22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

സിനിമ കണ്ട് കഴിയുമ്പോള്‍ നമ്മള്‍ ഓര്‍ക്കും ഈ സെന്ന ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്ന്…

Janayugom Webdesk
November 7, 2021 10:43 am

സെന്ന ഹെഗ്ഡെ എഴുതി സംവിധാനം ചെയ്ത,സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ.ഒരു പക്ഷെ അവാർഡ് കിട്ടിയില്ലായിരുന്നുവെങ്കിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു നല്ല സിനിമ.

സിനിമ കണ്ട് കഴിയുമ്പോൾ നമ്മൾ ഓർക്കും ഈ സെന്ന ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന്.അത്രയ്ക്ക് മനോഹരമായിട്ടാണ് സിനിമ ചെയ്തു വച്ചിരിക്കുന്നത്.വലിയ പൊട്ടിച്ചിരികൾ സമ്മാനിക്കില്ലയെങ്കിലും ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാനാവില്ല. ഒരുപിടി പുതുമുഖങ്ങൾ അഭിനയിച്ചു തകർത്തിട്ടുണ്ട്.  ഒരു നാടിൻ്റെ ആത്മാവിൻ്റെ ഒരു ഭാഗം അവിടുത്തെ ഭാഷ തന്നെയാണ്.കാസർഗോഡ്  കാഞ്ഞങ്ങാടൻ ഭാഷാ ശൈലിയിൽ ആണ് സംഭാഷണങ്ങൾ ഒക്കെയും.അതിൻ്റെ തനിമയും ഭംഗിയുമെല്ലാം സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്.“പുത്തരിക്കണ്ടം, പുഞ്ചക്കണ്ടം” തൊട്ട് “ചണ്ടായിപ്പോയിനോപ്പ” എന്ന് വരെ കാസറഗോഡൻ ശൈലിയെ അടയാളപ്പെടുത്തുന്നുണ്ട്.

പ്രണയവും, കുടുംബവും, സമകാലിക രാഷ്ട്രീയവും എല്ലാം കോർത്തിണക്കിയ ഒരു ഫാമിലി എൻ്റർടെയിനർ തന്നെയാണ്  ‘തിങ്കളാഴ്ച നിശ്ചയം ’ എന്ന ഈ സിനിമ.കുവൈറ്റ് വിജയൻ്റെ രണ്ടാമത്തെ മകളുടെ കല്ല്യാണ നിശ്ചയമാണ് വിഷയം.തലേദിവസം നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയിൽ ഉള്ളത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ആയത് കൊണ്ട് തന്നെ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റും എന്നതാണ് മറ്റൊരു കാര്യം.മൂത്ത മകൾ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയത് കാരണം രണ്ടാമത്തെ മകളുടെ കല്ല്യാണം സ്വന്തം ഇഷ്ടപ്രകാരം നടത്തണമെന്ന വാശിയിൽ ആണ് വിജയൻ.സ്വന്തം അഭിമാനത്തിന് വേണ്ടി മകളുടെ ഇഷ്ടങ്ങളെ കാണാതെ പോകുന്ന അച്ഛൻ പുരുഷാധിപത്യത്തിൻ്റെ പ്രതിനിധിയായി തോന്നും.അവസാനം പുതിയ കാല ചിന്തകളിലേക്ക് വഴിമാറി പോകുന്നതും നമുക്ക് കാണാം.

സിനിമ തുടങ്ങുമ്പോൾ തൊട്ട് പതിയെ ഓരോ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിലേക്ക് കയറി തുടങ്ങും.പിന്നെ വല്ലാത്തൊരു ആകാംക്ഷ ആയിരിക്കും ഇനി എന്താണ് സംഭവിക്കുക എന്നറിയാൻ.ഓരോ സീനിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ നർമ്മങ്ങൾ ഓരോന്നും നമ്മളിൽ വല്ലാതെ ചിരി പടർത്തും.പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിലെ കൃത്യത ഓരോ സംഭാഷണങ്ങളിലും ഉണ്ട്.സിനിമയുടെ തുടക്കത്തിൽ കുവൈറ്റിലെ രാജഭരണത്തെ അനുകൂലിക്കുന്ന വിജയനെ നമുക്ക് കാണാം.സിനിമ അവസാനിക്കുമ്പോൾ ജനാധിപത്യ വ്യവസ്ഥിതിയെ കൂട്ടുപിടിക്കേണ്ടി വരുന്ന വിജയൻ്റെ അവസ്ഥ നമ്മെ വല്ലാതെ ചിന്തിപ്പിക്കും.ഇതുപോലെ നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ വിഷയങ്ങൾ പലതും സിനിമ പറയുന്നുണ്ട്.
റിയലിസ്റ്റിക് രീതിയിൽ നിർമിച്ച സിനിമയുടെ പാശ്ചാത്തല സംഗീതവും ഫ്രെയിമിലെ ഗ്രാമീണ തനിമയോട് ഇഴുകി ചേർന്ന് സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട് .ചിരിയും, ചിന്തയും,രാഷ്ട്രീയവും ഇടകലർത്തിയ സിനിമ, പഴമയേയും പുതുമയേയും തലമുറകളുടെ മാറ്റങ്ങളെയും എല്ലാം തുറന്നു കാട്ടുന്നുണ്ട്.ഇനിയും ഇത്തരം സിനിമകൾ ഉണ്ടാവട്ടെ.എല്ലാവരിലും ചിരിയും ചിന്തകളും നിറയ്ക്കട്ടെ.സിനിമയുടെ മുന്നണി പിന്നണി പ്രവർത്തകർക്കെല്ലാം നിറഞ്ഞ കയ്യടികൾ…

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.