February 8, 2023 Wednesday

ലോക സമാധാനത്തിന് ഭീഷണിയാകുന്ന ഉക്രെയ്ൻ യുദ്ധം

ടി എം ജോര്‍ജ്
October 30, 2022 4:45 am

ക്രെയ്ൻ യുദ്ധം എട്ടാം മാസത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഉക്രെയ്‌നെ നാറ്റോ സഖ്യത്തിൽ അംഗമാക്കിയാൽ ഒരു മൂന്നാംലോകയുദ്ധത്തെയായിരിക്കും ലോകം നേരിടേണ്ടി വരികയെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മിഖായേൽ ഗോർബച്ചേവിന്റെ മരണം റിപ്പോർട്ടു ചെയ്ത് വലതുപക്ഷ മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ശീതയുദ്ധം അവസാനിപ്പിച്ച ലോക നേതാവായിട്ടാണ്. സോവിയറ്റ് യൂണിയനെയും വാഴ്സ സഖ്യത്തെയും പിരിച്ചുവിട്ടത് ശീതയുദ്ധത്തിന്റെ അവസാനമായി കാണുന്ന മാധ്യമങ്ങൾ ശീതയുദ്ധത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിക്കുമെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ 1949‑ൽ രൂപീകൃതമായ നാറ്റോസഖ്യം പിരിച്ചുവിടാത്ത കാര്യം മനഃപൂർവം മറച്ചു വയ്ക്കുകയായിരുന്നു. 1997‑നു ശേഷം വാഴ്സ സഖ്യ രാഷ്ട്രങ്ങളെയും സോവിയറ്റ് യൂണിയനിൽ നിന്നും വേർപിരിഞ്ഞ റിപ്പബ്ലിക്കുകളെയും നാറ്റോസഖ്യത്തിൽ അംഗങ്ങളാക്കിയതും അവര്‍ കാണുന്നില്ല. അമേരിക്ക ലോകത്തെ കീഴ്പ്പെടുത്തുവാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് നാറ്റോചേരിയുടെ ശക്തിപ്പെടുത്തൽ. 1991ൽ സോവിയറ്റ് യൂണിയന്റെ പതനം സംഭവിക്കുമ്പോൾ നാറ്റോയിൽ 16 അംഗരാജ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് അംഗസംഖ്യ 30 ആണ്. 27 യൂറോപ്യൻ രാജ്യങ്ങളും ഒരു യൂറോപ്യൻ രാജ്യവും (തുർക്കി) രണ്ട് വടക്കേ അമേരിക്കൻ രാജ്യങ്ങളായ യുഎസ്എയും കാനഡയും അടക്കം 30 രാജ്യങ്ങൾ. നാറ്റോയിൽ അംഗമാകുവാനുള്ള റഷ്യയുടെ ആഗ്രഹം നിരസിച്ച അമേരിക്ക മുൻ വാഴ്സ സഖ്യ രാഷ്ട്രങ്ങളെയും സോവിയറ്റ് യൂണിയനിൽ നിന്നും വേർപിരിഞ്ഞ റിപ്പബ്ലിക്കുകളെയും നാറ്റോയിൽ അംഗമാക്കുവാൻ ആവേശം കാട്ടി. 2000ൽ വ്ലാദിമിർ പുടിൻ റഷ്യൻ പ്രസിഡന്റായതോടെ അമേരിക്കയുടെ മേൽക്കോയ്മക്കെതിരെ നിലപാടുകളെടുത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്ൻ റഷ്യ കഴിഞ്ഞാൽ ഏറ്റവും ശക്തമായ റിപ്പബ്ലിക്കാണ്. ഉക്രെയ്‌നെ പ്രലോഭിച്ച് റഷ്യക്കെതിരാക്കുകയും നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുവാനും അമേരിക്ക നടത്തിയ നീക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. ലോകത്ത് സംഘർഷം സൃഷ്ടിക്കേണ്ടത് അമേരിക്കയുടെ ആവശ്യവുമാണ്. സൈനിക ചെലവ് വർധിപ്പിച്ചെങ്കിലെ അമേരിക്കയുടെ സമ്പദ്ഘടനയ്ക്ക് വളർച്ചയുണ്ടാവുകയുള്ളൂ. അമേരിക്കയുടെ നിക്ഷേപത്തിന്റെ 60 ശതമാനവും ആയുധ ഉല്പാദന വ്യവസായങ്ങളിലാണ്. യുദ്ധമില്ലാതായാൽ ഈ വ്യവസായങ്ങൾക്ക് നിലനിൽക്കാനാവില്ല. അതുകൊണ്ടാണ് അമേരിക്ക ലോകത്ത് സംഘർഷം സൃഷ്ടിക്കുന്നത്. ഭരണമാറ്റം, ജനാധിപത്യ പരിശോധന, ഭീകര വിരുദ്ധയുദ്ധം, യുദ്ധമില്ലാതാക്കാനുള്ള യുദ്ധം എന്നീ പേരുകളിലൊക്കെയാണ് അമേരിക്ക ലോകത്ത് സംഘർഷം സൃഷ്ടിക്കുന്നത്. ലോകജനത സമാധാനം ആഗ്രഹിക്കുമ്പോൾ അമേരിക്ക ഭയപ്പെടുന്നത് സമാധാനത്തെയാണ്.


ഇതുകൂടി വായിക്കൂ:  എന്നു തീരും ഇന്ത്യയുടെ വിശപ്പ്


സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ലോകത്ത് എവിടെയും എന്തും ചെയ്യാമെന്ന സ്ഥിതി അമേരിക്കക്കുണ്ടായി, അതിനായി അവർ യുഎൻഒയെ പോലും നിർജീവമാക്കി. അമേരിക്കയുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു ലോകത്തെ സൃഷ്ടിക്കുവാനാണ് അവർ ശ്രമിക്കുന്നത്.
കിഴക്കൻ യൂറോപ്പിൽ ഉക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് നാറ്റോയ്ക്ക് എസ്തോണിയ, ലാറ്റിവ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് സൈനിക കേന്ദ്രങ്ങളുണ്ടായിരുന്നതെങ്കിൽ ഉക്രെയ്ൻ യുദ്ധത്തോടെ ബൾഗേറിയ, ഹംഗറി, റൊമേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ കൂടി സൈനിക സങ്കേതങ്ങൾ ആരംഭിച്ചു. റഷ്യയുടെ ഉക്രെയ്ൻ അക്രമണത്തിന്റെ മറവിൽ യൂറോപ്പിൽ സൈനിക താവളങ്ങൾ വ്യാപകമാക്കുവാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളിൽ 132ലും അമേരിക്കൻ സൈനിക സാന്നിധ്യമുണ്ട്. ലോകത്തിന്റെ ഏതു കോണിലും തങ്ങൾക്ക് എത്തുവാൻ കഴിയുമെന്ന് കാണിക്കുകയാണ് അമേരിക്ക.
സോവിയറ്റ് യൂണിയന്റെ തകർച്ച 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായി കാണുന്ന പുടിൻ സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനത്തിനല്ല മറിച്ച് സാർ കാല റഷ്യൻ സാമ്രാജ്യത്വത്തെ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജനകീയ യുദ്ധത്തിലൂടെ യൂറോപ്പിനെ ഫാസിസത്തിൽ നിന്നും രക്ഷപ്പെടുത്തിയത് സോവിയറ്റ് യൂണിയനായിരുന്നു. രണ്ട് കോടിയോളം റഷ്യക്കാർ കൊല്ലപ്പെട്ട ആ യുദ്ധത്തിൽ ഒരു മടിയുമില്ലാതെയാണ് ജനങ്ങൾ ആവേശത്തോടെ പോരാടിയത്. ഉക്രെയ്‌നെതിരെ പോരാടുവാൻ മൂന്നു ലക്ഷത്തോളം മുൻ സൈനികരെയും, യുവാക്കളെയും പങ്കെടുപ്പിക്കുവാനുള്ള പുടിന്റെ തീരുമാനത്തിനെതിരെ റഷ്യയിൽ ഉയരുന്ന പ്രതിഷേധം സാമ്രാജ്യത്വ താല്പര്യങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഉക്രെയ്ന്‍  റഷ്യ സംഘര്‍ഷം ഒരു വര്‍ഷം നീണ്ടുനിന്നേക്കും


ലോകം ആണവായുധ ഭീഷണിയിൽ ലോകമഹായുദ്ധങ്ങൾക്കു ശേഷം യൂറോപ്യൻ ജനത ഒരു യുദ്ധത്തിന്റെ കെടുതി നേരിട്ടനുഭവിക്കേണ്ടി വരുന്നത് ഇത് ആദ്യമായാണ്. ഉക്രെയ്ന്റെ നാല് പ്രദേശങ്ങൾ റഷ്യയോടു ചേർത്ത പുടിൻ ആണവ ഭീഷണിയും മുഴക്കിയിരിക്കുകയാണ്. റഷ്യയുടെ ആണവ ആവനാഴിയുടെ ശേഷി ലോകത്തെ ഭയപ്പെടുത്തുന്നതാണ്. ആണവായുധങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലാണ് റഷ്യ. 5977 ആണവായുധങ്ങളാണ് റഷ്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള യുഎസ്എക്ക് 5428 ആണവായുധങ്ങളാണ് അവരുടെ ശേഖരത്തിലുള്ളത്. ലോകത്ത് ആകെയുള്ള 12,705 ആണവായുധങ്ങളിൽ ഈ രണ്ടു രാജ്യങ്ങളുടെ പക്കൽ ആണ്. റഷ്യയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ആണവ പരിശീലനത്തിനുള്ള ഒരുക്കത്തിലാണ് നാറ്റോ സഖ്യരാഷ്ട്രങ്ങൾ. സ്റ്റെഡ് ഫാസ്റ്റ് ന്യൂൺ എന്ന പേരിൽ ആണവായുധ വാഹിനികളായ വിമാനങ്ങൾ ഉൾപ്പെടെ 14 നാറ്റോ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന വ്യോമ പരിശീലനം അടുത്ത ആഴ്ചയിൽ നടക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബെർഗ് പ്രഖ്യാപിച്ചിരിക്കുന്നത് ലോകം ആശങ്കയോടെയാണ് കാണുന്നത്.
റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് കടൽപാലത്തിലെ സ്ഫോടനത്തെ ഭീകര പ്രവർത്തനമായി കാണുന്ന റഷ്യ അതിന്റെ പേരിൽ ഉക്രെയ്‌നുമേൽ കനത്ത ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉക്രെയ്‌നിലുള്ള സാപേറിഷ്യ തുടങ്ങിയ ആണവ നിലയങ്ങളുടെ മേലുള്ള റഷ്യയുടെ മിസൈൽ ആക്രമണവും ഭീതിയുണ്ടാക്കുന്നതാണ്. ആണവ നിലയങ്ങളിൽ നിന്നുമുള്ള അണുവികരണ ഭീഷണി യൂറോപ്പിനാകെ ആശങ്ക ഉണ്ടാക്കുന്നു.


ഇതുകൂടി വായിക്കൂ:  റഷ്യ‑ഉക്രെയ്ൻ യുദ്ധം; രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയും


ഉക്രെയ്ൻ യുദ്ധം ഒരു അണുയുദ്ധമായി തീരുവാൻ ഇടയാകുന്നത് ലോകത്ത് വലിയ ദുരന്തമായിരിക്കും വരുത്തിവയ്ക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടതുപോലെ മൂന്നാം ലോകയുദ്ധത്തിൽ എന്തൊക്കെ ആയുധങ്ങൾ ഉണ്ടാകുമെന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നാലാം ലോകയുദ്ധത്തിൽ കമ്പുകളും കല്ലുകളുമാകും പോരടിക്കുവാൻ ഉപയോഗിക്കുക. പട്ടിണി പെരുകുന്ന ലോകം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ കൗൺസിൽ യോഗം കഴിഞ്ഞ മാസം ന്യൂയോർക്കിൽ ചേർന്നിരുന്നു. യുഎൻ ആസ്ഥാനത്ത് ഒത്തുചേർന്ന 150 ഓളം ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് 75 രാജ്യങ്ങളിൽ നിന്നുമുള്ള 238 സന്നദ്ധസംഘടനകൾ ചേർന്ന് നൽകിയ കത്ത് ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പട്ടിണിമൂലം ലോകത്ത് നാല് സെക്കൻഡിൽ ഒരാൾ വീതമാണ് മരിക്കുന്നത്. അതായത് പ്രതിദിനം 19,700 ആളുകൾ. ലോകത്തെ 760 കോടി ജനങ്ങളിൽ 34.5 കോടി ജനങ്ങൾ പട്ടിണി അനുഭവിക്കുന്നവരാണ്. 2019‑മായി താരതമ്യം ചെയ്യുമ്പോൾ പട്ടിണി ഇരട്ടിയായി വർധിച്ചുവെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അവർ ചൂണ്ടിക്കാണിക്കുന്നു. ലോക രാജ്യങ്ങൾ അവരുടെ വാർഷിക ബജറ്റിന്റെ രണ്ടു ശതമാനത്തിൽ അധികം തുക പ്രതിരോധ ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ പാടില്ലെന്നുള്ള യുഎൻഒയുടെ മാർഗനിർദ്ദേശം പാലിക്കാതെയാണ് പല രാജ്യങ്ങളും വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. രാഷ്ട്രതലവന്മാരുടെ ഹുങ്കും അഹങ്കാരവും യുദ്ധക്കൊതിയും ലോകത്തെ സർവനാശത്തിന്റെ വക്കോളമെത്തിക്കുമ്പോൾ കോടിക്കണക്കായ ജനതയുടെ പട്ടിണിയുടെ വേദന അവർ അറിയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.