6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

June 16, 2023
June 7, 2023
June 6, 2023
April 2, 2023
December 23, 2022
October 30, 2022
September 26, 2022
August 12, 2022
July 25, 2022
March 3, 2022

ഏഴ് മാസങ്ങള്‍ പിന്നിട്ടു തുടരുന്ന യുദ്ധം

Janayugom Webdesk
September 26, 2022 5:00 am

ഷ്യ‑ഉക്രെയ്ൻ യുദ്ധം 215 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. വളരെ പെട്ടെന്ന് ലക്ഷ്യം കൈവരിച്ച് അവസാനിപ്പിക്കുമെന്ന പ്രതീതി ജനിപ്പിച്ച് റഷ്യ ആരംഭിച്ച സൈനിക നടപടി അവസാനം കാണാതെ ഏഴുമാസങ്ങൾ പിന്നിട്ടുവെന്നു മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രത ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. പെട്രോളിയം ഇന്ധനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ എന്നിവയുടെ വിലക്കയറ്റവും ലഭ്യതയും മാത്രമല്ല ലോക സമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും അത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയിൽനിന്നും ഉക്രെയ്‌നിൽ നിന്നുമുള്ള ധാന്യങ്ങളുടെയും രാസവളങ്ങളുടെയും നീക്കം തടസപ്പെട്ടത് വികസ്വര രാജ്യങ്ങളെ പട്ടിണിയിലേക്കും അസ്വാസ്ഥ്യങ്ങളിലേക്കും നയിച്ചേക്കുമെന്ന് പലകോണുകളിൽനിന്നും മുന്നറിയിപ്പുണ്ട്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ആഗോള വളർച്ചാനിരക്ക് തുടർച്ചയായി നാലാംതവണ കുറയ്ക്കാൻ നിർബന്ധിതമായി. 2021 ജൂലൈയിലെ 6.1ൽ നിന്നും ഇപ്പോള്‍ 4.9 ശതമാനമായാണ് വളർച്ചാനിരക്ക് കുറഞ്ഞിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം ലോകത്തെ ഏഴുകോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി യുഎൻ വികസന പരിപാടി (യുഎൻഡിപി) കണക്കാക്കുന്നു. ലോകത്തെ 41 രാജ്യങ്ങളിലെ 18 കോടിയിലധികം ജനങ്ങൾ യുദ്ധം നീണ്ടുനിന്നാൽ പട്ടിണിക്കാരായി മാറുമെന്നും അവർ പ്രവചിക്കുന്നു. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട റഷ്യയിലെയും ഉക്രെയ്‌നിലെയും ജനങ്ങളെ തുറിച്ചുനോക്കുന്നത് ഇരുളടഞ്ഞ ദിനങ്ങളായിരിക്കുമെന്ന് അവിടെനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പ് മഞ്ഞുകാലത്തേക്കു കടക്കുകയാണ്. യുഎസിന്റെ നേതൃത്വത്തിൽ റഷ്യയുടെ മേൽ അടിച്ചേല്പിക്കപ്പെട്ട സാമ്പത്തിക ഉപരോധം അവിടത്തെ ഏറ്റവും മികച്ച സമ്പദ്ഘടനയായ ജർമ്മനിയെ മാത്രമല്ല യൂറോപ്യൻ സമ്പദ്ഘടനയെ ആകെ കടുത്ത പ്രതിസന്ധിയിലേക്കും ജനജീവിതത്തെ കടുത്ത ദുരിതത്തിലേക്കുമാണ് നയിക്കുന്നത്. റഷ്യൻ പ്രകൃതിവാതകത്തിന്റെ അഭാവം ഭൂഖണ്ഡത്തിലെ ദരിദ്ര ജനവിഭാഗങ്ങളുടെ കൂട്ടമരണങ്ങൾക്കുപോലും കാരണമായേക്കാമെന്ന ആശങ്ക ശക്തമാണ്.


ഇതുകൂടി വായിക്കൂ: യുദ്ധം വഴിയൊരുക്കുന്ന ആഗോളവിപത്തുകള്‍


റഷ്യ‑ഉക്രെയ്ൻ യുദ്ധം യൂറോപ്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുന്നതായുള്ള സൂചനകൾ അവഗണിക്കാവുന്നതല്ല. യുദ്ധത്തിന്റെ ഫലമായുള്ള വിലക്കയറ്റം, സമ്പദ്ഘടനകളുടെ തകർച്ച, സാമാന്യജനങ്ങളുടെ തൊഴിൽനഷ്ടവും ജീവിതദുരിതങ്ങളും അത്തരം പ്രതിലോമ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണ്. റഷ്യൻ പ്രകൃതിവാതകത്തെ വലിയതോതിൽ ആശ്ര യിച്ചിരുന്ന ജർമ്മനിയിൽ അതിന്റെ വരവ് നിലച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്കു തൊഴിൽ നൽകിപ്പോന്നിരുന്ന ഫാക്ടറികളും ഇതര തൊഴിൽസ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായാണ് നവഫാസിസ്റ്റുകൾ ഉപയോഗപ്പെടുത്തുന്നത്. ഇറ്റലിയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇതെഴുതുമ്പോഴും പുറത്തുവരാനിരിക്കുന്നതേയുള്ളു. എന്നാൽ, മുസോളിനിക്കുശേഷം ഫാസിസ്റ്റുകൾക്കു നിർണായക പങ്കാളിത്തമുള്ള വലതുപക്ഷം അവിടെ അധികാരത്തിലെത്തുമെന്ന പ്രവചനം യൂറോപ്പിലെ ജനാധിപത്യശക്തികൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സ്വീഡനിൽ കഴിഞ്ഞയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകൾക്കുമേൽ വലതുപക്ഷം നേടിയ വിജയം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഫ്രഞ്ച് പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും വലതുപക്ഷം ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഹങ്കറിയിലെ തെരഞ്ഞെടുപ്പിലും വലതുപക്ഷം അധികാരം ഉറപ്പിക്കുകയായിരുന്നു. റഷ്യ‑ഉക്രെയ്ൻ യുദ്ധം ജനാധിപത്യ ശക്തികളെ യൂറോപ്പിൽ ദുർബലമാക്കിയെന്നും നേട്ടംകൊയ്യുന്നതു തീവ്ര വലതുപക്ഷ, നവ ഫാസിസ്റ്റ് ശക്തികളാണെന്നും ലോകമെങ്ങുമുള്ള സമാധാനകാംക്ഷികളും ജനാധിപത്യ വിശ്വാസികളും തിരിച്ചറിയേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: ഉക്രെയ്ന്‍ റഷ്യ സംഘര്‍ഷം ഒരു വര്‍ഷം നീണ്ടുനിന്നേക്കും


യുദ്ധത്തിനും നിർബന്ധിത സൈനിക സേവനത്തിനും എതിരെ റഷ്യയിൽ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്. പുടിനെ ഇതുവരെയും പിന്തുണച്ചുപോന്നവർ പോലും വിയോജിപ്പിന്റെ സ്വരം പുറപ്പെടുവിക്കുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രണ്ടായിരത്തില്‍പ്പരംപേർ അറസ്റ്റുചെയ്യപ്പെട്ടു. പുടിന്റെ സാഹസിക നടപടികളും നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്നതായാണ് വാർത്തകൾ. റഷ്യയുടെ നിലപാടുകളെ ഇതുവരെയും പരസ്യമായി ചോദ്യംചെയ്യാൻ മുതിരാതെയിരുന്ന ഇന്ത്യയും ചൈനയും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് യുഎൻ, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ വേദികളിൽ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ നൽകുന്ന സൂചനകൾ വ്യക്തമാണ്. ഈ യുദ്ധം തുടർന്നുപോകുന്നത് റഷ്യക്കും ഉക്രെയ്‌നും മാത്രമല്ല ലോകത്തെയാകെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് അവ ശ്രദ്ധ ക്ഷണിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ അവരുടെ രാഷ്ട്രതാല്പര്യങ്ങൾ ഉപേക്ഷിക്കുമെന്നു കരുതാനാവില്ല. അതിന് യുഎസും യൂറോപ്പും അവരുടെ നിലപാടുകൾ പുനഃപരിശോധിക്കേണ്ടിവരും. അക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയടക്കം ആഗോള രാഷ്ട്രസംഘടനകൾക്കു എന്തുചെയ്യാനാവുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

You may also like this video;

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.