ദ്രന്‍ കുത്തനൂര്‍
December 18, 2022 4:30 am

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ ഫലവും യഥാര്‍ത്ഥത്തില്‍ മുന്നറിയിപ്പ് നൽകുന്നത് ദേശീയതലത്തിൽ പ്രതിപക്ഷത്തിനാണ്. മോഡിയും ബിജെപിയും അജയ്യരല്ലെന്നും 2024 പൊതുതെരഞ്ഞെടുപ്പിൽ വേണ്ടത് ശക്തമായ പ്രതിപക്ഷ ഐക്യമാണെന്നുമാണ് ജനങ്ങളുടെ മുന്നറിയിപ്പ്. കോൺഗ്രസ് മുക്ത ഭാരത് എന്ന പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും പ്രചരണം അസ്ഥാനത്താണെന്ന് ഹിമാചൽ തെളിയിച്ചപ്പോൾ, ഡൽഹിയിലൂടെ എഎപിയും പ്രാദേശിക ബദൽ തെളിയിച്ചു. നരേന്ദ്ര മോഡിയെ പുറത്താക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചുണ്ടായ ട്രോളുകളെയും അവഗണിക്കുന്നില്ല. എങ്കിലും 2019 ല്‍ 37 ശതമാനം വോട്ട് വിഹിതം കൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ ഭരണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞത് 63 ശതമാനം വോട്ടുകള്‍ ഭിന്നിച്ച് കിടന്നതാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ തിരിച്ചറിവ് നേടിയിട്ടുണ്ട്. രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ തിരിച്ചറിവാണെങ്കില്‍ അതിനെ പോസിറ്റീവായി കാണാവുന്നതാണ്.


ഇതുകൂടി വായിക്കൂ: ഗുജറാത്ത് ഒരു ഭീതിയും ഹിമാചല്‍ പ്രതീക്ഷയുമാണ്


2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടാൻ പ്രതിപക്ഷത്തിന് പുതിയ ഉണർവാണ് വോട്ടെടുപ്പ് ഫലങ്ങൾ. ഹിമാചലിലും, ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടിറങ്ങി പ്രചരണം നടത്തിയാൽ നിഷ്പ്രയാസം ജയിക്കാമെന്ന കണക്കുകൂട്ടലാണ് ജനം പൊളിച്ചത്. പക്ഷേ തോൽവികളിൽ തളരാത്ത പാർട്ടിയാണ് ബിജെപി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ പോലും അവർക്ക് പാർലമെന്റ് തെരഞ്ഞെടുപ്പ് പോലെ പ്രധാനമാണ്. ജയിക്കാന്‍ അവര്‍ ഏത് കുതന്ത്രവും പയറ്റും. ഗുജറാത്തിൽ അത് അവർ തെളിയിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ആഴ്ചകൾ തമ്പടിച്ചാണ് അവിടെ പ്രചാരണം നടത്തിയത്. 2022 ലെ വര്‍ഗീയ കലാപത്തെ ന്യായീകരിക്കുന്ന പ്രസ്താവനകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വര്‍ഗീയതയുടെ കൊടുങ്കാറ്റഴിച്ചുവിട്ടു. അതിനെതിരെ പ്രതിപക്ഷം പരാതി നല്‍കിയെങ്കിലും അമിത് ഷാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന ക്ലീന്‍ചിറ്റ് ആണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചാര്‍ത്തിക്കൊടുത്തത്.
ഗുജറാത്തിലും ഡൽഹിയിലും തുടച്ചുനീക്കപ്പെട്ടെങ്കിലും ഹിമാചലിലെ അപ്രതീക്ഷിത നേട്ടത്തിൽ കോൺഗ്രസ് ആവേശത്തിലാണ്. യോജിച്ച നയമോ തന്ത്രപരമായ നീക്കമോ കരുത്തരായ നേതൃനിരയോ ആ പാര്‍ട്ടിക്ക് ഇല്ലായിരുന്നു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി കഴിയാവുന്നത്ര പ്രയത്നിച്ചു. രാഹുൽ ഗാന്ധി ഗുജറാത്തിൽ നാമമാത്ര പ്രചാരണം നടത്തിയപ്പോള്‍ ഹിമാചൽ പൂർണമായും ഒഴിവാക്കി. അനാരോഗ്യം മൂലം സോണിയാ ഗാന്ധി പ്രചാരണത്തിനൊന്നും ഇറങ്ങിയില്ല. എങ്കിലും 2014ലെയും 2019ലെയും തുടർച്ചയായ തോൽവിയിൽ നിരാശരായ കോൺഗ്രസ് പ്രവർത്തകർക്ക് പക്ഷേ ഹിമാചലിലെ വിജയം ഉത്തേജനം നൽകിയിട്ടുണ്ട്. ഗുജറാത്തിൽ പയറ്റിയ നിശബ്ദ പ്രചാരണം എന്ന പരീക്ഷണം ഇനി ആവർത്തിക്കില്ലെന്നാണ് നേതൃത്വം പറയുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളും അണിനിരത്തി പോരാടിയാൽ മാത്രമേ സംസ്ഥാനങ്ങളിൽ ബിജെപിയെയും ആം ആദ്മി പാർട്ടിയെയും നേരിടാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ. ഗുജറാത്തിൽ തോറ്റ ഓരോ മണ്ഡലത്തിലെയും സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻ‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പല മുതിർന്ന നേതാക്കളും രാജിവച്ച് മറ്റ് പാർട്ടികളിൽ ചേർന്നതുകൊണ്ട്, അവശേഷിക്കുന്നവരെ ഒരുമിച്ചു നിർത്താൻ പാർട്ടിക്ക് കഠിന ശ്രമം വേണ്ടിവരും.


ഇതുകൂടി വായിക്കൂ: ഡല്‍ഹി തെരഞ്ഞെടുപ്പ് വിധിയുടെ സൂചനകള്‍


ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പ്രതിപക്ഷത്തിന് ആവേശം പകരുന്നതാണ്. യുപിയിൽ ഭരണകക്ഷിയായ ബിജെപി, രാഷ്ട്രീയ ലോക്ദളിനോട് (ആർഎൽഡി) പരാജയപ്പെട്ടെങ്കിലും രാംപൂർ സദർ സീറ്റ് പിടിച്ചെടുത്തു. മയ്ൻപുരി ലോക്‌സഭാ സീറ്റ് വലിയ ഭൂരിപക്ഷത്തിൽ സമാജ്‍വാദി പാർട്ടി നിലനിർത്തി. എന്നാൽ ബിഹാറിലെ കുർഹാനി മണ്ഡലം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് രണ്ട് നിയമസഭാ സീറ്റുകൾ നിലനിർത്തി. പ്രാദേശികപാർട്ടികൾ അതതിടങ്ങളിൽ ബിജെപിയെ തോല്പിക്കാൻ ശക്തമാണ്. ഇവരുടെ ഐക്യനിരയുണ്ടാക്കാനാണ് കോൺഗ്രസ് ഉൾപ്പെടെ ബിജെപി വിരുദ്ധ ശക്തികൾ ശ്രമിക്കേണ്ടത്. പശ്ചിമ ബംഗാൾ (മമതാ ബാനർജി), തെലങ്കാന (കെ ചന്ദ്രശേഖർ റാവു), തമിഴ്‌നാട് (എം കെ സ്റ്റാലിൻ), ബിഹാർ (നിതീഷ് കുമാർ), ഡൽഹി (അരവിന്ദ് കെജ്‍രിവാൾ) എന്നിവരാണ് ബിജെപിവിരുദ്ധ ചേരിയില്‍ ഉൾപ്പെടുന്നത്. കേരളത്തിലെ ശക്തമായ ഇടതുമുന്നണി ദേശീയതലത്തിൽ മികച്ച മാതൃകയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തേജസ്വി യാദവ് നയിക്കുമെന്ന് നിതീഷ് കുമാർ പ്രസ്താവിച്ചത് തന്റെ ശ്രദ്ധ ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിലായിരിക്കും എന്നും സൂചനയാകുന്നു.
രാജ്യത്ത് പടരുന്ന കടുത്ത ഹിന്ദുത്വവും വർധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും നേരിടാൻ മൃദു ഹിന്ദുത്വയും വൈദ്യുതി, കുടിവെള്ളം പോലുള്ളവയുടെ ബില്ലുകൾ ഒഴിവാക്കിയും സ്ത്രീകൾക്കും തൊഴില്‍രഹിതര്‍ക്കും നിയമനം, പെൻഷന്‍, അലവൻസ് എന്നിവ പ്രഖ്യാപിച്ചും അടിയന്തര ആശ്വാസങ്ങളുടെ താല്കാലിക രാഷ്ട്രീയമാണ് പ്രതിപക്ഷം അവലംബിക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പ സമ്മർദ്ദം പ്രധാന ആശങ്കയായി തുടരുന്ന സാഹചര്യം തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നു. തൊഴിലില്ലായ്മയും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള മൂലധന വിതരണവും ദുർബലമായതോടെ ആശങ്ക കൂടുതൽ വർധിച്ചു. കോവിഡ് പ്രതിസന്ധിയും കടന്ന് ജിയോപൊളിറ്റിക്കൽ സമ്മര്‍ദ്ദത്തിലേക്ക് ആഗോള മാന്ദ്യം നീങ്ങുന്നു. അർധ-അവിദഗ്ധ തൊഴിലുകളിലെ വേതന വളര്‍ച്ച മുരടിച്ചതോടെ ഗാർഹിക ബജറ്റിലെ വർധന കുടുംബവരുമാനത്തെ അടിത്തട്ടിലേക്ക് താഴ്ത്തി. ഈ ഘട്ടത്തിലും സമ്പദ്‌വ്യവസ്ഥയുടെ മഹത്തായ വളർച്ചയെക്കുറിച്ചുള്ള പ്രഘാേഷണം പൊള്ളയാണെന്ന് സാധാരണക്കാരന് പോലും തിരിച്ചറിയാം. തീർച്ചയായും രാഷ്ട്രീയത്തിന്റെ ഭാവി ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും. ഈ മുറിവുണങ്ങുന്ന ബദൽ രാഷ്ട്രീയത്തിന് ജനം അംഗീകാരം നൽകും. ജോഡോ യാത്രയില്‍ രാഹുൽഗാന്ധിയുടെ ചര്‍ച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആപത്തിനെക്കുറിച്ചായിരുന്നില്ല. അത് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പണപ്പെരുപ്പം, വിലക്കയറ്റം, ചങ്ങാത്ത മുതലാളിത്തം എന്നിവയിലായിരുന്നു.


ഇതുകൂടി വായിക്കൂ: മുട്ടിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ


സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അണിനിരത്താൻ യാത്രയ്ക്ക് കഴിഞ്ഞുവെന്നതും ഒരു നേട്ടമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിൽ അത് എത്രമാത്രം ചലനം സൃഷ്ടിക്കുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ അഞ്ച്, ആറ് തീയതികളിൽ ദേശീയ, സംസ്ഥാന ഭാരവാഹികളുടെ യോഗം ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ഡൽഹിയിൽ വിളിച്ചിരുന്നു. 2024 ലോക്‌സഭാ, 2023 നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകളാണ് ചർച്ച ചെയ്തത്. 2019 ലെ നില മെച്ചപ്പെടുത്താൻ 2024ൽ 350ലധികം സീറ്റുകളാണ് അവർ ലക്ഷ്യമിടുന്നത്. ആർഎസ്എസും സംഘ്പരിവാർ സംഘടനകളും പാർട്ടിക്ക് വേണ്ടി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞുവെന്നര്‍ത്ഥം. ഏതായാലും ഭിന്നിച്ച പ്രതിപക്ഷമാണ് മോഡി-അമിത് ഷാ സഖ്യത്തിന്റെ വിജയരഹസ്യം. എല്ലാ ബിജെപി വിരുദ്ധ പാർട്ടികളെയും ഒരു വേദിയിൽ കൊണ്ടുവന്നാൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.